ഇന്ന് ലോക ഭക്ഷ്യദിനം

 
Special Story

കൃഷിയിടത്തിൽ നിന്ന് മൂല്യവർധനയിലേക്കും

ലോക ഭക്ഷ്യദിനം ഇന്ന്, വിപണി മാത്രമല്ല ലക്ഷ്യം

Reena Varghese

ഡോ. എം.എൽ. ജാട്ട്

ഭക്ഷ്യക്ഷാമത്തിൽ നിന്ന് റെക്കോഡ് വിളവെടുപ്പുകളിലേക്ക് ഇന്ത്യ മുന്നേറിക്കഴിഞ്ഞു. ഉത്പാദന വർധനയില്‍‍ നിന്ന് മൂല്യവർധനയിലേക്കും ഭക്ഷ്യസുരക്ഷയിൽ നിന്ന് പോഷകാഹാര സുരക്ഷയിലേക്കുമുള്ള കുതിപ്പാണ് ഇനി വേണ്ടത്. കാലാവസ്ഥാ അതിജീവന ശാസ്ത്രം, വിളവെടുപ്പാനന്തര മൂല്യ ശൃംഖലകൾ, ആധുനിക കണ്ടുപിടുത്തങ്ങളും പരമ്പരാഗത അറിവുകളും തമ്മിലെ സമന്വയം എന്നിവ ആ മുന്നേറ്റത്തിന് കരുത്തേകുമ്പോള്‍, കർഷകരുടെ വരുമാനം മാത്രമായിരിക്കും വിജയത്തിന്‍റെ അളവുകോൽ.

ഭക്ഷണം എന്നത് ജീവന്‍റെ നിലനിൽപ്പിനുള്ള ഉപാധി മാത്രമല്ല, സാമൂഹ്യ സുസ്ഥിരതയോടും സാമ്പത്തിക ശക്തിയോടും മാനവിക അന്തസിനോടും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ, ആവശ്യത്തിന് ഭക്ഷണം ഉറപ്പാക്കുമെന്ന പ്രതിജ്ഞ പുതുക്കാനുള്ള ദിവസം മാത്രമല്ല ലോക ഭക്ഷ്യദിനം; മറിച്ച് നമ്മുടെ ഭക്ഷ്യസംവിധാനങ്ങൾ എത്രത്തോളം സുരക്ഷിതവും പോഷകസമൃദ്ധവും സുസ്ഥിരവും കർഷക കേന്ദ്രീകൃതവുമാണെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ്.

"ഇന്നത്തെ നൂതനാശയങ്ങള്‍, നാളത്തെ പോഷണം' എന്ന ഈ വർഷത്തെ പ്രമേയം ഈ മുൻഗണനാ മാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആധുനിക സാങ്കേതിക വിദ്യകളെ പരമ്പരാഗത അറിവുകളോടും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തോടും സമന്വയിപ്പിക്കാനുള്ള ഭക്ഷ്യ- കാർഷിക സംഘടനയുടെ ഈ വര്‍ഷത്തെ ആഹ്വാനം ഇന്ത്യയുടെ കാർഷിക മുന്നേറ്റത്തോട് ചേർന്നുനിൽക്കുന്നതാണ്.

സ്വാതന്ത്ര്യാനന്തരം ഭക്ഷ്യധാന്യ ക്ഷാമവും കുറഞ്ഞ ഉത്പാദനക്ഷമതയും വിദേശ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയുമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഉയർന്ന വിളവു തരുന്ന വിത്തുകൾ, ജലസേചനം, കാർഷിക ഗവേഷണം, വളങ്ങൾ, സ്ഥാപനപരമായ വായ്പകൾ, താങ്ങുവില എന്നിവയെല്ലാം കോർത്തിണക്കി നടത്തിയ ഏകോപിത പരിശ്രമങ്ങളാണ് ഹരിത വിപ്ലവത്തിന് ജന്മം നൽകിയത്. ഇതിന്‍റെ ഫലം ഗോതമ്പിന്‍റെയും നെല്ലിന്‍റെയും ഉത്പാദന വർധനയില്‍ മാത്രം ഒതുങ്ങി നിന്നില്ല; രാജ്യം ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയും ദേശീയ വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകുകയും ചെയ്തു. ഒരു കാലത്ത് വിദേശ ഭക്ഷ്യസഹായങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് പാലിന്‍റെയും പയർവർഗങ്ങളുടെയും ഉത്പാദനത്തിലും അരി കയറ്റുമതിയിലും ലോകത്ത് ഒന്നാമതാണ്.

ഇന്ന് കൃഷിയെ കേവലം ഭക്ഷ്യധാന്യ ഉത്പാദനത്തിന്‍റെ കണ്ണിലൂടെ മാത്രം കണ്ടാല്‍ മതിയാകില്ല. പോഷകാഹാരം, തൊഴിലവസരങ്ങൾ, സംരംഭകത്വം, മൂല്യവർധന, ഗ്രാമീണ സമൃദ്ധി എന്നിവയുടെയെല്ലാം പ്രധാന ചാലക ശക്തിയായി കൃഷി മാറിയിരിക്കുകയാണ്.

കാർഷിക വളർച്ചയുടെ മാറുന്ന മുഖം

ഇന്ത്യൻ കാര്‍ഷിക പരിവർത്തനത്തെ പൊതുവില്‍ 3 ഘട്ടങ്ങളായി കാണാം. 1967 മുതൽ 1995 വരെ ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കും ഭക്ഷ്യധാന്യ ഉത്പാദനത്തിനുമായിരുന്നു പ്രധാന മുൻഗണന. 1996 മുതൽ 2014 വരെ ജനങ്ങളുടെ വർധിച്ചുവന്ന വരുമാനത്തിനും മാറിക്കൊണ്ടിരുന്ന ഭക്ഷണശീലങ്ങൾക്കും അനുസൃതമായി കാർഷിക വൈവിധ്യവത്കരണം വേഗം കൈവരിച്ചു. എന്നാൽ 2015ന് ശേഷം ഈ വൈവിധ്യവത്കരണത്തിനൊപ്പം വിഭവങ്ങളുടെ കാര്യക്ഷമ വിനിയോഗം, കാലാവസ്ഥാ അതിജീവന ശേഷി, കർഷകരുടെ വരുമാന വർധന എന്നിവ നിർണായക ലക്ഷ്യങ്ങളായി ഉയർന്നുവന്നു.

ഈ മാറ്റത്തിന്‍റെ തെളിവുകൾ കാർഷിക വളർച്ചാ നിരക്കിൽ വ്യക്തമായി പ്രതിഫലിക്കുന്നു. കാർഷിക മേഖലയിലെ ഘടനാപരമായ കുതിപ്പിനെ ഇത് സൂചിപ്പിക്കുന്നു. 1967–1995 കാലയളവിൽ ശരാശരി വാർഷിക വളർച്ച 2.71 ശതമാനവും 1996 മുതൽ 2014 വരെ ഇത് 2.98 ശതമാനവുമായിരുന്നു. എന്നാൽ 2015ന് ശേഷം ഇത് ഏകദേശം 4.51% എന്ന സുപ്രധാന വളർച്ചയിലേക്ക് കുതിച്ചുയർന്നു. ഇപ്പോഴും ഇന്ത്യയുടെ കാർഷിക മുന്നേറ്റം പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. 2024–25ൽ കൊയ്തെടുത്ത റെക്കോഡ് വിളവായ 357.73 ദശലക്ഷം ടണ്ണിന്‍റെ കരുത്തിൽ 2025–26ലെ ദേശീയ ഭക്ഷ്യധാന്യ ഉത്പാദനം 376.56 ദശലക്ഷം ടണ്ണെന്ന നാഴികക്കല്ല് പിന്നിടും. നെല്ല്, ഗോതമ്പ്, ചോളം എന്നിവയിലെ റെക്കോഡ് വിളവിന്‍റെ പിൻബലത്തിൽ കൈവരിച്ച 5.3% എന്ന ശക്തമായ വാർഷിക വളർച്ചയാണിത്.

ഈ നേട്ടങ്ങൾ വലുതാണെങ്കിലും എത്ര കൂടുതൽ ഉത്പാദിപ്പിക്കാം എന്നതു മാത്രമാകരുത് ഇന്നത്തെ ചിന്ത. മറിച്ച്, കുറഞ്ഞ പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് എങ്ങനെ കൂടുതൽ മികച്ച ഉത്പാദനം സാധ്യമാക്കാമെന്നതും ആ ഉത്പാദനത്തിലൂടെ കർഷകരുടെ വരുമാനം എത്രത്തോളം വർധിപ്പിക്കാം എന്നതുമാണ് യഥാർഥ ചോദ്യം.

കാലാവസ്ഥാ മാറ്റം, ശാസ്ത്രത്തിന്‍റെ വഴികാട്ടൽ

അടുത്ത കാർഷിക വിപ്ലവം പ്രകൃതി വിഭവങ്ങളെ അമിതമായി ആശ്രയിച്ചാകരുത്; ഉത്പാദനച്ചെലവ് കുറയ്ക്കുക, കാലാവസ്ഥാ ആഘാതം ലഘൂകരിക്കുക, വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുക, കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുക എന്നിവയായിരിക്കണം അതിന്‍റെ മുഖ്യ ലക്ഷ്യം.ഇവിടെയാണ് ദേശീയ കാർഷിക ഗവേഷണ സംവിധാനങ്ങൾ നിർണായക പങ്കുവഹിക്കുന്നത്. ജലവിനിയോഗ ശേഷി കാര്യക്ഷമമാക്കുന്നതിനൊപ്പം കൂടുതൽ പോഷക സാന്ദ്രത നൽകുന്നതും വരൾച്ച, ഉഷ്ണ തരംഗങ്ങൾ, വെള്ളപ്പൊക്കം, പുതുതായി ഉയർന്നുവരുന്ന ജൈവ സുരക്ഷാ ഭീഷണികൾ തുടങ്ങിയ സങ്കീർണ കാലാവസ്ഥാ പ്രതിസന്ധികളെ നേരിടാൻ ശേഷിയാര്‍ന്നതുമായ വിത്തിനങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് നമ്മുടെ മുൻഗണനകൾ മാറണം.

ജനിതക ഘടനാ ശാസ്ത്രം, ജീൻ എഡിറ്റിങ്, നിർമിതബുദ്ധി (എഐ), റിമോട്ട് സെൻസിങ്, ഡിജിറ്റൽ അതിസൂക്ഷ്മ കൃഷി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ ഈ ഘടനാപരമായ മാറ്റത്തിന് ആക്കം കൂട്ടുന്നു. 2025–26ൽ മാത്രം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പുറത്തിറക്കിയ 386 പുതിയ വിത്തിനങ്ങളില്‍ 94% കാലാവസ്ഥാ അതിജീവന ശേഷിയുള്ളവയും 29% ജൈവ സമ്പുഷ്ടവുമാണ്. ഒപ്പം, 805 ബൗദ്ധിക സ്വത്തവകാശ അപേക്ഷകളിലൂടെ ബൗദ്ധിക സ്വത്ത് വിപുലീകരിക്കാനും 36 ദേശീയ ഗവേഷണ സ്ഥാപനങ്ങളിലൂടെ സാങ്കേതികവിദ്യാ കൈമാറ്റ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് സാധിച്ചു.

കാര്‍ഷിക ഗവേഷണം ഇനി ഉത്പാദനത്തിന്‍റെ അളവു കൊണ്ടു മാത്രം നിര്‍വചിക്കപ്പെടില്ല; മറിച്ച് കാലാവസ്ഥാ അതിജീവനവും പോഷകാഹാര സുരക്ഷയും ഒരേസമയം ഉറപ്പാക്കാനുള്ള ശേഷിയായിരിക്കും കാര്‍ഷിക ഗവേഷണത്തെ നിർണയിക്കുക. പുതിയ സമവാക്യം ലളിതമാണ്: ഓരോ തുള്ളി വെള്ളത്തിനും കൂടുതൽ വിളവ്, ഓരോ ഹെക്റ്ററിലും കൂടുതൽ പോഷണം, ഓരോ കർഷകനും കൂടുതൽ വരുമാനം.

കൃഷിയിടത്തിൽ നിന്ന് വിപണിയിലേക്ക് മാത്രമല്ല

ഉത്പാദനം കൊണ്ടു മാത്രം കർഷക സമൃദ്ധി ഉറപ്പാക്കാനാവില്ല. ഉത്പാദന- വിപണന മൂല്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലും കർഷകർ സജീവ പങ്കാളികളാകുമ്പോൾ മാത്രമേ ന്യായവില ലഭിക്കൂ. അതുകൊണ്ടുതന്നെ കൃഷിയിടത്തിൽ നിന്ന് വിപണിയിലേക്ക് എന്ന നമ്മുടെ കാഴ്ചപ്പാട് കൃഷിയിടത്തിൽ നിന്ന് മൂല്യവർധനയിലേക്ക് എന്ന തലത്തിലേക്ക് വികസിക്കേണ്ടതുണ്ട്.

കാർഷികോത്പന്നങ്ങളുടെ ഭൂരിഭാഗം മൂല്യസൃഷ്ടിയും കൃഷിയിടത്തിന് പുറത്തുവച്ചാണ്. തരം തിരിക്കൽ, സംസ്കരണം, പാക്കിങ്, ബ്രാൻഡിങ്, സംഭരണം, ശീതീകരണ ശൃംഖലകൾ, ഗതാഗതം, കയറ്റുമതി എന്നിവയെല്ലാം കാര്‍ഷികോത്പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുന്ന നിർണായക കണ്ണികളാണ്. കാര്‍ഷികോത്പാദന സംഘങ്ങള്‍, സഹകരണ സംഘങ്ങൾ, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ വിപണികൾ എന്നിവ ഈ മാറ്റത്തിന് വേഗം കൂട്ടുന്നു. രാജ്യത്തെ കൃഷിഭൂമിയുടെ 86 ശതമാനത്തോളം ചെറുകിട- നാമമാത്ര കർഷകരുടെ കൈകളിലായതിനാൽ മൂല്യവർധനയുടെ പ്രയോജനം കർഷകരിലേക്കെത്തിക്കാനുള്ള ഏറ്റവും പ്രായോഗിക വഴി കാര്‍ഷികോത്പാദന സംഘങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ്. ഒപ്പം "അഗ്രി സ്റ്റാക്ക്', "ഇ- നാം' തുടങ്ങിയ ഡിജിറ്റൽ പൊതു സംവിധാനങ്ങൾ കർഷകരെ ഉപഭോക്താക്കളുമായും വായ്പാ സൗകര്യങ്ങളുമായും തത്സമയ വിപണി വിവരങ്ങളുമായും നേരിട്ട് ബന്ധിപ്പിക്കുന്നു.

ഭക്ഷ്യ സുരക്ഷയിൽ നിന്ന് പോഷകാഹാര സുരക്ഷയിലേക്ക്

ഇന്ത്യയുടെ അടുത്ത തന്ത്രപ്രധാന ലക്ഷ്യം കേവല ഭക്ഷ്യസുരക്ഷയിൽ നിന്ന് സമഗ്ര പോഷകാഹാര സുരക്ഷയിലേക്കുള്ള പരിവര്‍ത്തനമാണ്. ഉപഭോക്താക്കളുടെ മാറുന്ന താല്പര്യങ്ങൾ മൂലം പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, മത്സ്യം എന്നിവയുടെ ആവശ്യകത വലിയ തോതിൽ വർധിക്കുന്നു. ഇതനുസരിച്ച് കാർഷിക നയങ്ങളും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ ഗവേഷണ മുൻഗണനകളും പുനഃക്രമീകരിക്കപ്പെടണം. വിതരണവുമായി ബന്ധപ്പെട്ടതും ഘടനാപരവുമായ പ്രധാന വെല്ലുവിളികൾ പരിഹരിക്കുകയാണ് ഈ മാറ്റത്തിന്‍റെ കാതൽ. ഹ്രസ്വകാല വിളകളിലൂടെ ആഭ്യന്തര പയറുവർഗ ഉത്പാദനം 26–27 ദശലക്ഷം ടണ്ണിലെത്തിക്കാൻ കഴിഞ്ഞെങ്കിലും ഭക്ഷ്യ എണ്ണയുടെ 55–60% ഇന്ത്യ ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണ്. ഈ വിടവ് പരിഹരിക്കാനാണ് "ദേശീയ ഭക്ഷ്യ- എണ്ണ ദൗത്യം' ശ്രമിക്കുന്നത്.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്- ഹാർവെസ്റ്റ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ കണക്കുകൾ പ്രകാരം, പഴങ്ങൾക്കും പച്ചക്കറികൾക്കും 4.5 മുതൽ 15% വരെയും ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും 3 മുതൽ 6% വരെയും വിളവെടുപ്പാനന്തര നഷ്ടം സംഭവിക്കുന്നുണ്ട്. കൃഷിയിടങ്ങളോട് ചേർന്ന ചെറുകിട സംഭരണശാലകളിലൂടെയും ശീതീകരിച്ച ചരക്കുനീക്ക ശൃംഖലകളിലൂടെയും ഈ വിളവെടുപ്പാനന്തര നഷ്ടം തടയേണ്ടത് അവശ്യ പോഷകങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. കൂടാതെ, ലഭ്യമായ ശുദ്ധജലത്തിന്‍റെ 80 ശതമാനത്തിലേറെയും കൃഷിക്കു വേണ്ടി ഉപയോഗിക്കുന്നതിനാല്‍ പിഎംകെഎസ്‌വൈ- പിഡിഎംസി പദ്ധതിക്ക് കീഴിൽ സൂക്ഷ്മ ജലസേചനം വ്യാപിപ്പിക്കേണ്ടതുണ്ട് (ഇത് ജലവിനിയോഗ ശേഷി 30–50 ശതമാനവും വിളവ് 20–30 ശതമാനവും വർധിപ്പിക്കുന്നു). ഒപ്പം ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, ചെറുധാന്യങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിലൂടെ ഓരോ യൂണിറ്റ് ജലത്തിൽ നിന്നും ലഭിക്കുന്ന പോഷകോത്പാദനം പരമാവധി വർധിപ്പിക്കാം.

പോഷകാഹാരക്കുറവിനെ നേരിടുന്നതിന് സിങ്ക് സമൃദ്ധമായ ഗോതമ്പും ഇരുമ്പ് സത്ത് അടങ്ങിയ കമ്പവും ഉൾപ്പെടെ 200ലേറെ ജൈവ സമ്പുഷ്ട വിളകൾ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ കർഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രതിവർഷം 230 ദശലക്ഷം ടണ്ണിലധികം പാൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യയുടെ മുൻനിര ക്ഷീര- മത്സ്യ മേഖലകളുടെ വിപുലീകരണത്തിനൊപ്പം സന്തുലിതവും പോഷക സമ്പന്നവുമായ ഒരു ദേശീയ ഭക്ഷണക്രമം പടുത്തുയർത്താനാണ് ഈ പരിശ്രമങ്ങൾ ലക്ഷ്യമിടുന്നത്.

ശാസ്ത്രവും ഭാരതീയ വിജ്ഞാന പാരമ്പര്യവും

ഇന്ത്യയുടെ കാർഷിക പരിവർത്തനം പ്രാവർത്തികമാക്കണമെങ്കിൽ, ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളും ഭാരതീയ വിജ്ഞാന പാരമ്പര്യവും തമ്മിലെ തെളിവധിഷ്ഠിത സമന്വയത്തിന് നയരൂപീകരണങ്ങൾ വഴിയൊരുക്കണം. പരമ്പരാഗത കൃഷിരീതികളെയും ജലപരിപാലന പാരമ്പര്യങ്ങളെയും വ്യവസ്ഥാപിതമായി വിലയിരുത്തുകയും രേഖപ്പെടുത്തുകയും വേണം; ഒപ്പം നിർമിത ബുദ്ധി, ഐഒടി സെൻസറുകൾ, റിമോട്ട് സെൻസിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുമായി അവയെ ബന്ധിപ്പിക്കണം. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതും ജൈവ വൈവിധ്യ പൂർണവുമായ കാർഷിക ആവാസ വ്യവസ്ഥകൾ കെട്ടിപ്പടുക്കാൻ ഇത് സഹായിക്കും. നൂതനാശയങ്ങളും പാരമ്പര്യവും തമ്മിലെ ഈ സവിശേഷ സമന്വയമാണ് ഈ വർഷത്തെ ലോക ഭക്ഷ്യദിന പ്രമേയം ആഹ്വാനം ചെയ്യുന്നത്.

ഭക്ഷ്യ സ്വയം പര്യാപ്തതയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹരിത വിപ്ലവത്തിന്‍റെ പഴയ കാഴ്ചപ്പാടുകൾക്കപ്പുറം സമഗ്ര പോഷകാഹാര-പരിസ്ഥിതി സുരക്ഷയിലേക്ക് ദേശീയ മുൻഗണനകൾ ഇനി മാറിയേ തീരൂ. ഈ കാഴ്ചപ്പാട് യാഥാർഥ്യമാക്കാന്‍ ശാസ്ത്രീയ ഗവേഷണം, കർഷക പങ്കാളിത്തം, വിപണി സൗകര്യങ്ങൾ, നയപരമായ ഇടപെടലുകൾ, പൗരബോധം എന്നിവയെല്ലാം ഒത്തുചേരുന്ന സമഗ്രവും സാമൂഹ്യവുമായ കർമ പദ്ധതി അനിവാര്യമാണ്.

സാങ്കേതിക മുന്നേറ്റങ്ങളുടെ പ്രയോജനം സമൂഹത്തിന്‍റെ ഏറ്റവും താഴേത്തട്ടിൽ എത്തുമ്പോൾ മാത്രമേ അവ അർഥപൂർണമാകൂ. ഓരോ സാങ്കേതിക വിദ്യയും ലബോറട്ടറികളിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് എത്തിച്ചേരണം; വനിതാ കർഷകരും ഗ്രാമീണ യുവതയും കാര്‍ഷിക-സ്റ്റാർട്ടപ്പുകളും ഈ പരിവര്‍ത്തനത്തിലെ സജീവ പങ്കാളികളാകണം.

ഇന്നത്തെ നൂതനാശയങ്ങളാണ് നാളത്തെ പോഷകാഹാരത്തിന് അടിത്തറ പാകുന്നത്. ഇന്നത്തെ വിഭവ സംരക്ഷണമാണ് വരും തലമുറകളുടെ ഭക്ഷ്യ ലഭ്യത ഉറപ്പാക്കുന്നത്. ഈ യാത്രയിലുടനീളം രാജ്യത്തെ കർഷകർ കൈവരിക്കുന്ന വളർച്ചയും സമൃദ്ധിയുമായിരിക്കും വിജയത്തിന്‍റെ ഏറ്റവും വലിയ അളവുകോൽ. ലോക ഭക്ഷ്യദിനത്തിന്‍റെ യഥാർഥ അന്തസത്തയും ഇതു തന്നെയാണ് -ഭക്ഷണത്തിൽ നിന്ന് പോഷണത്തിലേക്ക്, ഉത്പാദനത്തിൽനിന്ന് മൂല്യവര്‍ധനയിലേക്ക്, കാർഷിക വളർച്ചയിൽനിന്ന് സുസ്ഥിര കർഷക ക്ഷേമത്തിലേക്ക്.

(കേന്ദ്ര കാർഷിക ഗവേഷണ - വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്റ്റർ ജനറലുമാണ് ലേഖകൻ)