ഏകലവ്യനിൽ നിന്ന് മികവിലേക്ക്

 
Special Story

ഏകലവ്യനിൽ നിന്ന് മികവിലേക്ക്

ഗോത്രവർഗ വിദ്യാഭ്യാസത്തിന്‍റെ പരിവർത്തനം

Reena Varghese

സി.പി. രാധാകൃഷ്ണൻ

ഉപരാഷ്‌ട്രപതി

ഒരു കുട്ടിയെ വിദ്യാസമ്പന്നനാക്കുന്നത് ഒരു വ്യക്തിയുടെ ഭാവി രൂപപ്പെടുത്തുന്നതിന് മാത്രമല്ല, കുടുംബങ്ങളെ പരിവർത്തനം ചെയ്യാനും സമൂഹങ്ങളെ ശക്തിപ്പെടുത്താനും പുരോഗമനപരമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കാനും കൂടിയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഝാർഖണ്ഡ്, മഹാരാഷ്‌ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗ മേഖലകളിൽ സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചപ്പോഴെല്ലാം ഞാൻ ഗോത്രവർഗ വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. ഒരു കുട്ടിയും പിന്തള്ളപ്പെടാതിരിക്കാൻ അവരെ "സ്കൂൾ കണക്റ്റ് " (School Connect) പദ്ധതിയുമായി ബന്ധിപ്പിക്കണമെന്ന് ഞാൻ എപ്പോഴും സർവകലാശാലകളോട് അഭ്യർഥിച്ചിരുന്നു.

ധീരതയുടെയും ത്യാഗത്തിന്‍റെയും കൊളോണിയൽ അടിച്ചമർത്തലിനെതിരായ ചെറുത്തുനിൽപ്പിന്‍റെയും പ്രതീകവും ഏറ്റവും മഹാന്മാരായ ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളുമായ ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ന്- നവംബർ 15ന്- നാം "ജൻജാതീയ ഗൗരവ് ദിവസ്' ആഘോഷിക്കുകയാണ്. നമ്മുടെ എല്ലാ മഹാന്മാരായ ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികൾക്കും നൽകാവുന്ന ഏറ്റവും ഉചിതമായ ആദരം ഗോത്രവർഗ കുട്ടികളുടെ വിദ്യാഭ്യാസ- നൈപുണ്യ വികസന സംവിധാനങ്ങളെ പരിവർത്തനം ചെയ്യുക എന്നതാണ്. അതുവഴി അവർക്ക് സ്വയം ശാക്തീകരിക്കാൻ മാത്രമല്ല, സമൂഹത്തെയും ശാക്തീകരിക്കാൻ സാധിക്കും.

മിക്കവാറും എല്ലാ മേഖലകളിലും ഇന്ത്യ പുതിയ പാതകളിലൂടെ മുന്നേറുമ്പോൾ, "ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ' (ഇഎംആർഎസ്) ഗോത്രവർഗ കുട്ടികളുടെ വിദ്യാഭ്യാസ മേഖലയെ നിശബ്ദമായി പുനർനിർവചിക്കുകയാണ്. ഗോത്രവർഗ കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ സ്വന്തം സാമൂഹിക ചുറ്റുപാടിൽ തന്നെയാണ് ഈ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിച്ചിരിക്കുന്നത്. "ഏകലവ്യൻ' എന്ന പേരു തന്നെ പ്രചോദനാത്മകമായ സന്ദേശമാണ് നൽകുന്നത്. മഹാഭാരതത്തിൽ, ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടിട്ടും അസാധാരണമായ സമർപ്പണവും അച്ചടക്കവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച് അസ്ത്ര വിദ്യയിൽ പ്രാവീണ്യം നേടിയ യുവാവായിരുന്നു ഏകലവ്യൻ. പഠിക്കാനുള്ള ആഗ്രഹത്തോടൊപ്പം പ്രതിഭയും ഒത്തുചേർന്നാൽ ഏതു വലിയ പ്രതിസന്ധികളെപ്പോലും മറികടക്കാൻ കഴിയുമെന്നതിന്‍റെ ഓർമപ്പെടുത്തലാണ് അദ്ദേഹത്തിന്‍റെ കഥ. ഇന്ന് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ഈ കഥയിലെ ഒരു പുതിയ അധ്യായത്തെ പ്രതിനിധീകരിക്കുന്നു. ഇഎംആർഎസ് പദ്ധതിയിലൂടെ നമ്മുടെ ഗോത്രവർഗ കുട്ടികൾക്ക് സ്ഥാപനപരമായ പിന്തുണയും ഗുണമേന്മയുള്ള വിദ്യാഭ്യാസവും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരങ്ങളും ലഭ്യമാക്കുകയാണ്.

കേന്ദ്ര ഗോത്രവർഗ കാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ പുതിയൊരു ഉണർവ് ലഭിച്ചു. 2011ലെ സെൻസസ് പ്രകാരം 50 ശതമാനത്തിലധികം പട്ടികവർഗ ജനസംഖ്യയും കുറഞ്ഞത് 20,000 ഗോത്രവർഗക്കാരുമുള്ള എല്ലാ ബ്ലോക്കുകളിലും ഓരോ ഇഎംആർഎസ് വീതം സ്ഥാപിക്കണമെന്ന് വിഭാവനം ചെയ്ത് 2018-19 ലെ കേന്ദ്ര ബജറ്റിൽ മോദി ഈ പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ചു. ഈ ഒരൊറ്റ നീക്കത്തിലൂടെ, മുൻപ് ഇത്തരം സ്കൂളുകൾ അപ്രാപ്യമായിരുന്ന വിദൂര പ്രദേശങ്ങളിലേക്ക് പോലും സിബിഎസ്ഇ അഫിലിയേഷനുള്ള വിദ്യാഭ്യാസം എത്തിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു.

ഘടനയിലും ലക്ഷ്യത്തിലും സവിശേഷമായ ഒന്നാണ് ഇഎംആർഎസ് പദ്ധതി. ഗോത്രവർഗ കുട്ടികൾക്ക് എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യത ഉറപ്പാക്കുന്നതുമായ വിദ്യാഭ്യാസം നൽകുന്നതിൽ ഇത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറ്റ് സ്കൂളുകളിൽ പട്ടികവർഗക്കാർക്കുള്ള 7.5% സംവരണവുമായി താരതമ്യം ചെയ്യുമ്പോൾ, ഇഎംആർഎസ് സ്കൂളുകളിലെ വിദ്യാർഥികളിൽ കുറഞ്ഞത് 90% പേരും ഗോത്രവർഗ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇതിലും സന്തോഷകരമായ കാര്യം, 50% സീറ്റുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു എന്നതാണ്; ഇത് അത്യന്തം ശ്ലാഘനീയമായ ചുവടുവയ്പ്പാണ്. പ്രാദേശിക വിദ്യാർഥികൾക്ക് മുൻഗണന നൽകി സംസ്ഥാനതല പ്രവേശന പരീക്ഷയിലൂടെയാണ് ഇവിടെ പ്രവേശനം.

ഇഎംആർഎസ് പദ്ധതിയുടെ വികാസം പരിശോധിച്ചാൽ, അതിനെ രണ്ട് ഘട്ടങ്ങളായി തിരിക്കാം. 1997 മുതൽ 2018 വരെയുള്ള ആദ്യ ഘട്ടത്തിൽ ആകെ 288 സ്കൂളുകൾക്ക് അനുമതി ലഭിച്ചു. എന്നാൽ ആദ്യ ഘട്ടം നിരവധി ഘടനാപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. 2018 മുതൽ പ്രവർത്തനക്ഷമമായ "ഇഎംആർഎസ് 2.0' പദ്ധതിയുടെ പ്രത്യേകത, ഗോത്രവർഗ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ മുമ്പുണ്ടായിരുന്ന മാതൃകകളുടെ പരിമിതികളെ പരിഹരിക്കാൻ ശ്രമിക്കുന്നു എന്നതാണ്. ആദ്യ തലമുറ പഠിതാക്കൾക്ക് ഈ പദ്ധതി പ്രത്യേക പ്രാധാന്യം നൽകുകയും അവർ നേരിടാൻ സാധ്യതയുള്ള പഠന വിടവുകൾ തിരിച്ചറിയുകയും ചെയ്യുന്നു. ഈ വെല്ലുവിളികൾ മറികടക്കാൻ "ലേണിങ് ഗ്യാപ്പ് അസസ്‌മെന്‍റുകൾ', ബ്രിഡ്ജ് കോഴ്സുകൾ, പ്രത്യേക പരിഹാര ക്ലാസുകൾ എന്നിവയിലൂടെ ചിട്ടയായ അക്കാദമിക് പിന്തുണ നൽകിവരുന്നു. പ്രാരംഭ ക്ലാസുകളിൽ, കുട്ടികൾക്ക് അവർക്ക് പരിചിതമായ ഭാഷയിൽ സുഗമമായി പഠിക്കാൻ സഹായിക്കുന്ന ദ്വിഭാഷാ ബോധനരീതിയാണ് സ്വീകരിച്ചിരിക്കുന്നത്; തുടർന്ന് ക്രമേണ ഇംഗ്ലീഷ് പഠന മാധ്യമത്തിലേക്ക് മാറുകയും ചെയ്യുന്നു. ഈ വർഷം മുതൽ "ഇഎംആർഎസ് 3.0' പ്രവർത്തനക്ഷമമായതായി ഗോത്രവർഗ കാര്യ മന്ത്രാലയത്തിൽ നിന്ന് അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

ഇഎംആർഎസ് 2.0 പദ്ധതിയിലെ മറ്റൊരു സുപ്രധാന നടപടി ഇഎംആർഎസ് സ്കൂളുകൾ സ്ഥാപിക്കുന്നതിനും അവയ്ക്ക് സാമ്പത്തിക പിന്തുണ നൽകാനും പരിപാലിക്കാനും നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനുമായി കേന്ദ്ര ഗോത്രവർഗ കാര്യ മന്ത്രാലയത്തിന് കീഴിൽ 2019ൽ "നാഷണൽ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്‍റ്‌സ്' (എൻഇഎസ്ടിഎസ്) രൂപീകരിച്ചതാണ്. ഓരോ കുട്ടിക്കും ശരിയായ അക്കാദമിക് അടിത്തറ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ വ്യക്തിഗത പഠന ആവശ്യങ്ങൾ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ആറാം ക്ലാസിൽ പുതുതായി പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും 65 ദിവസത്തെ ബ്രിഡ്ജ് കോഴ്സ് എൻഇഎസ്ടിഎസ് (നെസ്റ്റ്സ്)നിർബന്ധമാക്കിയിട്ടുണ്ട്. അടിസ്ഥാന പഠന വിടവുകൾ പരിഹരിക്കാനും പ്രത്യേക ഇംഗ്ലീഷ് മൊഡ്യൂളുകളിലൂടെ ആശയവിനിമയ ശേഷി ശക്തിപ്പെടുത്താനും പ്രത്യേക ഊന്നൽ നൽകുന്നു.

നെസ്റ്റ്സും മന്ത്രാലയവും രൂപപ്പെടുത്തിയ മാർഗനിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സംസ്ഥാന ഗവണ്മെന്‍റ് സൊസൈറ്റികളാണ് ഇപ്പോൾ ഇഎംആർഎസ് സ്കൂളുകൾ കൈകാര്യം ചെയ്യുന്നത്. ഓരോ ജില്ലയിലെയും സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്റ്ററുടെ മേൽനോട്ടത്തിലുള്ള സമിതി നേതൃത്വം നൽകുന്നു; പ്രിൻസിപ്പലിനാണ് ഓരോ സ്കൂളിന്‍റെയും പൂർണ ചുമതല. ഉത്തരവാദിത്തബോധം ശക്തിപ്പെടുത്താൻ ഇഎംആർഎസ് സ്കൂളുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഒരു ജില്ലാ റാങ്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനം പ്രോത്സാഹിപ്പിക്കാനും പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാനും ഇത് സഹായിക്കുന്നു. 31 സൂചകങ്ങൾ ഉൾപ്പെടുന്ന 7 മേഖലകളിലായി ഓരോ സ്കൂളിന്‍റെയും വാർഷിക പ്രകടനം വിലയിരുത്തുന്നതിനായി ഒരു "കീ പെർഫോമൻസ് ഇൻഡെക്സ് ' രൂപകൽപ്പന ചെയ്തിട്ടുമുണ്ട്.

ഇഎംആർഎസ് 2.0 പദ്ധതിക്ക് കീഴിൽ, 50 ശതമാനത്തിലധികം പട്ടികവർഗ ജനസംഖ്യയും കുറഞ്ഞത് 20,000 ഗോത്രവർഗക്കാരുമുള്ള ഗോത്രവർഗ ബ്ലോക്കുകളിൽ 440 പുതിയ സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. തുടക്കത്തിൽ, ഒരു സ്കൂളിനുള്ള മൂലധനച്ചെലവ് സാധാരണ പ്രദേശങ്ങളിൽ 20 കോടി രൂപയായും, വടക്കുകിഴക്കൻ, മലയോര, ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങളിൽ 24 കോടി രൂപയായും നിശ്ചയിച്ചിരുന്നു. 2021ൽ മൂലധനച്ചെലവ് യഥാക്രമം 37.80 കോടി രൂപയായും 48 കോടി രൂപയായും വർധിപ്പിച്ചു. 2026-2027 സാമ്പത്തിക വർഷത്തിന്‍റെ ആരംഭം മുതൽ, ഒരു വിദ്യാർഥിക്ക് അനുവദനീയമായ പരമാവധി വാർഷിക ചെലവ് 1,47,356 രൂപയാണ്. മെസ്, യൂണിഫോം, പാഠപുസ്തകങ്ങൾ, ചികിത്സാ ചെലവുകൾ, സിബിഎസ്ഇ ഫീസ്, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വിദ്യാർഥികൾക്ക് നേരിട്ട് ചെലവഴിക്കാനുള്ള തുകയും ഇതിൽ ഉൾപ്പെടുന്നു.

ഗോത്രവർഗ കാര്യ മന്ത്രാലയത്തിന്‍റെ ഒരു അവതരണം ഞാൻ കാണാനിടയായി. നിലവിൽ ഇഎംആർഎസ് സ്കൂളുകളിലെ ആകെ വിദ്യാർഥികളുടെ എണ്ണം 1,72,952 ആണെന്നും, അതിൽ 84,636 ആൺകുട്ടികളും 88,317 പെൺകുട്ടികളുമാണെന്നും അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഇഎംആർഎസ് സ്കൂളുകളുള്ളത് ഒഡീഷയിലാണ് (114 സ്കൂളുകൾക്ക് അനുമതി ലഭിച്ചു). ഝാർഖണ്ഡ് (91), ഛത്തിസ്ഗഡ് (75), മധ്യപ്രദേശ് (71), ഗുജറാത്ത് (47) എന്നിവയാണ് തൊട്ടു പിന്നിൽ. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുള്ളത് ഛത്തീസ്ഗഡ് (28,884), മധ്യപ്രദേശ് (26,857) സംസ്ഥാനങ്ങളിലാണ്.

ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാഭ്യാസം കേവലം ക്ലാസ് മുറിയിലെ പഠനം മാത്രമല്ല; മറിച്ച് ഗോത്രവർഗ വിദ്യാർഥികളുടെ സമഗ്ര വികസനവും ശാക്തീകരണവുമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് മികവ് പുലർത്താൻ ആവശ്യമായ അറിവും നൈപുണ്യവും ആത്മവിശ്വാസവും അവർക്ക് നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്ലാസ് മുറിയിലെ പഠനത്തെ പരിവർത്തനം ചെയ്യാൻ സാങ്കേതികവിദ്യയും അവലംബിക്കുന്നു. കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായും മറ്റ് പദ്ധതികളുമായും സഹകരിച്ച് 365 ഇഎംആർഎസ് സ്കൂളുകളിലെ ക്ലാസ് മുറികളിൽ സ്മാർട്ട് ബോർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും പഠനവിഷയങ്ങൾ അവതരിപ്പിക്കാനും വിദ്യാർഥികളെ വിലയിരുത്താനും അധ്യാപകരെ സഹായിക്കുന്ന "മേധാ' നിർമിതബുദ്ധി (Medha AI) പ്ലാറ്റ്‌ഫോം കൂടുതൽ വ്യക്തിഗതവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നു.

ഗോത്രവർഗ സമൂഹങ്ങളുടെ പൈതൃകവും സംസ്കാരവും പാരമ്പര്യങ്ങളും സംരക്ഷിക്കാനും ആഘോഷിക്കാനും ഇഎംആർഎസ് സ്കൂളുകളിൽ "ട്രൈബൽ കോർണറുകൾ' സ്ഥാപിച്ചിട്ടുണ്ട്. ആവശ്യത്തിന് സ്ഥലസൗകര്യമുള്ള പുതിയ സ്കൂളുകളിൽ ഖോ- ഖോ, ബാസ്കറ്റ്ബോൾ, റണ്ണിങ് ട്രാക്കുകൾ, അമ്പെയ്ത്ത് തുടങ്ങിയ കായിക സൗകര്യങ്ങൾ ലഭ്യമാണ്. തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും കല, സംഗീതം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഇടങ്ങളും ഉൾപ്പെടുത്തിയാണ് സ്കൂളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. "സങ്കൽപ്' (SANKALP) പദ്ധതിക്ക് കീഴിൽ സിബിഎസ്ഇ മാർഗനിർദേശങ്ങൾക്ക് അനുസൃതമായ നൈപുണ്യ അധിഷ്ഠിത വിഷയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ഇഎംആർഎസ് വിദ്യാർഥികളുടെ നേട്ടങ്ങൾ "ജൻജാതീയ ഗൗരവ് ദിവസിന്‍റെ' അന്തസത്തയ്ക്കുള്ള ഉചിതമായ ആദരവാണ്. ഇഎംആർഎസ് സ്കൂളുകളിലെ വിദ്യാർഥികൾ ഇന്ന് ഐഐടികൾ, എയിംസ്, മറ്റ് പ്രമുഖ ഉന്നത-പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനം നേടുന്നതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ഐഐടി റൂർക്കിയിൽ പഠിച്ച് ഇപ്പോൾ ലണ്ടനിലെ ബാർക്ലേസിൽ ഡാറ്റാ സയന്‍റിസ്റ്റായി പ്രവർത്തിക്കുന്ന രോഹിത് മുതൽ, മിലിട്ടറി നഴ്സിങ് സർവീസിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുന്ന സിമ്രാൻ വരെയുള്ള ഈ യുവ പ്രതിഭകൾ വിദ്യാഭ്യാസത്തിന്‍റെ പരിവർത്തന ശക്തി തെളിയിക്കുന്നു. ഇന്ത്യൻ സീനിയർ വനിതാ ബാസ്കറ്റ് ബോൾ ടീമിനെ പ്രതിനിധീകരിച്ച നിമ ദോമ ഭൂട്ടിയയുടെ വിജയവും ഛത്തീസ്ഗഡിൽ നിന്നുള്ള പിവിടിജി (PVTG - പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങൾ) വിദ്യാർഥികളുടെ ശ്രദ്ധേയമായ അക്കാദമിക് നേട്ടങ്ങളും ഈ സന്ദേശത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

തങ്ങളുടെ അവകാശങ്ങൾക്കും അന്തസിനും വേണ്ടി നിലകൊള്ളാൻ ഭഗവാൻ ബിർസ മുണ്ട തലമുറകൾക്ക് പ്രചോദനമേകി. വിദ്യാഭ്യാസത്തിലൂടെയും അറിവിലൂടെയും നേട്ടങ്ങളിലൂടെയും ഇന്നത്തെ ഗോത്രവർഗ യുവതയ്ക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇഎംആർഎസ് കരുത്തേകുന്നു. "വികസിത ഭാരതം @ 2047' ന്‍റെ ഭാവി രൂപപ്പെടുത്തുന്നതിന് നമ്മുടെ ഗോത്ര സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം നമ്മുടെ മഹത്തായ ഭൂതകാലത്തെ ബഹുമാനിക്കുന്ന ജനജാതിയ ഗൗരവ് ദിവസിന്‍റെ യഥാർഥ ചൈതന്യമാണിത്, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആവേശകരമായ ആഹ്വാനമാണിത്.