കുട്ടികളെ മെരുക്കിയല്ല, ഇണക്കി വളർത്തുക

 
Special Story

പുതിയ അധ്യയന വർഷം: സ്വയം നവീകരിച്ച് മുന്നേറുക

കുട്ടികളെ മെരുക്കിയല്ല, ഇണക്കി വളർത്തുക

Reena Varghese

അഡ്വ. ചാർളി പോൾ

ജീവിതത്തെ റീസെറ്റ് ചെയ്യാൻ (പുതുക്കിപ്പണിയാൻ) ഏറ്റവും പറ്റിയ സന്ദർഭമാണ് പുതിയ അധ്യയന വർഷം. കഴിഞ്ഞ വർഷത്തെ വിലയിരുത്തി, അവിടെ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട്, പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ തിരുത്തി, നഷ്ടമായവ വീണ്ടെടുക്കാനും പുതിയ കർമ പദ്ധതികൾ വിഭാവന ചെയ്യാനും പുതുവർഷത്തിൽ സാധിക്കണം. ഏതെല്ലാം മേഖലകളിലാണ് മാറ്റം സാധ്യമാക്കേണ്ടതെന്ന് സ്വയം ചോദിക്കുക. അവ എപ്രകാരമായിരിക്കണമെന്ന് രൂപരേഖ തയാറാക്കുക. നിശ്ചയിച്ച് ഉറപ്പിക്കുന്ന പദ്ധതികൾ സഫലമാക്കാൻ അനുദിനം യത്‌നിക്കുക. സ്വയം നവീകരിച്ച് മുന്നേറുക.

പഠനം മുഖ്യ ദിനചര്യ:

ഒരു വിദ്യാർഥിയെ സംബന്ധിച്ച് പഠനമാകണം പ്രധാന ദിനചര്യ. ആദ്യദിനം തന്നെ സിലബസ്, ടൈം ടേബിൾ എന്നിവ മനസിലാക്കി പഠന ഒരുക്കം തുടങ്ങണം. വിജയകരമായ പഠനം വഴിയാണ് ജീവിതലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാൻ സാധിക്കുക. പഠനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആദ്യമേ തീരുമാനിക്കണം. അടുക്കും ചിട്ടയുമാർന്ന പഠനരീതി സ്വീകരിക്കണം. ബോധപൂർവം പഠന പരിശ്രമങ്ങൾക്ക് സമയം കണ്ടെത്തണം.

ക്ലാസിലെ ശ്രദ്ധ പ്രധാനമാണ്. ക്ലാസ് എനിക്ക് വേണ്ടിയാണെന്ന ചിന്ത ഉണ്ടാകണം. ക്ലാസ് കഴിഞ്ഞാൽ പഠിപ്പിച്ച കാര്യങ്ങൾ ചർച്ച ചെയ്യാം. പിറ്റേന്ന് അറിയാത്ത കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കാം. സ്ഥിരോത്സാഹം വേണം. അന്നന്ന് പഠിപ്പിച്ചവ അന്നന്നു തന്നെ പഠിക്കാൻ കഴിയണം. ദിവസേന ചെറിയ രീതിയിൽ റിവിഷൻ ആരംഭിക്കണം. ആവർത്തനമാണ് ഓർമയുടെ ശാസ്ത്രം. സംശയങ്ങൾ അധ്യാപകരോടും സുഹൃത്തുക്കളോടും ചോദിച്ച് മനസിലാക്കണം. പഠനത്തെ ഇഷ്ടപ്പെടണം. ഇഷ്‌ടപ്പെട്ട് പഠിച്ചാൽ കഷ്ടപ്പാട് തോന്നുകയില്ല. കഴിവ് പൂർണമായി വിനിയോഗിക്കുന്നുവെങ്കിൽ വിജയം സുനിശ്ചിതം.

പഠന രീതികൾ:

പഠനത്തിന് നാലു ഘട്ടം ഉണ്ട്. 1. വിവര ശേഖരണം (Intake) 2. വിലയിരുത്തലും വിശകലനവും (Processing) 3. തലച്ചോറിലെ ന്യൂറോൺ ശ്രേണിയിലേക്ക് പഠിച്ചവ കൂട്ടിച്ചേർക്കൽ (Storing) 4. വിവരം ഉപയോഗിക്കൽ (Retrieval). വിവരം ഉപയോഗിക്കലാണ് പരീക്ഷ. അതിനു മുമ്പുള്ള ഘട്ടങ്ങളിലൂടെ ശ്രദ്ധാപൂർവം കടന്നു പോകുമ്പോഴാണ് പരീക്ഷ എളുപ്പമാവുക. കണ്ടു പഠിക്കുന്നവരും കേട്ടു പഠിക്കുന്നവരും എഴുതി പഠിക്കുന്നവരും ഉണ്ട്. എല്ലാവരും എല്ലാ രീതികളും പ്രയോജനപ്പെടുത്തുക.

ടൈം മാനെജ്മെന്‍റ്:

പഠനം, പ്രാർഥന, വിശ്രമം, ഹോബികൾ, ഉറക്കം, എന്നിവക്കെല്ലാം സമയം കണ്ടെത്തണം. സമയത്തിന്‍റെ ഫലപ്രദമായ വിനിയോഗത്തിനായി ഒരു ടൈംടേബിൾ തയാറാക്കണം. അപ്പോൾ സമയം പാഴാകാതെ വിനിയോഗിക്കാം. പഠനത്തിന് അടക്കും ചിട്ടയും ഉണ്ടാകും. എല്ലാ വിഷയങ്ങൾക്കും പ്രാധാന്യം നൽകുകയും ബുദ്ധിമുട്ടുള്ളവക്ക് കൂടുതൽ സമയം നൽകിയും ടൈം ടേബിൾ തയാറാക്കുക. ദുഷ്ചിന്തകളിൽ നിന്നും മോചനം ലഭിക്കാനും അലസത വെടിഞ്ഞ് പഠനം കാര്യക്ഷമമാക്കാനും ടൈം ടേബിൾ സഹായിക്കും.

ആരോഗ്യം/ മാനസികാരോഗ്യം:

ഇവ രണ്ടും പഠന പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. മതിയായ ഉറക്കം ഉറപ്പുവരുത്തണം. ധാരാളം വെള്ളം കുടിക്കണം. ശരിയായ ഭക്ഷണശീലം വേണം. സമയത്ത് തന്നെ ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ബ്രെയ്‌ൻ ഫുഡ് ആണ്. ഇത് ഒരു ദിവസത്തെ എനർജി തലം രൂപപ്പെടുത്തുന്നുണ്ട്. അത് ഒഴിവാക്കരുത്. ദിവസവും കുറച്ച് വ്യായാമം ഉണ്ടായാൽ ശ്രദ്ധയും ഊർജവും ലഭിക്കും.

മാനസിക ഉല്ലാസത്തിന് ഹോബികളിൽ കുറച്ചുനേരം ഏർപ്പെടാം. പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാം. സമ്മർദം തോന്നുമ്പോൾ വിശ്വസിക്കാവുന്നവരോട് സംസാരിക്കാം. പരിഹാര മാർഗങ്ങൾ തേടാം.

ഡിജിറ്റൽ സുരക്ഷ, ശീലങ്ങൾ:

ഓൺലൈൻ ക്ലാസുകളുടെ ഗ്രൂപ്പുകളിൽ സ്വകാര്യ വിഷയങ്ങൾ പങ്കിടുമ്പോൾ ശ്രദ്ധിക്കുക. എഐ ടൂൾസ്, ഇന്‍റർനെറ്റ് റിസോഴ്‌സസ് എന്നിവ ഉപയോഗിക്കുമ്പോൾ കോപ്പി പേസ്റ്റ് ചെയ്യുന്നതിന് പകരം മനസിലാക്കി പഠിക്കുക. മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ ഉപയോഗത്തിന് കർശന നിയന്ത്രണം വേണം. ഇവയുടെ ആസക്തിയിലേക്ക് നീങ്ങിയാൽ ജീവിതം അപകട സ്ഥിതിയിലാകും. പ്രശ്നങ്ങളുണ്ടാകുമ്പോൾ ലഹരിയുടെ വഴികൾ തേടാതെ കൗൺസിലിങ്ങിനോ മറ്റ് പരിഹാര മാർഗങ്ങളോ തേടുക.

വ്യക്തിപരമായ വളർച്ച:

ഓരോ അധ്യയന വർഷവും നമ്മൾ വിവിധ തലങ്ങളിൽ വളരുകയാണ്. പുതിയ സ്കിൽ പഠിക്കാൻ സമയം കണ്ടെത്തണം. വായനാശീലം വളർത്തണം. വായനയാണ് മനുഷ്യനെ പൂർണ നാക്കുന്നത്, പക്വമതിയാക്കുന്നത്. പരന്ന വായന നല്ലതാണ്. ചെറിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് അവ നേടിയെടുക്കാൻ പുതുവർഷത്തിൽ പരിശ്രമിക്കുക. വിജയങ്ങളിൽ സന്തോഷം കണ്ടെത്തുക. പരാജയങ്ങളിൽ പതറാതിരിക്കുക. പരാജയങ്ങൾ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനാകും. പുതിയ വർഷത്തിൽ ഒറ്റയടിക്ക് നേട്ടങ്ങൾ എന്നതിനേക്കാൾ ചെറിയ ചെറിയ പുരോഗതികൾ കൈവരിച്ച് മുന്നോട്ടുപോകുക.

അധ്യാപകരോട്:

നിങ്ങൾ വിദ്യാർഥികളുടെ സഹരക്ഷിതാക്കളാണ്. സ്വന്തം മക്കളോട് എന്ന പോലെ സൗഹൃദപരവും സുരക്ഷിതമായ ഒരു പഠനാന്തരീക്ഷം സ്കൂളിൽ ഒരുക്കണം. "തന്‍റെ മുന്നിലിരിക്കുന്ന കുട്ടി തന്‍റെതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോൾ അധ്യാപകർ വിദ്യാലയത്തിന്‍റെ പടിയിറങ്ങണം' എന്ന് പറഞ്ഞത് ഗുരു നിത്യചൈതന്യ യതിയാണ്. കൂടുതൽ കരുതലും കരുണയും സ്നേഹവും സഹാനുഭൂതിയും കുട്ടികൾക്ക് നൽകണമെന്ന് സാരം.

ഓരോ കുട്ടിയിലും "എന്തില്ല' എന്ന് അന്വേഷിക്കാതെ "എന്തുണ്ട് ' എന്ന് കണ്ടെത്തുക. അവരുടെ കഴിവുകളും പഠന വൈകല്യങ്ങളും തിരിച്ചറിഞ്ഞ് പഠിക്കാൻ അവരെ സഹായിക്കുക. എല്ലാ കുട്ടികളും ജീനിയേഴ്സുകളാണ് എന്ന് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ ആണ്. ഓരോരുത്തരും അവരുടേതായ മേഖലകളിൽ ജീനിയസ് ആണ്. അവരിലെ കഴിവുകളുടെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിച്ചാൽ മതി. ഓരോ വിദ്യാർഥിയും ഓരോ നിധിയാണ്. അവർക്ക് മൂല്യബോധം പകർന്നു നല്കുക. മാർഗദർശനം നടത്തുക, ദിശാബോധം പകരുക, പ്രചോദിപ്പിക്കുക, അഭിനന്ദിക്കുക, അംഗീകരിക്കുക, വിദ്യാർഥികളുടെ സഹ സഞ്ചാരിയാകുക, പഠനം കൂടുതൽ രസകരവും പ്രവർത്തനാധിഷ്ഠിതവും ആക്കുക.

മാതാപിതാക്കളോട്:

നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഇരകളായി കുട്ടികളെ മാറ്റരുത്. നിങ്ങളുടെ ആഗ്രഹങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുത്. അങ്ങനെ വരുമ്പോൾ അവർ ആത്മസംഘർഷങ്ങളിൽ പെട്ട് ദിശ മാറിപ്പോകാൻ ഇടവരുത്തിയേക്കാം. അവരുടെ അഭിരുചിയനുസരിച്ച് അവർ പഠിക്കട്ടെ.

ജീവിതത്തിലുടനീളം അനുഭവിക്കുന്ന അർഥപൂർണമായ സന്തുഷ്ടിയാണ് കുട്ടികളുടെ വളർച്ചയും വികസനവും സാധ്യമാക്കുന്നത്. സർഗാത്മകവും സന്തോഷദായകവുമായ അന്തരീക്ഷമാണ് കുടുംബങ്ങളിൽ ഉണ്ടാകേണ്ടത്. "കുട്ടികളെ നല്ലവരാക്കാൻ അവരെ സന്തുഷ്ടരാക്കുക' എന്നാണ് ഓസ്കാർ വൈൽഡ് എന്ന ഐറിഷ് കവി പറയുന്നത്. സ്നേഹാനുഭവങ്ങൾ, സഹാനുഭൂതി, സ്നേഹ സ്പർശം, ആശ്വസിപ്പിക്കൽ, പ്രചോദിപ്പിക്കൽ, പരിഗണിക്കൽ, അഭിനന്ദിക്കൽ തുടങ്ങിയവ സന്തുഷ്ടി ജനിപ്പിക്കും. സന്തുഷ്‌ടിയുടെയും സന്തോഷത്തിന്‍റെയും മാനങ്ങളിൽ വ്യാപരിക്കാൻ കഴിയുന്ന സാഹചര്യം ബോധപൂർവം സൃഷ്ടിച്ചെടുത്താൽ കുട്ടികളുടെ ഭാവിയും വ്യക്തിത്വവും ശോഭനമാകും.

കുട്ടികളെ മെരുക്കിയല്ല, ഇണക്കി വളർത്തുക. പ്രോത്സാഹനം, ലാളന, ശ്രദ്ധ, പരിഗണന തോളിൽ തട്ടി ഒരു അഭിനന്ദനം, ഒരു പുഞ്ചിരി, നെറ്റിയിൽ ഒരു ചുംബനം, അർഥവത്തായ നോട്ടം, ഇത് മതി കുട്ടികളെ ഇണക്കി വളർത്താൻ. അതുവഴി ആത്മാഭിമാനവും ആത്മവിശ്വാസം നേടി അവർ മിടുക്കരാകും.

(അഭിഭാഷകനും ട്രെയ്നറും മെന്‍ററുമായ ലേഖകൻ, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്- 8075789768)

ലഹരി മാഫിയക്കെതിരേ ആഞ്ഞടിക്കാൻ ചെന്നിത്തലയുടെ ഓപ്പറേഷൻ തൂഫാൻ

കെപിസിസി പ്രസിഡന്‍റാകാനുള്ള മത്സരത്തിൽ 5 പേർ

ഗുജറാത്ത് ടൈറ്റാനിക് ആയി

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം

ഈയാഴ്ച കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്