രാജ്യത്ത് ചിപ്പ് ഡിസൈൻ ജനാധിപത്യവത്കരിക്കുന്നു

 
Special Story

രാജ്യത്ത് ചിപ്പ് ഡിസൈൻ ജനാധിപത്യവത്കരിക്കുന്നു

ഒരു വിദ്യാർഥിയുടെയോ ഗവേഷകന്‍റെയോ സംരംഭകന്‍റെയോ മനസിലെ ഒരു ആശയമായി ഒരു പുതിയ ചിപ്പ് രൂപപ്പെടാം.

MV Desk

ചിപ്പ്‌ഇൻ സെന്‍റർ എങ്ങനെയാണ് കേന്ദ്രീകൃത ചിപ്പ്-ഡിസൈൻ, ഫാബ്രിക്കേഷൻ സൗകര്യങ്ങളും വിദഗ്ധ പരിശീലനവും രാജ്യത്തുടനീളമുള്ള എഞ്ചിനീയർമാർക്ക് ലഭ്യമാക്കുന്നതെന്ന് നോക്കാം

വിവിയൻ ഡിസാൽഫൈൻ

സയന്‍റിസ്റ്റ്- എഫ്, സി- ഡാക് ബംഗളൂരു

ഒരു വിദ്യാർഥിയുടെയോ ഗവേഷകന്‍റെയോ സംരംഭകന്‍റെയോ മനസിലെ ഒരു ആശയമായി ഒരു പുതിയ ചിപ്പ് രൂപപ്പെടാം. എന്നാൽ ആ ആശയത്തെ സങ്കൽപ്പത്തിൽ നിന്ന് സിലിക്കണിലേക്ക് എത്തിക്കുന്നതിന് ചെലവേറിയ സോഫ്റ്റ്‌വെയറുകൾ, ശക്തമായ കംപ്യൂട്ടറുകൾ, പരിശീലനം ലഭിച്ച വിദഗ്ധർ, ഒരു സെമികണ്ടക്റ്റർ ഫൗണ്ടറിയിലേക്കുള്ള പ്രവേശനം എന്നിവ ആവശ്യമാണ്. ഭൂരിഭാഗം കോളേജുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇവയെല്ലാം സ്വന്തമായി താങ്ങാൻ കഴിയില്ല.

സി- ഡാക് (C-DAC) ബംഗളൂരുവിൽ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സ്ഥാപിച്ച ചിപ്പ്‌ഇൻ (ChipIN) സെന്‍റർ, പങ്കിട്ട ദേശീയഅടിസ്ഥാന സൗകര്യങ്ങളിലൂടെയും, ചിപ്പ്- ഡിസൈൻ പിന്തുണയിലൂടെയും ഈ തടസങ്ങൾ നീക്കാൻ സഹായിക്കുന്നു. ചെലവേറിയ വിഭവങ്ങളിലേക്ക് ഒരൊറ്റ സ്ഥലത്തുനിന്ന് സുരക്ഷിതമായ ഓൺലൈൻ പ്രവേശനം നൽകുന്നതിലൂടെ, ഓരോ കോളേജും വിലകൂടിയ ടൂളുകൾ വാങ്ങേണ്ടതിന്‍റെയും വെവ്വേറെ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കേണ്ടതിന്‍റെയും ആവശ്യകത ഇത് ഒഴിവാക്കുന്നു.

400 വിദ്യാഭ്യാസ സ്ഥാപനങ്ങളും 100 സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ 500 ഓർഗനൈസേഷനുകളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം എൻജിനീയർമാർ ചിപ്പ്‌ഇൻ സെന്‍ററിന്‍റെ ഈ പങ്കിട്ട പ്ലാറ്റ്‌ഫോമിൽ ചേർന്നു, ഇത് ഒരു കേന്ദ്രീകൃത ചിപ്പ്-ഡിസൈൻ സൗകര്യത്തിനായുള്ള ഏറ്റവും വലിയ ഉപയോക്തൃ അടിത്തറ സൃഷ്ടിക്കുന്നു.

പ്രായോഗികമായി, ചിപ്പ്‌ഇൻ ഒരു പ്രൊഫഷണൽ ചിപ്പ്- ഡിസൈൻ ലബോറട്ടറിയെ വിദ്യാർഥിയുടെ വീട്ടുപടിക്കലേക്ക് എത്തിക്കുന്നു. പ്രമുഖ സാങ്കേതിക കേന്ദ്രങ്ങളിൽ നിന്ന് അകലെ കഴിയുന്ന ഒരു വിദ്യാർഥിക്കും മുൻനിര സ്ഥാപനങ്ങളിൽ ലഭ്യമായ അതേ അത്യാധുനിക സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ കഴിയും. ഇത് ചിപ്പ് ഡിസൈനിനെ ജനാധിപത്യവത്കരിക്കുകയും, ഭൂമിശാസ്ത്രപരമായ സ്ഥാനമോ സാമ്പത്തിക ശേഷിയോ അല്ല, മറിച്ച് പ്രതിഭയും ആശയങ്ങളുമാണ് ആർക്കൊക്കെ ഇതിൽ പങ്കാളികളാകാം എന്ന് തീരുമാനിക്കുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ചിപ്പ് ഡിസൈൻ ചെയ്യാനും, അതിന്‍റെ സർക്യൂട്ടുകൾ പരിശോധിക്കാനും, അത് നിർമിക്കാൻ അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്താനും ഉപയോഗിക്കുന്ന അത്യാധുനിക ഇലക്റ്റ്രോണിക് ഡിസൈൻ ഓട്ടോമേഷൻ (EDA) ടൂളുകളിലേക്ക് ചിപ്പ്‌ഇൻ പ്രവേശനം നൽകുന്നു. കൂടാതെ, ശക്തമായ കമ്പ്യൂട്ടിങ് സൗകര്യങ്ങൾ, പുനരുപയോഗിക്കാവുന്ന ഡിസൈൻ ബ്ലോക്കുകൾ, മാനദണ്ഡമാക്കിയ ഡിസൈൻ രീതികൾ എന്നിവയും ഇത് ലഭ്യമാക്കുന്നു. പരം ഉത്കർഷ് (PARAM Utkarsh) സൂപ്പർ കംപ്യൂട്ടർ സങ്കീർണമായ സിമുലേഷനുകളെ പിന്തുണയ്ക്കുമ്പോൾ, ദേശീയ പ്രീ- സിലിക്കൺ വാലിഡേഷൻ പ്ലാറ്റ്‌ഫോം നിർമാണത്തിന് മുമ്പായി ഡിസൈനുകൾ പരിശോധിക്കാൻ സഹായിക്കുന്നു.

ടൂളുകൾക്ക് മാത്രം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ല. ഒരു ചെറിയ പിശക് പോലും ഒരു ചിപ്പ് പ്രവർത്തനരഹിതമാക്കാൻ കാരണമാകും. അതിനാൽ ചിപ്പ്‌ഇൻ പരിശീലനം, സാങ്കേതിക പിന്തുണ, മാനദണ്ഡങ്ങളു‌ടെ പരിശോധനകൾ എന്നിവ നൽകുന്നു. ഒരു ഡിസൈൻ ഫൗണ്ടറിയുടെ നിയമങ്ങൾ പാലിക്കുന്നുണ്ടോ, അതിന്‍റെ ഭാഗങ്ങൾ കൃത്യമായി ബന്ധിപ്പിച്ചിട്ടുണ്ടോ, അത് നിർമാണത്തിന് തയ്യാറാണോ എന്നിവ ഇതിലെ വിദഗ്ധർ പരിശോധിക്കുന്നു. ആവശ്യമായ മാനദണ്ഡങ്ങൾ കൈവരിക്കുന്നത് വരെ ഡിസൈനർമാർക്ക് ഫീഡ്‌ബാക്ക് ലഭിക്കുകയും അവർ തങ്ങളുടെ ജോലികൾ തിരുത്തുകയും ചെയ്യുന്നു.

ജനാധിപത്യവത്കരണത്തിന്‍റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് യൂറോപ്പിലെ യൂറോപ്രാക്റ്റീസും യുണൈറ്റഡ് സ്റ്റേറ്റ്സിലെ മോസിസും ഉപയോഗിക്കുന്ന രീതിയായ മൾട്ടി- പ്രൊജക്റ്റ് വേഫർ സേവനം. ഒരു പൂർണ സെമികണ്ടക്റ്റർ വേഫർ നിർമിക്കുന്നത് ചെലവേറിയതായതിനാൽ, ചിപ്പ്‌ഇൻ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഡിസൈനുകൾ പരിശോധിച്ച് അവയെ ഒരൊറ്റ വേഫറിൽ ഒന്നിച്ചാക്കുന്നു. ഓരോ സ്ഥാപനവും ഒരു ചെറിയ ഭാഗം ഉപയോഗിക്കുകയും ചെലവ് പങ്കിടുകയും ചെയ്യുന്നു. ഈ വേഫർ മൊഹാലിയിലെ സെമി- കണ്ടക്റ്റർ ലബോറട്ടറിയിൽ നിർമിക്കുകയും, പൂർത്തിയായ ചിപ്പുകൾ ടെസ്റ്റിങ്ങിനായി അവയുടെ ഡിസൈനർമാർക്ക് തിരികെ നൽകുകയും ചെയ്യുന്നു.

എട്ട് പങ്കിട്ട- വേഫർ റണ്ണുകളിലായി സ്ഥാപനങ്ങളിൽ നിന്നുള്ള 205 ഡിസൈനുകൾ എസ്‌സിഎൽ മൊഹാലിയിൽ എത്തിച്ചിട്ടുണ്ട്. വിദേശ ഫൗണ്ടറികളിൽ 100ലധികം ടേപ്പ്- ഔട്ടുകൾ സാധ്യമാക്കാനും ചിപ്പ്‌ഇൻ സഹായിച്ചിട്ടുണ്ട്. ഒരു പൂർത്തിയായ ഡിസൈൻ നിർമാണത്തിനായി അയക്കുന്ന ഘട്ടമാണ് ടേപ്പ്- ഔട്ട്. ഈ പ്രോഗ്രാം ഏകദേശം ഒരു ലക്ഷം വിദ്യാർഥികളിലേക്കും എൻജിനീയർമാരിലേക്കും എത്തിച്ചേരുകയും, ഡിസൈൻ ടൂളുകളുടെ 4 കോടിയിലധികം മണിക്കൂർ ഉപയോഗം രേഖപ്പെടുത്തുകയും ചെയ്തു. ഇത് ചിപ്പ് ഡിസൈൻ ക്ലാസ് റൂം പഠനത്തിൽ നിന്ന് യഥാർഥ സിലിക്കൺ അനുഭവത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് കാണിക്കുന്നു.

ഇതിന്‍റെ പ്രയോജനം കണക്കുകൾക്കും അപ്പുറമാണ്. ഒരു വിദ്യാർഥിക്ക് ഒരു ആശയത്തിൽ നിന്ന് പ്രവർത്തിക്കുന്ന ചിപ്പിലേക്കുള്ള യാത്ര നേരിട്ട് അനുഭവിക്കാൻ കഴിയുന്നു. വലിയ ചെലവുള്ള ലബോറട്ടറി നിർമിക്കാതെ തന്നെ ഒരു പ്രൊഫസർക്ക് പ്രായോഗിക ഡിസൈൻ പഠിപ്പിക്കാനാകുന്നു. ഉൽപ്പന്ന വികസനത്തിനായി പണം ലാഭിച്ചുകൊണ്ട് തന്നെ ഒരു സ്റ്റാർട്ടപ്പിന് തങ്ങളുടെ ആശയം പരീക്ഷിച്ച് നോക്കാനാകുന്നു. യഥാർഥ ഡിസൈൻ, നിർമാണ ആവശ്യകതകൾ മനസിലാക്കുന്ന എൻജിനീയർമാരെ വ്യവസായ മേഖലയ്ക്ക് ലഭിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ സെമികണ്ടക്റ്റർ ലക്ഷ്യങ്ങൾക്ക് ഫാബ്രിക്കേഷൻ ശേഷിയും, ആ ഫാബുകൾ നിർമിക്കുന്ന ചിപ്പുകൾ രൂപകൽപ്പന ചെയ്യാൻ കഴിവുള്ള ആളുകളും ആവശ്യമാണ്. ടൂളുകൾ, കംപ്യൂട്ടിങ്, പരിശീലനം, വിദഗ്ധ പിന്തുണ, മാനദണ്ഡ പരിശോധനകൾ, ഫാബ്രിക്കേഷൻ പ്രവേശനം എന്നിവ ഏകോപിപ്പിച്ചുകൊണ്ട് ചിപ്പ്‌ഇൻ അപൂർവമായ വിഭവങ്ങളെ പങ്കിട്ട ദേശീയ ശേഷിയാക്കി മാറ്റുന്നു. ചിപ്പ്- ഡിസൈൻ അടിസ്ഥാന സൗകര്യങ്ങൾ ഓരോ വീട്ടുപടിക്കലുമെത്തിച്ചുകൊണ്ട്, ഇന്ത്യയുടെ അടുത്ത നിർണായക ചിപ്പ് രാജ്യത്തെവിടെയുമുള്ള ഏതൊരു ക്ലാസ് റൂമിൽ നിന്നോ ലബോറട്ടറിയിൽ നിന്നോ സ്റ്റാർട്ടപ്പിൽ നിന്നോ ഉയർന്നുവരുമെന്ന് ചിപ്പ്‌ഇൻ ഉറപ്പാക്കുന്നു.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ