ലാൽ കൃഷ്ണ അഡ്വാനിക്കൊപ്പം നരേന്ദ്രമോദി
നരേന്ദ്ര മോദി
പ്രധാനമന്ത്രി
മുൻ ഉപ പ്രധാനമന്ത്രി ലാല്‍ കൃഷ്ണ അഡ്വാനി ഇന്ന്, നവംബര്‍ 8ന് തന്റെ ജീവിതത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ശ്രീരാമചന്ദ്ര പ്രഭുവുമായും ദീപങ്ങളുമായും ബന്ധപ്പെട്ട ദീപാവലി ആഘോഷവുമായി അദ്ദേഹത്തിന്റെ ജന്മദിനം ഇത്തവണ ഒത്തുചേരുന്നുവെന്നത് തികച്ചും ഉചിതമാണ്. ജനസംഘം സ്ഥാപിതമായതിന്റെ 75ാം വര്‍ഷവും ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125ാം ജയന്തിയും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളും നടക്കുന്ന ഈ വേളയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനവും വന്നെത്തിയിരിക്കുന്നത്.
ആധുനിക ഇന്ത്യയുടെ പല സുപ്രധാന അധ്യായങ്ങളിലൂടെയും കടന്നുപോയ ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് അഡ്വാനി. 1927 നവംബര്‍ 8ന് ദേവ് ദീപാവലി നാളിലാണ് അഡ്വാനി ജനിച്ചത്. 1947ല്‍ യുവാവായിരിക്കുമ്പോള്‍ തന്നെ സിന്ധിലെ പരിചിതമായ ലോകം ഉപേക്ഷിച്ചു പോരേണ്ടി വന്നതിന്റെ വേദന അദ്ദേഹം അനുഭവിച്ചു. എന്നാല്‍ യാതൊരു നീരസവുമില്ലാതെ അദ്ദേഹം തന്റെ ജീവിതം പൂജ്യത്തില്‍ നിന്ന് വീണ്ടും കെട്ടിപ്പടുത്തു. എല്ലാ പ്രതിസന്ധികള്ക്കുമെതിരേ പോരാടി, ഒന്നുമില്ലായ്മയില്‍ നിന്ന് കെട്ടിപ്പടുക്കാനുള്ള ഈ കഴിവ് അദ്ദേഹത്തോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. ജനസംഘത്തെ ശക്തിപ്പെടുത്തുമ്പോഴും പിന്നീട് ബിജെപി പടുത്തുയര്‍ത്തുമ്പോഴും ഇത് ദൃശ്യമായിരുന്നു. അദ്ദേഹം ബിജെപി അധ്യക്ഷനായിരുന്ന കാലത്താണ്, 1989ല്‍ കോണ്‍ഗ്രസ് 400 സീറ്റുകളില്‍ നിന്ന് 200ന് താഴേക്ക് കൂപ്പുകുത്തിയതും 1996ല്‍ ബിജെപി ആദ്യമായി രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതും. തലമുറകളായി കാര്യകര്‍ത്താക്കളെ വളര്‍ത്തിയെടുത്ത അഡ്വാനി "രാഷ്ട്രം ആദ്യം' എന്ന ആശയത്തില്‍ വേരൂന്നിയ ഒരു വ്യക്തമായ അടിത്തറ പാര്‍ട്ടിക്ക് നല്കി.
രണ്ട് സവിശേഷതകള്‍
ഒരു നേതാവ് എന്ന നിലയില്‍ അഡ്വാനിയെ എല്ലായ്പ്പോഴും മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നിര്‍ത്തി. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര വ്യക്തതയും ബൗദ്ധിക മൂര്‍ച്ചയുമാണ് ഒന്നാമത്തേത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും ഇത് പ്രതിഫലിച്ചിരുന്നു. അദ്ദേഹം തയാറാക്കിയ ജനസംഘത്തിന്റെയും ബിജെപിയുടെയും പ്രമേയങ്ങള്‍ ഇന്നും വായിക്കപ്പെണ്ടേവയാണ്. അതേസമയം അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ എപ്പോഴും നിശിതവും കൃത്യവുവുമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു വിഭാഗം വര്‍ഷങ്ങളായി മുന്നോട്ടുവച്ച വ്യാജ മതേതരത്വത്തെ അദ്ദേഹം തുറന്നു കാട്ടിയ രീതിയാണ് രണ്ടാമത്തേത്.
തനിക്ക് ലഭിച്ച ഓരോ ഉത്തരവാദിത്തവും അഡ്വാനി വളരെ ശ്രദ്ധയോടെ നിര്‍വഹിച്ചു. ഒരു ആര്‍എസ്എസ് പ്രചാരക് എന്ന നിലയില്‍ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിലാണ് അഡ്വാനി ആദ്യമായി പ്രവര്‍ത്തിച്ചത്. അവിടെ നിന്ന് അദ്ദേഹം രാജ്യ തലസ്ഥാനത്തേക്ക് പോവുകയും അവിടെ അടല്‍ ബിഹാരി വാജ്പേയിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തു. രണ്ട് മഹരഥന്മാരായ രാഷ്ട്രീയ നേതാക്കള്‍ പരസ്പരം മത്സരിക്കാതെ, പതിറ്റാണ്ടുകളോളം ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് ചരിത്രത്തില്‍ വളരെ അപൂര്‍വമാണ്. അഡ്വാനിയും വാജ്പേയിയും അതിന് മികച്ച ഒരു മാതൃക സൃഷ്ടിച്ചു. അവര്‍ ഒന്നിച്ചുനിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
അഡ്വാനി ഡല്‍ഹിയിലെത്തിയ കാലത്ത്, ആ നഗരം വിഭജനത്തിന്റെ ഭീകരതകളില്‍ നിന്ന് മുക്തമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ജനസംഘത്തെ ശക്തിപ്പെടുത്തുന്നതില്‍ പൂര്‍ണമായി മുഴുകി. 1967ല്‍ അഡ്വാനി ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി ചുമതലയേറ്റു. അവിടെ അദ്ദേഹം വിജയ് കുമാര്‍ മല്‍ഹോത്രയോടൊപ്പം (അദ്ദേഹം പിന്നീട് ചീഫ് എക്സിക്യൂട്ടീവ് കൗണ്‍സിലറായി) ചേര്‍ന്നു പ്രവര്‍ത്തിച്ചു.
1970ല്‍ അഡ്വാനിയുടെ പാര്‍ലമെന്ററി ജീവിതം ആരംഭിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഒരു എംപി എന്ന നിലയിലും പിന്നീട് പാർലമെന്റിന്റെ ഇരു സഭകളിലെയും പ്രതിപക്ഷ നേതാവായും ഭരണപക്ഷത്തിരുന്നും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്ററി ഉത്തരവാദിത്തങ്ങള്‍ക്കിടയിലും ജനങ്ങളെ നേരിട്ട് കാണുന്നതിനായി അദ്ദേഹം ഇന്ത്യയിലുടനീളം നിരന്തരം സഞ്ചരിച്ചു.
1991ലെ ലോക്സഭാ തിരഞ്ഞെടുപ്പ് എനിക്ക് ഇപ്പോഴും വ്യക്തമായി ഓര്‍മയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഡ്വാനി രണ്ട് സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അതിലൊന്നായിരുന്നു ഗാന്ധിനഗര്‍. ഗുജറാത്തുമായി അദ്ദേഹത്തിന് പഴയൊരു ബന്ധമുണ്ടായിരുന്നു. വിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ പിതാവ് കച്ചിലായിരുന്നു സ്ഥിരതാമസമാക്കിയത്. കൂടാതെ, ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായും അഡ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അത് അദ്ദേഹത്തിന് സ്വന്തം വീട്ടിലേക്കുള്ള ഒരു മടങ്ങിവരവു പോലെയായിരുന്നു. ബിജെപി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക തയാറാക്കുന്നതിനും പ്രചാരണത്തിലുടനീളം അദ്ദേഹത്തെ സഹായിക്കുന്നതിനും എനിക്ക് ഭാഗ്യം ലഭിച്ചു. ഗാന്ധിനഗറിലെ ജനങ്ങള്‍ അദ്ദേഹത്തെ പല തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തു. ഗാന്ധിനഗറിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ നിരവധി തവണ അഡ്വാനിക്ക് വോട്ട് ചെയ്യാനുള്ള അവസരവും എനിക്ക് ലഭിച്ചു. തന്റെ മണ്ഡലത്തോട് അദ്ദേഹം കാണിച്ച കരുതലും ശ്രദ്ധയും ഏവരും കണ്ടുപഠിക്കേണ്ട ഒന്നാണ്.
അടിയന്തരാവസ്ഥ അഡ്വാനിയുടെ ജീവിതത്തിലെ ഒരു നിര്‍ണായക വഴിത്തിരിവായിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ഭരണഘടന കാത്തുസൂക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. ആ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ "എ പ്രിസണേഴ്സ് സ്ക്രാപ്പ് ബുക്ക് ' എന്ന പുസ്തകത്തില്‍ ഇടംപിടിച്ചു. അതിലെ "എ ടെയില്‍ ഓഫ് ടൂ എമര്‍ജന്‍സീസ് ' എന്ന ഭാഗത്ത് 1975 ജൂണ്‍ മുതല്‍ ഇന്ത്യയില്‍ നടന്ന സംഭവങ്ങളും 1933ല്‍ നാസി ജര്‍മനിയില്‍ നടന്ന സംഭവങ്ങളും തമ്മിലുള്ള ശ്രദ്ധേയമായ സാമ്യതകള്‍ മനോഹരമായി വിശദീകരിച്ചിട്ടുണ്ട്.
ഉജ്വലനായ ഒരു പ്രതിപക്ഷ നേതാവ് മാത്രമല്ല, മികച്ചൊരു ഭരണകര്‍ത്താവ് കൂടിയായിരുന്നു അഡ്വാനി. 1977ല്‍ ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള അദ്ദേഹം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായി ചുമതയേറ്റു. ഈ വകുപ്പിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വളരെ ഫലപ്രദമായിരുന്നുവെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഉപ പ്രധാനമന്ത്രി എന്ന നിലയിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ആഭ്യന്തര മന്ത്രിമാരില്‍ ഒരാളെന്ന നിലയിലും ഇന്ത്യയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. നമ്മുടെ സുരക്ഷാ സേനാംഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ വലിയ ആദരവോടെ സ്മരിക്കപ്പെടുന്നു. ഭീകരവാദത്തിനെതിരേയുള്ള അദ്ദേഹത്തിന്റെ അസന്ദിഗ്ധ നിലപാട് ഇന്ത്യയ്ക്ക് ശക്തമായ ഒരു ഭീകരവിരുദ്ധ നിയമം ലഭിക്കുന്നതിന് വഴിയൊരുക്കി.
അയോധ്യ രഥയാത്ര
അഡ്വാനിയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള രഥയാത്ര. ഇത് ഇന്ത്യന്‍ സമൂഹത്തിന്റെ ഗതിയെ തന്നെ ഗുണകരമായ രീതിയില്‍ മാറ്റിമറിച്ചു. ആശയരൂപീകരണ ഘട്ടം മുതല്‍ അത് നടപ്പിലാക്കുന്നതുവരെ ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. സോമനാഥില്‍ നിന്ന് യാത്ര ആരംഭിച്ചപ്പോള്‍ നേരിട്ട് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. ഒരു യാത്ര എന്നത് വളരെയധികം കഠിനാധ്വാനം ആവശ്യമുള്ള ഒന്നാണ്; നീണ്ട മണിക്കൂറുകള്‍, തുടര്‍ച്ചയായ യാത്രകള്‍, ശാരീരികമായ കരുത്ത്, ക്ഷീണത്തിനിടയിലും ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്നിവയെല്ലാം ഇതിന് ആവശ്യമാണ്. ആ സഹന ശക്തിയുടെ പ്രതീകമായിരുന്നു അഡ്വാനി.
ബിഹാറില്‍ വച്ച് അഡ്വാനി അറസ്റ്റിലായ സങ്കടകരമായ നിമിഷങ്ങളുടെ ഓര്‍മകളും എന്റെ മനസിലുണ്ട്. തുടര്‍ന്ന്, ഗുജറാത്തില്‍ ചിമന്‍ഭായ് പട്ടേല്‍ സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. പ്രത്യയ ശാസ്ത്രത്തിന്റെയും രാമക്ഷേത്രത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. എന്തു സംഭവിച്ചാലും ഒരു രാമക്ഷേത്രം നിര്‍മിക്കുമെന്ന് നമ്മുടെ മുതിര്‍ന്ന നേതാക്കളും കാര്യകര്‍ത്താക്കളും പ്രതിജ്ഞയെടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ജനതയുടെ അനുഗ്രഹത്തോടെ ശ്രീരാമചന്ദ്ര പ്രഭുവിന് വേണ്ടി ഒരു മഹത്തായ ക്ഷേത്രം അയോധ്യയില്‍ യാഥാർഥ്യമായി.
വായന, എഴുത്ത്
അഡ്വാനിയുടെ വ്യക്തിത്വത്തെ വേറിട്ടുനിര്‍ത്തുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് അദ്ദേഹത്തിന്റെ ലാളിത്യം. നവനിര്‍മാണ്‍ പ്രസ്ഥാനത്തിന് ശേഷം അഡ്വാനി ജുനഗഢിലെത്തി ഒരു സാധാരണ പ്രവര്‍ത്തകനെപ്പോലെ ഒരു മാസത്തോളം താമസിച്ചു. കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞ ആ നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കിയത് അദ്ദേഹമായിരുന്നു. പൊതുജീവിതത്തില്‍ എത്രത്തോളം സത്യസന്ധതയും ധാര്‍മികതയും പുലര്‍ത്താമെന്ന് അദ്ദേഹം എപ്പോഴും കാണിച്ചുതന്നു. വായനയില്‍ അതീവ താല്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചിട്ടുള്ളവര്ക്ക് അറിയാം എത്രത്തോളം ശ്രദ്ധയോടെയാണ് അദ്ദേഹം പത്രങ്ങള്‍ വായിക്കുന്നതെന്ന്. സിനിമയുടെയും നാടകത്തിന്റെയും വലിയൊരു ആരാധകനായ അദ്ദേഹം, നല്ലൊരു സിനിമാ നിരൂപകന് കൂടിയായിരുന്നു. ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും "മൈ കണ്ട്രി മൈ ലൈഫ് ' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വ്യക്തമാണ്.
സിന്ധി സംസ്കാരവുമായി അഡ്വാനി എപ്പോഴും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ലേയ്ക്ക് സമീപത്ത് സിന്ധു ദര്ശന് പൂജ പ്രചരിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. അഡ്വാനിക്കും ജോര്‍ജ് ഫെര്‍ണാണ്ടസിനുമൊപ്പം ഞാനും അത്തരമൊരു പൂജയില്‍ പങ്കെടുത്തിട്ടുണ്ട്.
അഡ്വാനിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെക്കുറിച്ച് പറയുമ്പോള്‍ ജീവിത പങ്കാളി കമല അഡ്വാനിയെക്കുറിച്ച് പരാമര്‍ശിക്കാതെ അത് പൂര്‍ണമാകില്ല. അദ്ദേഹത്തിന്റെ പൊതുജീവിതത്തിലുടനീളം കരുത്തും പിന്തുണയും നല്കിയ വ്യക്തിയായിരുന്നു അവര്‍. കറാച്ചിയില്‍ വളര്‍ന്ന അഡ്വാനി തന്റെ ജീവിതം ഇത്തരമൊരു വഴിയിലൂടെ സഞ്ചരിക്കുമെന്ന് ഒരിക്കലും കരുതിക്കാണില്ല. അദ്ദേഹത്തോടുള്ള നന്ദിസൂചകമായി 2024ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് ഭാരതരത്ന നല്കി ആദരിച്ചു. അഡ്വാനി തന്റെ ജീവിതത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന് ആയുരാരോഗ്യമുണ്ടാവട്ടെ എന്നും നമ്മെ ഏവരെയും എന്നത്തെയും പോലെ ഇനിയും പ്രചോദിപ്പിക്കുന്നത് തുടരാന്‍ കഴിയട്ടെയെന്നും ഞാന്‍ പ്രാർഥിക്കുന്നു.