അന്തരിച്ച മന്ത്രി ഉദ്ഘാടകൻ

 
Special Story

അന്തരിച്ച മന്ത്രി ഉദ്ഘാടകൻ; ഇത്തിക്കര പാലം മരിക്കാത്ത ഓർമ

പാലത്തി‌ന്‍റെ വെളുത്ത ശിലാഫലകത്തിൽ കറുത്ത അക്ഷരങ്ങളാൽ രേഖപ്പെടുത്തിയ വാചകം ഇങ്ങനെ : "മന്ത്രി ശ്രീ. ടി.കെ. ദിവാകരന്‍റെ മൃതദേഹപേടകം ഇതുവഴികൊണ്ടുപോയാണ് ഈ പാലം സഞ്ചാരത്തിന് തുറന്നുകൊടുത്തത്.'

MV Desk

അന്തരിച്ച മന്ത്രി ഉദ്ഘാടനം ചെയ്ത ഒരു പാലം തെക്കൻ കേരളത്തിലുണ്ട് , ചരിത്രത്തിലെ വിസ്മയമായി.പാലത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ തങ്ങളുടെ പ്രിയപ്പെട്ട ടി.കെ. തന്നെ ഉദ്ഘാടകനായി വേണമെന്ന് രാഷ്ട്രീയഭേദമന്യേ ആവശ്യം ഉയർന്നു

ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റു. മന്ത്രിമാരും അവരുടെ വകുപ്പുകളും തീരുമാനമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങും ഇന്നലെ നടന്നു. ഇനി ഉദ്ഘാടന മേളങ്ങളുടെ കാലമായിരിക്കും. പുതുതായി ചുമതലയേറ്റ മന്ത്രിമാർ വരുംദിവസങ്ങളിൽ കേരളത്തിലാകമാനം വിവിധ പദ്ധതികളും സമ്മേളനങ്ങളും ഉദ്ഘാടനം ചെയ്തു തുടങ്ങും. ഉദ്ഘാടനങ്ങളുടെ പുതിയ കാലത്തെ കാത്തിരിക്കുമ്പോൾ അത്യപൂർവമായ ഒരു പഴയ ഉദ്ഘാടന ചടങ്ങ് ഓർമയിലെത്തും.

അന്തരിച്ച മന്ത്രി ഉദ്ഘാടനം ചെയ്ത ഒരു പാലം തെക്കൻ കേരളത്തിലുണ്ട് , ചരിത്രത്തിലെ വിസ്മയമായി. കൊല്ലം ജില്ലയിലെ ദേശീയപാത 47 കടന്നുപോകുന്ന ചാത്തന്നൂരിനു സമീപം ഇത്തിക്കര ആറിനു കുറുകെയുള്ള ഇത്തിക്കര പാലമാണ് വേർപാടിന്‍റെ വേദനയിൽ കനംതൂങ്ങിയ നിമിഷങ്ങളിലൂടെ മന്ത്രിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1976 ജനുവരി 20നായിരുന്നു ഓർമയിൽ നിന്ന് ഇന്നും മായാത്ത, കണ്ണീരിൽ കുതിർന്ന നിമിഷം പിറന്നത്.

ഇത്തിക്കര പാലം മരിക്കാത്ത ഓർമ

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി.കെ. ദിവാകരന്‍റെ വലിയ സ്വപ്നമായിരുന്നു ഇത്തിക്കരയിലെ പുതിയ പാലം. അദ്ദേഹം മന്ത്രിയായിരിക്കെ തന്നെ പാലം പണി തുടങ്ങി. പണി പൂർത്തീകരിച്ച് ജനുവരി 20ന് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സർക്കാർ തീരുമാനിച്ചു, ഉദ്ഘാടനം മന്ത്രി ടി.കെ. ദിവാകരൻ തന്നെ. പക്ഷേ വിധി മറ്റൊന്നായിരുന്നു.

ഒരാഴ്ച മുന്‍പ് അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മന്ത്രി, ഉദ്ഘാടത്തിന് ദിനത്തിന്‍റെ തലേന്ന്, അതായത് 1976 ജനുവരി 19ന് അന്തരിച്ചു. മരണത്തിന്‍റെ മഹാമൗനത്തിലേക്ക് പ്രിയങ്കരനായ മന്ത്രി മടങ്ങിയതോടെ പാലത്തിന്‍റെ ഉദ്ഘാടനം ഉത്സവമാക്കാൻ കാത്തിരുന്ന ഇത്തിക്കരയും പരിസരപ്രദേശങ്ങളും ശോകമൂകമായി. ജനകീയ മന്ത്രിയെന്ന പേരുള്ള ടി.കെ. ദിവാകരന്‍റെ മരണം നാടിന് താങ്ങാകുന്നതിലും അപ്പുറമായിരുന്നു. ജനുവരി 20ന് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങ് നിശ്ചയിച്ചു.

സംസ്കാരത്തിന് തെരഞ്ഞെടുത്തത് കൊല്ലം റിസർവ് പൊലീസ് ക്യാംപിന് സമീപത്തെ സ്ഥലമായിരുന്നു. ഉദ്ഘാടനം മാറ്റിവയ്ക്കുക അല്ലെങ്കിൽ മറ്റാരെയെങ്കിലും കൊണ്ട് നിർവഹിക്കുക എന്നതായിരുന്നു സർക്കാർ തീരുമാനം. എന്നാൽ നാട് ഒന്നടങ്കം എതിർത്തു. പാലത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ തങ്ങളുടെ പ്രിയപ്പെട്ട ടി.കെ. തന്നെ ഉദ്ഘാടകനായി വേണമെന്ന് രാഷ്ട്രീയഭേദമന്യേ ആവശ്യം ഉയർന്നു.

ഒടുവിൽ ടി.കെ. ദിവാകരൻ തുറന്നുകൊടുക്കാൻ ഉദ്ദേശിച്ചിരുന്ന ഇത്തിക്കര പാലത്തിൽക്കൂടി മൃതദേഹം കൊണ്ടുപോയി പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ തീരുമാനിച്ചു. തുടർന്ന് പാലത്തിനു കുറുകെ ഒരു കറുത്ത റിബൺ കെട്ടി, മൃതദേഹത്തിനു മുന്നിലുള്ള അനൗൺസ്മെന്‍റ് വാഹനത്തിലൂടെ ഈ സംഭവത്തിന് വലിയ പ്രചാരണവും നൽകി. ടി.കെയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം പാലത്തിനു കുറുകെ കെട്ടിയ കറുപ്പു നാടയെ ഭേദിച്ചു നീങ്ങി. അതോടെ പാലം ഉദ്ഘാടനം ചെയ്യപ്പെട്ടു.

പാലം കടന്നപ്പോൾ ശവമഞ്ചത്തിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചു. ഒരുപക്ഷേ ലോകത്തിൽ ഇന്നുവരെ ഇങ്ങനെയൊരു ഉദ്ഘാടനം നടന്നിരിക്കാൻ ഇടയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

പാലത്തി‌ന്‍റെ വെളുത്ത ശിലാഫലകത്തിൽ കറുത്ത അക്ഷരങ്ങളാൽ രേഖപ്പെടുത്തിയ വാചകം ഇങ്ങനെ: "മന്ത്രി ശ്രീ. ടി.കെ. ദിവാകരന്‍റെ മൃതദേഹപേടകം ഇതുവഴികൊണ്ടുപോയാണ് ഈ പാലം സഞ്ചാരത്തിന് തുറന്നുകൊടുത്തത്.' ആ ശിലാഫലകം ചരിത്രത്തിന്‍റെ അടയാളപ്പെടുത്തലെന്ന പോലെ പാലത്തിന്‍റെ അങ്ങേയറ്റത്ത് ഇപ്പോഴുമുണ്ട്.

"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

എബോള: ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു

കനത്ത മഴ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചു പോയി

ചെന്നിത്തലയും പിഷാരടിയും ഇംഗ്ലിഷിൽ, അഷറഫ് കന്നഡയിൽ; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ

"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്