മുതുകോര മല

 
Special Story

കള്ളൻ കപ്പലിൽത്തന്നെ!

പണ്ട് ശ്രീനാരായണ ഗുരുദേവൻ കോട്ടയത്തുനിന്ന് മീനച്ചിലാറ്റിലൂടെ വള്ളത്തിലാണ് മലയോരപ്രദേശമായ പൂഞ്ഞാറിൽ വന്നത്.

MV Desk

കെ.ആർ. പ്രമോദ് | ക്വാറന്‍റൈൻ

വെള്ളപ്പൊക്കദുരന്തങ്ങൾ ഇല്ലാതാക്കാൻ മീനച്ചിലാർ പോലുള്ള നദികളിൽനിന്ന് മണൽ വാരണമെന്നാണ് ചിലരുടെ വാദഗതി. എന്നാൽ നദികളുടെ അടിത്തട്ടിൽ ചെളിയാണ് കാണുന്നത്. പല സ്ഥലങ്ങളിലും പാറകൾ തെളിഞ്ഞുകഴിഞ്ഞു. അരനൂറ്റാണ്ടു മുമ്പ് നൂറുമീറ്റർ വീതിയുണ്ടായിരുന്ന മീനച്ചിലാറിന് ഇപ്പോൾ പലയിടങ്ങളിലും പകുതി വീതിപോലുമില്ല.കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ആറിന്‍റെ വീതി കൂട്ടുകയാണ് ഇതിനൊക്കെ പരിഹാരം.

ഞങ്ങളുടെ നാട്ടിൽ ഒരു വലിയ മലയുണ്ട്.

മുതുകോര മല!

സമുദ്രനിരപ്പിൽ നിന്ന് 2400 അടി ഉയരമുള്ള ഈ മലയുടെ യഥാർഥ പേര് "മുതുകു തോരാമല'യെന്നാണ്!

ഈ പേരുവരാൻ ഒരു കാരണമുണ്ട് - കാലവർഷമായാൽ ഇവിടത്തെ മനുഷ്യരുടെ മുതുകും മലയുടെ മുതുകും ഒരിക്കലും തോരില്ലത്രെ. അത്രമാത്രം മഴ പെയ്തിരുന്ന പ്രദേശമായിരുന്നു ഇത്.

പക്ഷേ, ഇത്തവണ കണക്കുകൂട്ടലുകൾ മാറിപ്പോയി. മുതുകോരമലയിലല്ല, അതിന്‍റെ താഴെയുള്ള ഭാഗത്താണു കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതും ഉരുൾപൊട്ടിയതും. ഈ ദുരന്തത്തിൽ രണ്ടുപേർ മരിച്ചു, ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. ഉരുൾപൊട്ടലുകളും മേഘവിസ്ഫോടനങ്ങളം ഒരിക്കലും ഉണ്ടായിട്ടില്ലാത്ത, താരതമ്യേന സുരക്ഷിതമായ സമതലമേഖലയാണിത്.

ഇപ്രകാരം കുഴപ്പങ്ങളില്ലാതിരുന്ന സ്ഥലത്ത് ഇപ്പോൾ ഉരുൾപൊട്ടുന്നു. പ്രതീക്ഷിക്കാത്ത സ്ഥലത്തു നദികൾ നിറഞ്ഞു കവിയുന്നു. ഇങ്ങനെയുണ്ടാകുന്ന പ്രളയജലം കായലിലേക്കു പോകാൻ കൂട്ടാക്കാതെ തളംകെട്ടി നിൽക്കുന്നു.

ഇതൊരു ശ്രദ്ധിക്കേണ്ട മാറ്റമാണ്. എന്താണ് ഇതിനൊക്കെ കാരണം?

അപ്രിയ സത്യങ്ങൾ

അതറിയണമെങ്കിൽ ചില അപ്രിയസത്യങ്ങൾ മനസിലാക്കണം. അതുകൾക്കുമ്പോൾ പലർക്കും വിഷമമുണ്ടാകും. പക്ഷെ, സത്യം പറഞ്ഞില്ലെങ്കിൽ നാളെ ഇതിലും വലിയ ജലബോംബുകൾ പൊട്ടും, ദുരന്തങ്ങളുടെ കാഠിന്യം വർധിക്കും.

ഇപ്പോഴത്തെ ഈ ദുരന്തങ്ങളുടെ കാരണങ്ങൾ പലതുണ്ടെങ്കിലും പ്രധാന വില്ലൻ നമ്മൾ തന്നെയാണെന്നതിൽ സംശയമില്ല.

കള്ളൻ കപ്പലിൽത്തന്നെ! ഇതാണ് പരമമായ യാഥാർഥ്യം!

മലയോരങ്ങളിലും പട്ടണപ്രദേശങ്ങളിലും നമ്മൾ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ വനം - പുഴ കൈയേറ്റങ്ങളും അശാസ്ത്രീയമായ നിർമിതികളും ഇനിയെങ്കിലും ഉപേക്ഷിക്കണം. ക്വാറികളും പാലങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളും സൃഷ്ടിക്കുന്ന ആപത്തുകളും ഒഴിവാക്കണം. ഇതിൽ ഏറ്റവും പ്രധാനം വനങ്ങളുടെയും പുഴയോരങ്ങളുടെയും കൈയേറ്റമാണ്. ഇതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നതാണു തമാശ.

കണ്ണടച്ചിരുട്ടാക്കുകയാണ് എല്ലാവരും. സാമുദായിക പ്രീണനം, ലാഭേച്ഛ, വോട്ടുബാങ്ക് രാഷ്‌ട്രീയം തുടങ്ങിയ അനേകം സംഗതികളാണ് ഈ മൗനത്തിന് കാരണം. സംഘടിതശക്തിയുള്ള ചിലർ മലയും പുഴയും കൈയേറിയിരിക്കുന്നു എന്നത് പകൽപോലെ വ്യക്തമാണ്.

ഗുരുദേവൻ തോണിയിൽ എത്തിയ കാലം

പുഴകളിലെ കൈയേറ്റത്തെക്കുറിച്ച് വിശകലനം ചെയ്യുമ്പോൾ ഒരു ഉദാഹരണമായി മീനച്ചിലാറിന്‍റെ കാര്യമെടുക്കാം.ഇതേ കഥതന്നെയായിരിക്കണം മറ്റു നദികളുടെ തീരങ്ങൾക്കും പറയാനുള്ളത്.

പണ്ട് ശ്രീനാരായണ ഗുരുദേവൻ കോട്ടയത്തുനിന്ന് മീനച്ചിലാറ്റിലൂടെ വള്ളത്തിലാണ് മലയോരപ്രദേശമായ പൂഞ്ഞാറിൽ വന്നത്. 1927 ജൂൺ ഏഴിനായിരുന്നു ഈ യാത്ര. വഞ്ചിയാത്ര സർവസാധാരണമായിരുന്ന കാലം.

പൂഞ്ഞാറിൽ നിന്നു കൊപ്രയും അടയ്ക്കയും ഇഞ്ചിയും മറ്റും വള്ളങ്ങളിൽ കയറ്റി കോട്ടയത്തും ആലപ്പുഴയിലും എത്തിച്ചിരുന്നു. ആറ്റുതീരങ്ങളിലെ വീടുകളിലും തോടുകൾക്കു സമീപമുള്ള വീടുകളിലും അത്യാവശ്യ യാത്രകൾക്കായി ചെറുവള്ളങ്ങളും ഉണ്ടായിരുന്നു.

അതു പഴയ കഥ. പുതിയ തലമുറയ്ക്ക് ഇതൊന്നും വിശ്വസിക്കാനാവില്ല. ഇപ്പോൾ മിനച്ചിലാറിന് പട്ടണമേഖലകളിൽ തോടിന്‍റെ വീതി മാത്രമാണുള്ളത്. ആഴവും കുറഞ്ഞു. പല തോടുകളും പിവിസി പൈപ്പുകളിൽ ഒതുങ്ങുകയും ചെയ്തു. ഈ ആറിന്‍റെയും തോടുകളുടെയും ഇടുങ്ങിയ ഭാഗത്തേക്ക് മലവെള്ളം വന്നു തള്ളുന്നതാണ് പട്ടണങ്ങൾ പോലും പെട്ടെന്ന് വെള്ളത്തിനടിയിലാക്കാൻ മുഖ്യകാരണം. കഴിഞ്ഞദിവസം കോട്ടയം ജില്ലയിലെ രണ്ടു പട്ടണങ്ങളിലൂടെ ഈ നദി ഗതിമാറിയൊഴുകുകയായിരുന്നു.

ഇതൊന്നും പോരാഞ്ഞ്, മീനച്ചിലാറ്റിൽ ഇപ്പോൾ ചെറുതും വലുതുമായ നൂറിലധികം പാലങ്ങളുണ്ട്. പ്രളയകാലത്ത് മരങ്ങളും മണ്ണും പാറകളും പാലങ്ങളിൽ തങ്ങിനിൽക്കും. അതോടെ പാലങ്ങൾ ചെറിയ അണക്കെട്ടുകളായി മാറും. ഇതിനു പുറമേയാണ് പുഴകൈയേറ്റം.

ആഴമല്ല, വീതിയാണ് കൂട്ടേണ്ടത്

വെള്ളപ്പൊക്കദുരന്തങ്ങൾ ഇല്ലാതാക്കാൻ മീനച്ചിലാർ പോലുള്ള നദികളിൽനിന്ന് മണൽ വാരണമെന്നാണ് ചിലരുടെ വാദഗതി. എന്നാൽ നദികളുടെ അടിത്തട്ടിൽ ചെളിയാണ് കാണുന്നത്. പല സ്ഥലങ്ങളിലും പാറകൾ തെളിഞ്ഞുകഴിഞ്ഞു. അരനൂറ്റാണ്ടു മുമ്പ് നൂറുമീറ്റർ വീതിയുണ്ടായിരുന്ന മീനച്ചിലാറിന് ഇപ്പോൾ പലയിടങ്ങളിലും പകുതി വീതിപോലുമില്ല.

കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ആറിന്‍റെ വീതി കൂട്ടുകയാണ് ഇതിനൊക്കെ പരിഹാരം. പക്ഷെ, ഈ മേഖലയിൽ നടക്കുന്ന കൈയേറ്റങ്ങളെ എതിർക്കുന്ന ആളുകൾ കുറവാണ്. രാഷ്‌ട്രീയക്കാരും റിയൽഎസ്റ്റേറ്റ് സംഘങ്ങളും സമുദായശക്തികളും തഴച്ചുവളരുന്നതിന് ഇത്തരം തിന്മകൾ അനിവാര്യമാണു താനും.

മലയും കായലും നമുക്ക് സ്വന്തം!

ഇനി, മലയോരങ്ങളിൽ എന്താണു സ്ഥിതിയെന്നു പരിശോധിച്ചാലോ?

ഇടുക്കിപദ്ധതിക്ക് മുമ്പ് മൂലമറ്റം മുതൽ ചെറുതോണി വരെയുള്ള പ്രദേശങ്ങൾ എങ്ങനെയായിരുന്നെന്ന് ആലോചിച്ചു നോക്കുക. അപ്പോഴാണ് മലയോരങ്ങളിലെ കൈയേറ്റത്തിന്‍റെ ഭീകരത വ്യക്തമാകുന്നത്. ഇന്നിപ്പോൾ ആ പ്രദേശങ്ങളിൽ ആനകളില്ല, ആനയുടെ വഴിത്താരകളില്ല. മറ്റു മൃഗങ്ങൾ ഒന്നുമില്ല. ഫോറസ്റ്റ് പോലുമില്ല. നേരത്തെ ഇത്തരം മേഖലകളിൽ ധാരാളം വനവൃക്ഷങ്ങൾ ഉണ്ടായിരുന്നു. ഈ പച്ചപ്പാണ് മഴയുടെ അമ്പതുശതമാനം വെള്ളവും പിടിച്ചുനിർത്തിയിരുന്നത്. കൈയേറ്റവും തോട്ടവത്കരണവും ഈ പ്രക്രിയയ്ക്ക് തിരിച്ചടിയായി.

ഇടുക്കിപദ്ധതി മൂലമുണ്ടായ പാരിസ്ഥിതിക ആലാതം ഒരു സംഘടനയും കൃത്യമായി പഠിച്ചിട്ടില്ലെന്നതും ഗൗരവകരമായ കാര്യമാണ്. ഈ പദ്ധതിക്കായി എഴു ഹെക്റ്റർ മഴക്കാടുകൾ മുറിച്ചുമാറ്റിയതിന്‍റെ ഫലമായി അവിടത്തെ വന്യജീവികൾക്കും പരിസ്ഥിതിക്കും വലിയ നാശമുണ്ടായി.

വികസനത്തിന്‍റെ കണ്ണിലൂടെ നോക്കിയാൽ ചെറുതോണി മേഖല ഇന്നൊരു ചെറുപട്ടണമാണെന്ന് നമുക്കു വേണങ്കിൽ അഭിമാനിക്കാം. കാരണം, സർക്കാർ ഇപ്പോഴും പറയുന്നത് നമ്മുടെ വനമേഖല കുറഞ്ഞിട്ടില്ലെന്നാണ്! മൂന്നാർ പോലുള്ള പ്രദേശങ്ങളിൽ കാട്ടാനകൾ തലചിതറിയും ഷോക്കേറ്റും ചരിയുന്നതിനും യുക്തമായ ഒരു കാരണം കണ്ടെത്തിയാൽ നന്നായിരുന്നു.

ഇനി കായലിന്‍റെ കാര്യം.

വേമ്പനാട്ടുകായൽ ഉദാഹരണമാക്കാം. കൈയേറ്റംമൂലം കായലിന്‍റെ സംഭരണശേഷി കുറഞ്ഞെതെന്ന് എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷന്‍റെ പഠനത്തിലുണ്ട്. 120 വർഷത്തിനിടെ കായലിന്‍റെ സംഭരണശേഷി 85.3 ശതമാനം കുറഞ്ഞെന്ന് 2023 - ലെ കുഫോസിന്‍റെ (കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല) റിപ്പോർട്ടും പറയുന്നു. ഇതു കൂടാതെ കായലിന്‍റെ അടിത്തട്ടിൽ 4376 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളുമുണ്ട്!

മധ്യ തിരുവിതാംകൂറിലെ നദികളിലെ വെള്ളം ശേഖരിച്ച് കടലിന് കൊടുക്കുന്നതും ഉപ്പുവെള്ളം നിയന്ത്രിക്കുന്നതും സമീപകരകളിൽ എക്കൽ നിക്ഷേപിക്കുന്നതും വേമ്പനാട്ടുകായലായിരുന്നു. ഇതിന്‍റെ ആഴം കൂട്ടി അതിന്‍റെ സംഭരണശേഷി വർധിപ്പിക്കണമെന്ന വാദത്തെക്കുറിച്ച് വിദഗ്ധർ മറുപടി പറയട്ടെ!

മഴയെ പഴിക്കരുത്!

മഴയും കാറ്റും വെള്ളപ്പൊക്കവും പണ്ടും ഉണ്ടായിരുന്നു. അന്നൊക്കെ ഈ പ്രകൃതിയുടെ പ്രതിഭാസങ്ങളെ ആരും ശപിച്ചിരുന്നില്ല. എന്നാലിപ്പോൾ അതി വൈകാരികതയ്ക്കാണ് സ്ഥാനം. ചാനലുകളും മറ്റും റേറ്റിങ്ങിനായി അമിതാവേശം പൂണ്ട് മഴയെയും വെയിലിനെയും പലപ്പോഴും പഴി പറയുകയാണ്. പ്രളയമഴ, മരണമഴ, മരണമാസ് മഴ, ദുരന്തമഴ എന്നൊക്കെയാണ് പ്രയോഗങ്ങൾ. ഈ ബാലിശമായ മുറവിളികളിൽ കഥയില്ല.

ആനയുടെ ആവാസകേന്ദ്രങ്ങളിലും സഞ്ചാരപഥങ്ങളിലും റോഡുകളും മറ്റും ഉണ്ടാക്കിയശേഷം ഈ ജീവികളെ ശത്രുക്കളായിക്കാണുന്നത് മറ്റൊരു തമാശയാണ്. പ്രകൃതിയെ ചൂഷണം ചെയ്യാനും അതിലെ ജീവജാലങ്ങളെ കൊന്നുതിന്നാനും അവകാശമുണ്ടെന്ന പൊതുമനോഭാവമാണ് ഇതിനൊക്കെ കാരണം. കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ വച്ച് വെടിവച്ചു കൊന്നാൽ മാത്രം പോരാ, അവയെ ചുട്ടു തിന്നാനും അനുമതി നൽകണമെന്നാണല്ലോ പലരുടെയും ആവശ്യം.

വരുമാനം കിട്ടുമെങ്കിൽ ടൂറിസത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന മനഃസ്ഥിതിയും മാറണം.

എന്തായാലും മലകളും പുഴയോരവും കൈയേറിവർക്കുനേരെ പ്രകൃതി തിരിച്ചടിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതു ശരിവയ്ക്കുന്നതാണു മുണ്ടക്കൈ - ചൂരൽല ഉരുൾപൊട്ടൽ വിതച്ച ദുരന്തം.

അവർ സാത്താന്മാർ!

പക്ഷെ, പരിസ്ഥിതിസംരക്ഷണവുമായി നടന്നാൽ വോട്ടു കിട്ടുകയില്ലെന്ന് എല്ലാ രാഷ്‌ട്രീയകക്ഷികൾക്കും അറിയാം. പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടി വാദിച്ച പി.ടി.തോമസിന്‍റെ അവസ്ഥയെന്തായിരുന്നു?

പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ധ സമിതിയുടെ പേരിലുള്ള ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കിയ . മാധവ്ഗാഡ്ഗിലിനെയും അതിനുശേഷം പാരിസ്ഥിതികപ്രശ്നങ്ങൾ പഠിക്കുവാൻ നിയമിതനായ ആസൂത്രണക്കമ്മിഷൻ അംഗം കെ. കസ്തൂരിരംഗനെയും എല്ലാവരും ശത്രുക്കളായിക്കണ്ടില്ലേ?

മലയോരമേഖലകളിൽ മാധവ്ഗാഡ്ഗിലും കസ്‌തൂരിരംഗനും ഇപ്പോഴും അറിയപ്പെടുന്നത് "സാത്താന്മാർ' എന്നാണ്.

ഗാഡ്ഗിൽ മരിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ തരംതാണ കമന്‍റുകൾ വിക്ഷേപിച്ച പ്രബുദ്ധ മലയാളികളുടെ പ്രതികാരബുദ്ധിയും പ്രതികരണശേഷിയും അഭിനന്ദിക്കാതെ വയ്യ.

ഇനി എന്ത്?

കാലാവസ്ഥയും വികസനസങ്കൽപ്പങ്ങളും തലമുറകളും മാറിമറിയുന്ന പുതിയകാലത്തു നമ്മൾ ഇനിയെന്തു ചെയ്യണം?

നടപ്പിലാക്കാൻ കാര്യങ്ങൾ പലതുണ്ട്. എല്ലാപ്രദേശങ്ങളിലെയും നീരൊഴുക്കുകളുടെ മാപ്പിങ് നടത്തണം. റോഡുകളും നീർച്ചാലുകളും കുളങ്ങളും പാടങ്ങളുമെല്ലാം നദിയുടെ ഭാഗമാണെന്ന് മനസിലാക്കി ഇവയെല്ലാം ഒറ്റ സമുച്ചയമായി പരിരക്ഷിക്കപ്പെടണം. ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും പ്രളയങ്ങളുടെ വിവരങ്ങളും ശേഖരിച്ചു പഠിക്കുന്നതിനായി സ്ഥിരംസംവിധാനം ഉണ്ടാക്കുകയും അതുവഴി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എപ്പോഴും തയാറായിരിക്കുകയും വേണം.

ഇത്രയുമൊക്കെ മതിയോ? പോരാ. ഇത് പൊതുവായ മതമാണ്. ബാക്കി നിലയവിദ്വാന്മാർ വിശകലനം ചെയ്യണം.

അവരുടെ മതം എന്താണ്?

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ