ഇലക്‌ഷൻ കമ്മിഷന്‍റെ യോഗവും പത്രക്കുറിപ്പും ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള വൃഥാ ശ്രമം.

 
Special Story

കീഴ്‌മേൽ മറിയുന്ന ജനാധിപത്യം

ഇലക്‌ഷൻ കമ്മിഷന്‍റെ യോഗവും പത്രക്കുറിപ്പും ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള വൃഥാ ശ്രമം.

Reena Varghese

വീണ്ടുവിചാരം | ജോസഫ് എം. പുതുശ്ശേരി

വിവാദം കനക്കുന്നതിനും പ്രതിഷേധാരവം തിരമാല പോലെ ഉയർന്നുപൊങ്ങുന്നതിനുമിടയിൽ ഇലക്‌ഷൻ കമ്മിഷന്‍റെ യോഗവും പത്രക്കുറിപ്പും. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള വൃഥാ ശ്രമം.

ഇലക്‌ഷൻ കമ്മിഷനെതിരേ പരാതി ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. എസ്ഐആറുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ നിന്നു കൂട്ടത്തോടെ പേരുകൾ വെട്ടിനീക്കിയതോടെ പരാതികൾ അതിന്‍റെ ഉച്ചസ്ഥായിയിലെത്തി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 13. 8കോടി വോട്ടർമാരാണ് എസ്ഐആറിന്‍റെ പേരിൽ ലിസ്റ്റിൽ നിന്നു പുറത്തായത്. ഇതു നിർദോഷമായി സംഭവിച്ചതല്ല, മറിച്ച് നിഗൂഢ അജൻഡയോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ വലിയ അട്ടിമറിയെന്നാണ് ആരോപണങ്ങൾ.

ഭരണകക്ഷിയായ ബിജെപിയുടെ ചട്ടുകമായി ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നുവെന്നതു നേരത്തേ മുതൽ ഉയരുന്ന ആക്ഷേപമാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇതു പലതവണ ഉന്നയിച്ചിട്ടുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ടു നടത്തിയിട്ടുള്ള ക്രമക്കേടിനെക്കുറിച്ചും വോട്ടർപട്ടികയിൽ കൃത്രിമമായി ഒരേ പേരുകൾ ചേർത്തും ഒറ്റ വിലാസത്തിൽ നൂറുകണക്കിന് ആളുകളുടെ പേരുകൾ ചേർത്തുമടക്കം നടത്തിയ തട്ടിപ്പുകളെകുറിച്ച് രാഹുൽ തെളിവുകൾ നിരത്തി ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനൊന്നും ന്യായയുക്തമായ മറുപടി പറയാൻ കമ്മിഷന് കഴിഞ്ഞില്ലെന്നതു സമീപകാല ചരിത്രം. ഈ പംക്തിയിൽ തന്നെ ഇക്കാര്യങ്ങളൊക്കെ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്.

അതിനുശേഷമാണ് പ്രമുഖരുടേതടക്കം കൂട്ടത്തോടെ പേരുകൾ നീക്കം ചെയ്യപ്പെട്ടത്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകറുടേയും ഉപ പ്രധാനമന്ത്രിയായിരുന്ന മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയുടെയും പേരുകൾ പട്ടികയിൽ നിന്ന് വെട്ടിനീക്കപ്പെട്ടത്. ഇങ്ങനെ അന്തരീക്ഷം മേഘാവൃതമായി നിൽക്കുമ്പോഴാണ് കമ്മിഷൻ അംഗങ്ങളായ രണ്ടുപേർ തന്നെ ഇക്കാര്യങ്ങളിലുള്ള തങ്ങളുടെ വിയോജിപ്പുകൾ രേഖപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. ഇംഗ്ലീഷ് ദിനപത്രമായ 'ദ ഇന്ത്യൻ എക്സ്പ്രസിൽ' ഋതികാ ചോപ്ര എഴുതിയ റിപ്പോർട്ടിൽ കമ്മിഷണർ മാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പുകൾ രേഖപ്പെടുത്തി എന്നാണ് പുറത്തുവന്നിരിക്കുന്നത്. ഇതുവരെ പുറത്തുള്ളവർ ഉന്നയിച്ച ആക്ഷേപമെന്ന നിലയിൽ എതിർപ്പുകളെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തവർക്ക് കമ്മിഷനു അകത്തുനിന്ന് തന്നെ ഉയർന്നിരിക്കുന്ന ഈ ആക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവുമോ?

പുതുതായി വോട്ടർമാരെ ചേർക്കൽ, വോട്ടർമാരുടെ പേര് നീക്കൽ, പുനഃസ്ഥാപിക്കൽ, വോട്ടർപട്ടിക സൂക്ഷിക്കൽ എന്നിവയുമായെല്ലാം ബന്ധപ്പെട്ടു ഇവർ എതിർപ്പ് അറിയിച്ചതായാണു വിവരം. രണ്ട് കമ്മിഷണന്മാരും രേഖാമൂലം നൽകിയ നിർദേശത്തിനു വിരുദ്ധമായി കമ്മിഷൻ പ്രവർത്തിച്ചെന്ന് എഴുതി നൽകിയ ഒരു വിയോജിപ്പിൽ സന്ധു കുറ്റപ്പെടുത്തിയിട്ടുണ്ട്. കമ്മിഷന്‍റെ അനുമതിയില്ലാതെ കത്തുകളും ഉത്തരവുകളും പുറത്തുവരുന്നു, അംഗീകാരമില്ലാതെ ഔദ്യോഗിക ആശയവിനിമയം നടത്തുന്നു, യോഗങ്ങളുടെ അജൻഡയോ മിനിറ്റ്സോ ലഭിക്കുന്നില്ല, പുതിയ വോട്ടർമാർക്ക് ഉള്ള ഫോം ആറിൽ സർക്കാർ അനുമതി ഇല്ലാതെ മാറ്റം വരുത്തരുത്, വോട്ടർപട്ടിക വിവരശേഖരം കേന്ദ്രീകൃതമാക്കുന്നത് പുനഃപരിശോധിക്കണം, ഫോം ആറിലെ മാറ്റം അംഗീകാരമില്ലാത്തതും നിയമവിരുദ്ധവും എന്നതടക്കമുള്ള കാര്യങ്ങളൊക്കെ വിയോജിപ്പുകളിൽ അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെയാണ് ഗുരുതരമായ നിയമ പ്രശ്നം ഉടലെടുക്കുന്നത്. കമ്മിഷണർമാർക്ക് ഭരണഘടനാ പ്രകാരം തുല്യ അധികാരവും അവകാശവുമാണുള്ളത്. തീരുമാനങ്ങളെല്ലാം യോജിച്ച് ഏകകണ്ഠമായി കൈക്കൊണ്ടവയോ അല്ലെങ്കിൽ ഭൂരിപക്ഷാഭിപ്രായപ്രകാരം കൈകൊണ്ടവയോ ആയിരിക്കണം. എങ്കിലേ അവയ്ക്ക് നിയമപ്രാബല്യം ഉണ്ടാവൂ. കമ്മിഷണർമാരുടെ വിയോജിപ്പുകൾ പുറത്തുവന്നതോടെ കമ്മിഷന്‍റെ പേരിൽ വന്ന തീരുമാനങ്ങളെല്ലാം ഗ്യാനേഷ് കുമാർ ഏകപക്ഷീയവും ഏകാധിപത്യപരവുമായി കൈക്കൊണ്ടതാണെന്ന് വ്യക്തമായിരിക്കുന്നു. അതുകൊണ്ടുതന്നെ അതിന് നിയമപ്രാബല്യമില്ല.

ഇതു മറികടക്കാനാണ് പെട്ടെന്നുള്ള കമ്മിഷൻ യോഗവും അതേത്തുടർന്നുള്ള പത്രക്കുറിപ്പും. എന്നാൽ, കമ്മിഷൻ യോഗങ്ങളുടെ അജൻഡ മുൻകൂട്ടി അറിയിക്കാനും മിനിറ്റ്സ് രേഖപ്പെടുത്താനുമുള്ള തീരുമാനം കൈകൊണ്ടുവെന്ന പത്രക്കുറിപ്പിലെ വിശദീകരണം തന്നെ കുറ്റസമ്മതമാണ്. കമ്മിഷണർമാർ ഉയർത്തിയ വിയോജിപ്പുകളിലെ മുഖ്യ ഇനമായിരുന്നു ഇത്. ഇലക്റ്ററൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് ഇസിഐ നെറ്റ് സംവിധാനം വഴി വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന വാർത്താക്കുറിപ്പിലെ വിശദീകരണം, പുതിയ പോർട്ടൽ വന്നശേഷം ഈ അധികാരം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കേന്ദ്ര ഓഫിസിലെ ഐ.ടി വിഭാഗത്തിലേക്ക് കേന്ദ്രീകരിച്ചെന്ന വിയോജിപ്പിനുള്ള പരിഹാര പ്രക്രിയ. കമ്മിഷന്‍റെ ഇസിഐ നെറ്റിന്‍റെ ചുമതല വഹിച്ചിരുന്ന സീമ ഖന്നയാണ് താഴെ ഉണ്ടായിരുന്ന അധികാരം കവർന്നു കേന്ദ്രീകൃതമായി ഇതെല്ലാം ചെയ്തിരുന്നത്.

എസ്ഐആർ പൂർത്തിയായ സ്ഥലങ്ങളിൽ ഇനി പുതിയ വോട്ട് ചേർക്കാൻ ഫോം 6 മാത്രം പൂരിപ്പിച്ച് അനുബന്ധ രേഖകൾ നൽകിയാൽ മതി എന്നാണ് പുതിയ തീരുമാനം. സർക്കാർ അനുമതി ഇല്ലാതെ മാറ്റം വരുത്താൻ പാടില്ലെന്ന വിയോജിപ്പ് അംഗീകരിക്കുന്ന നടപടി. ഇലക്റ്ററൽ രജിസ്ട്രേഷൻ ചട്ടങ്ങളുടെ ഭാഗമാണ് ഫോം 6. 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടപ്രകാരമുള്ള ഫോം 6ൽ മാറ്റം വരുത്തണമെങ്കിൽ നിയമമന്ത്രാലയം വഴി ഭേദഗതി കൊണ്ടുവന്ന് പാർലമെന്‍റ് അംഗീകരിക്കണം. അതിന് വിരുദ്ധമായി സത്യവാങ്മൂല വ്യവസ്ഥ കമ്മിഷന്‍റെ ഉത്തരവിലൂടെ തിരുത്തുന്നത് എങ്ങനെയെന്ന വിയോജിപ്പ് കമ്മിഷണന്മാരായ ജോഷിയും സന്ധുവും ഉന്നയിച്ചിരുന്നു. ഗ്യാനേഷ് കുമാർ തന്നിഷ്ടപ്രകാരം നടത്തിയ മാറ്റമായിരുന്നു ഇത്. മാതാപിതാക്കളുടെയോ മുത്തശ്ശി- മുത്തച്ഛന്മാരുടെയോ മറ്റു ബന്ധുക്കളുടെയോ ഇലക്റ്ററൽ റോൾ നമ്പറിന്‍റെ വിശദാംശങ്ങൾ നൽകണമെന്ന ഈ ഭേദഗതി നിർദേശം നിയമവിരുദ്ധമാണ്.

ഓൺലൈൻ ഫോമിലെ ഈ വ്യവസ്ഥ നീക്കിയോ എന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടില്ലെന്നതു ന്യൂനതയായി ഇപ്പോഴും അവശേഷിക്കുന്നു. ഓൺലൈനായും ഓഫ് ലൈനായും അപേക്ഷിക്കുന്നവർക്ക് ഇനിയങ്ങോട്ടും രണ്ടു നീതിയോ എന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്. സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് ഓൺലൈൻ ഫോമിനെ കമ്മിഷൻ ന്യായീകരിച്ചത്. എന്നാൽ ബിഹാർ എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട കേസിലെ മേയ് 27ന്‍റെ ഉത്തരവിൽ എസ്ഐആർ നടപ്പാക്കാനുള്ള കമ്മിഷന്‍റെ അധികാരം മാത്രമാണ് സുപ്രീംകോടതി ശരിവച്ചിട്ടുള്ളത്. ഫോം ആറിന്‍റെ നിയമപ്രശ്നങ്ങളിലേക്ക് കോടതി കടന്നിട്ടേയില്ല.

ഇവിടെ ഒരു കാര്യം വ്യക്തം. ഭരണകക്ഷിയുടെ ആജ്ഞാനുവർത്തിയായ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് യഥാർഥ ജനവിധി അട്ടിമറിക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടന്നിരിക്കുന്നു. അതിനായി നിയമപരമല്ലാത്തതും സ്വേച്ഛാപരവുമായ ഒട്ടേറെ അനധികൃത നടപടികൾ അരങ്ങേറിയിരിക്കുന്നു. ഇത് തെരഞ്ഞെടുപ്പുകളുടെ വിശുദ്ധിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശ്വാസ്യതയും ചോർത്തി കളഞ്ഞിരിക്കുന്നു.

ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔചിത്യം, സ്വതന്ത്ര സ്വഭാവം, പ്രാധാന്യം എന്നിവയെക്കുറിച്ചു വലിയ നിലയും വിലയും ബഹുമാനവുമാണ് കൽപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കമ്മിഷൻ ജനാധിപത്യത്തിന്‍റെകാവലാളായി വിവക്ഷിക്കപ്പെടുന്നു.

ഒരു ജനാധിപത്യ ഭരണസംവിധാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പൂർണമായും നിഷ്പക്ഷമായിരിക്കണം എന്നാണ് പൊതു സങ്കൽപ്പം. ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ അനുകൂലമല്ലാതെ, എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കാൻ കമ്മിഷന് ബാധ്യതയുണ്ട്. അതിനെക്കാൾ പ്രധാനപ്പെട്ടതാണ് സ്വതന്ത്ര സ്വഭാവം നിലനിർത്തുക എന്നത്. എക്സിക്യൂട്ടിവ്(ഭരണകൂടം), ലെജിസ്ലേറ്റിവ് (നിയമനിർമാണ സഭ) എന്നിവയുടെ അനാവശ്യമായ ഇടപെടലുകളിൽ നിന്നും സമ്മർദങ്ങളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പൂർണമായും സ്വതന്ത്രമായിരിക്കണം. ഇതിനായാണ് കമ്മിഷന് ഭരണഘടനാപരമായ പരിരക്ഷ നൽകപ്പെടുന്നത്.

സുതാര്യതയും ജനവിശ്വാസവും നിലനിർത്തുക എന്നത് കമ്മിഷനെ സംബന്ധിച്ച ജീവവായു പോലെയാണ്. വോട്ടർപട്ടിക തയാറാക്കൽ, വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത, വോട്ടെണ്ണൽ എന്നിവയെല്ലാം സുതാര്യമായിരിക്കണം. നിയമവാഴ്ചയും തുല്യതയുംഉറപ്പാക്കാനുള്ള നടപടികളിൽ കമ്മിഷൻ ജാഗ്രവത്തായിരിക്കണം. ഇതിനായാണ് പെരുമാറ്റച്ചട്ട പാലനം കർശനമാക്കുന്നത്.

ലോകമെമ്പാടുമുള്ള ജനാധിപത്യ സങ്കല്പങ്ങൾ അനുസരിച്ച്, ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ എത്രത്തോളം സ്വതന്ത്രവും നീതിപൂർവകവുമാണോ അത്രത്തോളമായിരിക്കും ആ രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യം അളക്കപ്പെടുന്നത്. ഇതിന് ചുക്കാൻ പിടിക്കേണ്ടത് ശക്തവും അഴിമതിരഹിതവുമായ ഒരു തെരഞ്ഞെടുപ്പ് കമ്മിഷനാണ്.

ചുരുക്കത്തിൽ, ഭരണകൂടത്തിന്‍റെ നിയന്ത്രണങ്ങൾക്ക് വഴങ്ങാതെ, നിയമവ്യവസ്ഥയോടും രാജ്യത്തെ ജനങ്ങളോടും മാത്രം ഉത്തരവാദിത്തമുള്ള ഒന്നായിരിക്കണം തെരഞ്ഞെടുപ്പ് കമ്മിഷൻ എന്നതാണ് ആഗോളതലത്തിലുള്ള പൊതു ജനാധിപത്യ സങ്കൽപ്പം. ഇവിടെ ഇതെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ ഉദാഹരണങ്ങൾ ഒന്നിന് പുറകെ ഒന്നായി എല്ലാം പുറത്തുവന്നുമിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തെ തലകീഴായി അട്ടിമറിച്ചിരിക്കുന്ന അവസ്ഥ.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആണിക്കല്ലായ വോട്ടർ പട്ടികയിൽ തന്നെ വലിയ അട്ടിമറി ഉണ്ടായിരിക്കുന്നു. അതുകൊണ്ടാണ് എസ്ഐആർ നിർത്തിവെക്കണമെന്നും പഴയ വോട്ടർപട്ടികയിലേക്ക് മടങ്ങിപ്പോകണമെന്നുള്ള മുറവിളി ശക്തമായി ഉയരുന്നത്. സമീപകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എസ്ഐആറിന്‍റെ അടിസ്ഥാനത്തിലുള്ള വോട്ടർപട്ടികയിൽ ഉള്ളവർ മാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്. ലക്ഷക്കണക്കിന് പേരാണ് അവിടങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് പുറന്തള്ളപ്പെട്ടത്. ഇതിൽ തകരാറു സംഭവിച്ചിട്ടുണ്ടെന്നല്ലേ നടപടിക്രമങ്ങളെ മാറ്റം പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ പരോക്ഷമായെങ്കിലും കുറ്റസമ്മതം നടത്തുന്നത്. അപ്പോൾ ആ സംസ്ഥാനങ്ങളിലെ ജനവിധി കവർന്നെടുക്കപ്പെട്ടുവെന്നല്ലേ നാം മനസിലാക്കേണ്ടത്? ആ പിഴവിന് എന്ത് പ്രതിക്രിയയാണ് ഇനി ബാക്കിയുള്ളത്?

ഇത്രയേറെ ആക്ഷേപങ്ങൾക്ക് വിധേയനായ, വിശ്വാസ്യത നഷ്ടപ്പെട്ട ഒരാൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി തുടർന്നുകൊണ്ട് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എന്തു വിശ്വാസ്യതയും വിശുദ്ധിയുമാണുണ്ടാവുക. സർവീസിൽ ഇരുന്ന സന്ദർഭങ്ങളിലെല്ലാം അഴിമതി ആരോപണങ്ങൾക്ക് വിധേയനായ ഇത്തരമൊരു ഉദ്യോഗസ്ഥൻ ഈ പദവിയിലേക്ക് എങ്ങനെ എത്തി എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്നത്. കേരളത്തിലെ റോഡ് നിർമാണ ജോലിയുടെ കരാർ ഏറ്റെടുത്തു നടത്തിയ മലേഷ്യൻ കമ്പനിയായ പതിബലിലെ എൻജിനീയർ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാർ അടക്കം കൈക്കൂലി പണം ചോദിച്ചു പീഡിപ്പിച്ചതാണ് താൻ ജീവനൊടുക്കാൻ കാരണമായിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അതേക്കുറിച്ച് വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. വിരുതും മെയ്‌വഴക്കവും ആവശ്യത്തിലേറെ ഉള്ളതുകൊണ്ട് അന്വേഷണം എവിടെ എങ്ങനെ അവസാനിച്ചു എന്നതിൽ ഒരു നിശ്ചയവുമില്ല. എന്നാലും ഇതാണ് മഹോന്നത ഭരണഘടനാ പദവിയിലെത്തിയ 'ബഹുമാന്യ വ്യക്തിത്വത്തിന്‍റെ' ട്രാക്ക് റെക്കോഡ്! ചീഫ് ഇലക്‌ഷൻ കമ്മിഷണറെ നിയമിക്കുന്നതിനുള്ള പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങിയ മൂന്നംഗ സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി ക്യാബിനറ്റ് നോമിനിയെ തിരുകിയ മോദി ഗവൺമെന്‍റിന്‍റെ വിചിത്ര തീരുമാനത്തിന്‍റെ ദാരുണമായ ബാക്കിപത്രം.

ആക്ഷേപങ്ങൾ എന്നുള്ളതിന് അപ്പുറം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കമ്മിഷണർമാരുടെ വിയോജിപ്പോടെ പകൽപോലെ വ്യക്തമായിരിക്കുന്ന സാഹചര്യത്തിൽ ഗ്യാനേഷ് കുമാർ സ്വയം രാജിവച്ചൊഴിയണം. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. രാജ്യത്തെ ജനാധിപത്യത്തിന്‍റെ നിലനിൽപ്പിന് അത് അനിവാര്യമാണ്