കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക സഹമന്ത്രി
കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക സഹമന്ത്രി
പാർലമെന്‍റിന്‍റെ ഇരുസഭകളും അടുത്തിടെ പാസാക്കിയ "സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക (എംഎസ്എംഇ) വികസന ഭേദഗതി ബിൽ- 2026' ആ മേഖലയെ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന പരിഷ്കാരവും നിർണായക ചുവടുവയ്പ്പുമാണ്. രാജ്യ വികസനത്തിൽ എംഎസ്എംഇകൾ വലിയ സംഭാവനയാണ് നൽകുന്നത്. കുറച്ചു വർഷങ്ങളായി എംഎസ്എംഇ മേഖല വളർച്ചയുടെയും വികസനത്തിന്‍റെയും പുതിയ മാനങ്ങൾ കൈവരിച്ചു. ഇന്ന് 9 കോടിയിലധികം എംഎസ്എംഇകൾ "ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ' രജിസ്റ്റർ ചെയ്യപ്പെടുകയും 40 കോടി ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. സമ്പദ് വ്യവസ്ഥയിൽ 31 ശതമാനവും കയറ്റുമതിയിൽ 50 ശതമാനവും സംഭാവന ചെയ്യുന്നത് എംഎസ്എംഇകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്ന "വികസിത ഭാരതം' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ- പ്രത്യേകിച്ച് സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, കയറ്റുമതി എന്നിവയിലൂടെ- എംഎസ്എംഇ മേഖലയ്ക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്. രാജ്യവികസനത്തിന്‍റെ ചാലകശക്തിയും സാമ്പത്തിക പുരോഗതിയുടെ കേന്ദ്രബിന്ദുവുമാണ് എംഎസ്എംഇകൾ. സമീപ വർഷങ്ങളിൽ എംഎസ്എംഇ മേഖല കൈവരിച്ച ശ്രദ്ധേയമായ പുരോഗതി "ഉദ്യം' പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംരംഭങ്ങളുടെ വർധനവിൽ വ്യക്തമായി കാണാം; 2023 ഏപ്രിൽ ഒന്നിലെ ഒരു കോടി 65 ലക്ഷത്തിൽ നിന്ന് ഇപ്പോൾ 9 കോടിയിലധികമായി ഇത് ഉയർന്നു.
2020ൽ നിർമാണ- സേവന മേഖലകൾ തമ്മിലുള്ള വേർതിരിവ് ഒഴിവാക്കി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ തരംതിരിവ് കൂടുതൽ വിപുലവും സമഗ്രവുമാക്കി. ഈ സംവിധാനത്തിനു കീഴിൽ വിറ്റുവരവും നിക്ഷേപവും ഒരുമിച്ച് പരിഗണിക്കുന്ന ഒരു സംയുക്ത മാനദണ്ഡം രൂപീകരിച്ചു. തുടർന്ന് 2025ൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിക്ഷേപ പരിധി രണ്ടര മടങ്ങ് വർധിപ്പിച്ച് യഥാക്രമം ₹2.5 കോടി, ₹25 കോടി, ₹125 കോടി എന്ന നിലയിലാക്കി; വിറ്റുവരവ് പരിധി ഇരട്ടിയാക്കി യഥാക്രമം ₹10 കോടി, ₹100 കോടി, ₹500 കോടി എന്ന രീതിയിലും ഉയർത്തി. ഈ മാറ്റങ്ങൾ മൂലധന നിക്ഷേപം കൂട്ടാനും ബിസിനസ് വികസിപ്പിക്കാനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സാങ്കേതികവിദ്യ സ്വീകരിക്കാനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി അവയുടെ വളർച്ചയ്ക്ക് സഹായകമാവുകയും ചെയ്തു.
എംഎസ്എംഇ വളർച്ചയിൽ ഏറ്റവും നിർണായകമായ ഘടകമാണ് ധനലഭ്യത. ഈ മേഖലയിലേക്ക് ബാങ്ക് വായ്പകളുടെ ലഭ്യത വർധിപ്പിക്കാനും സ്ഥാപിത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായത്തിന്‍റെ ഒഴുക്ക് ശക്തിപ്പെടുത്താനും മന്ത്രാലയം തുടർച്ചയായി പ്രവർത്തിച്ചുവരുന്നു; ഇതിന്‍റെ ഫലങ്ങൾ ഇപ്പോൾ ദൃശ്യമാണ്. 2014-15 കാലഘട്ടത്തിൽ എംഎസ്എംഇകൾക്ക് നൽകിയിരുന്ന കുടിശിക വായ്പാ തുക ₹10 ലക്ഷം കോടിയായിരുന്നത് ഇപ്പോൾ ₹38,35,000 കോടിയിലധികമായി ഉയർന്നു. ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മാൾ എന്‍റെർപ്രൈസസ് വഴി സൂക്ഷ്മ- ചെറുകിട സംരംഭങ്ങൾക്ക് നൽകുന്ന വായ്പകൾക്ക് ഗ്യാരണ്ടി ലഭ്യമാക്കുന്നുണ്ട്. ഈ സംവിധാനത്തിലൂടെ 2000 മുതൽ 2022 വരെയുള്ള കാലയളവിൽ നൽകിയ ക്രെഡിറ്റ് ഗ്യാരണ്ടി ₹ 3,14,000 കോടിയായിരുന്നു. എന്നാൽ 4 വർഷത്തിനിടയിൽ (2022-23 മുതൽ 2025-26 വരെ) ഇത് ₹ 10,43,000 കോടിയിലധികമായി വർധിച്ചു; ഇത് ഈ സംരംഭങ്ങൾക്ക് ലഭ്യമാകുന്ന വായ്പാ പിന്തുണയുടെ വലിയ വളർച്ചയെ കാണിക്കുന്നു. പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതിക്ക് (പിഎംഇജിപി) കീഴിൽ 2014-15 സാമ്പത്തിക വർഷം മുതൽ ഇതുവരെ ഏകദേശം 8,34,000 സൂക്ഷ്മ സംരംഭങ്ങൾക്ക് ₹24,903 കോടി രൂപ മാർജിൻ മണി സബ്‌സിഡിയായി നൽകി. ഇത് 75 ലക്ഷം ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും താഴേത്തട്ടിലുള്ള തൊഴിലവസര വർധനവിന് കൂടുതൽ പിന്തുണ നൽകുകയും ചെയ്തു.
എംഎസ്എംഇ മന്ത്രാലയത്തിന്‍റെ "പബ്ലിക് പ്രൊക്യുർമെന്‍റ് പോളിസി ഫോർ മൈക്രോ ആൻഡ് സ്മാൾ എന്‍റെർപ്രൈസസ്, 2012' പ്രകാരം, കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും തങ്ങളുടെ വാർഷിക സംഭരണത്തിന്‍റെ 25% സൂക്ഷ്മ- ചെറുകിട സംരംഭങ്ങളിൽ നിന്ന് നിർബന്ധമായും ലഭ്യമാക്കേണ്ടതുണ്ട്. വനിതാ സംരംഭകരുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിൽ നിന്ന് 3 ശതമാനവും പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങളിലെ സംരംഭകരിൽ നിന്ന് 4 ശതമാനവും സംഭരിക്കണം എന്നതും ഇതിൽ ഉൾപ്പെടുന്നു. ഇതിലൂടെ പൊതു സംഭരണത്തിൽ ഈ വിഭാഗങ്ങൾക്ക് നിശ്ചിത അവസരങ്ങൾ ഉറപ്പാക്കുന്നു. വർഷങ്ങളായി സൂക്ഷ്മ- ചെറുകിട സംരംഭങ്ങളിൽ നിന്നുള്ള പൊതു സംഭരണം തുടർച്ചയായി വർധിച്ചു വരുന്നു; ഇത് ഗവൺമെന്‍റ് സംഭരണത്തിൽ ഇവരുടെ പങ്കാളിത്തം വളരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. 2020-21ൽ സൂക്ഷ്മ- ചെറുകിട സംരംഭങ്ങളിൽ നിന്നുള്ള പൊതു സംഭരണ തുക ₹40,717 കോടി രൂപയായിരുന്നത് 2025-26ൽ ₹1,15,801 കോടിയായി വൻതോതിൽ വർധിച്ചു. ഇത് പൊതുമേഖലാ സ്ഥാപനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള 25% എന്ന ലക്ഷ്യത്തിനെതിരേ 49%ത്തിൽ അധികമാണ്. ഇതിൽ ₹3,984 കോടി രൂപയുടെ സംഭരണം എസ്‌സി/ എസ്ടി സംരംഭകരിൽ നിന്നും ₹9,059 കോടി രൂപയുടെ സംഭരണം വനിതാ സംരംഭകരിൽ നിന്നാണ് നടത്തിയത്.
എംഎസ്എംഇ സംരംഭങ്ങൾക്ക് സമയബന്ധിതമായി തുക ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം ഒട്ടേറെ അർഥവത്തായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിലൊന്നാണ് ട്രെഡ്സ് (TReDS - Trade Receivables Discounting System). എംഎസ്എംഇകളുടെ പണം ലഭ്യതക്കുറവും പ്രവർത്തന മൂലധന ആവശ്യങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണത്തിൽ 2017ൽ ആരംഭിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. ട്രെഡ്സ് പ്ലാറ്റ്‌ഫോമിലെ ഇൻവോയ്സ് ഡിസ്കൗണ്ടിങ്ങിലൂടെ 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് എംഎസ്എംഇ മേഖലയ്ക്ക് ₹8,71,000 കോടി രൂപ സമയബന്ധിതമായി ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. ഈ സംവിധാനത്തിൽ പങ്കാളികളാകുന്ന എംഎസ്എംഇകളുടെ എണ്ണം 2022 ഏപ്രിലിലെ 34,430ൽ നിന്ന് 2026 മാർച്ചോടെ 2,55,000ത്തിലധികമായി വർധിച്ചു. ഒപ്പം എംഎസ്എംഇകളുടെ ഇൻവോയ്സ് ഡിസ്കൗണ്ടിങ് തുക 2021-22ലെ ₹40,000 കോടി രൂപയിൽ നിന്ന് 2025-26ൽ ₹3,47,000 കോടിയിലധികമായി ഉയർന്നു. ട്രെഡ്സ് വഴി ഇൻവോയ്സ് ഡിസ്കൗണ്ടിങ്ങിൽ ഉണ്ടാകുന്ന ഈ വളർച്ച, എംഎസ്എംഇകൾക്കുള്ള സമയബന്ധിതമായ തുക ലഭ്യതയ്ക്കും അവരുടെ പണലഭ്യതയും പ്രവർത്തന മൂലധന ആവശ്യങ്ങളും പരിഹരിക്കുന്നതിനും ഗവൺമെന്‍റിനുള്ള പ്രതിബദ്ധതയെ വ്യക്തമാക്കുന്നു.
ഇതേ ദിശയിലുള്ള മറ്റൊരു ചുവടുവയ്പ്പായി, വൈകുന്ന പണമടയ്ക്കലുകളും അനുബന്ധ തർക്കങ്ങളും പരിഹരിക്കാൻ രാജ്യത്തുടനീളം 161 മൈക്രോ ആൻഡ് സ്മോൾ എന്‍റെർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിലുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യാനുസരണം ഇത്തരം കൗൺസിലുകൾ രൂപീകരിക്കാനും തർക്കപരിഹാരത്തിനുള്ള സ്ഥാപനപരമായ സംവിധാനം ശക്തിപ്പെടുത്താനും കൗൺസിലുകളുടെ ഘടന നിർണയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ ഈ ഭേദഗതിയിൽ ഉൾപ്പെടുത്തി. ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള പരസ്പര ധാരണയിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള അനുയോജ്യമായ സംവിധാനങ്ങളും ഉറപ്പാക്കി. കൂടാതെ, തർക്കങ്ങൾ സമയബന്ധിതമായും ചുരുങ്ങിയ ചെലവിലും പരിഹരിക്കുന്നതിനായി "ഓൺലൈൻ തർക്കപരിഹാര' സംവിധാനത്തെ ശക്തിപ്പെടുത്താനും പ്രാവർത്തികമാക്കാനും ഈ ഭേദഗതി ബിൽ വഴി സാധിക്കുന്നു.
എംഎസ്എംഇ മന്ത്രാലയം വനിതാ സംരംഭകരുടെ വികസനം പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ്. മന്ത്രാലയത്തിന്‍റെ വിവിധ പദ്ധതികളിൽ വനിതകൾക്കായി പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന്, ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എംഎസ്എംഇകളിൽ 39%ത്തിലധികവും വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്; അതായത് ഏകദേശം 3.38 കോടി എംഎസ്എംഇകൾ വനിതാ സംരംഭകരുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു, ഇത് സംരംഭകത്വത്തിൽ വനിതകളുടെ വർധിച്ചുവരുന്ന പങ്കാളിത്തത്തെയാണ് കാണിക്കുന്നത്. ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിക്ക് കീഴിൽ വനിതകൾക്ക് 90% വരെ ഗ്യാരണ്ടി കവറേജ് ലഭ്യമാണ്, കൂടാതെ വാർഷിക ഗ്യാരണ്ടി ഫീസിൽ 10% വരെ ഇളവും നൽകുന്നു. പ്രൊക്യുർമെന്‍റ് ആൻഡ് മാർക്കറ്റിങ് സപ്പോർട്ട് (പിഎംഎസ്) പദ്ധതിക്കു കീഴിൽ, വ്യാപാര മേളകളിൽ പങ്കെടുക്കുന്ന വനിതാ സംരംഭകർക്ക് 100% സബ്‌സിഡി നൽകുന്നു (മറ്റ് സംരംഭകർക്ക് ഇത് 80% ആണ്). പിഎംഇജിപി പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ വനിതകൾക്ക് 35%വും നഗരപ്രദേശങ്ങളിലെ വനിതകൾക്ക് 25%വും സബ്‌സിഡി നൽകുന്നതിനുള്ള വ്യവസ്ഥയുമുണ്ട്.
എസ്‌സി/ എസ്ടി വിഭാഗങ്ങളുടെ വികസനത്തിന് മന്ത്രാലയം വലിയ മുൻഗണനയാണ് നൽകുന്നത്. ഇന്ന് ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.24 കോടിയിലധികം എംഎസ്എംഇകൾ എസ്‌സി/ എസ്ടിവിഭാഗങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉടമസ്ഥതയിലുള്ളവയാണ്. നാഷണൽ എസ്‌സി- എസ്‌ടി ഹബ് പദ്ധതി, 2016ൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത എംഎസ്എംഇ മന്ത്രാലയത്തിന്‍റെ ഒരു കേന്ദ്ര മേഖലാ പദ്ധതിയാണ്. എസ്‌സി/ എസ്ടി സംരംഭകരുടെ ശേഷി വർധിപ്പിക്കുക, അവർക്കിടയിൽ "സംരംഭകത്വ സംസ്കാരം' പ്രോത്സാഹിപ്പിക്കുക, എംഎസ്എംഇ മേഖലയിൽ എസ്‌സി/ എസ്ടി സംരംഭകരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മന്ത്രാലയത്തിന്‍റെ ഈ തുടർച്ചയായ പദ്ധതികളെയും ശ്രമങ്ങളെയും കൂടുതൽ ശക്തിപ്പെടുത്താനാണ് എംഎസ്എംഇ ഡവലപ്‌മെന്‍റ് ഭേദഗതി ബിൽ- 2026 പാസാക്കിയത്. എംഎസ്എംഇ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുക, ഭരണപരമായ ചട്ടക്കൂട് മെച്ചപ്പെടുത്തുക, ബിസിനസ് എളുപ്പമാക്കുക, സംരംഭങ്ങൾക്കുള്ള അനാവശ്യ തടസങ്ങൾ കുറയ്ക്കുന്നതോടൊപ്പം നിയമപരമായ നിയന്ത്രണങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ഇതിന്‍റെ പ്രധാന ഘടകങ്ങൾ താഴെ പറയുന്നു:
i. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സൗജന്യവും സ്വമേധയാ ഉള്ളതുമായ രജിസ്ട്രേഷനായി ഒരു ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിജ്ഞാപനം ചെയ്യുന്നതിനുള്ള വ്യവസ്ഥ. കൂടാതെ, വിറ്റുവരവിന്‍റെയും നിക്ഷേപത്തിന്‍റെയും അടിസ്ഥാനത്തിലുള്ള എംഎസ്എംഇകളുടെ തരംതിരിവിന് ഇത് നിയമപരമായ അംഗീകാരവും നൽകുന്നു.
ii. എംഎസ്എംഇകൾ നേരിടുന്ന പണലഭ്യതാ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കൽ. എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും എംഎസ്എംഇകളിൽ നിന്നുള്ള വാങ്ങലുകൾക്കുള്ള ഇൻവോയ്സ് തുക ട്രെഡ്സ് വഴി നൽകുന്നത് നിർബന്ധമാക്കി. സംസ്ഥാന ഗവൺമെന്‍റുകൾക്കും തങ്ങളുടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കായി സമാനമായ വ്യവസ്ഥകൾ നടപ്പിലാക്കാനുള്ള അധികാരം നൽകി.
iii. മൈക്രോ ആൻഡ് സ്മാൾ എന്‍റെർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിലുകളുടെ ഘടന പുനഃസംഘടിപ്പിക്കാനും, കൂടുതൽ കൗൺസിലുകൾ സ്ഥാപിക്കാനും സംസ്ഥാന ഗവൺമെന്‍റുകളെ പ്രാപ്തരാക്കൽ.
iv. സൂക്ഷ്മ- ചെറുകിട സംരംഭങ്ങൾക്ക് വൈകുന്ന പണമടയ്ക്കലുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് സമയപരിധി നിശ്ചയിക്കൽ.
v. മധ്യസ്ഥത വഴിയുള്ള ധാരണകളോ തർക്കപരിഹാര വിധികളോ വഴി നിശ്ചയിക്കപ്പെടുന്ന തുക ഭൂനികുതി കുടിശികയായി ഈടാക്കുന്നതിനുള്ള വ്യവസ്ഥ.
vi. സൂക്ഷ്മ- ചെറുകിട സംരംഭകരായ വിതരണക്കാർക്ക് അനുകൂലമായ ഉത്തരവുകളോ വിധികളോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ 6 മാസത്തിലേറെയായി തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണെങ്കിൽ, വിധിന്യായ പ്രകാരമുള്ള തുകയുടെ കുറഞ്ഞത് 50% സംരംഭകർക്ക് നൽകാൻ ഉത്തരവിടാൻ കോടതികളെ പ്രാപ്തരാക്കൽ.
vii. ചില നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കുകയും, തടവുശിക്ഷയ്ക്ക് പകരം ആദ്യ ലംഘനത്തിന് താക്കീത് നൽകുന്നത് ഉൾപ്പെടെയുള്ള ഘട്ടംഘട്ടമായുള്ള പിഴ ശിക്ഷകൾ നൽകുകയും ചെയ്യൽ.
ബന്ധപ്പെട്ട കക്ഷികളുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾക്കും ഉയർന്നുവന്ന വിഷയങ്ങളുടെ സൂക്ഷ്മ പരിശോധനകൾക്കും ശേഷമാണ് ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ഏവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും തൊഴിലധിഷ്ഠിതവുമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് കരുത്തുറ്റ ഒരു എംഎസ്എംഇ മേഖല അത്യന്താപേക്ഷിതമാണ്. "വികസിത ഭാരതം- 2047' എന്ന കാഴ്ചപ്പാടിനോടും, കൂടുതൽ ശക്തവും സുസ്ഥിരവും പങ്കാളിത്തമുള്ളതുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഗവൺമെന്‍റിന്‍റെ ലക്ഷ്യത്തോടും ചേർന്നുനിൽക്കുന്നതാണ് ഈ ഭേദഗതികൾ. ഇവ സംരംഭങ്ങളുടെ ഔപചാരികവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും, അവയുടെ വികാസത്തിന് വഴിയൊരുക്കുകയും, വളർച്ചയുടെ "ചാംപ്യന്മാരായി' ഉയർന്നുവരാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.