പ്രതാപ്റാവു ജാദവ്
പ്രതാപ്റാവു ജാദവ്
"ശുഭം കരോതി കല്യാണം, ആരോഗ്യം ധനസമ്പദാ' - നമ്മുടെ പാരമ്പര്യത്തിൽ ആരോഗ്യവും ക്ഷേമവും സമൃദ്ധിയും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ വരച്ചുകാട്ടുന്ന മനോഹരമായ ഒരു സംസ്കൃത പ്രാർഥനയാണിത്. കേവലം ഭൗതികമായ സമ്പത്ത് മാത്രമല്ല; മറിച്ച്, നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യവും സന്തോഷവും അതിൽ ഉൾപ്പെടുന്നു എന്ന് സാരം. ഓരോ വർഷവും ധൻതേരാസ് (ധന ത്രയോദശി) ആഗതമാവുമ്പോൾ, ദീപാവലി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളാൽ നമ്മുടെ വീടുകൾ സജീവമാകുന്നു. കുടുംബങ്ങൾ വീടുകൾ വൃത്തിയാക്കി അലങ്കരിക്കുന്നു, വിപണികൾ ആഘോഷത്തിമിർപ്പിലാകുന്നു, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങുന്നു. എന്നാൽ, ഇത്തരം ആഘോഷങ്ങൾക്കും ഭൗതിക സമ്പാദ്യങ്ങൾക്കുമിടയിൽ, ഗൗരവമായി ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: നമ്മുടെ കുടുംബങ്ങളുടെ ഭാവി ഐശ്വര്യപൂർണമാക്കാൻ നാം ഇത്രയേറെ ഒരുക്കങ്ങൾ നടത്തുമ്പോഴും, അവരുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ നാം എത്രത്തോളം ശ്രദ്ധ ചെലുത്തുന്നുണ്ട്?
നാം സമ്പാദ്യങ്ങൾ ആസൂത്രണം ചെയ്യുന്നു, സ്വത്തുക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നു, ഭാവി സുരക്ഷിതമാക്കാൻ നിക്ഷേപങ്ങൾ നടത്തുന്നു. എന്നാൽ, ദീർഘകാല ആരോഗ്യത്തെയും ജീവിതനിലവാരത്തെയും ഏറെ സ്വാധീനിക്കുന്ന ദൈനംദിന ശീലങ്ങളെ പലപ്പോഴും നാം അവഗണിക്കുന്നു. ഭക്ഷണം ഒഴിവാക്കുന്നത് ഒരു പതിവാകുന്നു, ആവശ്യത്തിന് ഉറക്കമില്ലാത്തത് തിരക്കേറിയ ജീവിതത്തിന്റെ ലക്ഷണമായി മാറുന്നു, ശാരീരിക അസ്വസ്ഥതകൾ അവഗണിക്കാൻ കഴിയാത്ത അവസ്ഥയിലെത്തുന്നതുവരെ വൈദ്യ പരിശോധനകൾ മാറ്റിവയ്ക്കപ്പെടുന്നു. ഇത്തരം മുൻഗണനകളെക്കുറിച്ച് പുനർചിന്തനം നടത്താനുള്ള അവസരമാണ് ധൻതേരാസ്.
പുരാതന ഭാരതീയ ചികിത്സാ സമ്പ്രദായമായ ആയുർവേദത്തിന്റെ ഉദ്ഭവസ്ഥാനമായും, ദൈവതുല്യനായ വൈദ്യനായും ആരാധിക്കപ്പെടുന്ന ഭഗവാൻ ധന്വന്തരിയുടെ ആവിർഭാവത്തെയാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. ആയുർവേദത്തിന് ഈ ഉത്സവത്തിലൂടെ സവിശേഷമായ പ്രാധാന്യം ലഭിക്കുന്നു. സമുദ്രമഥന വേളയിൽ അമൃതകുംഭവുമായി ഭഗവാൻ ധന്വന്തരി ഉയർന്നുവന്നത്, ആരോഗ്യത്തിനും ദീർഘായുസിനുമായുള്ള മാനവരാശിയുടെ ചിരകാല അഭിലാഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ, സ്വർണമോ വെള്ളിയോ മറ്റ് വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളോ വാങ്ങുന്നതിനുള്ള ഒരു അവസരം എന്നതിലുപരിയായ അർഥതലമാണ് ധൻതേരാസിന് ഉള്ളത്. സമൃദ്ധി ആസ്വദിക്കാനും, അത് പ്രിയപ്പെട്ടവരുമായി പങ്കിടാനും ആവശ്യമായ ആരോഗ്യം കൂടി ഉണ്ടാകുമ്പോഴാണ് സമൃദ്ധി അർഥപൂർണമാകുന്നതെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു.
ആയുഷ്, ആരോഗ്യം, കുടുംബക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയിൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ ഈ സന്ദേശത്തിനുള്ള പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു. രോഗം വന്നുകഴിഞ്ഞ ശേഷമാണ് പലപ്പോഴും നാം ആരോഗ്യ പരിപാലനത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുന്നത്. ആശുപത്രികൾ, മരുന്നുകൾ, ചികിത്സ എന്നിവയെക്കുറിച്ചൊക്കെ നാം ചർച്ച ചെയ്യുന്നു; ഇവയെല്ലാം തീർച്ചയായും അനിവാര്യമാണ്. എന്നാൽ, അതുപോലെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു ചർച്ച വളരെ നേരത്തെ തുടങ്ങേണ്ടതുണ്ട്. നമ്മുടെ അടുക്കളകളിലും, ദൈനംദിന ജീവിതശൈലിയിലും, തൊഴിലിടങ്ങളിലും, വീടുകളിലും ഒക്കെയായിരിക്കണം അത് ആരംഭിക്കേണ്ടത്.
ചികിത്സയ്ക്ക് നൽകുന്ന ശ്രദ്ധ രോഗപ്രതിരോധത്തിനും
ഈ ചോദ്യം ആയുർവേദത്തിലെ അടിസ്ഥാന തത്വങ്ങളിലൊന്നായ "സ്വസ്ഥസ്യ സ്വാസ്ഥ്യ രക്ഷണ'ത്തെ പ്രതിഫലിപ്പിക്കുന്നു; അതായത്, ആരോഗ്യമുള്ള ഒരാളുടെ ആരോഗ്യം സംരക്ഷിക്കുക എന്നർഥം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തത്വത്തിന് ആധുനിക പൊതുജനാരോഗ്യ രംഗത്തും ഏറെ പ്രസക്തിയുണ്ട്. നാം കഴിക്കുന്ന ഭക്ഷണം, ഉറങ്ങുന്ന രീതി, ശാരീരികമായ പ്രവർത്തനക്ഷമത, സ്വയം പരിപാലിക്കുന്നതിലെ സ്ഥിരത എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു. സംക്രമികേതര രോഗങ്ങൾ, അനാരോഗ്യകരമായ ജീവിതശൈലികൾ, മാനസിക സമ്മർദം എന്നിവ വലിയ വെല്ലുവിളികളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
കുടുംബത്തോടൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നതു പോലെയുള്ള ലളിതമായ കാര്യങ്ങൾ പരിഗണിക്കുക. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്താനും, കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കാനും ഇത് അവസരമൊരുക്കുന്നു. അതുപോലെ, ദിവസേനയുള്ള നടത്തം, പതിവായ യോഗാഭ്യാസം, കൃത്യസമയത്തുള്ള ഉറക്കം എന്നിവയെല്ലാം ലളിതമായി തോന്നാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇവ പിന്തുടരുമ്പോൾ വലിയൊരു പരിവർത്തനം സൃഷ്ടിക്കാൻ സാധിക്കും. ഇത്തരം ലളിതമായ, ദൈനംദിന തിരഞ്ഞെടുപ്പുകളിലാണ് പലപ്പോഴും പ്രതിരോധാധിഷ്ഠിത ആരോഗ്യപരിപാലനത്തിന്റെ ശക്തി കുടികൊള്ളുന്നത്.
രോഗ പ്രതിരോധത്തിന്റെയും ക്ഷേമത്തിന്റെയും ഈ സംസ്കാരത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ ആയുഷ് സമ്പ്രദായങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. "ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ' (ആയുഷ്) പോലുള്ള സംരംഭങ്ങളിലൂടെ, സാമൂഹിക തലത്തിൽ ആയുഷ് അധിഷ്ഠിത ആരോഗ്യ സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര വിജ്ഞാനം സമകാലിക ആരോഗ്യപരിപാലന മേഖലയിൽ ഉത്തരവാദിത്തപൂർണമായ സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ശാസ്ത്രീയ ഗവേഷണങ്ങളും, ഗുണനിലവാര മാനദണ്ഡങ്ങളും, തെളിവധിഷ്ഠിത ചികിത്സാ രീതികളും അത്യന്താപേക്ഷിതമാണ്.
എങ്കിലും, കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും പങ്കാളിത്തമില്ലാതെ ഒരു ആരോഗ്യ സംരംഭത്തിനും സമ്പൂർണ വിജയം കൈവരിക്കാനാവില്ല. സ്ഥാപനങ്ങൾ കൊണ്ട് മാത്രം ആരോഗ്യകരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക സാധ്യമല്ല; ഓരോ വ്യക്തിയും തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ശീലങ്ങളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും ഇതിനായി സംഭാവന നൽകേണ്ടതുണ്ട്. 2047ൽ സ്വാതന്ത്ര്യത്തിന്റെ 100ാം വർഷത്തിലേക്ക് രാജ്യം കടക്കുമ്പോൾ, വികസിത രാജ്യമെന്ന നമ്മുടെ ദർശനത്തിൽ, കൂടുതൽ ആരോഗ്യവാന്മാരും, ആരോഗ്യത്തെക്കുറിച്ച് കൂടുതൽ അവബോധമുള്ളവരും, ഒഴിവാക്കാവുന്ന രോഗങ്ങളെ തടയാൻ പ്രാപ്തരുമായ പൗരന്മാരും ഉൾപ്പെടേണ്ടതുണ്ട്.
ധൻതേരാസിന്റെ യഥാർഥ ചൈതന്യത്തിന് അർഥവത്തായ പരിവർത്തനങ്ങൾ കൊണ്ടുവരാൻ സാധിക്കും. സാധാരണയായി, പുതിയതെന്തെങ്കിലും വീട്ടിലേക്ക് കൊണ്ടുവരുന്നതുമായാണ് നാം ഈ ആഘോഷത്തെ ബന്ധപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ, ഒരു പുതിയ ശീലം വീട്ടിലേക്ക് കൊണ്ടുവന്നാലോ? കൂടുതൽ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക, പതിവായി യോഗ പരിശീലിക്കുക, ഉറക്കത്തിന് മുൻഗണന നൽകുക, ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകാൻ കുടുംബാംഗത്തെ പ്രോത്സാഹിപ്പിക്കുക - ഇത്തരത്തിൽ എന്തെങ്കിലും ഒരു നല്ല ശീലം തുടങ്ങാവുന്നതാണ്.
ഈ ശുഭവേളയിൽ, രോഗപ്രതിരോധ ആരോഗ്യ പരിപാലനത്തിനായി വ്യക്തിപരമായ ഒരു പ്രതിജ്ഞയെടുക്കാൻ ഞാൻ ഓരോ പൗരനോടും അഭ്യർഥിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതചര്യയിൽ ഗുണാത്മകമായ പരിവർത്തനം വരുത്തിക്കൊണ്ട് നമുക്ക് തുടക്കം കുറിക്കാം; ഒപ്പം, നമ്മുടെ കുടുംബത്തിലെ കുറഞ്ഞത് ഒരു അംഗത്തെയെങ്കിലും ഈ മാറ്റത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. മുതിർന്നവരുടെയും കുട്ടികളുടെയും ക്ഷേമത്തിന് കൂടുതൽ ശ്രദ്ധ നൽകുക, കൃത്യസമയത്ത് വൈദ്യോപദേശം തേടുക, ആരോഗ്യകരമായ ജീവിതശൈലി കുടുംബത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാക്കി മാറ്റുക എന്നിവ നമുക്ക് ഉറപ്പാക്കാം.
ഈ ധൻതേരാസിൽ നാം ഒരു ചെരാത് തെളിക്കുമ്പോൾ, അത് നമ്മളോടും നമ്മളെ ആശ്രയിച്ചു കഴിയുന്നവരോടും നമുക്കുള്ള ഉത്തരവാദിത്തത്തെ ഓർമിപ്പിക്കട്ടെ. നാം വാങ്ങുന്ന ആഭരണങ്ങൾ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യാറുള്ളത് പോലെ, നാം വളർത്തിയെടുക്കുന്ന ആരോഗ്യകരമായ ശീലങ്ങളും ജീവിതരീതിയും വരുംതലമുറയ്ക്ക് നൽകാൻ കഴിയുന്ന മൂല്യമുള്ള ഒരു പാരമ്പര്യമായി മാറട്ടെ.
ഈ ധന ത്രയോദശിയിൽ, ഐശ്വര്യത്തിന്റെ പരമ്പരാഗത പ്രതീകങ്ങൾക്കപ്പുറം നമുക്ക് കടന്നുചെല്ലാം; ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിച്ചുകൊണ്ടും പ്രിയപ്പെട്ടവരുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ടും നമുക്കിത് സാധ്യമാക്കാം. പ്രിയപ്പെട്ടവരെ കരുതലോടെ ചേർത്തുപിടിക്കാം; ഒപ്പം, രോഗപ്രതിരോധത്തിന് മുൻഗണന നൽകുന്ന ആരോഗ്യശൈലിയെ നമ്മുടെ കുടുംബത്തിന്റെ ഭാവിക്ക് അടിത്തറയാക്കാം.
(ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുമാണ് ലേഖകൻ)