ചിന്താ ശിബിരം: സമാന കാഴ്ചപ്പാടിലൂടെ കായിക ഭാവി രൂപപ്പെടുത്തൽ

 
Special Story

ചിന്താ ശിബിരം: സമാന കാഴ്ചപ്പാടിലൂടെ കായിക ഭാവി രൂപപ്പെടുത്തൽ

MV Desk

പുല്ലെല ഗോപീചന്ദ്

പുല്ലെല ഗോപീചന്ദ്

രണ്ടു ചിന്താ ശിബിരങ്ങളിൽ ഭാഗമാകാൻ അവസരം ലഭിച്ച വ്യക്തി എന്ന നിലയിൽ, ഇന്ത്യൻ കായിക രംഗത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവുമധികം ആവശ്യമുള്ളതും സ്വാധീനം ചെലുത്തുന്നതുമായ സംരംഭങ്ങളിലൊന്നാണിത് എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഇന്ത്യയുടെ കായിക യാത്രയിൽ നിർണായകമായ ഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. ലക്ഷ്യബോധവും നിക്ഷേപവും പ്രചോദനവും മുമ്പെങ്ങുമില്ലാത്തവിധം ഒത്തുചേരുന്ന കാലഘട്ടമാണിത്.

കഴിഞ്ഞ പതിറ്റാണ്ടിൽ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കായികരംഗം പാർശ്വവൽക്കരിക്കപ്പെട്ട അവസ്ഥയിൽനിന്നു മുഖ്യധാരയിലേക്കെത്തിയിരിക്കുന്നു. വെറും മത്സരം എന്നതിലുപരി ആരോഗ്യം, അച്ചടക്കം, നാടിന്‍റെ പെരുമ എന്നിവയ്ക്കുള്ള ഉപാധിയായും കായികരംഗത്തെ ജനങ്ങൾ കാണുന്നുണ്ട് എന്നതിന് ഇന്നു വ്യക്തമായ തെളിവുകളുണ്ട്.

ഇന്നു സംസ്ഥാന ഗവണ്മെന്‍റുകൾ, സന്നദ്ധ സംഘടനകൾ, കോർപ്പറേറ്റുകൾ, ഫെഡറേഷനുകൾ, താഴേത്തട്ടിലുള്ള സ്ഥാപനങ്ങൾ എന്നിവയെല്ലാം കായികരംഗത്തിന്‍റെ വളർച്ചയ്ക്കായി സജീവമായി സംഭാവനചെയ്യുന്ന വിശാലവും വൈവിധ്യപൂർണവുമായ വ്യവസ്ഥിതിക്കാണു നാം സാക്ഷ്യംവഹിക്കുന്നത്.

ചിന്താശിബിരത്തെ സവിശേഷമാക്കുന്നത് ഈ പങ്കാളികളെയെല്ലാം ഒറ്റ വേദിയിൽ കൊണ്ടുവരാനുള്ള കെൽപ്പാണ്. കായികരംഗം സ്വാഭാവികമായും ഉൽപ്പാദനം, വിനോദം, ശാരീരികക്ഷമത, മാധ്യമങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീർഘകാല വിജയത്തിന് അനിവാര്യമായ സമാനമായ കാഴ്ചപ്പാടു സൃഷ്ടിച്ച്, വിഘടിച്ചുനിൽക്കുന്ന ഈ മേഖലകളെ ഏകോപിപ്പിക്കാൻ ചിന്താ ശിബിരം സഹായിക്കുന്നു.

ഇതു രാജ്യത്തിന്‍റെ കൂട്ടായ കാഴ്ചപ്പാടിനെ മുൻനിരയിൽ കൊണ്ടുവരുന്നതോടൊപ്പം, വിവിധ സംസ്ഥാനങ്ങളിലെ മികച്ച പ്രവർത്തനമാതൃകകൾ പരിചയപ്പെടുത്തുകയും, അവ മാതൃകയാക്കാനും നൂതനാശയ ഉപജ്ഞാതാക്കൾക്കു പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സമ്മേളനം എന്നതിലുപരി, ചിന്താ ശിബിരം പഠന വ്യവസ്ഥിതി കൂടിയാണ്.

ആശയങ്ങൾ പങ്കുവയ്ക്കാനും വെല്ലുവിളികൾ മനസിലാക്കാനും സംയുക്തമായി പ്രതിവിധികൾ കണ്ടെത്താനും ഇതു പങ്കാളികളെ അനുവദിക്കുന്നു. ഇതു കരുത്തുറ്റ പ്രചോദനമായി വർത്തിക്കുകയും ചെയ്യുന്നു. വിജയഗാഥകൾ എടുത്തുകാട്ടുന്നതോടൊപ്പം ഇന്ത്യയിലെ കായികരംഗം മെഡലുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും ഇതു വെളിവാക്കുന്നു. ജനപങ്കാളിത്തം, ഏവരെയും ഉൾക്കൊള്ളൽ, രാഷ്‌ട്ര നിർമാണം എന്നിവയെക്കുറിച്ചാണ് ഇതെന്ന ആശയത്തെയും ആവർത്തിച്ചുറപ്പിക്കുന്നു.

"ഏവർക്കും കായികരംഗം''

ഫിറ്റ് ഇന്ത്യ പ്രസ്ഥാനം, അന്താരാഷ്‌ട്ര യോഗ ദിനാചരണം, സൈക്ലിങ് മത്സരങ്ങൾ പോലുള്ള ജനകീയ പ്രവർത്തനങ്ങൾ എന്നിവ കായികരംഗത്തെ നാം എങ്ങനെ കാണുന്നു എന്നതിനെ പുനർനിർവചിക്കാൻ സഹായിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന തലത്തിലുള്ള മികവിനൊപ്പം ""ഏവർക്കും കായികരംഗം'' എന്നതിനാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്. മെഡൽ മോഹങ്ങളും ബഹുജനപങ്കാളിത്തവും ഇനി വെവ്വേറെ ചർച്ചകളല്ല; അവ ഒരേ തുടർച്ചയുടെ ഭാഗമാണ്.

ശ്രീനഗറിൽ ചിന്താശിബിരം സംഘടിപ്പിച്ചത് ഇതിന്‍റെ പ്രാധാന്യത്തിനു മറ്റൊരു തലംകൂടി നൽകി. നഗരത്തിന്‍റെ ശാന്തമായ സൗന്ദര്യം മനോഹരമായ പശ്ചാത്തലം മാത്രമല്ല നൽകിയത്; മറിച്ച്, അർഥവത്തായ സംവാദത്തിന് അനിവാര്യമായ സമാധാനപരമായ ചിന്താസാഹചര്യവും ഒരുക്കി.

"ശ്രീനഗർ ഖേൽ സങ്കൽപ്പ് '

ഈ ചിന്താശിബിരത്തിന്‍റെ സവിശേഷമായ ഫലം "ശ്രീനഗർ ഖേൽ സങ്കൽപ്പ് ' അംഗീകരിച്ചതാണ്. വെറും ലക്ഷ്യപ്രഖ്യാപനത്തേക്കാൾ ഉപരിയായി, ഇന്ത്യൻ കായികരംഗത്തെ എല്ലാ പങ്കാളികളുടെയും അഭിലാഷങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ചട്ടക്കൂടാണ് ഈ സങ്കൽപ്പം. സമാന ലക്ഷ്യങ്ങൾ, മുൻഗണനകൾ, ഉത്തരവാദിത്വങ്ങൾ എന്നിവ വ്യക്തമായി നിർവചിക്കുന്നതിലൂടെ, ചിതറിപ്പോകാതെ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ സഹായിക്കുന്ന കർമരേഖ ഇതു സൃഷ്ടിക്കുന്നു.

"ശ്രീനഗർ ഖേൽ സങ്കൽപ്പി'ന്‍റെ യഥാർഥ കരുത്ത് നിലകൊള്ളുന്നത്, ഗവണ്മെന്‍റുകൾ, ഫെഡറേഷനുകൾ, സ്വകാര്യ മേഖല, പൗരസമൂഹം തുടങ്ങി വൈവിധ്യമാർന്ന പങ്കാളികളെ ഒരേ ലക്ഷ്യത്തിലേക്കു കൊണ്ടുവരാനുള്ള കഴിവിലാണ്. ഇന്ത്യയുടെ കായികരംഗത്തെ മുന്നേറ്റം ഒറ്റപ്പെട്ട പരിശ്രമങ്ങളിലൂടെ സാധ്യമാകില്ല എന്ന ആശയത്തെ ഇത് ആവർത്തിച്ചുറപ്പിക്കുന്നു. പകരം, വിഭവങ്ങളും അറിവും വൈദഗ്ധ്യവും ഒത്തുചേരുന്ന ഏകോപിതവും സഹകരിച്ചുള്ളതുമായ സമീപനത്തിലൂടെയാണ് അതു സാധ്യമാകേണ്ടത്.

2036ഓടെ ഒളിംപിക് ഗെയിംസിൽ ആദ്യ 10 രാജ്യങ്ങളിൽ ഒന്നായി മാറണമെന്ന ഇന്ത്യയുടെ ദീർഘകാല ലക്ഷ്യം കൈവരിക്കണമെങ്കിൽ ഈ ഏകോപനം അത്യന്താപേക്ഷിതമാണ്. ലോകോത്തര കായികതാരങ്ങളെ വാർത്തെടുക്കുന്നതിനു പ്രതിഭ മാത്രമല്ല ആവശ്യമായുള്ളത്. താഴേത്തട്ടുമുതലുള്ള കണ്ടെത്തൽ, ശാസ്ത്രീയ പരിശീലനം, അടിസ്ഥാനസൗകര്യങ്ങൾ, മികച്ച പരിശീലനം, മത്സരപരിചയം, നിരന്തരമായ സാമ്പത്തിക- സ്ഥാപന പിന്തുണ എന്നിവ ഒത്തുചേരുന്ന തടസമില്ലാത്ത വ്യവസ്ഥിതിയും അനിവാര്യമാണ്. ഈ ഘടകങ്ങളെയെല്ലാം ഏകീകൃത സംവിധാനമായി കൂട്ടിയിണക്കാൻ കഴിയുന്ന തന്ത്രപരമായ കരുത്താണ് ഈ സങ്കൽപ്പം നൽകുന്നത്.

ഈ സംവാദങ്ങളിൽ ഏറ്റവും വേറിട്ടുനിൽക്കുന്നത് ഈ വ്യവസ്ഥിതിയിലാകെ നിലനിൽക്കുന്ന ശുഭപ്രതീക്ഷയാണ്. ഇന്ത്യയുടെ കായിക ഭാവി തിളക്കമുള്ളതാണെന്നും, സഹകരണത്തിലൂടെ കരുത്തുറ്റതും ഏവരെയും ഉൾക്കൊള്ളുന്നതും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമായ കായിക സംസ്കാരം നമുക്കു കെട്ടിപ്പടുക്കാൻ കഴിയുമെന്നുമുള്ള പൊതുവായ വിശ്വാസം അവിടെ പ്രകടമാണ്.

ഏതുവിധത്തിൽ നോക്കിയാലും, ചിന്താ ശിബിരം സവിശേഷമായ പരീക്ഷണമാണ്. എങ്കിലും ഇതിനോടകം അതു വിജയിച്ചതായി തെളിയിക്കപ്പെട്ടുകഴിഞ്ഞു. സംവാദം, ഏകോപനം, പരസ്പരധാരണ എന്നിവയുടെ പ്രാധാന്യത്തിന് ഇത് ഊന്നൽ നൽകുന്നു. ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന രാജ്യത്തിന്, ഇത്തരം വേദികൾ ഗുണകരമെന്നു മാത്രമല്ല, അത്യന്താപേക്ഷിതം കൂടിയാണ്.

ആഗോള കായികവേദിയിൽ നമ്മുടെ അഭിലാഷങ്ങൾ യഥാർഥത്തിൽ സാക്ഷാത്കരിക്കണമെങ്കിൽ, ഈ സംവാദങ്ങൾ തുടരുകയും അവയ്ക്കു കൂട്ടായ പ്രവർത്തനങ്ങളുടെ പിന്തുണ ഉണ്ടാകുകയും വേണം. "ശ്രീനഗർ ഖേൽ സങ്കൽപ്പ് ' നമുക്ക് ആ ദിശാബോധം നൽകുന്നു. ചിന്താ ശിബിരം നമുക്ക് ആ വേദിയും ഒരുക്കുന്നു. ഇന്ത്യയുടെ കായിക സ്വപ്നങ്ങളെ സുസ്ഥിരമായ ഒളിംപിക് വിജയങ്ങളാക്കി മാറ്റുന്നതിന് ഇവ രണ്ടും ചേർന്നു കരുത്തുറ്റ അടിത്തറയാണു രാജ്യത്തിനായി സജ്ജമാക്കുന്നത്.

(പദ്മശ്രീ, ഖേൽരത്ന, ദ്രോണാചാര്യ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലേഖകൻ നിലവിൽ ഇന്ത്യൻ ദേശീയ ബാഡ്മിന്‍റൺ ടീമിന്‍റെ മുഖ്യ പരിശീലകനാണ്)

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്