ഇന്നത്തെ വിദ്യാർഥി നാളത്തെ സഹകാരി
പി.എച്ച്. സാബു
സഹകരണം നന്മയുടെ പ്രസ്ഥാനമാണ്. സാമൂഹിക പ്രതിബദ്ധതയാണ് സഹകരണത്തിന്‍റെ മുഖമുദ്ര. "ഒരുവൻ എല്ലാവർക്കും, എല്ലാവരും ഒരുവൻ' എന്ന മഹത്തായ സന്ദേശമാണ് സഹകരണ പ്രസ്ഥാനത്തെ നയിക്കുന്നത്. സർവീസ് സഹകരണ ബാങ്കുകളും അർബൻ ബാങ്കുകളും കേരളത്തിന്‍റെ സഹകരണ വായ്പാ മേഖലയിൽ ഇന്ന് സജീവ സാന്നിധ്യമാണ്. ഇവയിലെ ഇടപാടുകാരായി വിദ്യാർഥികളെ എങ്ങനെ മാറ്റാം എന്നുള്ള വിഷയം എന്തുകൊണ്ടും പ്രസക്തമാണ്.
സഹകരണ പ്രസ്ഥാനത്തിന്‍റെ ശക്തി അതിന്‍റെ അംഗങ്ങളിലാണ്. എന്നാൽ പുതിയ തലമുറ സഹകരണ ബാങ്കിങ് മേഖലയുമായി എത്രത്തോളം ബന്ധപ്പെടുന്നു എന്നത് ഭാവിയിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ വളർച്ചയെ നിർണയിക്കുന്ന പ്രധാന ഘടകമാണ്. പ്രത്യേകിച്ച് വിദ്യാർഥികളെയും യുവാക്കളെയും സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കുകയും അവരിൽ സാമ്പത്തിക സാക്ഷരതയും സമ്പാദ്യശീലവും വളർത്തുകയും ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിലെ പ്രധാന ആവശ്യമാണ്.
ഡിജിറ്റൽ ബാങ്കിങ്, മൊബൈൽ ആപ്ലിക്കേഷനുകൾ, യുപിഐ, ഓൺലൈൻ പേയ്‌മെന്‍റുകൾ തുടങ്ങിയവയോട് ഏറെ പരിചയമുള്ള തലമുറയാണ് ഇന്നത്തെ വിദ്യാർഥികൾ. അതുകൊണ്ടുതന്നെ പഴയ രീതിയിലുള്ള ബാങ്കിങ് സേവനങ്ങൾ മാത്രം പരിചയപ്പെടുത്തുന്നതിനു പകരം ""വിദ്യാർഥികളുടെ ആവശ്യങ്ങൾ മനസിലാക്കുന്ന ആധുനിക സഹകരണ ബാങ്ക്'' എന്ന ആശയം മുന്നോട്ട് കൊണ്ടുവരണം
വിദ്യാർഥികളെ ബാങ്കിലേക്ക് ആകർഷിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം ""സ്റ്റുഡന്‍റ് സേവിങ് ബാങ്ക്'' പോലുള്ള പ്രത്യേക അക്കൗണ്ട് ആരംഭിക്കുകയാണ്. കുറഞ്ഞ മിനിമം ബാലൻസ്, ലളിതമായ നടപടിക്രമങ്ങൾ, ഡിജിറ്റൽ ബാങ്കിങ് സൗകര്യങ്ങൾ, എസ്എംഎസ് / മൊബൈൽ അറിയിപ്പുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയ അക്കൗണ്ട് വിദ്യാർഥികൾക്ക് നൽകാം.
പത്തു വയസിന് മുകളിലുള്ള കുട്ടികൾക്ക്, ബാധകമായ ബാങ്കിങ് ചട്ടങ്ങൾക്കനുസരിച്ച്, സ്വതന്ത്രമായി സേവിങ്സ് അക്കൗണ്ട് നടത്താനുള്ള സൗകര്യം നിലവിലുണ്ടെന്ന് ഭാരതീയ റിസർവ് ബാങ്കിന്‍റെ വിദ്യാർഥികൾക്കായുള്ള സാമ്പത്തിക വിദ്യാഭ്യാസ സാമഗ്രികളും വ്യക്തമാക്കുന്നു.
""സഹകരണ ബാങ്കിങ് ക്വിസ്'', ""ഫിനാൻഷ്യൽ ലിറ്ററസി ക്വിസ്'', ""ഡിജിറ്റൽ ബാങ്കിങ് ക്വിസ്'', ""എന്‍റെ സഹകരണ ബാങ്ക്'' എന്നീ വിഷയങ്ങളിൽ പ്രസംഗ മത്സരം, ഉപന്യാസ മത്സരം, പോസ്റ്റർ മത്സരം, വീഡിയോ മത്സരം തുടങ്ങിയവ സംഘടിപ്പിക്കാം.
വിജയികൾക്ക് ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, പുസ്തകങ്ങൾ, വിദ്യാഭ്യാസ സഹായം തുടങ്ങിയവ നൽകാം. ഭാരതീയ റിസർവ് ബാങ്ക് തന്നെ വിദ്യാർഥികൾക്കായി രാജ്യവ്യാപക സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിച്ചിട്ടുള്ളത് ഈ മാതൃകയുടെ സാധ്യത വ്യക്തമാക്കുന്നു.
ചെറിയ തുകയിൽ നിന്ന് സമ്പാദ്യം ആരംഭിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണം. ""പ്രതിമാസം ₹100, ₹200, ₹500 എന്നിങ്ങനെ ചെറിയ തുക പോലും സമ്പാദിക്കാം'' എന്ന സന്ദേശം വിദ്യാർഥികളിൽ സാമ്പത്തിക ശീലം വളർത്തും.
വിദ്യാർഥികൾ ബാങ്കിലേക്ക് വരുമെന്ന് കാത്തിരിക്കുന്നതിനു പകരം ബാങ്ക് വിദ്യാർഥികളിലേക്ക് എത്തണം. ഓരോ സഹകരണ ബാങ്കിനും സമീപത്തെ സ്കൂളുകളും കോളെജുകളും കേന്ദ്രീകരിച്ച് ""കോ ഓപ്പറേറ്റിവ് ബാങ്കിങ് പ്രോഗ്രാം'' ആരംഭിക്കാം. ബാങ്ക് ഉദ്യോഗസ്ഥർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തി ബാങ്കിങ് സേവനങ്ങൾ, സമ്പാദ്യം, വായ്പ, ഡിജിറ്റൽ പേയ്‌മെന്‍റ്, സൈബർ സുരക്ഷ, നിക്ഷേപത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കാം
ഓരോ സ്കൂളിലും കോളേജിലും ""കോ ഓപ്പറേറ്റിവ് ബാങ്കിങ് അംബാസഡർ'' എന്ന ആശയം നടപ്പാക്കാം. ബാങ്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ താൽപര്യമുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും അവർക്ക് ബാങ്കിങ്, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുകയും ചെയ്യാം. ഇവർ സ്വന്തം ക്യാമ്പസിലെ മറ്റു വിദ്യാർഥികൾക്ക് ബാങ്കിന്‍റെ സേവനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തും. ഇതിലൂടെ ബാങ്കിനും വിദ്യാർഥികൾക്കും ഇടയിൽ ഒരു സ്ഥിരമായ ബന്ധം രൂപപ്പെടും.
ഇന്നത്തെ വിദ്യാർഥികൾക്ക് ബാങ്ക് എന്നത് ശാഖയിലെ കൗണ്ടർ മാത്രമല്ല. അവരുടെ കൈയിലെ മൊബൈൽ ഫോണാണ് ബാങ്ക്. അതിനാൽ സഹകരണ ബാങ്കുകൾ മൊബൈൽ ബാങ്കിങ്, യുപിഐ, ക്യുആർ പേയ്‌മെന്‍റ്, എസ്എംഎസ് അലെർട്ട്, ഓൺലൈൻ അക്കൗണ്ട് സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ കൂടുതൽ സൗഹൃദപരമാക്കണം. അതോടൊപ്പം ഒടിപി തട്ടിപ്പ്, വ്യാജ ലിങ്കുകൾ, സൈബർ തട്ടിപ്പുകൾ എന്നിവയിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം എന്നതിലും വിദ്യാർഥികൾക്ക് പരിശീലനം നൽകണം.
സഹകരണ ബാങ്കുകളെ വിദ്യാർഥികളുടെ ജീവിതത്തിലെ ഒരു സാമ്പത്തിക പങ്കാളിയാക്കി മാറ്റണം.
വിദ്യാഭ്യാസ വായ്പ, സ്കോളർഷിപ്പ് വിവരങ്ങൾ, തൊഴിൽ പരിശീലനവുമായി ബന്ധപ്പെട്ട സാമ്പത്തിക സേവനങ്ങൾ, സംരംഭകത്വ വായ്പകൾ തുടങ്ങിയവയെക്കുറിച്ച് വിദ്യാർഥികൾക്ക് വ്യക്തമായ മാർഗനിർദേശം നൽകാം. കോളെജ് പഠനം പൂർത്തിയാക്കിയ ശേഷം സംരംഭകരാകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കായി ""Young Entrepreneur Desk'' ആരംഭിക്കുന്നതും പ്രയോജനകരമാണ്. സഹകരണ ബാങ്കുകൾക്ക് നടപ്പാക്കാവുന്ന ലളിതമായ ഒരു ക്യാംപെയിനായി ""ഒരു വിദ്യാർഥി – ഒരു അക്കൗണ്ട് – ഒരു സമ്പാദ്യശീലം'' എന്ന ആശയം മുന്നോട്ടുവയ്ക്കാം.
ഇത് വെറും അക്കൗണ്ട് തുറക്കാനുള്ള പദ്ധതിയായി കാണാതെ വിദ്യാർഥികളുടെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്ന ഒരു സാമൂഹിക ദൗത്യമായി കാണണം. സാമ്പത്തിക സാക്ഷരതയുടെ ലക്ഷ്യം അക്കൗണ്ട് തുറക്കുന്നതിൽ മാത്രം അവസാനിക്കുന്നതല്ല; പണം എങ്ങനെ സമ്പാദിക്കണം, എങ്ങനെ സംരക്ഷിക്കണം, എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം, വായ്പ എങ്ങനെ കൈകാര്യം ചെയ്യണം, ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സംരക്ഷിക്കണം എന്നിവ മനസിലാക്കുന്നതുമാണ്.
വിദ്യാർഥികളെ സഹകരണ ബാങ്കിലേക്ക് ആകർഷിക്കുന്നത് പുതിയ അക്കൗണ്ടുകൾ വർധിപ്പിക്കുന്നതിനുള്ള ഒരു മാർഗം മാത്രമല്ല. സഹകരണ പ്രസ്ഥാനത്തിന്‍റെ അടുത്ത തലമുറയെ സൃഷ്ടിക്കുന്ന പ്രക്രിയയാണ്. ഇന്ന് ഒരു വിദ്യാർഥിയായി സഹകരണ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുന്ന വ്യക്തി നാളെ ഒരു പ്രൊഫഷണലോ സംരംഭകനോ അധ്യാപകനോ കർഷകനോ സാമൂഹിക പ്രവർത്തകനോ ആകാം. അവന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക പങ്കാളിയായി സഹകരണ ബാങ്കിന് മാറാൻ കഴിയും.
അതുകൊണ്ട് സഹകരണ ബാങ്കുകൾ വിദ്യാർഥികളെ ""ഭാവിയിലെ ഉപഭോക്താക്കൾ'' എന്ന നിലയിൽ മാത്രം കാണാതെ ""ഭാവിയിലെ അംഗങ്ങൾ, നിക്ഷേപകർ, സംരംഭകർ, സഹകരണ നേതാക്കൾ'' എന്ന നിലയിൽ കാണണം.""ഇന്നത്തെ വിദ്യാർഥി – നാളത്തെ സഹകാരി'' എന്ന ആശയം ഓരോ സഹകരണ ബാങ്കിന്‍റെയും പ്രവർത്തനത്തിന്‍റെ ഭാഗമാകുമ്പോഴാണ് സഹകരണ ബാങ്കിങ് മേഖലയുടെ ഭാവി കൂടുതൽ ശക്തവും യുവത്വപൂർണവുമാകുന്നത്.
(എറണാകുളം ജില്ലയിലെ മുപ്പത്തടം സഹകരണ ബാങ്കിന്‍റെ സെക്രട്ടറിയാണ് ലേഖകൻ- 9744190734)