ആഗോള വിനോദ സഞ്ചാരം: ശക്തമായ മുന്നേറ്റവുമായി ഇന്ത്യ

 
Special Story

ആഗോള വിനോദ സഞ്ചാരം: ശക്തമായ മുന്നേറ്റവുമായി ഇന്ത്യ

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിലും താഴ്ന്ന മധ്യ വരുമാന സമ്പദ്‌വ്യവസ്ഥകളുടെ വിഭാഗത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

Reena Varghese

"ട്രാവൽ ആൻഡ് ടൂറിസം ഡവലപ്‌മെന്‍റ് ഇൻഡക്സ്- 2026'ൽ ഇന്ത്യ നേടിയ 31ാം സ്ഥാനം, "വികസനത്തോടൊപ്പം പൈതൃകവും' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം സാക്ഷാത്കരിക്കപ്പെടുന്നതിന്‍റെ വ്യക്തമായ സൂചനയാണ്.

ഗജേന്ദ്ര സിങ് ഷെഖാവത്ത്

മനോഹര പർവതനിരകളോ പുരാതന ക്ഷേത്രങ്ങളോ ആകർഷക കടൽത്തീരങ്ങളോ മാത്രം ഒരു രാജ്യത്തിന്‍റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് മതിയാകില്ല. ഒരു വിനോദസഞ്ചാരിക്ക് ലക്ഷ്യസ്ഥാനത്തേക്ക് സുഗമമായും സുരക്ഷിതമായും എത്താൻ മികച്ച റോഡ്, വ്യോമ ഗതാഗത സൗകര്യങ്ങൾ വേണം. ഗുണമേന്മയുള്ള ഹോട്ടലുകളും ഹോം സ്റ്റേകളും ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങൾ, എളുപ്പം ലഭ്യമാകുന്ന കൃത്യമായ വിവരങ്ങൾ, സുരക്ഷ, ശുചിത്വം, ആതിഥ്യ മര്യാദ എന്നിവയും പ്രധാനമാണ്. യാത്രികന്‍റെ മനസിൽ ദീർഘകാലം നിലനിൽക്കുന്ന, ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാവുന്ന അനുഭവം സമ്മാനിക്കാനും വിനോദസഞ്ചാര കേന്ദ്രത്തിന് കഴിയണം. ലോക സാമ്പത്തിക ഫോറത്തിന്‍റെ "ട്രാവൽ ആൻഡ് ടൂറിസം ഡവലപ്‌മെന്‍റ് ഇൻഡക്സ്' (ടിടിഡിഐ) ഒരു രാജ്യത്തിന്‍റെ വിനോദസഞ്ചാര മേഖലയെ വിലയിരുത്തുമ്പോൾ ഇത്തരം പല ഘടകങ്ങളും പരിഗണിക്കും. ഈ മേഖലകളിൽ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമായി മുന്നേറുന്നു എന്നതിന്‍റെ സൂചനയാണ് 2026ലെ റിപ്പോർട്ടിലെ ഇന്ത്യയുടെ മുന്നേറ്റം.

2014ൽ ആഗോളതലത്തിൽ 65ാം സ്ഥാനത്തായിരുന്ന ഇന്ത്യ, 2024ൽ 39ാം സ്ഥാനത്തേക്ക് ഉയർന്നു. 160 സമ്പദ്‌വ്യവസ്ഥകളെ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിൽ ഇപ്പോൾ 31ാം സ്ഥാനം നേടിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്തിന്‍റെ മൊത്തത്തിലുള്ള സ്കോർ 4.42 ആണ്- 2024ലെ സ്കോറിനേക്കാൾ 4.3% കൂടുതൽ. പുതിയ രീതിശാസ്ത്രം പ്രയോഗിച്ച് പുനർനിർണയിച്ച 2019ലെ 4.36 എന്ന സ്കോറുമായി താരതമ്യം ചെയ്യുമ്പോഴും 1.4 ശതമാനത്തിന്‍റെ വർധന രേഖപ്പെടുത്തി. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിലും താഴ്ന്ന മധ്യ വരുമാന സമ്പദ്‌വ്യവസ്ഥകളുടെ വിഭാഗത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഈ നേട്ടം കേവലം റാങ്കിങ് മെച്ചപ്പെടുത്തലിൽ മാത്രം ഒതുങ്ങുന്നതല്ല; വികസനവും പൈതൃക സംരക്ഷണവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "വികസനത്തോടൊപ്പം പൈതൃകവും' (Development as well as Heritage) എന്ന ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ വിനോദസഞ്ചാര നയങ്ങൾക്ക് ലഭിച്ച ആഗോള അംഗീകാരമായും കണക്കാക്കാം.

ഈ വർഷത്തെ റാങ്കിങ്ങിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാം. 2019ലെ സൂചികയിൽ 4 പ്രധാന മേഖലകളും 90 സൂചകങ്ങളും (Indicators) ഉൾപ്പെട്ടിരുന്നെങ്കിൽ, 2026ൽ 17 ഘടകങ്ങളും (Pillars) 102 സൂചകങ്ങളും അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ വിലയിരുത്തിയത്. ജനാഭിപ്രായങ്ങളെയും ധാരണകളെയും അടിസ്ഥാനമാക്കിയുള്ള സൂചകങ്ങളുടെ എണ്ണം 33ൽ നിന്ന് 18 ആയി കുറഞ്ഞു. അതായത്, കൂടുതൽ വസ്തുതാപരവും വിവരസമ്പന്നവുമാണ് പുതിയ രീതിശാസ്ത്രത്തിലെ വിലയിരുത്തൽ. ഇതിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 140ൽ നിന്ന് 110 ആയി കുറഞ്ഞതിനാൽ, പഴയതും പുതിയതുമായ റാങ്കിങ്ങുകളെ നേരിട്ട് താരതമ്യം ചെയ്യുന്നത് ഉചിതമല്ല. എന്നിരുന്നാലും, താരതമ്യം ചെയ്യാവുന്ന മാനദണ്ഡങ്ങളിൽ ഇന്ത്യ നേടിയ സ്കോറിലെ വർധന, രാജ്യത്തിന്‍റെ വിനോദസഞ്ചാര മേഖല കൈവരിച്ച പുരോഗതിയുടെ വ്യക്തമായ സൂചനയാണ്.

13 പ്രധാന സൂചകങ്ങളിൽ ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിച്ചിട്ടുണ്ട്. വിദേശ വിനോദസഞ്ചാരികളുടെ ശരാശരി താമസദൈർഘ്യത്തിലും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമയബന്ധിതമായി സമർപ്പിക്കുന്നതിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ ശരാശരി താമസദൈർഘ്യം ഏകദേശം 17–18 ദിവസമാണ്. ലോകത്തെ മറ്റ് പ്രധാന വിനോദസഞ്ചാര രാജ്യങ്ങളിലെ ശരാശരിയെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികമാണെന്നത് ശ്രദ്ധേയമാണ്. വിമാനത്താവളങ്ങളുമായുള്ള കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ഇന്ത്യ നാലാം സ്ഥാനത്തും വിലയിലെ മത്സരക്ഷമത, ഹോട്ടൽ നിരക്കുകൾ, വാങ്ങൽശേഷി, മികച്ച വരുമാന സാധ്യതയുള്ള വിനോദസഞ്ചാര മേഖലയിലെ തൊഴിലവസരങ്ങൾ തുടങ്ങിയ മേഖലകളിൽ ആറാം സ്ഥാനത്തും. റോഡ് സാന്ദ്രതയുടെ കാര്യത്തിലും ഇന്ത്യ പത്താം സ്ഥാനത്തുണ്ട്.

രാജ്യത്തുടനീളം നിർമിച്ച പുതിയ ദേശീയപാതകൾ, മെച്ചപ്പെട്ട റെയ്‌ൽ സേവനങ്ങൾ, പുതിയ വിമാനത്താവളങ്ങൾ, പ്രാദേശിക വിമാന സർവീസുകൾ എന്നിവ വിനോദസഞ്ചാര മേഖലയ്ക്കും ഉത്തേജനം പകരുന്നു. "ഉഡാൻ' (UDAN) പദ്ധതിക്ക് കീഴിൽ 95 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 687 റൂട്ടുകൾ നിലവിലുണ്ട്.

നമ്മുടെ ഏറ്റവും വലിയ ശക്തി വൈവിധ്യമാണ്. യാത്രാ വിഭവങ്ങളുടെ കാര്യത്തിൽ ലോകത്ത് നാലാം സ്ഥാനത്തുള്ള ഇന്ത്യ പ്രകൃതിവിഭവങ്ങളിൽ ഏഴാം സ്ഥാനവും സാംസ്കാരിക വിഭവങ്ങളിൽ ഒമ്പതാം സ്ഥാനവും ബിസിനസ്, വിദ്യാഭ്യാസം, വിനോദേതര യാത്രകൾ എന്നിവയിൽ എട്ടാം സ്ഥാനവും നേടിയിട്ടുണ്ട്. വലിയ കായിക സ്റ്റേഡിയങ്ങളുടെയും മികച്ച സർവകലാശാലകളുടെയും കാര്യത്തിൽ മൂന്നാം സ്ഥാനത്തും ആഗോള നഗരങ്ങളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ്. ഈ നേട്ടങ്ങൾ വ്യക്തമാക്കുന്നത് ഇന്ത്യ ഇനി വെറും അവധിക്കാല വിനോദസഞ്ചാര കേന്ദ്രം മാത്രമായി തുടരില്ല എന്നാണ്. സമ്മേളനങ്ങൾ, കായിക മത്സരങ്ങൾ, വിദ്യാഭ്യാസം, വിവാഹങ്ങൾ, ആത്മീയത, ആരോഗ്യ പരിചരണം, ബിസിനസ് തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങൾക്കായുള്ള യാത്രകളുടെ പ്രധാന ആഗോള കേന്ദ്രമായി ഇന്ത്യ അതിവേഗം ഉയർന്നുവരികയാണ്.

പൈതൃക സംരക്ഷണത്തിനൊപ്പം അതിന്‍റെ പ്രയോജനം പ്രാദേശിക ജനവിഭാഗങ്ങളുടെ സാമൂഹിക- സാമ്പത്തിക ഉന്നതിയുമായി ബന്ധിപ്പിക്കുക എന്ന ദർശനമാണ് നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്നത്. ഇതിന്‍റെ ഭാഗമായി, വിനോദസഞ്ചാര കേന്ദ്രങ്ങളെ സമഗ്രമായി വികസിപ്പിക്കുന്നതിനാണ് മന്ത്രാലയം ഊന്നൽ നൽകുന്നത്. "സ്വദേശ് ദർശൻ' പദ്ധതിക്ക് കീഴിൽ 15 പ്രമേയാധിഷ്ഠിത സാമൂഹിക സർക്യൂട്ടുകളിലായി 5,295 കോടിയിലധികം രൂപയുടെ 76 പദ്ധതികൾക്ക് അനുമതി നൽകിയതിൽ 75 പദ്ധതികളും ഇതിനോടകം പൂർത്തിയാക്കി. "സ്വദേശ് ദർശൻ 2.0' യുടെ ഭാഗമായി 2,207 കോടിയിലധികം രൂപയുടെ 53 പദ്ധതികൾ പുരോഗമിക്കുന്നു. ഒപ്പം, "പ്രസാദ്' (PRASAD) പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന 54 പദ്ധതികൾ തീർഥാടന കേന്ദ്രങ്ങളിലെ ശുചിത്വം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, സന്ദർശക സൗകര്യങ്ങൾ, പ്രാദേശിക തൊഴിലവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഈ ഉദ്യമങ്ങളുടെ ഫലം 2026ലെ റിപ്പോർട്ടിൽ വ്യക്തമായി പ്രതിഫലിക്കുന്നു. ഏതാനും മാസങ്ങളിൽ മാത്രം വിനോദ സഞ്ചാരികളുടെ വരവ് കേന്ദ്രീകരിക്കാതെ വർഷം മുഴുവൻ നിലനിർത്താനുള്ള ശേഷി വിലയിരുത്തുന്ന സൂചികയിൽ ഇന്ത്യയുടെ റാങ്കിങ് 80ാം സ്ഥാനത്തുനിന്ന് 46ാം സ്ഥാനത്തേക്ക് ഉയർന്നു. ജനസംഖ്യാനുപാതികമായ ഹോട്ടൽ മുറികളുടെ ലഭ്യതയിലും ഇന്ത്യ 117ാം സ്ഥാനത്തു നിന്ന് 84ാം സ്ഥാനത്തേക്ക് മുന്നേറി. ഡിജിറ്റൽ വിനോദസഞ്ചാര സേവനങ്ങളുടെ ഉപയോഗത്തിൽ 106ൽ നിന്ന് 91ലേക്കും, വിനോദസഞ്ചാര മേഖലയിലെ സർക്കാർ ധനവിനിയോഗത്തിൽ 113ൽ നിന്ന് 101ലേക്കും, വിനോദസഞ്ചാരത്തിന്‍റെ സാമ്പത്തിക സ്വാധീനം അളക്കുന്ന സൂചികയിൽ 41ൽ നിന്ന് 31ലേക്കും ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു. ചെറുകിട വാടക താമസ സൗകര്യങ്ങളുടെ ലഭ്യതയിലും പുരോഗതി രേഖപ്പെടുത്തി. ലോക വിനോദസഞ്ചാര ദിനത്തിൽ പ്രഖ്യാപിച്ച "ടൂറിസം ഡിജിറ്റൽ സ്റ്റാക്ക് ' (Tourism Digital Stack) പൂർണ പ്രവർത്തനമാകുന്നതോടെ ഡിജിറ്റൽ വിനോദസഞ്ചാര സേവനങ്ങളുടെ കാര്യത്തിൽ വരും വർഷങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാര മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഹോട്ടൽ മുറികളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കും, താമസ സൗകര്യങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട സൂചികകളിൽ ഇന്ത്യയുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തും. വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ പുതിയ നഗരങ്ങൾ, ഗ്രാമീണ മേഖലകൾ, ഹോം സ്റ്റേകൾ, പ്രാദേശിക സംരംഭങ്ങൾ എന്നിവിടങ്ങളിലേക്കും ഇതിന്‍റെ പ്രയോജനം നേരിട്ട് വ്യാപിക്കും.

ഡിജിറ്റൽ സൗകര്യങ്ങളുടെ വിപുലീകരണം ഈ മാറ്റങ്ങൾക്ക് കൂടുതൽ വേഗം പകരുകയാണ്. നിലവിൽ 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ- വിസ സൗകര്യം ലഭ്യമാണ്. ഏകദേശം 78% വിസകളും ഇലക്‌ട്രോണിക് രീതിയിലാണ് അനുവദിക്കുന്നത്; ഇ- വിസ അപേക്ഷകളിൽ ഏകദേശം 95%ത്തിന്‍റെയും നടപടിക്രമങ്ങൾ 72 മണിക്കൂറിനുള്ളിൽ പൂർത്തിയാകുന്നു. "ഇൻക്രെഡിബിൾ ഇന്ത്യ' (Incredible India) ഡിജിറ്റൽ പ്ലാറ്റ്‌ഫോം, "നിധി പ്ലസ്' (NIDHI Plus), വിവിധ ഭാഷകളിൽ ലഭ്യമാകുന്ന വിനോദസഞ്ചാര ഹെൽപ്പ്‌ലൈൻ തുടങ്ങിയ സംവിധാനങ്ങൾ വിവരങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം കൂടുതൽ ലളിതവും സുഗമവുമാക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിൽ മാത്രമല്ല, ചെറുകിട ഹോട്ടലുകൾ, ടൂർ ഗൈഡുകൾ, ടൂർ ഓപ്പറേറ്റർമാർ, വിവിധ സേവനദാതാക്കൾ തുടങ്ങിയ പ്രാദേശിക സംരംഭകരെ വിപുലമായ വിപണികളുമായി ബന്ധിപ്പിക്കുന്നതിലും സാങ്കേതികവിദ്യ നിർണായക പങ്കുവഹിക്കുന്നു. അതിലൂടെ ഡിജിറ്റൽ പരിവർത്തനം വിനോദസഞ്ചാര അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.

വിനോദസഞ്ചാര മേഖലയിലെ ഈ വളർച്ചയുടെ പ്രതിഫലനം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിലും തൊഴിൽ മേഖലയിലും വ്യക്തമായി ദൃശ്യമാണ്. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) വിനോദസഞ്ചാര മേഖല 5.22% സംഭാവന ചെയ്യുന്നു. 2023–24ൽ ഈ മേഖല 8.46 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 2025ൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ യാത്രകളുടെ എണ്ണം 428.55 കോടിയായും വിദേശ സഞ്ചാരികളുടെ എണ്ണം 2.53 കോടിയായും ഉയർന്നു. ഒപ്പം, വിനോദസഞ്ചാരത്തിലൂടെ ലഭിച്ച വിദേശനാണ്യ വരുമാനം ~2,76,831 കോടിയിലെത്തി. എന്നാൽ ഈ കണക്കുകൾക്കുപരി, ടൂർ ഗൈഡുകൾ, ടാക്സി ഡ്രൈവർമാർ, കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, നാടൻ കലാകാരന്മാർ, ധാബ ഉടമകൾ, ചെറുകിട ഹോട്ടൽ സംരംഭകർ, ഹോംസ്റ്റേ നടത്തിപ്പുകാർ തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് പ്രധാനം. അതുകൊണ്ടുതന്നെ, വിനോദസഞ്ചാരത്തിന്‍റെ വളർച്ച പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്കും സാധാരണക്കാരുടെ ജീവിതത്തിലേക്കും നേരിട്ടെത്തുന്നു.

ദീർഘകാല അടിസ്ഥാനത്തിൽ വിനോദസഞ്ചാര മേഖലയിലെ വളർച്ച നിലനിർത്തണമെങ്കിൽ പ്രകൃതിയെയും പ്രാദേശിക സമൂഹങ്ങളെയും ഒരുപോലെ സംരക്ഷിക്കണം. ഈ പശ്ചാത്തലത്തിലാണ് വിനോദസഞ്ചാര മേഖലയിലെ സുസ്ഥിരതയിൽ ഇന്ത്യ നേടിയ ഏഴാം സ്ഥാനം പ്രത്യേക പ്രാധാന്യമർഹിക്കുന്നത്. സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ ലക്ഷ്യം; അവർ കൂടുതൽ സമയം ഒരു പ്രദേശത്ത് ചെലവഴിക്കുകയും പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങുകയും സമീപ പ്രദേശങ്ങളിലെ പുതിയ കേന്ദ്രങ്ങൾ കൂടി സന്ദർശിക്കുകയും സമ്പന്നവും സന്തോഷകരവുമായ അനുഭവങ്ങളുമായി മടങ്ങുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. "പര്യടൻ മിത്ര', "പര്യടൻ ദിദി' തുടങ്ങിയ സംരംഭങ്ങൾ, ഗ്രാമീണ ഹോം സ്റ്റേകളുടെ പ്രോത്സാഹനം, ശുചിത്വം, മാലിന്യ സംസ്‌കരണം, പ്രാദേശിക ജനങ്ങളുടെ സജീവ പങ്കാളിത്തം എന്നിവ ഈ സുസ്ഥിര വിനോദസഞ്ചാര സമീപനത്തിന്‍റെ പ്രധാന ഘടകങ്ങളാണ്.

വിനോദസഞ്ചാര മേഖലയിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചെങ്കിലും സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ ഇനിയും ഏറെ മുന്നേറണം. ഗുണമേന്മയുള്ള ഹോട്ടലുകളുടെ ലഭ്യത, പരിശീലനം നേടിയ പ്രൊഫഷണൽ ടൂറിസ്റ്റ് ഗൈഡുകളുടെ എണ്ണം, ലക്ഷ്യസ്ഥാനത്തേക്കുള്ള സൗകര്യപ്രദമായ അവസാനഘട്ട ഗതാഗത സംവിധാനങ്ങൾ (Lastmile connectivity), വിനോദ കേന്ദ്രങ്ങളുടെ കാര്യക്ഷമമായ പരിപാലനം എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. നിർമിത ബുദ്ധി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. അധികം അറിയപ്പെടാത്തതും വലിയ വിനോദ സാധ്യതകളുള്ളതുമായ കേന്ദ്രങ്ങളെ വികസിപ്പിച്ച്, അവയെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ബുക്കിങ് സൗകര്യങ്ങൾ ഒരുക്കുകയും സുരക്ഷിതവും മികവാർന്നതുമായ യാത്രാനുഭവം ഉറപ്പാക്കുകയും വേണം. അതിനാൽ, ടിടിഡിഐയിലെ 31ാം സ്ഥാനം അന്തിമ നേട്ടമായി കാണേണ്ടതില്ല; മറിച്ച്, ഇന്ത്യ ശരിയായ ദിശയിൽ മുന്നേറുന്നു എന്നതിന്‍റെ പ്രധാന സൂചനയായി കാണാം. മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സംസ്കാരത്തെയും പൈതൃകത്തെയും ലോകവുമായി കൂടുതൽ ബന്ധിപ്പിക്കാനും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തൊഴിലവസരങ്ങളും സാമ്പത്തിക സാധ്യതകളും സൃഷ്ടിക്കാനുമുള്ള പ്രധാന സ്രോതസായി വിനോദസഞ്ചാര മേഖല വളർന്നുവരികയാണ്.

(കേന്ദ്ര സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് മന്ത്രിയാണ് ലേഖകൻ)