ചെറുവയൽ രാമൻ

 

File

Special Story

വിത്തുകൾ ബാക്കി; കാവലാൾ മടങ്ങി

നെല്ല് വറുത്താൽ പൊരിഞ്ഞു പുറത്തേക്കു പോകുന്നത് അതിന്‍റെ ജീവനാണ്, അതുകൊണ്ട് മലർ വറുക്കരുത് എന്നായിരുന്നു ചെറുവയൽ രാമന്‍റെ പക്ഷം

VK SANJU

വി.കെ. സഞ്ജു

വയനാടിന്‍റെ വയലേലകളിൽ കൊയ്ത്തുകാലത്തിനു മുൻപേ ഒരു ശൂന്യത നിറഞ്ഞിരിക്കുന്നു. കമ്മനയിലെ ചെറുവയൽ വീട്ടിൽ ഇനി രാമൻ ഇല്ല. തലമുറകൾ കൈമാറിവന്ന അൻപതിലധികം നാടൻ നെൽവിത്തുകളെ ഒറ്റയ്ക്കു മണ്ണിൽ ജീവനോടെ നിർത്തിയ മനുഷ്യൻ, അതേ മണ്ണിലേക്കു തന്നെ മടങ്ങിപ്പോയിരിക്കുന്നു.

നെകൽ എന്ന വാക്കിന്, കാരണവന്മാരുടെ നിഴൽപ്പാടുകൾ എന്നർഥം. ചെറുവയൽ രാമനെ അടയാളപ്പെടുത്തുന്ന എം.കെ. രാംദാസിന്‍റെ ഡോക്യുമെന്‍ററിക്ക് ആ പേരാണ് നൽകിയത്. ചെറുവയൽ രാമൻ എന്ന നെകൽ ഒരു വ്യക്തിയെ മാത്രമല്ല, വിസ്മൃതിയുടെ വിളുമ്പിൽ നിൽക്കുന്ന ഒരു സംസ്കാരത്തെക്കൂടിയാണ് പ്രതിഫലിപ്പിച്ചിരുന്നത്.

ചെറുവയൽ രാമൻ നടത്തിയത് അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. പക്ഷേ, അത് ഒരു വ്യക്തി എന്ന നിലയിൽ സ്വന്തം അതിജീവനമോ, ഒരു സമൂഹം എന്ന നിലയിൽ കുറിച്യരുടെ അതിജീവനമോ ആയിരുന്നില്ല; പ്രകൃതിയുടെ ആകെ അതിജീവനമായിരുന്നു. അദ്ദേഹം സംരക്ഷിച്ച പരമ്പരാഗത നെൽവിത്തുകൾ അതിന്‍റെ ഒരു പ്രതീകം മാത്രം.

ചെറുവയൽ രാമൻ എന്ന ഒറ്റയാൾ പോരാളിയുടെ ജീവിതം ഡോക്യുമെന്‍റ് ചെയ്യുക എന്നതിനൊപ്പം, കേരളത്തിലെ കുടിയേറ്റ മേഖലകളുടെ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലംകൂടി അടയാളപ്പെടുത്തുന്ന ഡോക്യുമെന്‍ററിയാണ് നെകൽ. കുടിയേറ്റം അധിനിവേശമായി മാറുകയും, കുടിയേറ്റ മേഖലയുടെ സാംസ്കാരിക പാരമ്പര്യങ്ങളിൽപ്പോലും അധിനിവേശത്തിന്‍റെ അടയാളങ്ങൾ പതിയുകയും ചെയ്ത ചരിത്രപാഠങ്ങളിലൂടെയാണ് 'നെകൽ' രാമന്‍റെ ജീവിതത്തിലേക്കു കടക്കുന്നത്. ഭക്ഷണത്തിന്‍റെ രാഷ്ട്രീയത്തിനൊപ്പം, അധിനിവേശത്തിന്‍റെ പ്രതിലോമ രാഷ്ട്രീയവും അതിന്‍റെ പ്രത്യാഘാതങ്ങളും നെകൽ രേഖപ്പെടുത്തി. സ്വയമറിയാതെയെന്നോണം, ചെറുവയൽ രാമനും പ്രതിഫലിപ്പിച്ചത് ഇതേ ചരിത്രപാഠങ്ങളെത്തന്നെയാണ്.

നെല്ലിന്‍റെ ചലനത്തെയും ശബ്ദത്തെയും ജീവനെയും കുറിച്ച് രാമൻ പറയാറുണ്ടായിരുന്നു. നെല്ല് വറുത്താൽ പൊരിഞ്ഞു പുറത്തേക്കു പോകുന്നത് അതിന്‍റെ ജീവനാണ്, അതുകൊണ്ട് മലർ വറുക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം. കുളിച്ചു ശുദ്ധിയായി മാത്രം നെല്ലിൽ തൊടുന്നവരും, അതുമായി ബന്ധപ്പെട്ട ഓരോ ചടങ്ങിലും നെല്ലിനെ തൊട്ടുവന്ദിക്കുന്നവരുമാണ് അവർ. പരിസ്ഥിതി ദിനത്തിൽ മരത്തൈ നട്ട് മറവിയുടെ മണ്ണിട്ടു മൂടുന്ന കാലത്ത്, യഥാർഥ പരിസ്ഥിതി സംരക്ഷണത്തിൽ വിശ്വാസങ്ങൾക്കുള്ള പ്രസക്തി അടയാളപ്പെടുത്തിയ ജീവിതമായിരുന്നു ചെറുവയൽ രാമന്‍റേത്.

ലോകത്ത് മറ്റെവിടെയുമെന്നതുപോലെ കേരളത്തിലും നാട്ടറിവുകളും പാരമ്പര്യ വിശ്വാസങ്ങളും കൂടിക്കലർന്നു കിടക്കുകയാണ്. അവയിൽ പലതും കാലക്രമത്തിൽ ദുർവ്യാഖ്യാനങ്ങൾക്കും ദുരുപയോഗങ്ങൾക്കും പാത്രമായിട്ടുമുണ്ടാകും. ഇവ ഇഴതിരിക്കപ്പെടാതെ കിടക്കുന്നത് ഈ പാരമ്പര്യ വിജ്ഞാനത്തിന്‍റെ സംരക്ഷണത്തിന് തടസമായിട്ടുണ്ട്. ആ ഇഴതിരിക്കൽ, ശാസ്ത്രത്തിന്‍റെ കണ്ണും നാട്ടറിവിന്‍റെ ഹൃദയവും ഒരുമിച്ചു വേണ്ട ഒരു ജോലിയാണ്. രാമേട്ടൻ അത് ജീവിതംകൊണ്ടു തുടങ്ങിവച്ചു; പൂർത്തിയാക്കേണ്ടത് ഇനി ശേഷിക്കുന്നവരാണ്.

ആ വിത്തുകൾ അദ്ദേഹത്തിന് സമ്പാദ്യമായിരുന്നില്ല, ഉത്തരവാദിത്വമായിരുന്നു. പത്താം വയസിൽ മണ്ണിലിറങ്ങിയ ആൾ, അമ്മാവൻ നൽകിയ നാൽപ്പത് ഏക്കറിൽ ആ കാവൽ തുടങ്ങി. അന്വേഷിച്ചെത്തിയ ഗവേഷകർക്കും കർഷകർക്കും വിത്തുകൾ സൗജന്യമായി പകർന്നുനൽകി; പങ്കുവയ്ക്കപ്പെടുമ്പോഴേ വിത്ത് സുരക്ഷിതമാകൂ എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. 2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചപ്പോഴും അദ്ദേഹം വയലിലേക്കുതന്നെ മടങ്ങി. ഏറ്റവുമൊടുവിൽ, പുതുതായി ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സ്മാരക കാർഷിക പുരസ്കാരത്തിന്‍റെ ആദ്യ ജേതാവായും തെരഞ്ഞെടുക്കപ്പെട്ടു.

ഭാര്യ ഗീതയെയും മക്കളായ രമണി, രമേശൻ, രാജേഷ് എന്നിവരെയും ബാക്കിയാക്കി രാമേട്ടൻ മടങ്ങി. അദ്ദേഹം കാത്തുസൂക്ഷിച്ച വിത്തുകൾ ഇപ്പോഴും മണ്ണിനടിയിൽ ഉറങ്ങുന്നുണ്ട്, അടുത്ത മഴയ്ക്കുള്ള കാത്തിരിപ്പാണവയ്ക്ക്. കാരണവന്മാരുടെ നിഴൽപ്പാടുകളിൽ ഒന്നായി ഇനി ചെറുവയൽ രാമനും. ആ നിഴൽ നീളുന്നത് വയലുകളിലേക്കാണ്; ഓരോ വിത്തും ഓരോ ഓർമയാണ്....