കൊമ്പുകൾ പിടിപ്പിച്ച 200വർഷം പഴക്കമുള്ള നാഗാ പൂർവികന്‍റെ തലയോട്ടി  
Special Story

മനുഷ്യാവശിഷ്ടങ്ങൾ ലേലത്തിന്; നാഗാ തലയോട്ടികൾ ഒഴിവാക്കിയത് ഇന്ത്യയുടെ പ്രതിഷേധത്തിനൊടുവിൽ

കൊളോണിയലിസവും അതിന്‍റെ കിരാത ഭാവവും ഈ 21ാം നൂറ്റാണ്ടിലും കെട്ടടങ്ങിയിട്ടില്ലെന്നു വ്യക്തമാക്കുന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പിറ്റ്സ് റിവേഴ്സ് മ്യൂസിയത്തിലെ ചില ഞെട്ടിക്കുന്ന കാഴ്ചകൾ

റീന വർഗീസ് കണ്ണിമല

പണ്ടൊക്കെ മനുഷ്യക്കൊലകളും അടിമത്തവും ആയിരുന്നെങ്കിൽ അത്യന്താധുനിക ലോകത്ത് മനുഷ്യക്കടത്താണ് ഏറ്റവും വലിയ മനുഷ്യത്വ രഹിത പ്രവൃത്തിയായി കരുതപ്പെടുന്നത്. പക്ഷേ, കൊളോണിയലിസവും അതിന്‍റെ കിരാത ഭാവവും ഈ 21ാം നൂറ്റാണ്ടിലും കെട്ടടങ്ങിയിട്ടില്ലെന്നു വ്യക്തമാക്കുന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പിറ്റ്സ് റിവേഴ്സ് മ്യൂസിയത്തിലെ ചില ഞെട്ടിക്കുന്ന കാഴ്ചകൾ.

യുകെയിലെ സ്വാൻ ഫൈൻ ആർട്ട് ടെറ്റ്‌സ്‌വർത്തിലെ ഒരു ദിവസത്തെ വിൽപ്പനയുടെ ഭാഗമായിട്ടാണ് 19ാം നൂറ്റാണ്ടിലെ കൊമ്പുള്ള നാഗാ മനുഷ്യത്തലയോട്ടി ലേലത്തിനു വച്ചത്. ഫോറം ഫൊർ നാഗാ അനുരഞ്ജനയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഓക്സ്ഫഡ് ഷെയറിൽ നടക്കുന്ന ഏകദിന ലേലത്തിൽ നിന്ന് നാഗാ പൂർവികരുടെ തലയോട്ടി ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ് സ്വാൻ ഫൈൻ ആർട്ട് സംഘാടകർ.

നിലവിൽ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിലെ പിറ്റ് റിവേഴ്‌സ് മ്യൂസിയത്തിൽ നിന്ന് നാഗാ പൂർവികരുടെ അവശിഷ്ടങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് എഫ്എൻആർ അംഗങ്ങളും റിക്കവർ, റിസ്റ്റോർ ആൻഡ് ഡീകോളണൈസ് ടീമും (ആർആർഎഡി) ചർച്ച നടത്തിവരുന്ന സമയത്താണ് നാഗാ പൂർവിക മനുഷ്യാവശിഷ്ടങ്ങൾ ലേലം ചെയ്യാൻ തിരക്കിട്ട് സ്വാൻ ആർട്ട് സംഘാടകർ ശ്രമിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

UNDRIP യുടെ ആർട്ടിക്കിൾ 12 അനുസരിച്ച്, പൂർവ്വികരായ മനുഷ്യാവശിഷ്ടങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള അവകാശം വിനിയോഗിക്കാൻ FNR ശ്രമിച്ചു വരികയാണ്.

നിലവിൽ, പിറ്റ് റിവേഴ്സ് മ്യൂസിയത്തിൽ ഏകദേശം 214 നാഗ പൂർവികരുടെ അവശിഷ്ടങ്ങളുണ്ട്. അതിൽ പലതും മനുഷ്യന്‍റെ മുടിയോ അസ്ഥിയോ പോലുള്ള ഘടകങ്ങൾ ഉപയോഗിച്ചു നിർമിച്ച വസ്തുക്കളാണ്!

തങ്ങളുടെ ജനങ്ങളുടെ അവശിഷ്ടങ്ങൾ ലേലം ചെയ്യുന്നത് നിർത്തലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് സംസ്ഥാന സർക്കാർ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതിയതിനെ തുടർന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ വിഷയത്തിലിടപെടുകയും ലേലത്തിൽ നിന്ന് നാഗാ മനുഷ്യത്തലയോട്ടികൾ ഒഴിവാക്കപ്പെടുകയും ആയിരുന്നു.

നാഗാ തലയോട്ടികൾ ബ്രിട്ടീഷ് മ്യൂസിയത്തിലെത്തിയ വഴി

"19-ആം നൂറ്റാണ്ടിൽ നാഗാ ഗ്രാമങ്ങൾ ബ്രിട്ടീഷ് അധിനിവേശത്തെ അതിശക്തമായി ചെറുത്തു നിന്നു. എന്നാൽ, നാഗാ മാതൃഭൂമി കൈവശപ്പെടുത്തിയ കൊളോണിയൽ ഭരണാധികാരികളും പട്ടാളക്കാരും ജനങ്ങളുടെ സമ്മതമില്ലാതെ അക്കാലത്ത് കൊല്ലപ്പെട്ട നാഗാ മനുഷ്യാവശിഷ്ടങ്ങൾ ഏറ്റെടുത്തു. ഈ മനുഷ്യാവശിഷ്ടങ്ങൾ ബ്രിട്ടീഷ് കൊളോണിയൽ ശക്തി നാഗാ ജനതയ്ക്കു മേൽ അഴിച്ചുവിട്ട അക്രമത്തിന്‍റെ പ്രതീകമാണ്.

ബ്രിട്ടീഷ് ഭരണകാലത്തുടനീളം, നാഗാ ജനതയെ 'കാടന്മാരും' 'തലവേട്ടക്കാരും' എന്നാണ് കരുതിയിരുന്നത്. ഇന്നും ആ മനോഭാവത്തിൽ നിന്ന് പാശ്ചാത്യ ലോകം മുക്തമായിട്ടില്ല.

നാഗാ ജനതയുടെ മനുഷ്യാവശിഷ്ടങ്ങൾ മാത്രമല്ല, മറ്റു ചില സമൂഹങ്ങളിൽ നിന്നുമുള്ള പൂർവികരുടെ മനുഷ്യാവശിഷ്ടങ്ങളും ഈ ലേലത്തിനു പ്രദർശന വസ്തുക്കളായിട്ടുണ്ട്. നൈജീരിയ, ബെനിൻ, കോംഗോ, പാപുവ ന്യൂ ഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മനുഷ്യ അവശിഷ്ടങ്ങളാണ് അവ.

മനുഷ്യൻ കേവലം കൗതുകവസ്തുവോ?

നാഗാ മനുഷ്യാവശിഷ്ടത്തിന് 3,500-4,000 യുകെ പൗണ്ട് ആണ് വിലയിട്ടിരുന്നത്. ബെൽജിയത്തിലെ എക്‌സ് ഫ്രാൻസിയോസ് കോപ്പൻസ് ശേഖരത്തിൽ നിന്നാണ് തങ്ങൾ ഇതു ശേഖരിച്ചതെന്നാണ് ലേല വെബ്സൈറ്റ് പറയുന്നത്.

'ദി ക്യൂരിയസ് കലക്റ്റർ സെയിൽ' എന്ന ലേലത്തിന്‍റെ ഭാഗമായി നാഗാ പൂർവ്വികരുടെ കൊമ്പുള്ള തലയോട്ടികൾ പുരാവസ്തു പുസ്തകങ്ങൾ, കയ്യെഴുത്തുപ്രതികൾ, പെയിന്‍റിങുകൾ, ആഭരണങ്ങൾ, സെറാമിക്‌സ്, ഫർണിച്ചറുകൾ എന്നിവയ്‌ക്കൊപ്പം പട്ടികപ്പെടുത്തിയിരിക്കുന്നു.

ആധുനികതയിൽ നിന്ന് ഉത്തരാധുനികതയി ലേയ്ക്കും ചക്രവാളങ്ങളിൽ നിന്നു പുതിയ ചക്രവാളങ്ങളിലേയ്ക്കും കുതിച്ചുയരുന്നു എന്ന് അഹങ്കരിക്കുമ്പോഴും മനുഷ്യനിലെ കിരാതൻ ഇന്നും ആർത്തട്ടഹസിച്ചു കൊണ്ടേയിരിക്കുന്നു...

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍