ഹിമാലയത്തിലെ നിശബ്ദനായ കൊലയാളി; എന്താണ് അക്യൂട്ട് മൗണ്ടൻ സിക്നസ്?
Representative image
ഹിമാലയൻ പർവതനിരകളിലേക്കുള്ള യാത്ര സാഹസികത ഇഷ്ടപ്പെടുന്നവരുടെ വലിയ സ്വപ്നമാണ്. എവറസ്റ്റ് ബേസ് ക്യാമ്പും അന്നപൂർണ ബേസ് ക്യാമ്പുമെല്ലാം ലോകമെമ്പാടുമുള്ള ട്രെക്കിങ് പ്രേമികളെ ആകർഷിക്കുന്നു. എന്നാൽ സമുദ്രനിരപ്പിൽ നിന്ന് ആയിരക്കണക്കിന് മീറ്റർ ഉയരത്തിലേക്ക് എത്തുമ്പോൾ പ്രകൃതിയുടെ സൗന്ദര്യത്തിനൊപ്പം വലിയൊരു ആരോഗ്യഭീഷണിയും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. അക്യൂട്ട് മൗണ്ടൻ സിക്നസ് (എഎംഎസ്) എന്നറിയപ്പെടുന്ന രോഗമാണിത്.
നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേ 5,164 മീറ്റർ ഉയരത്തിലുള്ള ഗോരക്ഷെപ്പിൽ വച്ച് കണ്ണൂർ സ്വദേശിയായ 31കാരനായ അഞ്ജുനാഥ് കാവിങ്ങൽ വളപ്പിൽ മരിച്ച സംഭവം ഈ അപകടസാധ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്. അഞ്ജുനാഥിന്റെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഉയർന്ന പ്രദേശങ്ങളിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവാൻമാരാകേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം ഓർമിപ്പിക്കുന്നു.
എന്താണ് അക്യൂട്ട് മൗണ്ടൻ സിക്നസ്?
സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്ററിനും അതിനുമുകളിലേക്കും ഉയരമുള്ള പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ശരീരത്തിന് അവിടത്തെ കുറഞ്ഞ ഓക്സിജൻ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ വരാം. ഇതുമൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് എംഎഎസ്.
ഉയരം കൂടുന്തോറും അന്തരീക്ഷമർദം കുറയുന്നു. ഇതുകാരണം വായുവിൽ ഓക്സിജന്റെ കണികകൾ തമ്മിലുള്ള അകലം കൂടുതലായിരിക്കും. ഇതോടെ ഓരോ ശ്വാസത്തിലും ശ്വാസകോശത്തിലേക്ക് എത്തുന്ന ഓക്സിജന്റെ അളവും കുറയുന്നു. ശരീരം ഇതുമായി പൊരുത്തപ്പെടാൻ ശ്വസനനിരക്കും ഹൃദയമിടിപ്പും വർധിപ്പിക്കുന്നു. എന്നാൽ ആവശ്യമായ സമയം നൽകാതെ ഉയരത്തിലേക്ക് തുടർച്ചയായി കയറുമ്പോൾ ശരീരത്തിന് മതിയായ ഓക്സിജൻ ലഭിക്കാതെ വരാം.
എഎംഎസിന്റെ പ്രാരംഭ ലക്ഷണങ്ങൾ
സാധാരണയായി ഉയരത്തിലെത്തിയതിന് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിലോ ആദ്യ രാത്രിയിലോ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. തുടർച്ചയായ തലവേദന, ഛർദി, തലകറക്കം, അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
യാത്രാക്ഷീണമോ ഉറക്കക്കുറവോ ആണെന്ന് കരുതി പലരും ഈ ലക്ഷണങ്ങൾ അവഗണിക്കാറുണ്ട്. എന്നാൽ ഉയരത്തിലെത്തിയതിന് പിന്നാലെ തലവേദനയും മറ്റ് ലക്ഷണങ്ങളും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടാൽ എഎംഎസ് സംശയിക്കണം. രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും വീണ്ടും ഉയരത്തിലേക്ക് കയറുന്നത് അപകടകരമാണ്. ലക്ഷണങ്ങൾ മാറുന്നതുവരെ കൂടുതൽ ഉയരത്തിലേക്ക് പോകരുത്.
ഹൈ ആൾട്ടിറ്റ്യൂഡ് പൾമണറി എഡിമ
എഎംഎസ് ഗുരുതരമാകുന്നതിന്റെ ആദ്യത്തെ അവസ്ഥയാണ് ഹൈ ആൾട്ടിറ്റ്യൂഡ് പൾമണറി എഡിമ. ശ്വാസകോശത്തിൽ വെള്ളം കെട്ടുന്ന അപകടാവസ്ഥയാണിത്. ഉയർന്ന പ്രദേശങ്ങളിൽ ഓക്സിജൻ കുറയുമ്പോൾ ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ മർദം വർധിക്കാം. ഇതിന്റെ ഫലമായി രക്തത്തിൽ നിന്നുള്ള ദ്രാവകം ശ്വാസകോശത്തിലെ വായുസഞ്ചികളിലേക്ക് ചോർന്നിറങ്ങുന്നു. ഇതോടെ ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാകുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ സ്വീകരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. പൾമണറി എഡിമ ഗുരുതരമാകാനും ചികിത്സ വൈകിയാൽ മരണത്തിന് കാരണമാകാനും ഇടയുണ്ട്.
പൾമണറി എഡിമയുടെ പ്രധാന ലക്ഷണങ്ങൾ
അമിതമായ ശ്വാസംമുട്ടൽ
തുടർച്ചയായ ചുമ
നെഞ്ചിൽ ഭാരം അനുഭവപ്പെടുക
ചുമയ്ക്കുമ്പോൾ ചിലപ്പോൾ രക്തം കലർന്നതോ പിങ്ക് നിറത്തിലുള്ളതോ ആയ കഫം വരുക
ചുണ്ടുകളിലും നഖങ്ങളിലും നീല നിറം പ്രത്യക്ഷപ്പെടുക
ഹൈ ആൾട്ടിറ്റ്യൂഡ് സെറിബ്രൽ എഡിമ
എഎംഎസ് ഗുരുതരമാകുന്നതിന്റെ രണ്ടാമത്തെയും ഏറ്റവും അവസാനത്തെയും അവസ്ഥയാണ് ഹൈ ആൾട്ടിറ്റ്യൂഡ് സെറിബ്രൽ എഡിമ. തലച്ചോറിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണിത്. ഓക്സിജന്റെ ലഭ്യത ഗണ്യമായി കുറയുന്നതുമൂലം തലച്ചോറിൽ നീർക്കെട്ടും വീക്കവും ഉണ്ടാകും. തലച്ചോറിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നതിനാൽ അടിയന്തര ചികിത്സ ആവശ്യമാണ്. ഇല്ലെങ്കിൽ രോഗി കോമയിലേക്ക് പോവുകയും മണിക്കൂറുകൾക്കകം മരണം സംഭവിക്കുകയും ചെയ്യും.
സെറിബ്രൽ എഡിമയുടെ പ്രധാന ലക്ഷണങ്ങൾ
നടക്കുമ്പോൾ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക
നേരെ നടക്കാൻ കഴിയാതിരിക്കുക
സംസാരത്തിൽ അവ്യക്തത
കടുത്ത ആശയക്കുഴപ്പം
സ്ഥലകാലബോധം നഷ്ടപ്പെടുക
അസാധാരണമായ പെരുമാറ്റം
അമിതമായ ഉറക്കവും ബോധക്ഷയവും
ചിലപ്പോൾ രോഗിക്ക് സ്വന്തം അവസ്ഥ തിരിച്ചറിയാൻ പോലും കഴിയില്ല. ആശയക്കുഴപ്പവും ബോധക്ഷയവും കാരണം സഹായം തേടാനും കഴിയാതെ വരാം. സെറിബ്രൽ എഡിമയ്ക്ക് ഒപ്പം ചിലപ്പോൾ പൾമണറി എഡിമയും ഉണ്ടാകും.
എഎംഎസ്, പൾമണറി എഡിമ, സെറിബ്രൽ എഡിമ എന്നിവ തമ്മിലുള്ള വ്യത്യാസം
എഎംഎസ് പ്രധാനമായും തലവേദന, ഛർദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളിലൂടെ പ്രകടമാകുന്നു. പൾമണറി എഡിമ ശ്വാസകോശത്തെയും സെറിബ്രൽ എഡിമ തലച്ചോറിനെയുമാണ് പ്രധാനമായും ബാധിക്കുന്നത്. ഇവയെല്ലാം ഉയരത്തിലെ ഓക്സിജൻ കുറവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാണ്. എന്നാൽ എഎംഎസ് നിർബന്ധമായും പൾമണറി എഡിമ അല്ലെങ്കിൽ സെറിബ്രൽ എഡിമ ആയി മാറണമെന്നില്ല. പൾമണറി എഡിമ, സെറിബ്രൽ എഡിമ എന്നിവ സ്വതന്ത്രമായും സംഭവിക്കാം. പൾമണറി എഡിമ, സെറിബ്രൽ എഡിമ എന്നിവ ബാധിച്ച് ആരോഗ്യനില ഗുരുതരമായാൽ എത്രയും വേഗം താഴ്ന്ന പ്രദേശത്തേക്ക് ഇറങ്ങുക എന്നതാണ് ജീവൻ രക്ഷിക്കാനുള്ള ഏക എളുപ്പമാർഗം. 1,000 മീറ്ററോ അതിനു താഴെയോ എത്താൻ സാധിച്ചാൽ രോഗിയുടെ ജീവൻ നിലനിർത്താൻ സഹായകമാകും.
ഉയർന്ന ശാരീരികക്ഷമതയുള്ളവർക്ക് ഇത്തരം രോഗാവസ്ഥ വരില്ലെന്ന ധാരണ തെറ്റാണ്. ജിമ്മിൽ വ്യായാമം ചെയ്യുന്നവർക്കും കായികതാരങ്ങൾക്കും ദീർഘദൂരം ഓടുന്നവർക്കും എഎംഎസ്, പൾമണറി എഡിമ, സെറിബ്രൽ എഡിമ എന്നിവ ഉണ്ടാകാം. ശാരീരികക്ഷമതയും ഉയരത്തിലെ ഓക്സിജൻ കുറവിനോട് ശരീരം പൊരുത്തപ്പെടാനുള്ള ശേഷിയും രണ്ടാണ്. മുൻപ് ഉയരം കൂടിയ പ്രദേശങ്ങളിൽ യാത്ര ചെയ്തത് കൊണ്ടും രോഗം ബാധിക്കില്ലെന്ന് പറയാനാകില്ല.
എങ്ങനെ പ്രതിരോധിക്കാം?
ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയിൽ അക്ലൈമറ്റൈസേഷൻ (Acclimatisation) അഥവാ ഉയരവുമായി ശരീരത്തെ പൊരുത്തപ്പെടുത്തലാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പതുക്കെ ഉയരത്തിലേക്ക് കയറുകയും താരതമ്യേന താഴ്ന്ന പ്രദേശത്ത് ഉറങ്ങുകയും ചെയ്യുക (ക്ലൈംബ് ഹൈ, സ്ലീപ് ലോ). വിശ്രമദിവസങ്ങൾ ഉൾപ്പെടുത്തുക. ഓരോ 1,000 മീറ്റർ ഉയരവർധനയ്ക്കും അധിക വിശ്രമദിവസം നൽകുന്നത് നല്ലതാണ്. ശരീരത്തിലെ ജലാംശം നിലനിർത്തുക. മദ്യവും ഉറക്കഗുളികകളും ഒഴിവാക്കുക.