മലഞ്ചെരിവിൽ മൊട്ടിട്ട നീലക്കടൽ

 
Special Story

മലഞ്ചെരിവിൽ മൊട്ടിട്ട നീലക്കടൽ

"വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ ചെങ്കുത്തായ മല മുഴുവൻ നീലച്ചായം പൂശി നിൽക്കുകയാണ്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം മലനിരകളെ നീലക്കടലാക്കുന്ന കുറിഞ്ഞിപ്പൂക്കൾ"

Namitha Mohanan

നമിത മോഹനൻ

ഇൻസ്റ്റഗ്രാമിൽ റീൽസ് തോണ്ടിയിരിക്കെയാണ് ആ നീലക്കുറിഞ്ഞി വസന്തം കണ്ണിൽപ്പെടുന്നത്. ചൊക്രമുടിയിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ ചെങ്കുത്തായ മല മുഴുവൻ നീലച്ചായം പൂശി നിൽക്കുകയാണ്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം മലനിരകളെ നീലക്കടലാക്കുന്ന കുറിഞ്ഞിപ്പൂക്കൾ. പലപ്പോഴും കുറിഞ്ഞി വസന്തം കാണാൻ മോഹിച്ചിട്ടുണ്ടെങ്കിലും സാധിച്ചിട്ടില്ല. ഇത്തവണ അങ്ങനെയല്ല. എന്തായാലും പോകണമെന്ന് മനസിൽ ഉറപ്പിച്ചിരുന്നു, അതിന് മറ്റൊരു കാരണം കൂടിയുണ്ട്... പൂക്കൾക്കിടയിലൂടെയുള്ള ചൊക്രമുടി ട്രെക്കിങ്...!

''നമുക്ക് നീലക്കുറിഞ്ഞി കാണാൻ പോയാലോ...‍?''

മറുത്തൊരു അഭിപ്രായമില്ലാതെ എല്ലാവരും സമ്മതം മൂളി. പിന്നീടങ്ങോട്ട് പ്ലാനിങ്ങോട് പ്ലാനിങ്.

''അവധിദിവസം വേണ്ട, ഭയങ്കര തിരക്കായിരിക്കും, അല്ലാത്ത ദിവസങ്ങളിൽ അത്ര തിരക്കുണ്ടാവില്ല. നീലക്കുറിഞ്ഞിക്കൊപ്പം സൂര്യോദയവും കാണാം...'' ആഗ്രഹങ്ങൾ ഒന്നൊന്നായി ഇതൾ വിടർത്തി, സ്വപ്നങ്ങളിൽ ഒരായിരം കുറിഞ്ഞികൾ പൂത്തുലഞ്ഞു.

അതിരാവിലെ എഴുന്നേൽക്കുന്ന പതിവില്ല. പക്ഷേ, ഫോണിൽ അലാം പോലും അടിക്കും മുൻപേ എഴുന്നേറ്റ് റെഡിയായി. എല്ലാം തലേ ദിവസം തന്നെ പായ്ക്ക് ചെയ്തിരുന്നെങ്കിലും ഒന്നുകൂടി എല്ലാം ഉണ്ടല്ലോ എന്ന് ഉറപ്പ് വരുത്തി. ക്ഷീണം തോന്നാതിരിക്കാൻ പ്രോട്ടീൻ ബാറുകളും എനർജി ഡ്രിങ്കും ലഘു ഭക്ഷണങ്ങളുമെല്ലാം ബാഗിൽ കരുതി. അത്യാവശ്യമില്ലാത്ത ഒന്നും വേണ്ട. മല ക‍യറേണ്ടതാണ്‌. തണുത്ത കാറ്റുള്ള പുലരിയിൽ അങ്കമാലിയിൽ നിന്ന് മൂന്നാറിലേക്ക്....

ഇടുക്കിയുടെ തലപ്പൊക്കം കണ്ടുതുടങ്ങിയതോടെ തണുപ്പിന്‍റെ കാഠിന്യം കൂടിവന്നു. ആഞ്ഞു വീശുന്ന കാറ്റിനൊപ്പം നിറയുന്ന കോടമഞ്ഞ്. കഴിഞ്ഞ ദിവസങ്ങളിൽ അസാധാരണമായി മഴ പെയ്തിരുന്നു. പൂക്കൾ കൊഴിഞ്ഞു തുടങ്ങിയെന്നും ചീഞ്ഞു തുടങ്ങിയെന്നുമൊക്കെ കേൾക്കുന്നുണ്ട്. ഇനി പോയിട്ടു കാര്യമില്ല, മലനിരകൾ വിശ്രമത്തിലാണ്, ശല്യപ്പെടുത്തരുതെന്നൊക്കെയുള്ള റീലുകൾ ഫീഡിൽ കുമിഞ്ഞു കൂടുന്നുണ്ട്. യാത്രയിലുടനീളം ചൊക്രമുടിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. തിരക്കുണ്ടാവുമോ, നീലക്കുറിഞ്ഞി വാടിക്കാണുമോ, മഴ പെയ്യുമോ... ആശങ്കൾ പുകമഞ്ഞു പോലെ നീറിപ്പിടിച്ചു.

അഞ്ച് മണി കഴിഞ്ഞപ്പോഴേക്കും മൂന്നാറിലെത്തി. ചുറ്റും പടർന്നിരിക്കുന്ന ഇരുട്ടും കോടമഞ്ഞും ഞങ്ങളെ വരവേറ്റു. മൂന്നാറിൽ നിന്ന് ശാന്തൻപാറ റൂട്ടിൽ ബൈസൺവാലി ഭാഗത്താണ് ചൊക്രമുടി തലയുയർത്തി നിൽക്കുന്നത്. മൂന്നാറിൽ നിന്ന് ഓട്ടോ പിടിച്ച് അവിടേക്ക് പുറപ്പെട്ടു. പോവും വഴി ഓട്ടോ ചേട്ടൻ അത്ര കേട്ട് പരിചിതമല്ലാത്തൊരു കാര്യം പറഞ്ഞു. നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള ഒരു രഹസ്യം. നീലക്കുറിഞ്ഞി നാട്ടുകാർക്ക് അത്ര സന്തോഷം നൽകുന്ന പൂക്കളല്ലെന്നാണ് ആ ചേട്ടൻ പറയുന്നത്. നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് നാട്ടുകാർക്ക് രോഗങ്ങൾ വരാറുണ്ടത്രേ, പനിയും അലർജിയുമൊക്കെയായി പലതരം രോഗങ്ങൾ.

നീലക്കുറിഞ്ഞിപ്പൂക്കൾക്ക് ആദ്യ ദിവസങ്ങളിൽ അതിരൂക്ഷമായ മണമാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്നതു കൊണ്ടുള്ള പ്രതിഭാസം. അതാണത്രേ രോഗങ്ങൾ വരാൻ കാരണം. അതു കൊണ്ടുതന്നെ നാട്ടുകാർക്ക് നീലക്കുറിഞ്ഞി അത്ര രാശിയുള്ള പൂക്കളല്ല പോലും.

അങ്ങനെ കഥയെല്ലാം കേട്ട് ഞങ്ങൾ ചെക്രമുടിയിലെത്തി. വനംവകുപ്പിന്‍റെ വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതിനാൽ കാത്ത് നിൽക്കേണ്ടി വന്നില്ല. അപ്പോഴും വെളിച്ചം വീണിട്ടില്ല, ഇരുട്ടത്ത് കാറ്റ് ആഞ്ഞ് വീശിക്കൊണ്ടിരുന്നു. ആകാശം സൂര്യനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ്. തിരക്കു തുടങ്ങും മുൻപേ ഞങ്ങൾ കയറിത്തുടങ്ങി. അങ്ങോട്ടും ഇങ്ങോട്ടുമായി മൊത്തം 11 കിലോമീറ്റർ നീളുന്ന ട്രെക്കിങ്ങ്. അടിവാരത്തുനിന്ന് പുറപ്പെടുമ്പോൾ സൂര്യരശ്മികൾ അരിച്ചെത്തിത്തുടങ്ങിയിരുന്നു. അവിടെ നിന്ന് അത്യാവശ്യം നീളവും ബലവുമുള്ള വടികളുമെടുത്ത് ഞങ്ങൾ മുകളിലേക്ക്. കയറുന്തോറും കാറ്റിന്‍റെ ശക്തിയും കൂടിവന്നു. കയറ്റം കുറച്ച് കഠിനമാണെങ്കിലും ഇടയ്ക്കിടെ വന്നു പോകുന്ന മൂടൽമഞ്ഞും തണുപ്പും ആശ്വാസം പകർന്നു.

മലകൾക്കിടയിൽ പുതഞ്ഞു കിടക്കുന്ന മേഘക്കൂട്ടങ്ങൾക്കു മുകളിലൂടെ സൂര്യരശ്മികൾ മൂന്നാറിന്‍റെ തേയിലക്കാടുകളിലും കോടമഞ്ഞിലും സ്വർണരാശി പടർത്തി. ഞങ്ങൾ വീണ്ടും മുകളിലേക്ക് കയറി. ഒടുവിൽ പതിയെ ആ കാഴ്ച തെളിഞ്ഞു വന്നു... മലഞ്ചെരിവുകളിൽ വെയിൽ തട്ടി തിളങ്ങുന്ന നീലയും വയലറ്റും കലർന്ന ചെറിയ പൂക്കൾ നിറഞ്ഞ കുറ്റിച്ചെടികൾ! പുൽമേടിന്‍റെ പച്ചപ്പിൽ നീലപ്പരവതാനി വിരിച്ച പോലെ നീലക്കുറിഞ്ഞികൾ... കുന്നിൻചെരിവുകളിൽ അങ്ങോളമിങ്ങോളം പൂത്തുനിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ കണ്ടപ്പോൾ യാത്രയുടെ ക്ഷീണമെല്ലാം മാഞ്ഞുപോയി.

ഫോട്ടോകളിലും റീലുകളിലും കാണുന്നതിലും മനോഹരമായ കാഴ്ച. ഓരോ ചെടിയിലും നിറയെ പൂക്കൾ. പച്ച ഇലകൾക്കിടയിൽ ഇളം നീല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. ഇനിയും വിരിയാൻ കാത്തു നിൽക്കുന്ന മൊട്ടുകൾ. ഉദിച്ചു നിൽക്കുന്ന സൂര്യൻ, തലോടി കടന്നു പോകുന്ന കാറ്റ്, താഴെ മഞ്ഞ് പോലെ പറക്കുന്ന മേഘക്കൂട്ടം... എല്ലാത്തിനും അകമ്പടിയായി നീലക്കുറിഞ്ഞികളും.

പൂക്കളെ ഒന്ന് തൊട്ടു നോക്കാൻ തോന്നി. നശിപ്പിക്കരുത്, പറിക്കരുത് എന്നെല്ലാം കർശന നിർദേശമുണ്ട്. പൂക്കൾ പറിച്ചാൽ മൂന്ന് വർഷം തടവാണ് ശിക്ഷ. എങ്കിലും എന്തോ, ഒന്നു തൊട്ടുനോക്കാതിരിക്കാൻ മനസ് അനുവദിച്ചില്ല. ഞാനൊരു സ്വപ്നലോകത്തല്ല നിൽക്കുന്നതെന്ന് ഉറപ്പിക്കുക കൂടി ചെയ്യാമല്ലോ. മഴ പെയ്തതു കൊണ്ടായിരിക്കാം പൂവിന് അത്ര രൂക്ഷമായ ഗന്ധമൊന്നുമില്ല. ഇനിയും പകുതികൂടി കയറാനുണ്ട്. മൂന്ന് മണിക്കൂറാണ് വനം വകുപ്പ് അനുവദിച്ചു തന്നിരിക്കുന്ന സമയം.

കുറച്ച് നേരം പാറയിൽ കിടന്നു. വിശ്രമിക്കാനല്ല, ഈ പറുദീസയുടെ മടിത്തട്ടിൽ ഇങ്ങനെ ഇനിയെപ്പോഴെന്നോർത്തിട്ട്. ഇനി തിരിച്ചിറങ്ങാം, തിരക്കാവും. വെളിച്ചം വീഴുന്നതോടെ ആളുകൾ ധാരാളം എത്തിത്തുടങ്ങിയിട്ടുണ്ടാവും.... അങ്ങനെ ചൊക്രമുടിയുടെ മുകളിൽ നിന്ന് ഞങ്ങൾ ഇറങ്ങിത്തുടങ്ങി... കയറിയതിനെക്കാൾ വളരെ വേഗത്തിൽ മടക്കം. ഒരുപാട് തിരക്കാവും മുൻപ് താഴെയെത്തി. നീലക്കുറിഞ്ഞികൾ തലയാട്ടി യാത്ര പറഞ്ഞു...