മാതാ അമൃതാനന്ദമയിയും നരേന്ദ്ര മോദിയും

 
Special Story

ഒരു രാഷ്ട്രീയം, ഒരു സ്വപ്നം: ഭാരതം പൈതൃകവും പുരോഗതിയും വീണ്ടെടുക്കുമ്പോൾ

ഒരു രാഷ്‌ട്രത്തെ നയിക്കാന്‍ ഭരണാധികാരിക്ക് ധൈര്യവും അചഞ്ചലമായ നിലപാടും നിര്‍ഭയത്വവും ആവശ്യമാണ്

MV Desk

മാതാ അമൃതാനന്ദമയി

പാരമ്പര്യവും സംസ്‌കാരവും കാത്തുസൂക്ഷിച്ച് അതിന്‍റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും നേതൃത്വം നല്‍കുന്നവനാണ് യഥാർഥ നേതാവ്. രാജ്യത്തിന്‍റെ പുരാതന സംസ്‌കാരത്തെ സംരക്ഷിക്കുന്നത് അതിന്‍റെ സമൃദ്ധിക്ക് അനിവാര്യമാണെന്ന് അത്തരമൊരു നേതാവ് തിരിച്ചറിയുന്നു. അത്തരം ബോധ്യത്തോടെ ഒരു രാഷ്‌ട്രത്തെ നയിക്കാന്‍ ഭരണാധികാരിക്ക് ധൈര്യവും അചഞ്ചലമായ നിലപാടും നിര്‍ഭയത്വവും ആവശ്യമാണ്. ഭൗതിക പുരോഗതിയെയും രാജ്യത്തിന്‍റെ സമ്പന്നമായ പൈതൃകത്തെയും തമ്മില്‍ സന്തുലിതമാക്കുന്നതാണ് ഈ പ്രക്രിയ. ഭാരതത്തിന്‍റെ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് ഇതുതന്നെയാണ്. അദ്ദേഹത്തിന് ഒരിക്കലും മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കാരണം, ഭാരതം അദ്ദേഹത്തിന് വെറുമൊരു ഭൂപ്രദേശം മാത്രമല്ല. അദ്ദേഹം ശ്വസിക്കുന്നതും ചിന്തിക്കുന്നതും ധ്യാനിക്കുന്നതും ജീവിക്കുന്നതും ഭാരതത്തിനു വേണ്ടിയാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനു വളരെ മുമ്പു തന്നെ മോദിയെ എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ ഉള്ളില്‍ എല്ലായ്‌പ്പോഴും ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് ഉണ്ടായിരുന്നുവെന്ന് എനിക്കു പറയാന്‍ കഴിയും. സമൂഹത്തെ പരിഷ്‌കരിക്കണമെന്ന അദ്ദേഹത്തിന്‍റെ ആശയം രാജ്യത്തോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹവുമായി ബന്ധപ്പെട്ടതാണ്. ആ സ്‌നേഹം എപ്പോഴും ശക്തവും വ്യക്തവുമായിരുന്നു. അദ്ദേഹം ഏറ്റെടുത്ത ഓരോ ഉത്തരവാദിത്തത്തിനൊപ്പവും ആ ജ്വാല കൂടുതല്‍ ശക്തമായി. അദ്ദേഹം ഭാരത മാതാവിനെ സേവിക്കുക മാത്രമല്ല; തന്‍റെ ജീവിതം മുഴുവന്‍ ഭാരതത്തിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. രാവും പകലും, വിശ്രമമോ ഇടവേളയോ ഇല്ലാതെ, നമ്മുടെ രാജ്യത്തിന്‍റെ ഭൗതിക പുരോഗതിക്കും ആത്മീയ ഉണര്‍വിനുമായി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

പതിറ്റാണ്ടുകളായി, കൂടുതല്‍ ശുചിത്വമുള്ളതും കരുണയുള്ളതും ധര്‍മത്തില്‍ കൂടുതല്‍ ആഴത്തില്‍ വേരൂന്നിയതുമായ ഒരു ഭാരതത്തെ ഞാന്‍ സ്വപ്നം കാണുകയും ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം നടക്കുന്ന പല മാറ്റങ്ങളും ഞാന്‍ ഏറെക്കാലമായി മനസില്‍ സൂക്ഷിച്ചിരുന്ന ആശയങ്ങളുടെ പ്രതിഫലനമാണ്. ഗ്രാമങ്ങളിലാണ് ഇത് ഏറ്റവും വ്യക്തമായി കാണുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, ശുചിത്വം, വൃത്തിബോധം, ലഹരി ഉപയോഗത്തിന്‍റെ അപകടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം അവിടെ വളരുകയാണ്. ഇക്കാലയളവില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും വളരെ മാറ്റങ്ങള്‍ വരാനുണ്ട്. ഇത്തരം ഓരോ ആവശ്യവും കരുതലോടെയും ദൃഢനിശ്ചയത്തോടെയും തുടര്‍ന്നും അഭിമുഖീകരിക്കേണ്ടതുണ്ട്.

കടലിനെ ആശ്രയിച്ചും മത്സ്യബന്ധന വരുമാനത്തെ ആശ്രയിച്ചും ജീവിച്ചിരുന്ന കുടുംബങ്ങളുള്ള ഒരു ചെറിയ തീരദേശ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ചെറുപ്പത്തില്‍ തന്നെ ചുറ്റുമുള്ള ജനങ്ങളുടെ ദുരിതങ്ങള്‍ വളരെ അടുത്തുനിന്ന് ഞാന്‍ കണ്ടു. ആ ആദ്യകാല അനുഭവങ്ങളാണ് പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സേവിക്കാനും എല്ലാവരോടും കരുണ കാണിക്കാനുമുള്ള ആഴത്തിലുള്ള ആഗ്രഹം എന്നില്‍ ഉണര്‍ത്തിയത്.

നിസ്വാർഥതയുടെ അടിസ്ഥാനം അനാസക്തിയാണ്. ഈ ഗുണം മോദിയിലുണ്ടെന്നും ഭയമില്ലാതെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ആന്തരിക ശക്തി അദ്ദേഹത്തിന് അത് നല്‍കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു.

35 വര്‍ഷമായി ഞാന്‍ നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. അവിടുത്തെ വൃത്തിയുള്ള റോഡുകള്‍ കണ്ടപ്പോള്‍ അതുപോലെ നമ്മുടെ ഭാരതത്തിലെ റോഡുകളും നദികളും വൃത്തിയുള്ളതാകണമെന്നും പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ ജനങ്ങള്‍ അഭിമാനം കൊള്ളണമെന്നും ഞാന്‍ സ്വപ്നം കണ്ടു.

ക്ഷേത്ര പരിസരങ്ങള്‍ പവിത്രമാണെന്ന് കരുതുന്നതിനാല്‍ നാം അവ വൃത്തിയായി സൂക്ഷിക്കുന്നു. എന്നാല്‍ ദൈവം സര്‍വ വ്യാപിയാണ്. അതിനാല്‍ ഈ ഭൂമിയിലെ ഓരോ ഇഞ്ചും ഈശ്വരന്‍റെ ഭാഗമാണ്. അതുകൊണ്ട് ക്ഷേത്രങ്ങള്‍ പോലെ മറ്റെല്ലായിടത്തും പരിചരണവും സംരക്ഷണവും നല്‍കണം. ഈ ബോധം സ്‌കൂളുകളില്‍ നിന്ന് ആരംഭിക്കണമെന്ന് ഞാന്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലുപരി, ആദ്യം മാലിന്യം എങ്ങനെ കുറയ്ക്കണമെന്ന് ജനങ്ങളെ പഠിപ്പിക്കണമെന്നാണ് എന്‍റെ ആഗ്രഹം. അതുകൊണ്ടു തന്നെ രാജ്യത്തിന്‍റെ എല്ലാ കോണുകളിലേക്കും ഞാനാഗ്രഹിച്ച രീതിയിലുള്ള ശുചിത്വ യജ്ഞം എത്തിക്കുന്ന പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

പെണ്‍മക്കളെ ഒരു ഭാരമായി കാണാതെ സമ്പത്തായി കാണുന്ന ഒരു ഭാരതത്തെയാണ് ഞാന്‍ സ്വപ്നം കാണുന്നത്. സ്ത്രീകള്‍ക്കും രാപകല്‍ ഭേദമില്ലാതെ ഏതു സമയത്തും ഏതു തെരുവിലൂടെയും ഭയമില്ലാതെ നടക്കാന്‍ കഴിയുന്ന, രാജ്യനിര്‍മാണത്തില്‍ പുരുഷന്മാരോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് സ്ത്രീകള്‍ മുന്നേറുന്ന ഒരു നാടിനെയാണ് ഞാന്‍ സ്വപ്നം കാണുന്നത്. സ്ത്രീകള്‍ മുന്നോട്ടുവന്ന് നേതൃത്വം നല്‍കുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ പുരുഷന്മാര്‍ അവരുടെ വഴിയില്‍ നിന്നു മാറിനില്‍ക്കുക മാത്രമല്ല വേണ്ടത്. അവരുടെ മുന്നേറ്റത്തിന് മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കാതെ, ആവശ്യമെങ്കില്‍ പിന്നോട്ടുനില്‍ക്കാനും പുരുഷന്മാര്‍ തയാറാകണം. ലിംഗഭേദമില്ലാതെ യഥാര്‍ഥ തുല്യതയും സമത്വവും സ്ഥാപിക്കപ്പെടണം. ഇവിടെയും മോദി നിര്‍ണായകമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്.

യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്നതിൽ എനിക്ക് ആശങ്കയുണ്ട്. മയക്കുമരുന്നും മദ്യവും മാത്രമല്ല, മൊബൈല്‍ ഉള്‍പ്പടെയുള്ള ഗാഡ്ജറ്റുകളോടുള്ള അമിതമായ ഇഷ്ടവും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് യുവജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ ഞാന്‍ നിരന്തരം ശ്രമിക്കുന്നു. ലഹരിയുമായി പോരാടുന്നവരോട് സമൂഹം കരുണയോടെ പെരുമാറണം. കുറ്റപ്പെടുത്തലുകള്‍ക്കു പകരം സഹായഹസ്തം നീട്ടുകയാണ് വേണ്ടത്. രാജ്യം ആയുധങ്ങള്‍ വാങ്ങുന്നതിന് പണം ചെലവഴിക്കുന്നതിനേക്കാള്‍ രോഗശാന്തിക്കും പുനരധിവാസത്തിനും ഊന്നല്‍ നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. "നശാമുക്ത ഭാരത്, നശാമുക്ത യുവ' അഭിയാനുകളിലൂടെ പ്രധാനമന്ത്രി ഈ ലക്ഷ്യം ദേശീയതലത്തില്‍ ഏറ്റെടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

പശുക്കളെയും വന്യമൃഗങ്ങളെയും വനങ്ങളെയും പര്‍വതങ്ങളെയും നമ്മുടെ എല്ലാ പ്രകൃതി വിഭവങ്ങളെയും സ്‌നേഹത്തോടെ സംരക്ഷിക്കുന്ന ഒരു ഭാരതത്തെയാണ് ഞാന്‍ സ്വപ്നം കാണുന്നത്. ജനങ്ങള്‍ ലളിതമായി ജീവിക്കുകയും മാലിന്യം കുറയ്ക്കുകയും കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യട്ടെ. നമ്മുടെ മക്കളില്‍ നിന്ന് കടമെടുത്ത ഭൂമിയെ അവര്‍ക്ക് തിരിച്ചേല്‍പ്പിക്കുന്നതു പോലെ നാം പ്രവര്‍ത്തിക്കണം.

മോദിയും ഈ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നമ്മുടെ പ്രകൃതിയെയും പൈതൃകത്തെയും വന്യജീവികളെയും തദ്ദേശീയതേയും സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും അദ്ദേഹം നിരന്തരം പ്രവര്‍ത്തിക്കുന്നു. വനവിസ്തൃതി വര്‍ധിച്ചതും കടുവകളുടെയും സിംഹങ്ങളുടെയും ആനകളുടെയും എണ്ണം ഉയര്‍ന്നതും ഇതിന്‍റെ പ്രതിഫലനമാണ്. നമ്മുടെ ഭൂമി പങ്കിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കണമെന്ന വിശാലമായ കാഴ്ചപ്പാടിലേക്കാണ് ബിഗ് ക്യാറ്റ് അലൈന്‍സ് പോലുള്ളവ വിരല്‍ചൂണ്ടുന്നത്.

രാമരാജ്യമെന്ന ആദര്‍ശം പ്രധാനമന്ത്രി ഉയര്‍ത്തിപ്പിടിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഒരു രാജ്യത്തിന്‍റെ ഭരണവും ജനക്ഷേമവും എങ്ങനെയായിരിക്കണം എന്നതിന്‍റെ ആഴത്തിലുള്ള സന്ദേശം ശ്രീരാമന്‍ ഭരതനോട് ചോദിച്ച ചോദ്യങ്ങളില്‍ തന്നെ കാണാം. കര്‍ഷകര്‍ക്ക് ആവശ്യമായ പ്രോത്സാഹനം ലഭിക്കുന്നുണ്ടോ? നദികളും കന്നുകാലികളും വനങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടോ? സ്ത്രീകളും കുട്ടികളും സുരക്ഷിതരാണോ? ജനങ്ങളുടെ ക്ഷേമവും പ്രകൃതിയുടെ സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്ന ഭരണ സങ്കല്‍പ്പത്തിന്‍റെ കാതല്‍ ഈ ചോദ്യങ്ങളിലുണ്ട്.

ഇതിനെല്ലാമുപരി ചില കാര്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. നിയമങ്ങള്‍ കൊണ്ടുമാത്രം ശാശ്വത മാറ്റം സാധ്യമാകില്ല; മാറ്റം ഓരോ വ്യക്തിയുടെയും ഹൃദയത്തില്‍ന നിന്നും ജീവിതത്തില്‍ നിന്നും ആരംഭിക്കണം. ഓരോ പൗരനും സ്വന്തം വീട്ടില്‍ മാറ്റത്തിന്‍റെ വിളക്ക് തെളിക്കണം. സമൂഹത്തില്‍ സുസ്ഥിര മാറ്റം കൊണ്ടുവരാന്‍ ആത്മാര്‍ഥ പരിശ്രമത്തിനൊപ്പം ദൈവാനുഗ്രഹവും ആവശ്യമാണ്.

ഭാരതം വീണ്ടും വിശ്വഗുരുവായും വിശ്വമിത്രമായും ഉയര്‍ന്നുവരണമെന്നാണ് എന്‍റെ ആഗ്രഹം. ലോകത്തിന് അറിവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന അധ്യാപകനായും എല്ലാ രാജ്യങ്ങളോടും സൗഹൃദവും സഹകരണവും പുലര്‍ത്തുന്ന സുഹൃത്തായും നമ്മുടെ രാജ്യം മാറണം. ലോകത്തിന്‍റെ കിരീടത്തിലെ അമൂല്യ രത്‌നമായാണ് ഞാന്‍ ഭാരതത്തെ കാണുന്നത്. ആത്മീയ ജ്ഞാനമായ പരവിദ്യയും ഭൗതിക വിജ്ഞാനമായ അപരവിദ്യയും ഒരുപോലെ ലോകത്തിന് പകര്‍ന്നുനല്‍കാന്‍ ഭാരതത്തിന് കഴിയണം. ലോകമാകുന്ന പുഷ്പത്തിന്‍റെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന തേന്‍പോലെ, ഭാരതത്തിന്‍റെ ജ്ഞാനവും മൂല്യങ്ങളും ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടണം. നമുക്ക് ലഭിച്ച ഈ ഭൂമിയെ അതേപടി അടുത്ത തലമുറയ്ക്ക് കൈമാറുക മാത്രമല്ല, നമ്മള്‍ ഏറ്റുവാങ്ങിയതിനേക്കാള്‍ വൃത്തിയുള്ളതും കരുണയുള്ളതും ധാര്‍മിക മൂല്യങ്ങളില്‍ കൂടുതല്‍ ഉറച്ചതുമായ ഒരു നാടായി വരുംതലമുറയ്ക്ക് കൈമാറുക എന്നതാണ് നമ്മുടെ ധര്‍മം.

ഒരു ദശാബ്ദക്കാലമായി മോദിയുടെ നയങ്ങളും പദ്ധതികളും രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, പ്രസവാവധി നീട്ടല്‍, ഉജ്വല പദ്ധതി, 2023ലെ വനിതാ സംവരണ നിയമം എന്നിവയിലൂടെ പെണ്‍മക്കളെയും സ്ത്രീകളെയും ശാക്തീകരിച്ചു. നമാമി ഗംഗ, ജല്‍ ജീവന്‍ മിഷന്‍, മിഷന്‍ അമൃത് സരോവര്‍ എന്നിവയിലൂടെ നദീജല സംരക്ഷണത്തിന് പ്രാധാന്യം നല്‍കി. മിഷന്‍ ലൈഫ്, ഏക് പെഡ് മാ കേ നാം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം എന്നിവയിലൂടെ ഭൂമിയുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി. രാഷ്‌ട്രീയ ഗോകുല്‍ മിഷനിലൂടെ കന്നുകാലികളെ സംരക്ഷിക്കുന്നു. നശാമുക്ത ഭാരത് അഭിയാനിലൂടെ യുവാക്കളെ ലഹരിയില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ആയുഷ്മാന്‍ ഭാരതും ജന്‍ ഔഷധി സ്റ്റോറുകളും രോഗികള്‍ക്കും ദരിദ്രര്‍ക്കും സേവനം നല്‍കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ 2.0 മാലിന്യമുക്ത നഗരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പദ്ധതികളിലും സംരംഭങ്ങളിലും ചിലത് മാത്രമാണിവ.

ഞങ്ങളുടെ സംഘടനയും ഞാനും മാതൃഭൂമിക്കും മനുഷ്യരാശിക്കും വേണ്ടി നിസ്വാര്‍ഥമായ സേവനം തുടരുകയാണ്. എന്നാല്‍ ഒരു സംഘടനയ്ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചില പരിധികളുണ്ട്. അതുകൊണ്ടുതന്നെ, ഋഷിമാരുടെ പാത പിന്തുടര്‍ന്ന്, സമര്‍പ്പണത്തോടെയും നിസ്വാര്‍ഥതയോടെയും സ്‌നേഹത്തോടെയും ഈ പരിഷ്‌കാരങ്ങളും മാറ്റങ്ങളും രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാന്‍ മോദി നടത്തുന്ന ശ്രമങ്ങള്‍ കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്.

എന്‍റെ കാഴ്ചപ്പാടില്‍, അദ്ദേഹത്തിന്‍റെ ശക്തിയും നിര്‍ഭയത്വവും രാജ്യത്തോടുള്ള സ്‌നേഹവും ആത്മീയതയില്‍ നിന്നും ഭാരതത്തിന്‍റെ ശാശ്വതമായ മഹത്വത്തിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ നിന്നുമാണ് ഉദ്ഭവിക്കുന്നത്. സ്വാർഥ താത്പര്യങ്ങളില്‍ നിന്ന് മുക്തനും അനാസക്തനുമായ, ഭാരതത്തിന്‍റെ നഷ്ടപ്പെട്ട മഹത്വം വീണ്ടെടുക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിനായി സമര്‍പ്പിതനായ ഒരു നേതാവായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഹൃദയത്തില്‍ അദ്ദേഹം ഒരു സംന്യാസിയാണ്; പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഒരു കര്‍മയോഗിയോ സാമൂഹിക പരിഷ്‌കര്‍ത്താവോ ആണ്.