വിദ്യാഭ്യാസത്തിൽ നിന്ന് തൊഴിൽ മേഖലയിലേക്ക്

 

പ്രതീകാത്മക ചിത്രം- എഐ

Special Story

വിദ്യാഭ്യാസത്തിൽ നിന്ന് തൊഴിൽ മേഖലയിലേക്ക്

ഒരു ഘട്ടത്തിൽ ലഭിക്കുന്ന സഹായം അടുത്ത ഘട്ടത്തിലേക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം

MV Desk

സുധാംശ് പന്ത്

വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഒരു യുവാവ് തൊഴിൽ മേഖലയിലേക്കു കടക്കാൻ തുടങ്ങുമ്പോഴാണ് സാമ്പത്തിക ശാക്തീകരണം ആരംഭിക്കുന്നത്. ഈ യാത്രയെ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സാമൂഹ്യനീതി - ശാക്തീകരണ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിൽ ലഭിക്കുന്ന സഹായം അടുത്ത ഘട്ടത്തിലേക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾക്ക് പഠനം തുടരാൻ സഹായിക്കുന്ന സ്കോളർഷിപ്പുകൾ മുതൽ ഫെലോഷിപ്പുകൾ, പരിശീലനം, നൈപുണ്യവികസനം, സംരംഭകത്വത്തിനുള്ള സാമ്പത്തിക സഹായം എന്നിവ വരെ നീളുന്ന ഈ പദ്ധതികൾ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന തുടർച്ചയായ പിന്തുണാ സംവിധാനം ഒരുക്കാനാണ്.

സ്കോളർഷിപ്പുകൾ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥിക്ക് കുടുംബത്തിന്‍റെ സാമ്പത്തിക ശേഷി പരിമിതമാണെങ്കിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതു പോലും വെല്ലുവിളിയാകും. എട്ടാം ക്ലാസ് പൂർത്തിയാകുമ്പോൾ തുടർന്നും പഠിക്കാൻ കഴിയുമോ എന്ന ചോദ്യം കുടുംബത്തിന് മുന്നിൽ ആശങ്കയായി ഉയരും. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിൽ 9, 10 ക്ലാസുകളിൽ പഠനം തുടരാൻ വിദ്യാർഥികളെ സഹായിക്കുന്നതാണ് പ്രീ- മെട്രിക് സ്കോളർഷിപ്പ് പദ്ധതി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ട്യൂഷൻ ഫീസ്, പഠനച്ചെലവുകൾ, ജീവിതച്ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പോസ്റ്റ്- മെട്രിക് സ്കോളർഷിപ്പ് പദ്ധതി സഹായം നൽകുന്നു. ഇതിലൂടെ ഉന്നതപഠനം തുടരാം.

വിദ്യാർഥികളെ വിദ്യാഭ്യാസ സംവിധാനത്തിനുള്ളിൽ തന്നെ നിലനിർത്തുക എന്നതാണ് വകുപ്പിന്‍റെ സ്കോളർഷിപ്പ് പദ്ധതികളുടെ അടിസ്ഥാന ലക്ഷ്യം. 12 വർഷത്തിനിടെ പട്ടികജാതി വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, അർഹരായ മറ്റ് വിദ്യാർഥികൾ എന്നിവർക്കായുള്ള പ്രീ- മെട്രിക്, പോസ്റ്റ്- മെട്രിക് സ്കോളർഷിപ്പ് പദ്ധതികളിലൂടെ 19.8 കോടിയിലധികം ഗുണഭോക്താക്കൾക്കായി 65,756 കോടി രൂപയിലധികം വിതരണം ചെയ്തു.

2021– 22 മുതൽ സ്കോളർഷിപ്പ് പദ്ധതികൾ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ സംവിധാനത്തിലേക്ക് മാറി. ഇരട്ടിപ്പും ആവർത്തനങ്ങളും ഒഴിവാക്കുന്നതിനുള്ള നടപടികൾ, വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള ബയോമെട്രിക് ഇ- കെവൈസി, വിവിധ അധ്യയന വർഷങ്ങളിലുടനീളം വിദ്യാർഥികളുടെ വിവരങ്ങൾ പിന്തുടരാൻ സഹായിക്കുന്ന ഒറ്റത്തവണ രജിസ്ട്രേഷൻ എന്നിവ ഇതിന് പിന്തുണ നൽകുന്നു.

ഡിജി ലോക്കർ, ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഖിലേന്ത്യാ സർവെ, വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ വിവരസംവിധാനം എന്നിവയുടെ ഡേറ്റാ ബേസുകളുമായുള്ള സംയോജനവും ഈ സംവിധാനത്തിനു കൂടുതൽ കരുത്തേകി. ഇടനിലക്കാരുടെ പങ്ക് കുറച്ച്, കൂടുതൽ സുതാര്യത ഉറപ്പാക്കി, സാമ്പത്തിക സഹായം നേരിട്ട് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കാൻ ഈ നടപടികൾ സഹായിക്കുന്നു.

ഉന്നതവിദ്യാഭ്യാസത്തിനും

ഗവേഷണത്തിനും പാത

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക പരിമിതികൾ തുടർന്നും അവരുടെ അവസരങ്ങളെ നിയന്ത്രിച്ചേക്കാം. വിദ്യാഭ്യാസ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ ഇത്തരം തടസങ്ങൾ നീക്കുകയാണ് വകുപ്പിന്‍റെ ഉന്നത വിദ്യാഭ്യാസ പദ്ധതികളുടെ ലക്ഷ്യം. തെരഞ്ഞെടുത്ത പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ടോപ്പ് ക്ലാസ് എജ്യുക്കേഷൻ പദ്ധതി വഴി ട്യൂഷൻ ഫീസും അർഹമായ മറ്റ് അക്കാദമിക ചെലവുകളും വഹിക്കുന്നതിനുള്ള സഹായം ലഭിക്കുന്നു. ഇതിലൂടെ അ‌ർഹതയുടെ അടിസ്ഥാനത്തിൽ നേടിയ പ്രവേശനം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുന്നു.

ഗവേഷണ രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് ദേശീയ ഫെലോഷിപ്പ് പദ്ധതി സ്റ്റൈപ്പൻഡും മറ്റ് അനുബന്ധ ചെലവുകൾക്കുള്ള സാമ്പത്തിക സഹായവും നൽകുന്നു. ഇതിലൂടെ ഗവേഷകർക്ക് അക്കാദമിക പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ദേശീയ ഓവർസീസ് സ്കോളർഷിപ്പ് വഴി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് വിദേശത്തെ പ്രമുഖ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ - ഡോക്റ്ററൽ പ്രോഗ്രാമുകൾ പഠിക്കാനുള്ള അവസരം ലഭിക്കും.

മറ്റ് പിന്നാക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, വിജ്ഞാപനം ചെയ്യപ്പെടാത്ത ഗോത്രവിഭാഗങ്ങൾ എന്നിവയിൽപ്പെട്ട വിദ്യാർഥികൾക്കും പ്രധാനമന്ത്രി യങ് അച്ചീവേഴ്‌സ് സ്കോളർഷിപ്പ് അവാർഡ് സ്കീം ഫോർ വൈബ്രന്‍റ് ഇന്ത്യ (PM- YASASVI) വഴി സഹായം ലഭിക്കും.

താമസസൗകര്യം

എന്ന വെല്ലുവിളി

ട്യൂഷൻ ഫീസിനും അക്കാദമിക ചെലവുകൾക്കുമുള്ള സാമ്പത്തിക സഹായം ഉറപ്പാക്കിയാൽ മാത്രം വിദ്യാർഥികൾക്ക് പഠനം തുടരാൻ ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിയെന്ന് പറയാനാകില്ല. ഒരു ചെറു പട്ടണത്തിൽനിന്ന് മറ്റൊരു നഗരത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർഥിക്ക് സുരക്ഷിതവും ചെലവു കുറഞ്ഞതുമായ താമസ സൗകര്യം കണ്ടെത്തുക എന്നത് അധിക വെല്ലുവിളിയായി മാറിയേക്കാം. താമസ സൗകര്യങ്ങളുടെ അഭാവം കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുകയും ചില സാഹചര്യങ്ങളിൽ വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന (PM- AJAY) പദ്ധതിയുടെ ഹോസ്റ്റൽ ഘടകവും ഒബിസി വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഹോസ്റ്റലുകൾ നിർമിക്കുന്ന പദ്ധതിയും താമസ സൗകര്യങ്ങൾ ലഭ്യമാക്കാൻ പിന്തുണ നൽകുന്നതാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ സ്കോളർഷിപ്പ് സഹായങ്ങൾക്ക് പൂരകമാവുകയും കൂടുതൽ സുരക്ഷിതമായും തടസങ്ങളില്ലാതെയും പഠനം തുടരാൻ വിദ്യാർഥികൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. സാമ്പത്തിക വിഭവങ്ങളുടെയോ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെയോ അഭാവം വിദ്യാഭ്യാസ പുരോഗതിക്ക് തടസമാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

നവീകരണം, സംരംഭകത്വം

വിദ്യാഭ്യാസം സാമ്പത്തിക ശാക്തീകരണത്തിലേക്ക് നിരവധി വഴികൾ തുറക്കുന്നു. നിരവധി വിദ്യാർഥികൾ തൊഴിൽ നേടാൻ ആഗ്രഹിക്കുമ്പോൾ, മറ്റു ചിലർ സ്വന്തം സംരംഭങ്ങൾ ആരംഭിച്ച് മറ്റുള്ളവർക്കുകൂടി ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. പഠനത്തിൽ നിന്ന് വരുമാനം നേടുന്നതിലേക്കുള്ള യാത്രയുടെ വിവിധ ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കി, ഈ രണ്ട് ലക്ഷ്യങ്ങൾക്കും പിന്തുണ നൽകുന്ന രീതിയിലാണ് വകുപ്പിന്‍റെ സാമ്പത്തിക സഹായ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യുവാക്കളായ നൂതനാശയ ഉപജ്ഞാതാക്കൾക്കും ഗവേഷകർക്കും വേണ്ടി നടപ്പാക്കുന്ന അംബേദ്കർ സോഷ്യൽ ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ മിഷൻ (ASIIM) നൂതനാശയങ്ങളെ പ്രായോഗികമായി നടപ്പാക്കാനാകുന്ന സംരംഭങ്ങളാക്കി മാറ്റുന്നതിന് പിന്തുണ നൽകുന്നു. ഇതിന് 30 ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കുന്നു.

സംരംഭ മൂലധന നിധിക്ക് അർഹതയുള്ള സംരംഭങ്ങൾക്ക് 4 ശതമാനം പലിശനിരക്കിൽ ഇളവുകളോടെയുള്ള വായ്പാ സഹായം നൽകുന്നു. സംരഭത്തിന്‍റെ വികസനത്തിനായി താരതമ്യേന കുറഞ്ഞ ചെലവിൽ മൂലധനം ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ന്യായമായ വ്യവസ്ഥകളിൽ ധനസഹായം ലഭ്യമാക്കുക എന്നത് ഒരു സംരംഭം ആരംഭിക്കുന്നതിനോ വികസിപ്പിക്കുന്നതിനോ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ഇത്തരം പിന്തുണ ഈ തടസം മറികടക്കാൻ സംരംഭകരെ സഹായിക്കും.

സാമ്പത്തിക സഹായം

കൂടുതൽ പ്രാപ്യമാക്കൽ

എല്ലാ ബിരുദധാരികളും വലിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരല്ല. പലർക്കും ഒരു ചെറിയ കടയോ വർക്ക്‌ഷോപ്പോ സേവന മേഖലയിലെ ചെറുകിട ബിസിനസോ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രായോഗിക മാർഗമായേക്കാം. കുറഞ്ഞ ചെലവിൽ വായ്പ ലഭിക്കുന്നത് ആശയം എന്ന നിലയിൽ മാത്രം തുടരുന്ന ആഗ്രഹത്തെ സുസ്ഥിരമായ ഉപജീവന മാർഗമാക്കി മാറ്റുന്നതിൽ നിർണായകമാണ്.

പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവരിൽപ്പെട്ട അർഹരായ വ്യക്തികൾക്കും സ്വയംസഹായ സംഘങ്ങൾക്കും ഉപജീവനമാർഗങ്ങൾക്കായി "വഞ്ചിത് ഇകായി സമൂഹ് ഔർ വർഗോം കോ ആർത്ഥിക് സഹായത' (VISVAS) പദ്ധതി പിന്തുണ നൽകുന്നു. വരുമാനം സൃഷ്ടിക്കാൻ എടുക്കുന്ന വായ്പകൾക്ക് 5 ശതമാനം പലിശ സബ്സിഡി നൽകുന്നതിലൂടെ സാധാരണ ഗതിയിൽ വായ്പ നൽകുന്ന സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കുന്നതിനുള്ള യഥാർഥ ചെലവ് കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കുന്നു. സ്വന്തമായി ചെറുകിട ബിസിനസ് ആരംഭിക്കാനോ നിലവിലുള്ളത് വിപുലീകരിക്കാനോ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യം നേരിട്ട് കൈമാറുന്നു. ഇതുവഴി വായ്പയെടുക്കുന്നവരുടെ സാമ്പത്തിക ഭാരം കുറയുന്നു.

ശുചിത്വ മേഖലയിലെ തൊഴിലാളികൾക്കായി, നാഷണൽ സഫായി കരംചാരീസ് ഫിനാൻസ് ആൻഡ് ഡവലപ്‌മെന്‍റ് കോർപ്പറേഷൻ വഴി സ്വച്ഛത ഉദ്യമി യോജന ഇളവുകളോടെയുള്ള വായ്പകൾ ലഭ്യമാക്കുന്നു. ശുചീകരണ മേഖലയുമായി ബന്ധപ്പെട്ട, വാഹനങ്ങളും ഉപകരണങ്ങളും ഉൾപ്പെടുന്ന സംരംഭങ്ങൾക്ക് ഈ പദ്ധതി പിന്തുണ നൽകുന്നു.

തുടർച്ചയായ അവസരങ്ങൾ

എട്ടാം ക്ലാസ് പൂർത്തിയാക്കിയെങ്കിലും ഭാവിയെക്കുറിച്ച് ഉറപ്പില്ലാത്ത ഒരു വിദ്യാർഥിയെക്കുറിച്ച് വീണ്ടും ചിന്തിക്കാം. ഒരു സ്കോളർഷിപ്പ് ആ വിദ്യാർഥിക്ക് സ്കൂളിൽ പഠനം തുടരാനും പിന്നീട് കോളെജ് വിദ്യാഭ്യാസം നേടാനും സഹായകമാകും. മത്സര പരീക്ഷകൾക്കുള്ള പരിശീലന സഹായം പുതിയ അവസരങ്ങളിലേക്കുള്ള വഴിതുറക്കും. അതേസമയം, ഉന്നതവിദ്യാഭ്യാസ പദ്ധതികൾക്കും ഫെലോഷിപ്പുകൾക്കും കീഴിൽ ലഭിക്കുന്ന സഹായം തുടർപഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കും. മറ്റൊരു വഴി തിരഞ്ഞെടുക്കുന്നവർക്ക് നൈപുണ്യവികസന അവസരങ്ങൾ, സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം, ഇളവുകളോടെയുള്ള വായ്പകൾ എന്നിവ തൊഴിൽ നേടുന്നതിനോ സംരംഭകത്വത്തിലേക്ക് കടക്കുന്നതിനോ സഹായിക്കും.

തൊഴിൽ നേടുന്ന ഒരു ബിരുദധാരിക്ക് ഇളയ സഹോദരങ്ങൾക്കും സഹോദരിമാർക്കും പഠനം തുടരാൻ സഹായിക്കാനാകും. സ്വന്തം സംരംഭം സ്ഥാപിക്കുകയും സമീപപ്രദേശങ്ങളിലുള്ളവർക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന ഒരു സംരംഭകന് സമൂഹത്തിൽ കൂടുതൽ പേരിലേക്ക് അവസരങ്ങൾ വ്യാപിപ്പിക്കാൻ കഴിയും.

സ്കോളർഷിപ്പുകൾ, പരിശീലനം, ഉന്നതവിദ്യാഭ്യാസം, നൈപുണ്യവികസനം, വായ്പാസഹായം എന്നിവ പരസ്പരപൂരകമായ ഇടപെടലുകളായി പ്രവർത്തിക്കുമ്പോൾ, ശാക്തീകരണം വെവ്വേറെ ആനുകൂല്യങ്ങളുടെ ശേഖരം മാത്രമായി ഒതുങ്ങുന്നില്ല. ക്ലാസ് മുറിയിൽനിന്ന് തൊഴിലിടത്തിലേക്കും വിദ്യാഭ്യാസത്തിൽനിന്ന് സംരംഭങ്ങളിലേക്കും ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്കും നീളുന്ന സുസ്ഥിരമായ പുരോഗതിയുടെ യാത്രയായി അ‌തു മാറുന്നു.

(കേന്ദ്ര സാമൂഹ്യ നീതി - ശാക്തീകരണ മന്ത്രാലയം സെക്രട്ടറിയാണ് ലേഖകൻ)