പ്രൊഫ. കെ.വി. തോമസ്

 
Special Story

വാഹനവുമായി ഇറങ്ങുന്ന കുട്ടികളെ നിയന്ത്രിച്ചേ പറ്റൂ: കെ.വി. തോമസ്

അതിവേഗത്തിൽ പായുന്ന ആധുനിക വാഹനങ്ങൾ നിരത്തുകൾ കൈയടക്കുമ്പോൾ, ശക്തമായ ട്രാഫിക് നിയമങ്ങൾ ഉള്ള നമ്മുടെ സംസ്ഥാനത്ത് ആ നിയമങ്ങൾ വേണ്ടവിധം നടപ്പാക്കപ്പെടുന്നില്ലെന്നത് ഗൗരവകരമായ ഒരു പ്രശ്നമാണ്

MV Desk

പ്രൊഫ. കെ.വി. തോമസ്

(മുൻ കേന്ദ്ര- സംസ്ഥാന മന്ത്രി)

കേരളത്തിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുകയും തലങ്ങനെയും വിലങ്ങനെയും ധാരാളം റോഡുകളുടെ പണി പൂർത്തിയാവുകയും ചെയ്തതോടെ യാത്രാസൗകര്യം വർധിച്ചെങ്കിലും, അതിനനുസരിച്ച് അപകട നിരക്കും ഭയപ്പെടുത്തും വിധം വർധിച്ചിരിക്കുകയാണ്. അതിവേഗത്തിൽ പായുന്ന ആധുനിക വാഹനങ്ങൾ നിരത്തുകൾ കൈയടക്കുമ്പോൾ, ശക്തമായ ട്രാഫിക് നിയമങ്ങൾ ഉള്ള നമ്മുടെ സംസ്ഥാനത്ത് ആ നിയമങ്ങൾ വേണ്ടവിധം നടപ്പാക്കപ്പെടുന്നില്ലെന്നത് ഗൗരവകരമായ ഒരു പ്രശ്നമാണ്. ഇതിനു പുറമേ മാതാപിതാക്കളുടെ അശ്രദ്ധയും വലിയ തോതിൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. കേരളത്തിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട പല വൻ അപകടങ്ങളും മാതാപിതാക്കളുടെ അശ്രദ്ധമൂലം ഉണ്ടായതാണെന്ന കാര്യത്തിൽ തർക്കമില്ല. നെടുമ്പാശേരിയിലും ചേരാനെല്ലൂരിലും നടന്ന ദാരുണമായ സംഭവങ്ങൾ ഈ യാഥാർഥ്യമാണ് ചൂണ്ടിക്കാണിക്കുന്നത്.

ട്രാഫിക് നിയമങ്ങളുടെ ബാലപാഠങ്ങൾ പോലുമറിയാത്ത, പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരാണ് അമിത വേഗത്തിൽ പായുന്ന മോട്ടോർ വാഹനങ്ങൾ അർധരാത്രിയോടെ റോഡിലിറക്കുന്നത്. ഇതവർക്കൊരു ആവേശവും ഹരവുമായി മാറിയിരിക്കുകയാണ്. പൊലീസും ട്രാഫിക് വകുപ്പും ഇക്കാര്യത്തിൽ കർശന ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും മാതാപിതാക്കളുടെ ഭാഗത്തു നിന്ന് കനത്ത വീഴ്ചയാണ് ഉണ്ടാകുന്നത്. ചെറുപ്രായത്തിൽ തന്നെ അതിവേഗത്തിൽ പായുന്ന ആഡംബര വാഹനങ്ങൾ വാങ്ങി നൽകുന്ന മാതാപിതാക്കളാണ് ഇത്തരം ദുരന്തങ്ങളുടെ പ്രധാന ഉത്തരവാദികൾ. കുട്ടികൾക്ക് ശരിയായ പക്വതയും പാകതയും വരുന്നത് വരെ അവരുടെ കാര്യങ്ങളിൽ മാതാപിതാക്കൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് ഒരു ജീവൻ പൊലിഞ്ഞതും, ഇതിനെതിരെ പ്രതിഷേധങ്ങൾ നടക്കവേ 4 വയസുള്ള കുട്ടിയെ മടിയിലിരുത്തി പിതാവ് കാറോടിച്ചതുമെല്ലാം കേരള സമൂഹത്തിന്‍റെ കണ്ണ് തുറപ്പിക്കേണ്ട സംഭവങ്ങളാണ്. ഈ അപകടങ്ങളിൽ നഷ്ടപ്പെടുന്നത് കേവലം ജീവനുകൾ മാത്രമല്ല, പലരുടെയും ജീവിതങ്ങൾ കൂടിയാണ്.

ഇരുചക്ര വാഹന യാത്രികരും യുവാക്കളുമാണ് അപകടങ്ങൾക്ക് കൂടുതൽ ഇരയാകുന്നത്. അമിത വേഗം, ഹെൽമെറ്റ്/ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. ദേശീയതലത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ തമിഴ്‌നാട്ടിലും കൂടുതൽ മരണങ്ങൾ ഉത്തർപ്രദേശിലും രേഖപ്പെടുത്തുമ്പോൾ കേരളം ഒട്ടും പിന്നിലല്ല.

കേരളത്തിൽ ദിവസേന ശരാശരി 11 പേർ റോഡപകടങ്ങളിൽ മരിക്കുമ്പോൾ, ഇന്ത്യയിൽ ഓരോ മണിക്കൂറിലും ശരാശരി 21 പേർ (പ്രതിവർഷം 1,83,382 പേർ) മരണപ്പെടുന്നുണ്ട്. ചേരാനെല്ലൂർ, നെടുമ്പാശേരി എന്നിവിടങ്ങളിലെ വാഹനാപകട മരണത്തെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നടത്തിയ വാഹന പരിശോധനയിൽ പ്രായപൂർത്തിയാകാത്ത 55 കുട്ടി ഡ്രൈവർമാരെയാണ് പോലീസ് കണ്ടെത്തിയത്. ഈ പ്രശ്നത്തിന്‍റെ ഗൗരവമാണിത് കാണിക്കുന്നത്. അടൂരിൽ റീൽസ് എടുക്കുന്നത് പതിവാക്കിയ 16കാരന്‍റെയും കൂട്ടുകാരുടെയും കഥ പുറത്തു വന്നിരിക്കുന്നു. കാറുടമയായ അമ്മയ്ക്കെതിരേയാണ് കേസ്. ഇത്തരം കൗമാരക്കാരോട് പൊതു സമൂഹത്തിന് പറയാനുള്ളത് ''അടങ്ങ് മക്കളേ, പ്രായമാകട്ടെ'' എന്നാണ്.

റോഡപകടങ്ങൾ കുറയ്ക്കാൻ സർക്കാർ തലത്തിലും സാമൂഹ്യ തലത്തിലും അടിയന്തര നടപടികൾ ആവശ്യമാണ്. ട്രാഫിക് നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി ശക്തമായ നിയമങ്ങൾ രൂപീകരിക്കണം. നാഷണൽ ഹൈവേകളും സംസ്ഥാന പാതകളും അപകടരഹിതമാക്കുന്നതിന്‍റെ ഭാഗമായി കൃത്യമായ സീബ്ര ലൈനുകളും, സിഗ്നലുകളും വഴിവിളക്കുകളും സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം.

മുൻകാലങ്ങളെ അപേക്ഷിച്ച് സ്കൂളുകളിൽ ഇത്തരം പരിശീലനങ്ങൾ കുറവാണ്. പ്രൈമറി സ്കൂൾതലം മുതൽ കോളെജ് തലം വരെ ട്രാഫിക് നിയമങ്ങൾ സിലബസിന്‍റെ ഭാഗമായി ഉൾപ്പെടുത്തി വിദ്യാർഥികളെ പഠിപ്പിക്കുകയും റോഡ് സുരക്ഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും വേണം. റോഡ് ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടന്നുപോകുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളും കുട്ടിക്കാലം മുതലേ മനസിലാക്കിക്കൊടുക്കണം. പൊതുസമൂഹത്തിനും ട്രാഫിക് നിയമങ്ങൾ വ്യക്തമായി പഠിക്കാനും മനസിലാക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കണം. കൂടാതെ, വാഹനമോടിക്കുന്ന ഡ്രൈവർമാർ 5 വർഷം കൂടുമ്പോൾ പ്രത്യേക ആരോഗ്യ- ഡ്രൈവിങ് പരിശോധനകൾക്കും ടെസ്റ്റുകൾക്കും വിധേയരാകണം. ഇത്തരത്തിലുള്ള സമഗ്രവും കർശനവുമായ നടപടികൾ സമയബന്ധിതമായി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിലെ റോഡുകളിൽ വിലപ്പെട്ട ജീവനുകൾ പൊലിയുന്നത് ഇനിയും തുടരുകയേ ഉള്ളൂ.

ഈ സാഹചര്യത്തിൽ ആത്മഹത്യകളുടെ കണക്കുകൾ കൂടി പരിശോധിക്കുകയാണെങ്കിൽ ദേശീയ ശരാശരിയേക്കാൾ ഉയർന്ന ആത്മഹത്യാ നിരക്കാണ് കേരളത്തിലേത്. ഇന്ത്യയിൽ പ്രതിവർഷം 1,70,746 ആത്മഹത്യകൾ നടക്കുമ്പോൾ, കേരളത്തിൽ 2025-ൽ മാത്രം 10,480 പേരാണ് ജീവനൊടുക്കിയത്.

ആത്മഹത്യകളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ കുടുംബ പ്രശ്നങ്ങളും (33.5%) വിട്ടുമാറാത്ത രോഗങ്ങളുമാണ് (17.9%). ലഹരി ഉപയോഗം, കടബാധ്യതകൾ എന്നിവയും മറ്റ് കാരണങ്ങളാണ്. കേരളത്തിൽ കുട്ടികളുടെ ആത്മഹത്യ (2025-ൽ 359 പേർ) ആശങ്കാജനകമായി വർധിക്കുന്നുണ്ടെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. ആരോഗ്യകരമായ കുടുംബ ജീവിതത്തിലൂടെ അപകടമരണങ്ങളും ആത്മഹത്യകളും ഇല്ലാതാക്കാൻ പൊതു സമൂഹവും വ്യക്തികളും തയാറാകണം.