.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇന്ന് അന്തർദേശീയ സാമൂഹികപ്രവർത്തന ദിനം
symbolic image
ഡോ. എം. പി. ആന്‍റണി
ഇന്ന് മാർച്ചിലെ മൂന്നാമത്തെ ചൊവ്വാഴ്ച. ഈ ദിവസമാണ് അന്താരാഷ്‌ട്ര തലത്തിൽ സാമൂഹിക പ്രവർത്തന ദിനം (വേൾഡ് സോഷ്യൽ വർക്ക് ഡേ) ആചരിക്കുന്നത്. സാമൂഹികനീതി, മനുഷ്യാവകാശ സംരക്ഷണം, സമൂഹ ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രൊഫഷനൽ സാമൂഹികപ്രവർത്തകർ നിർവഹിക്കുന്ന നിർണായക പങ്കിനെ ലോകം ഓർമിക്കുന്ന ദിനമാണ് ഇന്ന്.
2026ലെ ലോക സാമൂഹികപ്രവർത്തന ദിനത്തിന്‍റെ പ്രമേയം “വിഭജിത സമൂഹങ്ങളെ ഒത്തുചേർക്കുക” എന്നതാണ്. സമൂഹത്തിൽ വളരുന്ന വിഭജനങ്ങളും അസമത്വങ്ങളും മറികടന്ന് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന സാമൂഹിക ഇടപെടലുകളുടെ ആവശ്യകതയെ ഓർമപ്പെടുത്തുന്ന പ്രമേയമാണിത്. ഈ സന്ദേശത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന പ്രവർത്തനങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഒഫ് പ്രൊഫഷനൽ സോഷ്യൽ വർക്കേഴ്സ് (കെഎപിഎസ്) നടപ്പാക്കുന്നത്.
കേരളത്തിലെ സാമൂഹികപ്രവർത്തകരുടെ ഏകീകൃത വേദി
കേരളത്തിലെ പ്രൊഫഷണൽ സാമൂഹികപ്രവർത്തകരുടെ ഏകീകൃത വേദിയായി 2012-ൽ രൂപം കൊണ്ട സംഘടനയാണ് കെഎപിഎസ്. സാമൂഹികപ്രവർത്തന മേഖലയിലെ പ്രൊഫഷണൽ മൂല്യങ്ങളും നൈതികതയും ശക്തിപ്പെടുത്തുക, സാമൂഹികപ്രവർത്തകരെ ഒരുമിപ്പിക്കുക, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോട്ടയം ആസ്ഥാനമായുള്ള സംഘടന പ്രവർത്തിക്കുന്നത്.
കേരളത്തിലെ സാമൂഹികപ്രവർത്തന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ അസോസിയേഷൻ ഒഫ് സ്കൂൾസ് ഒഫ് സോഷ്യൽ വർക്ക് ഇൻ കേരള (എഎസ്എസ്കെ) യുടെയും, അന്താരാഷ്ട്ര തലത്തിൽ ഇന്‍റർനാഷണൽ ഫെഡറേഷൻ ഒഫ് സോഷ്യൽ വർക്കേഴ് (ഐഎഫ്എസ്ഡബ്ല്യു) യുടെയും പിന്തുണയോടെയാണ് കെഎപിഎസ് സംസ്ഥാനത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കുട്ടികളുടെ സംരക്ഷണം, ആരോഗ്യം, പാലിയേറ്റീവ് കെയർ, ലിംഗനീതി, മാനസികാരോഗ്യം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, കമ്മ്യൂണിറ്റി വികസനം തുടങ്ങിയ വിവിധ മേഖലകളിൽ ശാസ്ത്രീയവും പ്രൊഫഷണലുമായ സമീപനം ഉറപ്പാക്കുന്നതിൽ സംഘടനയുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്.
ജില്ലാതല ചാപ്റ്ററുകളിലൂടെ പ്രാദേശിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും പരിശീലനങ്ങളും തുടർവിദ്യാഭ്യാസ പരിപാടികളും സംവാദങ്ങളും സംഘടിപ്പിക്കുന്നതും കെഎപിഎസിന്‍റെ പ്രധാന പ്രവർത്തനങ്ങളാണ്. സോഷ്യൽ വർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും സോഷ്യൽ വർക്ക് ഏജൻസികളും ഒത്തൊരുമിച്ചുള്ള ഓരോ പ്രവർത്തനങ്ങളും സാമൂഹികപ്രവർത്തനത്തിന്‍റെ ഉദാത്ത മാതൃകകളാണ്. സോഷ്യൽ വർക്ക് മേഖലയിലുള്ള റിസർച്ചുകളും പരിശീലനങ്ങളും കൺസൾട്ടൻസിയും കേരളത്തിന്‍റെ സാമൂഹിക പുരോഗതിയിൽ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്.
വിദ്യാർഥി പങ്കാളിത്തവും സോഷ്യൽ വർക്ക് കോൺഗ്രസുകളും
ഓരോ വർഷവും ക്യാപ്സ് സംഘടിപ്പിക്കുന്ന സോഷ്യൽ വർക്ക് കോൺഗ്രസ്, ഗുരുശ്രേഷ്ഠ -കർമ ശ്രേഷ്ഠ-യുവ ശ്രേഷ്ഠ അവാർഡ് ദാനം, സ്റ്റുഡന്‍റ്സ് സോഷ്യൽ വർക്ക് കോൺഗ്രസ് (ഒപിഎസ്ടിഎ), നേതൃസംഗമങ്ങൾ, സംസ്ഥാന ലീഡേഴ്സ് മീറ്റ്, സംസ്ഥാന-ജില്ലാതല യോഗങ്ങൾ തുടങ്ങിയവ സാമൂഹികപ്രവർത്തന ശാസ്ത്രത്തെയും പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
വിദ്യാർഥികളുടെ അറിവും സർഗാത്മകതയും പ്രായോഗിക പരിജ്ഞാനവും പ്രകടിപ്പിക്കാൻ അവസരം നൽകുന്ന വേദിയാണ് ഒപിഎസ്ടിഎ. വാക്കത്തൺ, ഫോട്ടോ സ്റ്റോറി, പ്രോജക്റ്റ് പ്രൊപ്പോസൽ അവതരണം, പ്രമേയാടിസ്ഥാനത്തിലുള്ള പ്രദർശനങ്ങൾ, പ്രസംഗം, മികച്ച സാമൂഹികപ്രവർത്തകനുള്ള അവാർഡ് എന്നിവ ഉൾപ്പെടെയുള്ള മത്സരങ്ങൾ ഇതിന്‍റെ ഭാഗമാണ്.
നേതൃസംഗമങ്ങളും “വിഷൻ 2030” പദ്ധതിയും
പ്രൊഫഷണൽ സാമൂഹികപ്രവർത്തകരുടെ നേതൃത്വ ശേഷി വർദ്ധിപ്പിക്കുന്നതിനായി കെഎപിഎസ് സംസ്ഥാന-ജില്ലാതല നേതൃസമ്മേളനങ്ങൾ സ്ഥിരമായി സംഘടിപ്പിക്കുന്നു. 2026 ജനുവരി 9-10 തീയതികളിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല നേതൃസമ്മേളനം സംഘടനയുടെ ദീർഘകാല വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ നിർണായകമായി.
തുടർന്ന് 2026 ജനുവരി 29-ന് കോട്ടയത്ത് നടന്ന ചടങ്ങിൽ കെഎപിഎസിന്‍റെ ദീർഘകാല മാർഗരേഖയായ വിഷൻ 2030 രേഖ ദേശീയ -സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ഐഎഫ്എസ്ഡബ്ല്യു പ്രസിഡന്‍റ് ജൊവാക്കിം മുംബ പ്രകാശനം ചെയ്തു.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, പ്രൊഫഷണൽ പരിശീലനം എന്നിവയിൽ സംഘടനയുടെ ഇടപെടലുകൾക്ക് തന്ത്രപരമായ ദിശാബോധം നൽകുന്ന രേഖയാണ് വിഷൻ 2030. സോഷ്യൽ വർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സഹകരണം, സർക്കാർ സംവിധാനങ്ങളുമായി ഏകോപനം, അടിസ്ഥാന സാമൂഹിക വികസനം, സംഘടനയുടെ വിഭവശേഷി ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഭരണഘടനയും സാമൂഹികപ്രവർത്തനവും
2025 ൽ ഏറ്റെടുത്തു നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ തുടർച്ച 2026 ലും കാണുവാൻ കഴിയും. 2026 ഫെബ്രുവരി അഞ്ചിനു പാലക്കാട് ജില്ലയിലെ നെന്മാറയിലെ നേതാജി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളെജിവൽ കെഎപിഎസ് പാലക്കാട് ചാപ്റ്ററിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച “ആൽമൊണേഴ്സ് 2കെ26” എന്ന പരിപാടി ,
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനുമായി (കില)ചേർന്ന് തൃശ്ശൂർ, അഗളി, കൊട്ടാരക്കര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച “ഭരണഘടന @ 76” എന്ന മൂന്ന് ദിവസത്തെ ട്രെയിനേഴ്സ് ട്രെയിനിങ് ക്യാംപുകൾ തുടങ്ങിയവ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ വ്യതിരക്തത ചൂണ്ടിക്കാട്ടുന്നവയാണ്. സാമൂഹികപ്രവർത്തനവും ഭരണഘടനാ മൂല്യങ്ങളും തമ്മിലുള്ള ബന്ധം വിദ്യാർത്ഥികൾക്ക് വ്യക്തമായി മനസിലാക്കി കൊടുക്കുന്നതിനും ആഴ്ചയിൽ രണ്ടു ദിവസം വീതമുള്ള ഫീൽഡ് പ്രാക്റ്റിസ് വേളകളിൽ സാമൂഹിക വിദ്യാഭ്യാസം സംഘടിപ്പിക്കുന്നതിനും സഹായിച്ചു വരുന്നു.
നയരൂപീകരണത്തിൽ സാമൂഹികപ്രവർത്തകരുടെ പങ്ക്
പ്രാദേശിക ഭരണ സംവിധാനങ്ങളിൽ പ്രൊഫഷണൽ സാമൂഹികപ്രവർത്തകരുടെ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത കെഎപിഎസ് ശക്തമായി ഉന്നയിക്കുന്നു. അതിദാരിദ്ര്യ നിർമാർജനം, പാലിയേറ്റീവ് കെയർ, ഭവനപദ്ധതികൾ, തൊഴിൽ ഉറപ്പ് പദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി–പട്ടികവർഗ്ഗ വികസനം, ഭിന്നശേഷി പുനരധിവാസം, വയോജനക്ഷേമം, കുട്ടികളുടെ അവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സാമൂഹികപ്രവർത്തകരുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
അതോടൊപ്പം കേരളത്തിനായി പ്രത്യേക സോഷ്യൽ വർക്സ് ആക്റ്റ് നിയമമായി കൊണ്ടുവരണമെന്നും സഹായകരമായ കമ്മിഷനുകളും കൗൺസിലുകളും രൂപീകരിക്കണമെന്നും രജിസ്റ്റേഡ് സോഷ്യൽ വർക്കർ സംവിധാനം നടപ്പാക്കണമെന്നും കെഎപിഎസ് നിർദേശിക്കുന്നു.
ഫാമിലി ആൻഡ് ചൈൽഡ് വെൽഫെയർ സോഷ്യൽ വർക്കർ, സ്കൂൾ സോഷ്യൽ വർക്കർ, മെഡിക്കൽ സോഷ്യൽ വർക്കർ, സൈക്യാട്രിക് സോഷ്യൽ വർക്കർ, കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് ഓഫിസർ, ഡിസാസ്റ്റർ റെസ്പോൺസ് സോഷ്യൽ വർക്കർ, വയോജന ക്ഷേമ ഓഫിസർ തുടങ്ങിയ നിരവധി തൊഴിൽ മേഖലകൾ സാമൂഹികപ്രവർത്തകർക്കായി ഔദ്യോഗികമായി നിർവചിക്കപ്പെടണമെന്നും എല്ലാ പ്രാദേശിക സർക്കാർ തലങ്ങളിലും പ്രസ്തുത നിയമനങ്ങൾ നടത്തണമെന്നും സംഘടന നയരേഖയിൽ മുന്നോട്ടുവയ്ക്കുന്നു.
“വിഭജിത സമൂഹങ്ങളെ ഒത്തുചേർക്കുക” എന്ന ലോക സാമൂഹികപ്രവർത്തന ദിന സന്ദേശം കേരളത്തിലെ പ്രൊഫഷണൽ സാമൂഹികപ്രവർത്തകരെ കൂടുതൽ ഒരുമിപ്പിക്കുകയും അവരുടെ അറിവും അനുഭവവും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നതിക്കായി ഉപയോഗപ്പെടുത്തുന്നതിനും സഹായകരമാകുമെന്ന് പ്രത്യാശിക്കാം.
യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ക്യനഡ, ജപ്പാൻ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ പോലെ സാമൂഹികപ്രവർത്തകരുടെ പ്രൊഫഷണൽ അവകാശങ്ങളും തൊഴിൽ മേഖലയിലുള്ള അംഗീകാരവും കേരളത്തിലും ശക്തിപ്പെടുന്ന ദിനങ്ങൾ ഏറെ ദൂരെയല്ലെന്നും നമുക്ക് വിശ്വസിക്കാം.
(കെഎപിഎസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റും കേരള ബാലാവകാശ കമ്മിഷൻ മുൻ അംഗവുമാണ് ലേഖകൻ)