ബങ്കിം ചന്ദ്ര ചാറ്റർജി

 
Special Story

വന്ദേ മാതരം: വിവാദങ്ങളും അർഥതലങ്ങളും

വന്ദേ മാതരം പൂർണമായി ചൊല്ലിയപ്പോൾ അതിനെ അപമാനിക്കുന്നതിനു തുല്യമായ സമീപനമാണ് സന്നിഹിതരായ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്

MV Desk

എ.കെ. സനൻ

വന്ദേ മാതര ഗീതം എഴുതിയതിന്‍റെ 150ാം വർഷവും, രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ 80ാം വർഷവും പൂർത്തിയാക്കുകയാണ് നമ്മൾ. ദേശീയ ഗാനമായ ജനഗണമനയ്ക്കൊപ്പം തുല്യ പ്രാധാന്യം കൊടുത്തു കൊണ്ട് വന്ദേ മാതര ഗീതം മുഴുവനായി ചൊല്ലണമെന്ന കേന്ദ്ര സർക്കാരിന്‍റെ പുതിയ ചട്ട ഭേദഗതി വന്നിരിക്കുകയാണല്ലോ. തുടർന്ന് കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയുടെ കത്തും അതേക്കുറിച്ചുള്ള ഭരണ, പ്രതിപക്ഷ കക്ഷികളുടെ പ്രതികരണങ്ങളും വിവാദമായിരിക്കുകയാണ്. ഇടതു- വലതു മുന്നണികളും അവരുടെ ജനപ്രതിനിധികളും രാഷ്‌ട്രീയ നേതാക്കളും ദേശീയഗീതമായ വന്ദേ മാതരത്തിന്‍റെ ആദ്യ ഭാഗം മാത്രമേ ചൊല്ലൂ എന്ന് ശഠിച്ചിരിക്കുകയാണിപ്പോൾ.

അതേസമയം, ഈ വർഷത്തെ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുള്ള ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങൾ വന്ദേ മാതരം പൂർണമായി ചൊല്ലി മാതൃകാപരമായ നിലപാട് സ്വീകരിച്ചു. എന്നാൽ, ഭാരത വിഭജനത്തിന്‍റെ ഉത്തരവാദികളായ മുസ്‌ലിം ലീഗിന്‍റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ വിഘടന പ്രവർത്തനങ്ങളുടെ ബുദ്ധി കേന്ദ്രമായ ജമാഅത്തെ ഇസ്‌ലാമിയുടേയും സമ്മർദത്തിനു വഴങ്ങി കേരള മുഖ്യമന്ത്രി വന്ദേ മാതര ഗീതം ചൊല്ലാതെ ദേശവിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്ന നിലപാടെടുത്തു.

ഡൽഹി കോൺഗ്രസ് ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങുകളിൽ വന്ദേ മാതരം പൂർണമായി ചൊല്ലിയപ്പോൾ അതിനെ അപമാനിക്കുന്നതിനു തുല്യമായ സമീപനമാണ് സന്നിഹിതരായ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഗീതം ചൊല്ലുന്ന സമയത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമൊക്കെ അങ്ങേയറ്റം അസ്വസ്ഥരാകുന്നത് നാമൊക്കെ വീഡിയൊയിലൂടെ കണ്ടു. ദേശീയ മാനബിന്ദുക്കളോടും രാഷ്‌ട്ര വീക്ഷണത്തോടും 1920കൾക്കു ശേഷം കോൺഗ്രസ് സ്വീകരിച്ച സമീപനവും ന്യൂനപക്ഷ പ്രീണനവുമാണ് വിഭജനത്തിന്‍റെ മുഖ്യ കാരണം. സ്വാതന്ത്ര്യം ലഭിച്ച് 80 വർഷം പൂർത്തിയാകുമ്പോഴും ദേശീയ മാനബിന്ദുക്കളെ അപമാനിക്കുകയും വിഭജനവാദികളെ കൂട്ടുപിടിക്കുകയും ചെയ്യുന്ന സമീപനത്തിൽ നിന്നും കോൺഗ്രസ് നേതൃത്വം പിന്തിരിഞ്ഞിട്ടില്ല എന്നതാണ് കേരളത്തിലേയും ഡൽഹി കോൺഗ്രസ് ആസ്ഥാനത്തെയും സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നത്.

സംസ്‌കൃതത്തിലും ബംഗാളി ഭാഷയിലുമാണ് വന്ദേ മാതരം എഴുതിയിട്ടുള്ളത്. മേൽപ്പറഞ്ഞ ഭാഷാ പരിജ്ഞാനം കുറവുള്ളവർ അർഥമറിയാതെ ആട്ടം കാണുകയാണ്. അതിന്‍റെ അർഥമോ സന്ദേശമോ അറിയാൻ അവർ ശ്രമിക്കുന്നുമില്ല. ചിലർ പടച്ചുവിടുന്ന തെറ്റായ ആഖ്യാനങ്ങളുടെ പുറകെയാണ് മേൽപ്പറഞ്ഞ കൂപ മണ്ഡൂകങ്ങൾ.

വന്ദേ മാതരം പൊതുവേദികളിൽ

ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച് 1875ൽ പ്രസിദ്ധീകരിച്ച വന്ദേ മാതര ഗാനം 1896ലെ കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിലാണ് മഹാകവി രവീന്ദ്രനാഥ ടാഗോർ ആദ്യമായി ആലപിക്കുന്നത്. റഹ്‌മത്തുള്ള സയാനിയായിരുന്നു അന്നത്തെ അധ്യക്ഷൻ. തുടർന്ന് 1937 വരെ, 41 വർഷം കോൺഗ്രസ് സമ്മേളനങ്ങളിൽ വന്ദേ മാതരം പൂർണമായി ആലപിച്ചിരുന്നു. ഇതിനിടെ, 1923ൽ മൗലാനാ അബുൾ കലാം ആസാദും 1927ൽ എം.എ. അൻസാരിയും കോൺഗ്രസ് അധ്യക്ഷരായി വരികയും ചെയ്തിരുന്നു. ആ കാലഘട്ടങ്ങളിലൊന്നും പൂർണമായി ചൊല്ലാൻ ആർക്കും ഇല്ലാതിരുന്ന എതിർപ്പ് പിന്നീട് എങ്ങനെ ഉണ്ടായി?

ബ്രിട്ടീഷുകാരുടെ ഹിന്ദു- മുസ്‌ലിം വിഭജനത്തിന്‍റെ ആദ്യപടിയായിരുന്നു 1905ലെ ബംഗാൾ വിഭജനം. ബംഗാളിലും ഭാരതത്തിലാകമാനവും ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒന്നിച്ച് ഗംഗാ സ്നാനം നടത്തി പരസ്പരം രാഖി ബന്ധിച്ച് വന്ദേ മാതരം മുഴക്കിക്കൊണ്ടാണ് ആ വിഭജന വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് എന്നു പറയുമ്പോൾ ഭാരത മാതാവും വന്ദേ മാതരവും അവരുടെയുള്ളിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടാകും എന്ന് ഊഹിക്കാം. തത്ഫലമായി 1911ൽ ബ്രിട്ടീഷുകാർക്ക് ബംഗാൾ വിഭജനം റദ്ദാക്കേണ്ടിവന്നു എന്നത് ചരിത്രം.

1905ൽ നിന്നും 1947ലേക്ക് എത്തുമ്പോൾ വന്ദേ മാതര ഗീതവും വെട്ടിമുറിച്ചു; ബംഗാളും, പഞ്ചാബും, സിന്ധുമെല്ലാം വിഭജിച്ച് ഭാരതാംബയുടെ ഇരു വക്ഷസുകളും ഛേദിക്കപ്പെട്ടു.

1937ൽ വന്ദേ മാതര ഗീതത്തെ കോൺഗ്രസ് വർക്കിങ് കമ്മറ്റി മുറിച്ചപ്പോൾ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ അധ്യക്ഷൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവായിരുന്നു എന്നത് കാര്യങ്ങളുടെ വ്യക്തതയ്ക്ക് സഹായകമാകും. ആ കാലഘട്ടമാകുമ്പോഴേക്കും കോൺഗ്രസിന്‍റെ മുഖ്യ നേതാക്കളായിരുന്ന ഗാന്ധിജിയുടേയും നെഹ്രുവിന്‍റെയും അതിരുവിട്ട മുസ്‌ലിം പ്രീണനവും, തെറ്റായ മതേതര ചിന്തയും, ഹിന്ദുവും മുസ്‌ലിമും രണ്ടാണെന്ന ദ്വിസംസ്കാര വാദവും, ഏകരാഷ്‌ട്രമെന്ന ചിന്തയുടെ അഭാവവും, ഭാരതം പുതുതായി രൂപീകരിക്കുന്ന ഒരു രാജ്യമാണെന്ന് ഉയർത്തി വിട്ട ചിന്തയുമൊക്കെയാണ് വന്ദേ മാതരത്തിന്‍റെ വിഭജനത്തിലും തുടർന്ന് ഭാരത വിഭജനത്തിലും കൊണ്ടു ചെന്നെത്തിച്ചത്.

വന്ദേ മാതരത്തിന്‍റെ അർഥതലങ്ങൾ ചിലർക്കെങ്കിലും അറിയാത്തതു കൊണ്ടും, ഗീതത്തിന്‍റെ സന്ദേശവും മഹത്വവും അറിയാവുന്നവരുടെ നിശബ്ദതയും, ബ്രിട്ടീഷുകാരും അവരാൽ കൊളോണിയൽവത്കരിക്കപ്പെട്ട കോൺഗ്രസ് നേതൃത്വവും സൃഷ്‌ടിച്ചെടുത്ത വിഭിന്ന ജനതയാണെന്ന തെറ്റായ ബോധവും, പൊതു സമൂഹത്തിലെ ദേശീയ ബോധത്തിന്‍റെ അഭാവവും, അഖണ്ഡ ഭാരത വീക്ഷണമില്ലായ്മയുമാണ് വന്ദേ മാതരത്തെ ഖണ്ഡിച്ചതിലും സ്വാതന്ത്ര്യ സമരത്തിലെ പിൽക്കാല ദുരന്തങ്ങൾക്കുമുള്ള മുഖ്യ കാരണം. ഇതിന്‍റെ ഫലമായി ദേശീയ ഐക്യത്തിന് സഹായകമായ എല്ലാ മാനബിന്ദുക്കളേയും ചിലരുടെ നിർബന്ധത്തിനു വഴങ്ങി ഒഴിവാക്കുകയോ വെട്ടിമുറിക്കുകയോ ചെയ്തു. ദേശീയ പതാകയും, ദേശീയഗീതവും, ഭാരതമാതാ സങ്കല്പവും, അഖണ്ഡ ഭാരത വീക്ഷണവുമെല്ലാം അതിൽപ്പെടും. ബ്രീട്ടീഷുകാരുടെ വാലാട്ടികളായി മാറിയ കമ്യൂണിസ്റ്റുകാരും ഇക്കാര്യത്തിൽ കോൺഗ്രസിനൊപ്പമായിരുന്നു. അന്നും ഇന്നും ഇവരെല്ലാം വന്ദേ മാതരവും ഭാരതവും വിഭജിക്കപ്പെട്ടതിനെ ന്യായീകരിക്കുന്നവരാണു താനും.

ഭാരത മാതാ വർണന

നവഭാരതത്തിന്‍റെ പൃഥ്വി സൂക്തവും സ്വാതന്ത്ര്യ സമരത്തിലെ ദിവ്യമന്ത്രവുമായിരുന്ന വന്ദേ മാതരത്തിന്‍റെ അർഥതലങ്ങളെ അടുത്തറിയാൻ ശ്രമിക്കണം. ഗീതത്തെ നാലു ഭാഗങ്ങളായി തിരിക്കാം.

ആദ്യ ഭാഗത്ത് ഭാരത ഭൂമിയുടെ പ്രകൃതിവർണനയും അതിന്‍റെ വിശേഷങ്ങളും. അമ്മയായ ഭാരതത്തോടുള്ള മക്കളായ നമ്മുടെ വന്ദനത്തോടെയാണ് ഗീതം ആരംഭിക്കുന്നത്. ""പുണ്യ നദികളിലൂടെയും ജലാശയങ്ങളിലൂടെയും പരിശുദ്ധവും സമൃദ്ധവുമായ അമൃതു തുല്യമായ ജലവും ആവശ്യത്തിന് ഭക്ഷ്യ സമ്പത്തും, ദ്രവ്യസമ്പത്തും, ശുദ്ധവായുവും നല്കുന്ന അമ്മേ, മക്കളായ ഞങ്ങൾക്കിവിടെ ജീവിക്കാനാവശ്യമായ സകലതും നല്കുന്ന ശാകംഭരിയും (അന്നപൂർണേശ്വരി) രത്നഗർഭയുമാണ് അവിടുന്ന്''.

സസ്യശ്യാമളയും കോമളയുമായ ഭാരത മാതാവിന്‍റെ വൈശിഷ്ട്യമാണ് തുടർന്ന് കവി വിവരിക്കുന്നത്. ശുഭ്ര വർണമായ മുല്ലപ്പൂക്കളുടെ ധാരാളിത്തം കൊണ്ട് രാത്രിയെപ്പോലും പ്രകാശ പൂരിതവും സുഗന്ധമയവുമാക്കുന്നു എന്നു പറയുമ്പോൾ, ഇന്നാട്ടിലെ രാത്രി പോലും നമ്മെ സന്തോഷഭരിതമാക്കുന്നതാണ് എന്ന് തിരിച്ചറിയണം. നിന്‍റെ വൃക്ഷങ്ങളെല്ലാം പൂത്തു തളിർത്ത് നിൽക്കുന്നു എന്നു പറയുമ്പോൾ, ഭാരതാംബ നവ താരുണ്യത്തോടെ പ്രശോഭിക്കുകയാണെന്നും നവ യൗവ്വനത്തിന്‍റെ പുഞ്ചിരിയും നിന്നിലൂടെ വരുന്ന മാധുര്യമേറിയ ആരവങ്ങൾ ആരേയും ആകർഷിക്കുന്നതുമാണ് എന്നും ഇവിടെ വിവക്ഷിക്കുന്നു. യൗവ്വനയുക്തയായ സർവ സൗന്ദര്യങ്ങളും നിറഞ്ഞുനിൽക്കുന്ന ഒരു തരുണിയോട് ഭാരത മാതാവിനെ ഇവിടെ ഉപമിച്ചിരിക്കുകയാണ്. അങ്ങിനെയൊക്കെയാണെങ്കിലും അല്ലയോ മാതാവേ, നീ ഞങ്ങൾക്ക് സർവസുഖങ്ങളും നല്കുന്നവളും സകല ആഗ്രഹങ്ങളും നിറവേറ്റുന്നവളുമായ മാതൃതുല്യ തന്നെയാണ്.

""കോടി കോടി കണ്ഠ കളകള നിനാദ കരാളേ...'' എന്നു തുടങ്ങുന്ന രണ്ടാം ഭാഗത്തിൽ വ്യക്തമാക്കുന്നത്, ഭാരതത്തിന്‍റെ കരുത്തും വൈപുല്യവുമാണ്. അതായത്, ഭാരതീയൻ ദുർബലനല്ലായെന്നും, അളവറ്റ ശക്തിയുടേയും പോരാട്ട വീര്യത്തിന്‍റെയും മഹത്തായ ചരിത്രവും പാരമ്പര്യവും നിനക്കുണ്ടെന്നും ഓർമപ്പെടുത്തുന്നു. നാം ആരാണെന്ന് മറന്ന തലമുറയെ സ്വശക്തിയുടെ തിരിച്ചറിവിലൂടെ ആത്മവിശ്വാസമുള്ളവരാക്കാനുള്ള ശ്രമമാണ് കവി നടത്തുന്നത്; ലങ്കയിലേക്കു പുറപ്പെടും മുമ്പ് ഹനുമാനെ സ്വശക്തി ബോധ്യപ്പെടുത്തി ജാംബവാൻ സുസജ്ജമാക്കിയതു പോലെ.

ഓരോ ഭാരതീയനോടും മഹത്തായ തന്‍റെ സംസ്‌കൃതിയെ കുറിച്ചുള്ള തിരിച്ചറിവിന്‍റെ പ്രഖ്യാപനമാണ് ""തുമി വിദ്യ തുമി ധർമ...'' എന്നു തുടങ്ങുന്ന മൂന്നാം ഭാഗത്തെ ചരണത്തിലുള്ളത്. ധർമ പ്രാണദേശവും വിജ്ഞാനത്തിന്‍റെ കളിത്തൊട്ടിലുമായ അല്ലയോ ഭാരതഭൂമേ, അവിടുന്നു തന്നെയാണ് ഞങ്ങളുടെ ഹൃദയത്തിലും ശരീരത്തിലും പ്രാണനിലും കുടികൊള്ളുന്നത് എന്നാണ് വിവക്ഷ.

തുടർന്നുള്ള ""ബാഹു തേ തുമി മാ ശക്തി'' എന്നു തുടങ്ങുന്ന വരികളിൽ പറയുന്നത്, ""അല്ലയോ അമ്മേ, മഹത്തായ നിന്‍റെ ധാർമിക പാരമ്പര്യവും വിജ്ഞാന പാരമ്പര്യവും പേറുന്ന ഞങ്ങളുടെ ശരീരത്തിന്‍റെ കർമം ചെയ്യുവാനുള്ള പ്രേരക ശക്തിയും നീയാണ്. ഞങ്ങളുടെ ഹൃദയത്തിൽ നിന്നെക്കുറിച്ചുള്ള ഭക്തിയാണ്. ഭക്തിയുള്ളിടത്തേ സമർപ്പണം ഉണ്ടാകൂ'' എന്നാണ്.

ഭാരത മാതാവിന്‍റെ ഉയർച്ചയ്ക്കും സുരക്ഷയ്ക്കും മക്കളായ ഭാരതീയരുടെ സന്നദ്ധതയും ത്യാഗവും സമർപ്പണവും അനിവാര്യമാണ് എന്ന് ഓരോരുത്തരേയും ഓർമപ്പെടുത്തുന്നു. അതായത്, ഭാരതത്തിനു വേണ്ടി കർമം ചെയ്യാൻ പ്രേരിപ്പിക്കുന്നതും രാഷ്‌ട്രത്തിനായി ജീവൻ തന്നെ സമർപ്പിക്കാൻ സന്നദ്ധമാക്കുന്നതും ഭാരത മാതാവു തന്നെയാണ്. അതുകൊണ്ട് , ഞങ്ങളുടെ ഓരോരുത്തരുടേയും ശരീരമാകുന്ന ഈ ക്ഷേത്രത്തിലും നിന്‍റെ ബിംബം തന്നെയാണ് ആരാധിക്കപ്പെടുന്നത്.

"ഇദം ശരീരം കൗന്തേയ |

ക്ഷേത്രമിത്യാഭിധീയതേ'

(ഭഗവദ് ഗീത 13:2).

ഈ ശരീരത്തെ ക്ഷേത്രം എന്നു പറയപ്പെടുന്നു.

ആരാധനാലയങ്ങളിലെല്ലാം ഭാരത മാതാവിന്‍റെ വിഗ്രഹം വച്ച് ആരാധിക്കണമെന്നാണ് വന്ദേ മാതര ഗീതത്തിൽ പറയുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. അതുകൊണ്ട് അത് ന്യൂനപക്ഷ വിരുദ്ധമാണു പോലും! അഥവാ, ക്ഷേത്രങ്ങളിലെല്ലാം ഭാരതമാതാവിന്‍റെ വിഗ്രഹം വച്ച് ആരാധിക്കണമെന്നാണ് ഗീതത്തിൽ പറയുന്നതെങ്കിലും അതിൽ എന്താണിത്ര തെറ്റ്?

""തോമാരയി പ്രതിമാ ഗഡി മന്ദിരേ മന്ദിരേ...'' എന്നു പറയുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഭാരത മാതാവിന്‍റെ ബിംബം വച്ച് നമുക്ക് ആരാധിക്കാം; ഓരോ ഗൃഹത്തിലും ഭാരത മാതാവ് ആരാധിക്കപ്പെടട്ടെ; ഓരോ ആരാധനാലയത്തിലും ഭാരത മാതാവ് ആരാധിക്കപ്പെടട്ടെ എന്നെല്ലാം അതിനെ വ്യാഖ്യാനിക്കാം. അതെല്ലാം ശരിയാണു താനും.

"ഭദ്രമിച്ഛന്ത ഋഷയഃ സ്വർവിദഃ|

തപോ ദീക്ഷാമുപസേദുരഗ്രേ |

തതോ രാഷ്‌ട്രം ബലമോജശ്ച ജാതം|

തദസ്‌മൈ ദേവാ ഉപസംനമന്തു ||'

(അഥർവം 19:41:1)

അഥർവ വേദത്തിലെ മേൽപ്പറഞ്ഞ മന്ത്രത്തിന്‍റെ അന്തഃസത്തയുടെ ഓർമപ്പെടുത്തലും മേൽ ചരണത്തിൽ ദർശിക്കാം. വൈദിക കാലം മുതൽ ഋഷിമാരുടെ തപോബലവും ഓജസുമാണ് രാഷ്‌ട്രത്തിന്‍റെ വിജ്ഞാനത്തിന്‍റെയും ധാർമിക മൂല്യങ്ങളുടേയും ആധാരവും ശക്തിയും. ആ വിജ്ഞാനവും ധർമവും തന്നെയാണ് ഭാരത മാതാവേ അങ്ങയുടെ പൈതൃകത്തിലൂടെ ഞങ്ങളിൽ പ്രവഹിക്കുന്നത് എന്ന മൂന്നാം ചരണത്തിലൂടെ വ്യക്തമാക്കുന്നത്.

""ത്വം ഹി ദുർഗാ ദശപ്രഹരണ ധാരിണീ...'' എന്നു തുടങ്ങുന്ന നാലാം ഭാഗത്ത് പറയുന്നത്, നമ്മുടെ നാടിന്‍റെ പുരോഗതിക്കും ഓരോ വ്യക്തിയുടേയും ഭൗതികമായ വളർച്ചയ്ക്കും ആവശ്യമായ ശക്തിയും വിദ്യയും ധനവുമെല്ലാം അല്ലയോ ഭാരത മാതാവേ നീ തന്നെയാണ് നൽകുന്നത് എന്നാണ്.

സനാതന സംസ്കൃതിയിൽ ശക്തിയുടെ പ്രതീകമാണ് സർവായുധ വിഭൂഷിതയായ മഹിഷാസുര മർദിനി. ""സകല ശക്‌തിയുടേയും ഉറവിടമായ ആ ദുർഗാ ദേവി ഭാരതാംബേ അവിടുന്നു തന്നെയാണ്, സകല സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയായ ലക്ഷ്‌മിയും നീ തന്നയാണ്, ജ്ഞാനദായിനിയായ സരസ്വതിയും അല്ലയോ അമ്മേ അവിടുന്നു തന്നെയാണ്'' എന്നാണ് ഗീതം നമ്മെ ബോധ്യപ്പെടുത്തുന്നത്. മേൽപ്പറഞ്ഞതെല്ലാമായ ഭാരത മാതാവിന്‍റെ മഹത്വത്തെ ഒന്നുകൂടി വർണിക്കുകയാണ് തുടർന്നുള്ള അവസാന വരികളിൽ.

സ്ത്രീ ശാക്തീകരണ പ്രഖ്യാപനം

ലോകചരിത്രത്തിൽ ഇത്രത്തോളം സ്ത്രീ ശാക്തീകരണവും സ്ത്രീ ശക്തിക്ക് മഹത്വവും നൽകുന്ന മറ്റേതൊരു ഗീതമാണുള്ളത്? ഭാരതത്തിന്‍റെ സമ്പൂർണ ശക്തിയും, വിജ്ഞാനവും, സമ്പത്തും, സാംസ്കാരിക മൂല്യങ്ങളും, നമുക്കാവശ്യമായ വായുവും, ജലവും, ഭക്ഷ്യവസ്തുക്കളും എല്ലാം നല്കുന്ന അമ്മ- അത് ഭാരത മാതാവാണ് എന്നു കവി ഇവിടെ പ്രഖ്യാപിക്കുകയാണ്. ഈ ഭൂമിയെ അമ്മയായി കാണുകയും സകല ശക്തി സമ്പത്തിന്‍റെയും ഉറവിടം മാതൃ സ്വരൂപിണിയായ ഭാരത മാതാവാണെന്നു പറയുന്ന ഭാരത സംസ്കൃതിയുടെ മഹത്വമാണ് ഇവിടെ ഉദ്ഘോഷിക്കുന്നത്.

മതവിരുദ്ധ ഗീതമോ?

വന്ദേ മാതരത്തിന്‍റെ വരികളിൽ എന്തു മത വിരുദ്ധതയാണുള്ളത്? ഒരു മത വിഭാഗത്തേയും അപഹസിക്കാതേയും നോവിക്കാതെയുമാണ് ആദ്യന്തം വന്ദേ മാതര ഗീതം എഴുതപ്പെട്ടിട്ടുള്ളത്.

ദുർഗ എന്നൊരു വാക്കാണ് പലരിലും പ്രതിഷേധമുണ്ടാക്കുന്നത്. ഗീതത്തിൽ ഒരിടത്തും ദുർഗാദേവിയെ സ്തുതിക്കാൻ പറയുന്നുമില്ല. ആ വാക്ക് ഉച്ചരിക്കാൻ പ്രയാസമാണെങ്കിൽ ഇത്തരം ഒട്ടനവധി ശബ്ദങ്ങൾ വരുന്നിടത്തെല്ലാം അക്കൂട്ടർ നിശബ്‌ദരാകേണ്ടിവരും. സൈന്യത്തിലെ പല റെജിമെന്‍റുകളുടേയും ഘോഷങ്ങൾ ഓം കാളി - ജയ് കാളി, ഹരഹര മഹാദേവ് , ജയ് ബജ്‌രംഗി, സ്വാമിയേ ശരണമയ്യപ്പാ എന്നൊക്കെയാണ്. മുസ്‌ലിങ്ങളായ സൈനികർ എങ്ങനെ ഏറ്റുവിളിക്കുമിത്? മുസ്‌ലിമായ അധ്യാപകർ വിഷ്‌ണു, സരസ്വതി, ലക്ഷ്‌മി, ഉണ്ണികൃഷ്‌ണൻ, ദുർഗ, പരമേശ്വരൻ തുടങ്ങിയ പേരുള്ള കുട്ടികളെ എങ്ങനെ പേരു ചൊല്ലി വിളിക്കും?! ക്ഷേത്ര പരിസരത്ത് വ്യാപാരം നടത്തുന്ന മുസ്‌ലിംങ്ങൾ ഹിന്ദു ദേവീദേവന്മാരുടെ ചിത്രവും നിലവിളക്കും ഉപയോഗിക്കുന്നുണ്ടല്ലോ? പണം കിട്ടുന്നിടത്ത് ഇത്തരം നാമങ്ങൾ ഇസ്‌ലാം സൗഹൃദമായി മാറുമോ? ശ്രീകൃഷ്ണ കഫേ, വിനായക റസ്റ്ററന്‍റ്, ലക്ഷ്‌മി സ്‌റ്റോർ തുടങ്ങിയ പേരുള്ള സ്ഥാപനങ്ങൾ ഹറാമാവില്ല എന്ന് പ്രതീക്ഷിക്കാം.

മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ മുസ്‌ലിങ്ങൾ തന്നെ രാമായണ മേളകളും രാമയണ ബാലെയും നടത്തുന്നു. സൗദി അറേബ്യ പോലുള്ള ഇസ്‌ലാമിക രാജ്യങ്ങളിൽ യോഗയും ഗീതയും ഉപനിഷത്തുമൊക്കെ പഠിപ്പിക്കുന്നു. അവിടെയൊന്നുമില്ലാത്ത എന്തു പ്രശ്‌നമാണ് ഭാരതത്തിലെ ചില മുസ്‌ലിങ്ങൾക്ക് വന്ദേ മാതരം ചൊല്ലുമ്പോൾ ഉണ്ടാവുന്നത്? ഒരു ഗീതത്തിലെ ഒന്നുരണ്ടു ശബ്‌ദം കൊണ്ടു മാത്രം എങ്ങനെ ആ ഗീതം ഇസ്‌ലാം വിരുദ്ധമായി മാറും?

വീണ്ടും ഭാരതം ഒന്നാകാൻ

1937ൽ വന്ദേ മാതരത്തെ വെട്ടിമുറിച്ച് കൃത്യം 10 വർഷം കഴിഞ്ഞപ്പോൾ ഭാരതം വിഭജിക്കപ്പെട്ടു. ആ ദിവ്യമന്ത്രം ഇക്കൊല്ലം മുതൽ പൊതുവേദികളിൽ പൂർണമായി ചൊല്ലാൻ ആരംഭിച്ചിരിക്കുകയാണ്. വന്ദേ മാതരം ഒന്നാകുമ്പോൾ ഭാരതവും ഒന്നാകും. വന്ദേ മാതരത്തിന്‍റെ വിഭജനം ഇല്ലാതായി 10 വർഷം കഴിയുമ്പോഴേക്കും 2036ൽ, അല്ലെങ്കിൽ 2047 ആകുമ്പോഴെങ്കിലും, ഭാരത വിഭജനവും ഇല്ലാതാകുമെന്ന് പ്രത്യാശിക്കാം.

കോൺഗ്രസ്, കമ്യൂണിസ്റ്റ്, ചില സോഷ്യലിസ്റ്റ് ശക്തികൾ തുടങ്ങിയവരുടെ ന്യൂനപക്ഷ പ്രീണനനയവും വികല മതേതര ചിന്തയും, ദേശീയ മൂല്യങ്ങളെ അപമാനിക്കുകയും വിഭജന- വിഘടന ശക്തികളെ വളരാൻ അനുവദിച്ച സമീപനമുമാണ് സകല വിഘടന വാദത്തിന്‍റെയും വിഭജന വാദത്തിന്‍റെയും അന്നും ഇന്നുമുള്ള പ്രേരണാ സ്രോതസ്.

ഇനിയൊരു പാക്കിസ്ഥാനോ ബംഗ്ലാദേശോ സൃഷ്‌ടിക്കാൻ അവസരമുണ്ടാക്കരുത്. ദേശീയ മാനബിന്ദുക്കളെ എതിർക്കുന്നവർ മന്ത്രിയായാലും നേതാവായാലും സാധാരണ പൗരനായാലും അവർക്കു സ്ഥാനം ജയിലിലാകണം. ദേശീയതയേയും മാനബിന്ദുകളേയും അപമാനിക്കുന്നവർക്കെതിരേ ശക്തമായ ജനകീയ പ്രതിരോധവും, നിയമ നടപടിയും, ജനങ്ങളെ ബോധവത്കരിക്കലുമാണ് ഇത്തരം ദേശവിരുദ്ധതയ്ക്കുള്ള ശാശ്വത പരിഹാരം.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്