ലക്ഷ്യസ്ഥാനങ്ങൾക്ക് അപ്പുറമുള്ള വിനോദ സഞ്ചാരം

 

പ്രതീകാത്മക ചിത്രം

Special Story

ലക്ഷ്യസ്ഥാനങ്ങൾക്ക് അപ്പുറമുള്ള വിനോദ സഞ്ചാരം

ഇന്ത്യയുടെ അടുത്ത മുന്നേറ്റം പങ്കാളിത്തത്തിലൂടെ കെട്ടിപ്പടുക്കണം

MV Desk

ഗജേന്ദ്ര സിങ് ഷെഖാവത്ത്

കേന്ദ്ര സാംസ്കാരിക,

ടൂറിസം വകുപ്പു മന്ത്രി

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കുറവ് ഇന്ത്യയിലില്ല. എന്നാൽ, ലോകത്തിന് അവയെ പരിചയപ്പെടുത്താനും സഞ്ചാരികളെ അവിടങ്ങളിലേക്ക് എത്തിക്കാനും അവിടുത്തെ അനുഭവങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കാനും, എല്ലാറ്റിലുമുപരി സഞ്ചാരികളെ അവിടേക്ക് വീണ്ടും വരാൻ പ്രേരിപ്പിക്കാനും ആവശ്യമായ ഭാവനാശേഷിയുടെ കുറവ് ചിലപ്പോഴെങ്കിലും നമുക്കുണ്ടായിട്ടുണ്ട്.

നമ്മുടെ പൈതൃക സമ്പത്ത് സമാനതകളില്ലാത്തതാണ്. പുരാതന നഗരങ്ങളും സജീവമായി നിലനിൽക്കുന്ന പാരമ്പര്യങ്ങളും പുണ്യഭൂമികളും വന്യജീവി സമ്പത്തും വാസ്തുവിദ്യയും കരകൗശല വസ്തുക്കളും വൈവിധ്യമാർന്ന ഭക്ഷണരീതികളും ഉത്സവങ്ങളും മലനിരകളും തീരപ്രദേശങ്ങളും അതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, പൈതൃകം കൊണ്ടു മാത്രം വിനോദ സഞ്ചാരം വളരുന്നില്ല. ഒരു സ്മാരകം മാത്രമുള്ളതു കൊണ്ട് ഒരിടം വിനോദസഞ്ചാര കേന്ദ്രമായി മാറുന്നില്ല; വിനോദസഞ്ചാര കേന്ദ്രമെന്നത് ഒരു ആവാസ വ്യവസ്ഥയാണ്. അവിടേക്ക് നയിക്കുന്ന പാതയും യാത്രയ്ക്ക് മുമ്പു തന്നെ സഞ്ചാരികളിലേക്ക് എത്തുന്ന കഥകളും അവരെ വരവേൽക്കുന്ന ആതിഥ്യ മര്യാദയും അതിന് തനിമ നൽകുന്ന കരകൗശല തൊഴിലാളിയും ആ സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയും വിനോദ സഞ്ചാരം സാമ്പത്തിക അവസരമായി മാറുമോ അതോ കേവലമൊരു കടന്നുകയറ്റമായി മാത്രം അവശേഷിക്കുമോ എന്നു നിർണയിക്കുന്ന പ്രാദേശിക സമൂഹത്തിന്‍റെ പങ്കാളിത്തവും ചേർന്നതാണ് ആ ആവാസ വ്യവസ്ഥ.

അതുകൊണ്ടാണ് ഇന്ത്യൻ വിനോദ സഞ്ചാരത്തിന്‍റെ അടുത്ത അധ്യായം കേവലം വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് പങ്കാളിത്തത്തിന് പ്രാധാന്യം നൽകിക്കൊണ്ട് എഴുതപ്പെടേണ്ടതാണെന്ന് പറയുന്നത്. പണ്ട് സർക്കാരുകൾ അടിസ്ഥാന സൗകര്യങ്ങൾ നൽകി, സഞ്ചാര കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിച്ചു, വ്യവസായ മേഖല സഞ്ചാരികൾക്ക് യാത്രയ്ക്കും താമസത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കി. എന്നാൽ, പ്രദേശിക സമൂഹങ്ങൾ മിക്കപ്പോഴും മുഖ്യധാരയ്ക്ക് പുറത്തു തന്നെ തുടർന്നു. പുതിയ ഘടനയിൽ സർക്കാരും വ്യവസായ മേഖലയും സാങ്കേതിക കമ്പനികളും ഉള്ളടക്ക സ്രഷ്ടാക്കളും നിക്ഷേപകരും സംസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും പ്രാദേശിക സമൂഹങ്ങളും വിനോദ സഞ്ചാര അനുഭവങ്ങളുടെ സഹസ്രഷ്ടാക്കളായി മാറണം.

ഇന്ന് വിനോദ സഞ്ചാരം എന്നത് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള കേവലമായ യാത്ര മാത്രമല്ല. മറിച്ച്, ആശയങ്ങളുടെയും കഥകളുടെയും അഭിലാഷങ്ങളുടെയും മൂലധനത്തിന്‍റെയും സാംസ്കാരിക സ്വാധീനത്തിന്‍റെയും കൈമാറ്റം കൂടിയാണ്. സഞ്ചാരികൾ ഇന്ന് ഇന്ത്യയെ ഒരു കാഴ്ചയായി കാണാൻ മാത്രമല്ല, അടുത്തറിയാനും അനുഭവിച്ചറിയാനുമാണ് കൂടുതൽ ആഗ്രഹിക്കുന്നത്. ഇവിടുത്തെ ഭക്ഷണ വിഭവങ്ങൾ രുചിച്ചറിയാനും പാരമ്പര്യങ്ങൾ മനസിലാക്കാനും വീടുകളിൽ അതിഥികളാകാനും കരകൗശല തൊഴിലാളികളെ നേരിൽ കാണാനും എത്ര ചുരുങ്ങിയ സമയത്തേക്കാണെങ്കിലും ഇവിടുത്തെ സജീവമായ സംസ്കാരത്തിന്‍റെ ഭാഗമാകാനും അവർ ആഗ്രഹിക്കുന്നു. ആ പരിവർത്തനം തുറന്നിടുന്നത് സമാനതകളില്ലാത്ത വലിയൊരു അവസരമാണ്.

എന്നാൽ, കൃത്യമായ ഏകോപനമില്ലാത്ത അവസരങ്ങൾ ഫലപ്രാപ്തിയിലെത്തുന്നത് വിരളമാണ്. അതുകൊണ്ടു തന്നെ, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന് നിർണായകമായ ഒരു പങ്കുണ്ട്. എല്ലാ കാര്യങ്ങളും സർക്കാർ നേരിട്ട് ചെയ്യുക എന്നതല്ല, കൂടുതൽ കാര്യങ്ങൾ പ്രാവർത്തികമാക്കാനുള്ള സാഹചര്യമൊരുക്കുക എന്നതാണ്. റോഡുകൾ, വിമാനത്താവളങ്ങൾ, റെയ്‌ൽവേ, ശുചിത്വ സംവിധാനങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, പൈതൃക സംരക്ഷണം, പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയിലെ പൊതുനിക്ഷേപം സ്വകാര്യ സംരംഭങ്ങൾക്ക് നൂതനാശയങ്ങൾ വികസിപ്പിക്കാനും നിക്ഷേപം നടത്താനുമുള്ള അടിത്തറയൊരുക്കുന്നു. ഭരണ നേതൃത്വത്തിന്‍റെ ഇച്ഛാശക്തി തുടർച്ചയും വ്യക്തമായ ദിശാബോധവും നൽകുന്നു. വ്യവസായ മേഖലയാകട്ടെ മൂലധനം, മാനെജ്മെന്‍റ് വൈദഗ്ധ്യം, സാങ്കേതികവിദ്യ, വിപണി ലഭ്യത എന്നിവ സംഭാവന ചെയ്യുന്നു. ഒരു സർക്കാരിനോ കോർപ്പറേറ്റിനോ കൃത്രിമമായി സൃഷ്ടിക്കാൻ കഴിയാത്ത ഒന്നാണ് പ്രാദേശിക സമൂഹങ്ങൾ നൽകുന്നത്.

വ്യവസായ മേഖലയുമായുള്ള ടൂറിസം മന്ത്രാലയത്തിന്‍റെ വിപുലമായ സഹകരണം ഈ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണ്. 2026ലെ ലോക വിനോദസഞ്ചാര ദിനത്തിൽ കൈമാറിയ അഞ്ചെണ്ണം ഉൾപ്പെടെ 11 തന്ത്രപ്രധാന ധാരണാപത്രങ്ങളിൽ ഇതിനകം ഒപ്പുവച്ചുകഴിഞ്ഞു. സാങ്കേതിക വിദ്യ, യാത്രാ സൗകര്യങ്ങൾ, ഹോസ്പിറ്റാലിറ്റി, ഉള്ളടക്ക നിർമാണം, ഡിജിറ്റൽ പ്രചാരണം, പ്രാദേശിക സംരംഭങ്ങൾ എന്നിവയാണവ.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

കണ്ടെത്തുന്ന ശാസ്ത്രം

ഒരു തലമുറ മുമ്പ് ഒരു യാത്രാവിവരണ പുസ്തകത്തിലൂടെയോ പരസ്യങ്ങളിലൂടെയോ ആയിരിക്കാം ഒരു സഞ്ചാരി ഇന്ത്യയെ പരിചയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന്, ഒരു സിനിമയിലൂടെയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലൂടെയോ ഉള്ളടക്ക സ്രഷ്ടാക്കളുടെ ആഖ്യാനത്തിലൂടെയോ മൊബൈൽ ഫോണിൽ കാണുന്ന ഒരു ചിത്രത്തിലൂടെയോ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന് ആഗോളതലത്തിൽ ശ്രദ്ധ നേടാനാകും.

നെറ്റ്ഫ്ലിക്സുമായുള്ള പങ്കാളിത്തം വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ പുതിയ രീതിയുടെ ഉദാഹരണമാണ്. ഇന്ത്യയുടെ സംസ്കാരം, വന്യജീവി സമ്പത്ത്, പർവത പ്രദേശങ്ങളിലെ പ്രകൃതിഭംഗി എന്നിവയെ അന്താരാഷ്‌ട്ര പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഈ പങ്കാളിത്തം സഹായിക്കുന്നു. ഐടിബി ബെർലിൻ 2026ൽ അവതരിപ്പിച്ച ഫ്ലേവേഴ്സ് ഓഫ് ഇന്ത്യയും, ലണ്ടനിലും ന്യൂയോർക്കിലും നടത്തിയ പ്രചാരണ ക്യാംപെയ്‌നുകളും വ്യക്തമാക്കുന്നത് വിനോദ സഞ്ചാരത്തിന്‍റെ ഭൂമിശാസ്ത്രത്തിനു മുന്നോടിയായി കഥ പറച്ചിലിന്‍റെ ഭൂമിശാസ്ത്രം ഇടംപിടിക്കുന്നു എന്നതാണ്.

എന്നാൽ, ഈ കഥ പറച്ചിൽ ആത്യന്തികമായി ആളുകൾക്ക് യാത്ര ചെയ്യാനുള്ള ഒരു കാരണമായി മാറണം. ഇവിടെയാണ് അടുത്ത തലമുറ പങ്കാളിത്തങ്ങളുടെ പ്രസക്തി വ്യക്തമാകുന്നത്. മാസ്റ്റർ കാർഡുമായി ചേർന്ന് വികസിപ്പിച്ച "പ്രോജക്റ്റ് വാരാണസി പ്രൈസ്‌ലെസ്' കേവലം പരസ്യ പ്രചാരണത്തിനപ്പുറം, നേരിട്ട് അനുഭവിച്ചറിയാനും മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയുന്ന അനുഭവങ്ങളിലേക്ക് സഞ്ചാരികളെ നയിക്കുന്നു. സൂര്യോദയ സമയത്തെ ഗംഗാ നദി, ശാസ്ത്രീയ സംഗീതം, സാഹിത്യ സംവാദങ്ങൾ, ബനാറസി നെയ്ത്ത് സമൂഹങ്ങൾ, പൈതൃക ഭവനങ്ങളിലെ താമസം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വാരാണസിയെ കേവലം ഫോട്ടൊയെടുക്കാനുള്ള സ്മാരകമായിട്ടല്ല, അനുഭവിച്ചറിയേണ്ട നാഗരികതയായിട്ടാണ് അവതരിപ്പിക്കുന്നത്. ഈ തിരിച്ചറിവ് നമ്മുടെ സമഗ്ര വിനോദ സഞ്ചാര തന്ത്രത്തിന് അടിത്തറയാകേണ്ടതുണ്ട്.

വിനോദ സഞ്ചാര ആകർഷണങ്ങൾ വിൽക്കുന്നതിൽ നിന്ന് അനുഭവങ്ങൾ ആസൂത്രണം ചെയ്ത് ഒരുക്കുന്നതിലേക്ക് ഇന്ത്യ മാറണം. ഈ സംവിധാനത്തിൽ വ്യോമ ഗതാഗതവും തുല്യപ്രാധാന്യമുള്ള ഘടകമാണ്. അലയൻസ് എയർ, എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയുമായുള്ള പങ്കാളിത്തം "ഇൻക്രെഡിബിൾ ഇന്ത്യ'യുടെ പ്രചാരണം യാത്രക്കാരിലേക്കും വ്യാപിപ്പിക്കുന്നു.

സാങ്കേതികവിദ്യ

ആരാണ് യാത്ര ചെയ്യുന്നത്, സഞ്ചാരികൾ എന്താണ് തേടുന്നത്, എവിടെയാണ് ആവശ്യകത ഉയരുന്നത്, അവരുടെ മുൻഗണനകൾ എങ്ങനെയാണ് മാറുന്നത് തുടങ്ങിയവ കൂടുതൽ കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ആഗോള യാത്രാ ആവശ്യകതയും സഞ്ചാരികളുടെ പെരുമാറ്റരീതികളും മനസിലാക്കാനും ശേഷി വികസനത്തിനും ഗൂഗിൾ ഇന്ത്യയുമായി സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുന്ന വിനോദ സഞ്ചാര നയത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

ഏറ്റവും നിർണായകമായ മാറ്റം പരമ്പരാഗത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ഏറെ അകലെയുള്ള പ്രദേശങ്ങളിലായിരിക്കാം സംഭവിക്കുന്നത്. വിനോദ സഞ്ചാരം എല്ലാവരെയും ഉൾക്കൊള്ളണമെങ്കിൽ, നഗരങ്ങളിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങൾക്കു തുല്യമായ പ്രാധാന്യം ഗ്രാമങ്ങൾക്കും വിനോദ സഞ്ചാര നയത്തിൽ ലഭിക്കണം. ഹോട്ടലുകൾക്കു തുല്യമായ പ്രാധാന്യം ഹോം സ്റ്റേകൾക്കും, വിനോദസഞ്ചാര ആകർഷണങ്ങൾക്കു തുല്യമായ പ്രാധാന്യം കരകൗശല തൊഴിലാളികൾക്കും ലഭിക്കണം. വൻകിട വിനോദ സഞ്ചാര സേവന ദാതാക്കൾക്കൊപ്പം പ്രാദേശിക സംരംഭകർക്കും തുല്യ പരിഗണന കിട്ടണം.

എയർബിഎൻബി, സോൾ ഓഫ് ഇന്ത്യ, മേക്ക്‌ മൈ ട്രിപ്പ് എന്നിവരുമായുള്ള പങ്കാളിത്തങ്ങൾ വിനോദ സഞ്ചാര അവസരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ്. ഹോം സ്റ്റേ നടത്തിപ്പുകാർക്ക് ഡിജിറ്റൽ ശേഷികൾ വികസിപ്പിക്കാൻ സഹായിക്കുക, അധികം അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് കൂടുതൽ ദൃശ്യപരത ഉറപ്പാക്കുക, ഇതുവരെ അധികം ശ്രദ്ധിക്കപ്പെടാത്ത ഗ്രാമങ്ങളെ കണ്ടെന്‍റ് നിർമാതാക്കളുമായും മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന താമസ സൗകര്യങ്ങളുമായും ബന്ധിപ്പിക്കുക എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഇതിനു പിന്നിലെ ആശയം ഏറെ പ്രസക്തമാണ്: ഒരു വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരിയുടെ മനസിൽ ഇടം പിടിക്കുമ്പോൾ, അത് സൃഷ്ടിക്കുന്ന സാമ്പത്തിക അവസരങ്ങൾ ആ കേന്ദ്രത്തിന് തനതായ വ്യക്തിത്വം നൽകുന്ന ജനങ്ങളുടെ ജീവിതങ്ങളിലേക്കും എത്തണം.

സന്ദർശകരുടെ എണ്ണം കൊണ്ടു മാത്രം വിജയത്തെ അളക്കാനാവില്ല. അതിനേക്കാൾ പ്രസക്തമായ ഒരു ചോദ്യം നാം ചോദിക്കേണ്ടതുണ്ട്: ഒരു വിനോദ സഞ്ചാര കേന്ദ്രം വിജയിക്കുമ്പോൾ അതിന്‍റെ നേട്ടം ആർക്കാണ് ലഭിക്കുന്നത്? കരകൗശല തൊഴിലാളിയുടെ വരുമാനം വർധിക്കുന്നുണ്ടോ? ഒരു യുവാവിന് സ്വന്തം നാട്ടിൽ തന്നെ തൊഴിലവസരം ലഭിക്കുന്നുണ്ടോ? വനിതാ സംരംഭകയ്ക്ക് വിപണി കണ്ടെത്താനാകുന്നുണ്ടോ? സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കാൻ ഇത് പ്രാദേശിക സമൂഹത്തിന് പ്രചോദനമാകുന്നുണ്ടോ? കേവലം ഒരു ഫോട്ടൊയുമായി മടങ്ങുന്നതിനു പകരം, കൂടുതൽ ആഴത്തിലുള്ള അറിവും ധാരണയുമായാണോ സഞ്ചാരി അവിടെ നിന്ന് മടങ്ങുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം "അതെ' എന്നാണെങ്കിൽ വിനോദ സഞ്ചാരം ഒരു വ്യവസായം എന്നതിലുപരിയായി മാറുന്നു.

ഈ രംഗത്ത് ഇന്ത്യയിലെ അധികം അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ വലിയൊരു അവസരമാണ് തുറന്നിടുന്നത്. സാങ്കേതിക വിദ്യയിലൂടെ അവയെ യുവതലമുറയ്ക്ക് പരിചയപ്പെടുത്താം; മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളിലൂടെ അവിടേക്ക് എത്തിച്ചേരുന്നത് എളുപ്പമാക്കാം; സ്വകാര്യ നിക്ഷേപത്തിലൂടെ അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാം. ഒപ്പം, വളർച്ചയുടെ പേരിൽ തനതായ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തിനും കഴിയും. ഹിമാലയൻ മേഖലകളിൽ പ്രാദേശിക സമൂഹങ്ങളുടെ നേതൃത്വത്തിൽ പൈതൃക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള സംരംഭങ്ങളും വാമൊഴി പാരമ്പര്യങ്ങൾ, കരകൗശലവിദ്യകൾ, തദ്ദേശീയ അറിവുകൾ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. പൈതൃക സംരക്ഷണത്തിനും സഹായകമാകാൻ കഴിയുമെന്ന് ഇവ തെളിയിക്കുന്നു.

പങ്കാളിത്തമുള്ള സമൂഹം

ധാരണാപത്രം തുടക്കം മാത്രമാണ്. വ്യവസായ സംഘടനകളും യാത്രാ- വ്യാപാര മേഖലയിലെ സ്ഥാപനങ്ങളും ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. യാത്രാ സ്ഥലങ്ങളിലെ അനുഭവങ്ങളുടെ ഗുണനിലവാരം നിർണയിക്കുന്നത് സംസ്ഥാനങ്ങളും പ്രാദേശിക സ്ഥാപനങ്ങളുമാണ്. അതിനാൽ, ഇന്ത്യൻ വിനോദ സഞ്ചാരത്തിന്‍റെ ഭാവി പഴയ സ്ഥാപനപരമായ അതിർത്തികൾ മറികടക്കാനുള്ള നമ്മുടെ കഴിവിലാണ്. വാരാണസി നൽകുന്നത് ഈ സാധ്യതയുടെ ഒരു നേർക്കാഴ്ചയാണ്: കഥ പറച്ചിൽ, സംഗീതം, പൈതൃകം, നെയ്ത്ത്, ആതിഥ്യ മര്യാദ, സാങ്കേതികവിദ്യ എന്നിവയെല്ലാം ഒരൊറ്റ വിനോദ സഞ്ചാര കേന്ദ്രത്തെ ചുറ്റിപ്പറ്റി ഇവിടെ ഒത്തുചേരുന്നു.

ഇതിൽ നിന്നുള്ള വലിയ പാഠം വ്യക്തമാണ്. ഇന്ത്യയ്ക്ക് കൂടുതൽ വിനോദ സഞ്ചാരികളെ മാത്രമല്ല, വിനോദ സഞ്ചാരത്തിൽ കൂടുതൽ പങ്കാളിത്തമുള്ള ഒരു സമൂഹത്തെയാണ് ആവശ്യം. വിനോദ സഞ്ചാരത്തെ മറ്റാരുടെയോ വ്യവസായമായി കാണുന്നതിന് പകരം, തങ്ങൾക്കും പങ്കാളിത്തമുള്ള ഒരു അവസരമായി പൗരന്മാർ കാണുന്ന ഒരു സമൂഹം. പൊതുനിക്ഷേപം ആവശ്യമായ അടിത്തറയൊരുക്കുകയും സ്വകാര്യ നിക്ഷേപം സാധ്യതകൾ വർധിപ്പിക്കുകയും പ്രാദേശിക സമൂഹത്തിന്‍റെ പങ്കാളിത്തം വികസനത്തിന് വിശ്വാസ്യത നൽകുകയും ചെയ്യുന്ന ഒരു സമൂഹം.

ഒരു സഞ്ചാരിക്ക് നൽകാൻ ആവശ്യമായത് ഇന്ത്യയിലുണ്ടോ എന്നതല്ല ചോദ്യം. തീർച്ചയായും അതുണ്ട്. ഇന്ത്യയിലേക്കുള്ള ഓരോ യാത്രയും അതിന്‍റെ നാഗരികതയെ അടുത്തറിയാനുള്ള യാത്രയായി മാറുന്നുവെന്നും, ആ യാത്രയിലൂടെ സൃഷ്ടിക്കപ്പെടുന്ന അഭിവൃദ്ധി ആ നാഗരികതയെ സജീവമായി നിലനിർത്തുന്ന ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്നും ഉറപ്പാക്കാൻ ആവശ്യമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാൻ നമുക്ക് കഴിയുമോ എന്നതാണ് ഇനി നമ്മുടെ മുന്നിലുള്ള ചോദ്യം.