നരേന്ദ്ര മോദി
ഒരു ജനാധിപത്യ രാജ്യത്ത് ഒരാൾ ഭരണത്തലവനായി തുടർച്ചയായി 25 വർഷം പൂർത്തിയാക്കുന്നത് തീർച്ചയായും സവിശേഷമാണ്. ഭരണത്തലവനെന്ന നിലയിൽ 25 സേവന വർഷങ്ങൾ പൂർത്തിയാക്കിയ നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ടവനും വർഷങ്ങളായി ഞാൻ അടുത്തറിയുകയും ചെയ്ത വ്യക്തിയുമാണ് അദ്ദേഹം.
ആരാണ് മോദി? എന്താണ് അദ്ദേഹത്തെ വിജയകരമാക്കുന്നത്? എന്താണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്? ഇവ വളരെ സാധാരണമായ ചോദ്യങ്ങളാണ്, എന്നാൽ അവയെക്കുറിച്ച് ചിന്തിക്കുന്നത് പ്രസക്തവുമാണ്.
എന്നെ സംബന്ധിച്ചിടത്തോളം മോദി നേതൃത്വ പാടവത്തിന്‍റെയും ആത്മീയതയുടെയും സമന്വയമാണ്. ആ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിലുടനീളം നിലനിൽക്കുന്ന ഒരു ആന്തരിക ലക്ഷ്യബോധമാണ് എന്‍റെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ഗുണം. പരസ്പരം മത്സരിക്കുന്ന ആഗ്രഹങ്ങളാൽ പല ദിശകളിലേക്ക് വ്യതിചലിക്കുന്ന ഹൃദയത്തെക്കുറിച്ച് ഞാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യവും ആഗ്രഹവും തമ്മിലും, സുഖകരമായതും നന്മയുള്ളതും തമ്മിലും അന്തർലീനമായ ഒരു സംഘർഷമുണ്ട്. ആത്മീയ പാതയിൽ സഞ്ചരിക്കുന്നവർ ഈ സംഘർഷം നേരിടുകയും, യഥാർഥ പുരോഗതി സാധ്യമാകും മുമ്പ് അത് പരിഹരിക്കാൻ പ്രവർത്തിക്കുകയും വേണം. നരേന്ദ്ര മോദിയുടെ ജീവിതത്തിൽ, ഈ പ്രവർത്തനം വളരെ നേരത്തേ തന്നെ സംഭവിച്ചു.
17ാം വയസിൽ അദ്ദേഹം വീടു വിട്ട് രാജ്യത്തുടനീളം സഞ്ചരിക്കുകയും ഹിമാലയത്തിൽ സമയം ചെലവഴിക്കുകയും ചെയ്തതായി ഞാൻ മനസിലാക്കി. സ്വാമി വിവേകാനന്ദന്‍റെ സ്വാധീനവും വിവിധ സമൂഹങ്ങളുമായും പാരമ്പര്യങ്ങളുമായുമുള്ള ഇടപെടലുകളും അദ്ദേഹത്തിന്‍റെ ജീവിതത്തെ സേവനത്തിലേക്ക് സ്വയം കേന്ദ്രീകരിക്കാൻ തുടങ്ങി. അതിനുശേഷം ബാഹ്യമായ രൂപം മാറിക്കൊണ്ടിരുന്നു- ആർഎസ്എസ് പ്രചാരകനിൽ നിന്ന് സംഘാടകനിലേക്ക്, മുഖ്യമന്ത്രിയിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്. എന്നാൽ സേവനം എന്ന ആശയം ആവർത്തിച്ച് കടന്നുപോകുന്ന ഒരു നൂലിഴയായി നിലനിന്നു. ഹൃദയം ഒരു ലക്ഷ്യബോധത്തിൽ ഏകീഭവിക്കുമ്പോൾ, പദവികൾ സ്വയം ലക്ഷ്യങ്ങളായി മാറുന്നില്ല. ആ ലക്ഷ്യത്തിന് അതിന്‍റെ ആവിഷ്കാരം കണ്ടെത്താൻ കഴിയുന്ന വ്യത്യസ്ത ഉപാധികളായി അവ മാറുന്നു.
1979ൽ മച്ചു ഡാം തകർന്നതിനെ തുടർന്ന് മോർബിയിലുണ്ടായ വിനാശകരമായ പ്രളയം ഈ സേവന പ്രതിബദ്ധതയ്ക്ക് കഠിനമായ ഒരു കർമരംഗം നൽകി. ദുരന്തത്തിനു ശേഷമുള്ള സമയത്ത് നരേന്ദ്ര ഭായി അവിടെ സന്നദ്ധ പ്രവർത്തകനായി സേവനമനുഷ്ഠിച്ചു. 2024ൽ ഉരുൾപൊട്ടൽ ബാധിച്ച കേരളത്തിലെ വയനാട് സന്ദർശിക്കവേ, എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുരിതം മനസിലാക്കാൻ ആ അനുഭവം തന്നെ സഹായിച്ചതായി അദ്ദേഹം ഓർത്തെടുത്തു. പ്രയാസകരമായ ഘട്ടങ്ങളിൽ നമ്മൾ ജനങ്ങളെ സേവിക്കുമ്പോൾ, അവരുടെ ബുദ്ധിമുട്ടുകൾ വിദൂരമായ ഉത്കണ്ഠകളല്ലാതായി മാറുന്നു. അവ നമുക്കുള്ളിൽ തന്നെ തോന്നുന്ന ഉത്തരവാദിത്തങ്ങളായി മാറുന്നു.
നമുക്കു മുന്നിലുള്ള വ്യക്തിയോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണു ലക്ഷ്യബോധം പ്രകടമാകുന്നത്. സേവനം ഹൃദയത്തിൽ വേരൂന്നുമ്പോൾ ഒരു സാധാരണ കണ്ടുമുട്ടൽ പോലും കരുതൽ കാണിക്കാനുള്ള അവസരമായി മാറുന്നു. മോദിയുടെ മുൻകാല ജീവിതത്തിൽ നിന്നുള്ള ഒരു സംഭവം ഈ ഗുണത്തെ മനസിലേക്ക് കൊണ്ടുവരുന്നു.
2014ൽ "ദ ഹിന്ദു'വിൽ പ്രസിദ്ധീകരിച്ച ""എ ട്രെയ്ൻ ജേർണി ആൻഡ് ടു നെയിംസ് ടു റിമംബർ'' എന്ന ലേഖനത്തിൽ ലീന ശർമ 1990ൽ ഉത്പൽപർണ ഹസാരകയോടൊപ്പം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് നടത്തിയ യാത്ര അനുസ്മരിച്ചു. രണ്ടുപേരും ഇന്ത്യൻ റെയ്‌ൽവേ ട്രാഫിക് സർവീസ് പ്രൊബേഷണർമാരായിരുന്നു, കൺഫേം ചെയ്ത ബർത്തുകളില്ലാതെ പരിശീലനത്തിന്‍റെ അടുത്ത ഘട്ടത്തിനായി യാത്ര ചെയ്യുകയായിരുന്നു അവർ. ട്രാവലിങ് ടിക്കറ്റ് എക്സാമിനർ (ടിടിഇ) നരേന്ദ്ര മോദിയും ശങ്കർസിങ് വഗേലയും യാത്ര ചെയ്തിരുന്ന ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്‍റിൽ അവർക്ക് താത്കാലിക സൗകര്യമൊരുക്കി.
അന്നു വൈകുന്നേരം മോദി നാലു പേർക്കുമുള്ള സസ്യാഹാരത്തിന്‍റെ പണം നൽകി. പിന്നീട്, സ്ത്രീകൾക്ക് ബെർത്തുകൾ ക്രമീകരിക്കാൻ കഴിയില്ലെന്ന് ടിടിഇ വ്യക്തമാക്കിയപ്പോൾ ഇരു പുരുഷന്മാരും തങ്ങളുടെ ബെർത്തുകൾ സന്തോഷത്തോടെ വിട്ടുകൊടുക്കുകയും, കംപാർട്ട്‌മെന്‍റിന്‍റെ തറയിൽ തുണി വിരിച്ച് ഉറങ്ങുകയും ചെയ്തു. അങ്ങനെ ആ ബർത്തുകൾ രണ്ട് പ്രൊബേഷണർമാർക്കു നൽകി.
തങ്ങളുടെ സൗകര്യങ്ങൾ അവർ എത്ര എളുപ്പത്തിലാണ് വേണ്ടെന്നുവച്ചത് എന്നതാണ് എന്നെ സ്പർശിച്ചത്. ശർമയുടെ ഓർമക്കുറിപ്പിൽ, യാതൊരു പ്രകടനപരതയുമില്ലാതെയാണ് ആ ദയ ഉയർന്നുവന്നത്. മോദി മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുന്നതിന് വളരെ മുമ്പായിരുന്നു അത്; അന്ന് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്ന ആവശ്യം ലളിതവും അടിയന്തരവുമായിരുന്നു.
ആരും കാണാത്തപ്പോൾ നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചും, അത് നേതൃത്വത്തിന്‍റെ ഒരു മാതൃകയാകുന്നതിനെക്കുറിച്ചും ചിന്തിക്കാൻ ഇത്തരം നിമിഷങ്ങൾ നമ്മെ ക്ഷണിക്കുന്നു. മറ്റൊരാളുടെ പ്രയാസം തിരിച്ചറിയാനും, അംഗീകാരം ആഗ്രഹിക്കാതെ അതിനോട് പ്രതികരിക്കാനും നമുക്ക് സാധിക്കുമോ? എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ഹൃദയ വിശാലത. അത് ലക്ഷ്യബോധത്തിന് മാനുഷിക ഊഷ്മളത നൽകുകയും സേവനത്തെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
മഹത്തായ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഏതൊരാളെയും അനിശ്ചിതത്വം പിന്തുടരുന്നതു പോലെ, ഏതൊരു സദ്‌വൃത്തനായ ആത്മീയ അന്വേഷകനേയും സംശയങ്ങൾ പിടികൂടാം. ഒരാൾ ആ മന്ത്രണങ്ങൾക്ക് ചെവികൊടുത്താൽ, വിശ്വാസം ക്രമേണ തകരുകയും കർമങ്ങളെ മുന്നോട്ടു നയിക്കാനുള്ള ഇച്ഛാശക്തിക്ക് ശേഷി നഷ്ടപ്പെടുകയും യഥാർഥ ആത്മീയ പുരോഗതി പ്രയാസമാകുകയും ചെയ്യും. സംശയം ഉയർന്നുവരുന്നുണ്ടോ എന്നതല്ല ചോദ്യം, മറിച്ച് അത് നമ്മുടെ ജീവിതത്തിന്‍റെ ചാലകശക്തിയാകാൻ നമ്മൾ അനുവദിക്കുന്നുണ്ടോ എന്നതാണ്. ഇവിടെയാണ് "ശ്രദ്ധ' അത്രമേൽ പ്രധാനമാകുന്നത്.
"ശ്രദ്ധ' എന്നത് കേവലമൊരു വിശ്വാസത്തിനും അപ്പുറമാണ്; അതിൽ ചിന്താഗതി, ആത്മവിശ്വാസം, ആത്മാർഥത, നിശ്ചയദാർഢ്യം, ആന്തരിക ബോധ്യം എന്നിവ അടങ്ങിയിരിക്കുന്നു. 2001ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ സംഭവം ഈ അവസരത്തിൽ ഓർക്കുന്നു. 51ാം വയസിൽ, അദ്ദേഹം അതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ടായിരുന്നില്ല, ഒരു ഭരണപരമായ പദവിയും വഹിച്ചിട്ടുമുണ്ടായിരുന്നില്ല. വിനാശകരമായ ഒരു ഭൂകമ്പത്തിൽ നിന്ന് മുക്തമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്തെ ഭരിക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്; അനുഭവസമ്പന്നനായ ഒരു സംഘാടകന് മികച്ചൊരു ഭരണാധികാരിയാകാൻ കഴിയുമോ എന്ന ന്യായമായ സംശയങ്ങളും അന്നുയർന്നിരുന്നു. എന്നിട്ടും അദ്ദേഹം ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അത് നിർവഹിക്കവെ കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയെന്ന അദ്ദേഹത്തിന്‍റെ ആദ്യകാല ഭരണകാലം അതിജീവിക്കേണ്ട ധാരാളം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു- പലരുടെയും വിശ്വാസത്തെ തന്നെ പരീക്ഷിക്കാൻ പോന്ന വെല്ലുവിളികൾ.
നമ്മൾ വിജയിക്കുമെന്ന് മുൻകൂട്ടി അറിയുന്നതല്ല ആന്തരിക ബോധ്യം. മറിച്ച്, അനിശ്ചിതത്വങ്ങൾ അടുത്ത ചുവടു വയ്ക്കുന്നതിൽ നിന്ന് നമ്മെ തടയുന്നില്ല എന്നതാണത്. സംശയത്തിന്‍റെ ശബ്ദം നമ്മൾ കേട്ടേക്കാം, അതിൽ നിന്ന് പാഠങ്ങൾ പഠിച്ചേക്കാം, എന്നാൽ നമ്മുടെ ജീവിതത്തിന്‍റെ നിയന്ത്രണം അതിന് കൈമാറേണ്ടതില്ല. നരേന്ദ്ര മോദിയുടെ ജീവിതത്തിൽ സംശയങ്ങൾക്ക് ഒരിക്കലും ഡ്രൈവർ സീറ്റിലേക്ക് പ്രവേശനം ലഭിച്ചിട്ടില്ല; വാസ്തവത്തിൽ, ധൈര്യത്തിനും ആന്തരിക ബോധ്യത്തിനുമാണ് ആ സ്ഥാനം നൽകിയിട്ടുള്ളത്.
ഭയം ചോദിക്കുന്നത് "ഒരുപക്ഷേ അങ്ങനെ സംഭവിച്ചാലോ?' എന്നാണ്; എന്നാൽ വിശ്വാസം മറുപടി നൽകുന്നത് "അങ്ങനെ സംഭവിച്ചാൽ പോലും' എന്നാണ്. ഭയമില്ലായ്മ എന്നാൽ ഒരു മനുഷ്യന് ഒരിക്കലും ഭയം അനുഭവപ്പെടുന്നില്ല എന്നല്ല അർഥമാക്കുന്നത്, ഭയം നമ്മുടെ ദിശ നിർണയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം.
വലിയ അനിശ്ചിതത്വങ്ങൾ നിറഞ്ഞ വ്യത്യസ്ത സാഹചര്യങ്ങളിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തതിന്‍റെ ഉദാഹരണങ്ങൾ മോദിയുടെ ജീവിതം നൽകുന്നു. പ്രധാനമന്ത്രി പദം അദ്ദേഹം ഏറ്റെടുക്കുമ്പോൾ അനിശ്ചിതത്വത്തിന്‍റെ വ്യാപ്തി വളരെ വലുതായിരുന്നു: ഒരു സംസ്ഥാനത്തെ നയിക്കുന്നതിൽ നിന്ന് രാജ്യത്തിന്‍റെ ദേശീയ സുരക്ഷ, നയതന്ത്രം, ലോക രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവയുടെ ഉത്തരവാദിത്തത്തിലേക്ക് മാറി; ഒരു സംസ്ഥാന നേതാവ് എങ്ങനെ ആ പരിവർത്തനം സാധ്യമാക്കുമെന്ന ചോദ്യങ്ങൾ ഉയർന്നുവന്ന സമയമായിരുന്നു അത്.
പിന്നീട് സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും കലുഷിതമായ കാലഘട്ടങ്ങളിലൊന്നായ വെല്ലുവിളികളുടെ ഒരു പരമ്പര തന്നെ വന്നു. കൊവിഡ്-19 മഹാമാരി, വ്യാപാര യുദ്ധങ്ങൾ, യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുണ്ടായ ഭൗമരാഷ്‌ട്രീയ പ്രക്ഷോഭങ്ങൾ, പുതിയ പശ്ചിമേഷ്യൻ പ്രതിസന്ധി, അനേകം ആഭ്യന്തര വെല്ലുവിളികൾ എന്നിവ 140 കോടി ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പേറുന്ന ഏതൊരു നേതാവിന്‍റെയും മനോധൈര്യത്തെ പരീക്ഷിക്കുന്ന സാഹചര്യങ്ങളുടെ നിരയിൽപ്പെട്ടതാണ്. ശാന്തതയോടെയും വീര്യത്തോടെയും അതിലൂടെ വഴികാട്ടുക എന്നത് മാതൃകാപരമാണ്. ഒരുപക്ഷേ ആത്മീയമായി ധൈര്യത്തെ മനസിലാക്കാനുള്ള ഒരു വഴി ഇതായിരിക്കാം. "എനിക്ക് ഒന്നും സംഭവിക്കില്ല' എന്ന് പറയുന്നതല്ല അത്. മറിച്ച്, "എന്ത് തന്നെ സംഭവിച്ചാലും, ഞാൻ എന്ത് ചെയ്യണമെന്ന് ഭയത്തിന് മാത്രം തീരുമാനിക്കാൻ ഞാൻ അനുവദിക്കില്ല' എന്നു പറയുന്നതാണ്.
അതുകൊണ്ടു തന്നെ, നേതൃ പാടവത്തെക്കുറിച്ച് പഠിക്കുന്ന ഏതൊരു വ്യക്തിക്കും അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിന്ന് വ്യക്തമായ ഒരു പാഠമുണ്ട്. വ്യതിചലിക്കാത്ത ഒരു ഹൃദയം രൂപപ്പെടുത്തിയെടുക്കുക, ദൈനംദിന പ്രവൃത്തികളെ ഉദാരമനസ്കതയോടെ നയിക്കാൻ അനുവദിക്കുക, മനസിനെ ആന്തരിക ബോധ്യത്തിൽ ഉറപ്പിച്ചു നിർത്തുക, ഭയത്താൽ പ്രവർത്തിക്കാത്ത ഒരു ആത്മവീര്യം വളർത്തിയെടുക്കുക എന്നിവ ഒരു "കർമയോഗി' എന്ന നിലയിൽ നരേന്ദ്ര മോദിയുടെ പാതയെ രൂപപ്പെടുത്താൻ സഹായിച്ച ആത്മീയ തത്വങ്ങളാണ്. ഈ തത്വങ്ങൾ സാർവത്രികമാണ്; ഒരാളുടെ ജീവിതത്തിൽ അവ പ്രകടമാകുന്നത് കാണുമ്പോൾ, അവ നമുക്ക് പ്രചോദനമായി സ്വീകരിക്കാം.
അദ്ദേഹത്തിന് എല്ലാ ആശംസകളും നേരാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു; ഈ യുഗത്തെ നേതൃത്വത്തോടും മാർഗനിർദേശത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകാൻ സർവേശ്വരൻ ദീർഘായുസ് നൽകട്ടെ. ഒപ്പം, രാജ്യത്തെ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ സാധിക്കട്ടെ.
(ശ്രീ രാമചന്ദ്ര മിഷന്‍റെ ആത്മീയ നേതാവും പ്രസിഡന്‍റും, സഹജ് മാർഗ് രാജയോഗാ ഗുരുവും, ഹാർട്ട്ഫുൾനസ് മെഡിറ്റേഷന്‍റെ ഗ്ലോബൽ ഗൈഡുമാണ് 2023ൽ പദ്മഭൂഷൺ ബഹുമതി നേടിയ ലേഖകൻ).