ജ്ഞാനേഷ് കുമാർ

 

File

Special Story

കാണാതാവുന്ന ഉത്തരവാദിത്വം

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്വതന്ത്ര പദവിയെക്കുറിച്ചുള്ള സംശയങ്ങൾ മുതൽ സിഎംആർഎൽ അന്വേഷണത്തിലെ രാഷ്ട്രീയവും നിയമപരവുമായ ട്വിസ്റ്റുകൾ വരെ, ഉത്തരവാദിത്വം പരീക്ഷിക്കപ്പെടുകയാണ്.

MV Desk

അധികാരത്തിലിരിക്കുന്നവർ ജനങ്ങളുടെ സഹിഷ്ണുതയെ വിവരക്കേടായി തെറ്റിദ്ധരിക്കുമ്പോൾ, ജനാധിപത്യം വലിയ വില നൽകേണ്ടിവരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്വതന്ത്ര പദവിയെക്കുറിച്ചുള്ള സംശയങ്ങൾ മുതൽ സിഎംആർഎൽ അന്വേഷണത്തിലെ രാഷ്ട്രീയവും നിയമപരവുമായ ട്വിസ്റ്റുകൾ വരെ, ഉത്തരവാദിത്വം കടുത്ത പരീക്ഷണം നേരിടുകയാണ്. ഒഴിഞ്ഞുമാറലുകളല്ല, മറിച്ച് വ്യക്തമായ മറുപടിയാണ് ജനങ്ങൾ അർഹിക്കുന്നത്.

അജയൻ

മുകളിൽ നിന്ന് വിളമ്പുന്നതെല്ലാം ജനങ്ങൾ കണ്ണടച്ചു വിശ്വസിക്കുമെന്ന വിഡ്ഢിത്ത ധാരണയിൽ രാഷ്ട്രീയ രംഗം തിളച്ചുമറിയുകയാണ്. വിവരങ്ങളുടെ വിസ്ഫോടനകാലത്ത് ജനങ്ങളുടെ ബുദ്ധിയെ ഇത്തരത്തിൽ പുച്ഛിക്കുന്നത്, കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നേതൃത്വത്തെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ഇതിൽ എടുത്തുപറയേണ്ട രണ്ട് കാര്യങ്ങളുണ്ട്: സ്വതന്ത്ര തെരഞ്ഞെടുപ്പിന്‍റെ അടിത്തറയെത്തന്നെ കരിനിഴലിൽ നിർത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സംരക്ഷിക്കാനുള്ള വെപ്രാളവും, മുൻ കേരള മുഖ്യമന്ത്രിയും മകളും മരുമകൻ കൂടിയായ മുൻ മന്ത്രിയും ഉൾപ്പെട്ട കേസിലെ പ്രഹസനപരമായ അന്വേഷണവും. ഭരണാധികാരികൾ ജനങ്ങളുടെ ക്ഷമയെ അവരുടെ വിവരക്കേടായി തെറ്റിദ്ധരിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവുകളാണ് ഇവയെല്ലാം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം പ്രധാനമന്ത്രിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവിനും ഒപ്പം ഒരു കേന്ദ്ര മന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ട് 2023-ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ സർക്കാരിന്‍റെ ലക്ഷ്യം വ്യക്തമായിരുന്നു: ഭരണപക്ഷത്തിന് ഭൂരിപക്ഷം ഉറപ്പാക്കുക. മുൻകാലങ്ങളിലും കേന്ദ്ര സർക്കാരുകൾ തങ്ങൾക്ക് താത്പര്യമുള്ളവരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തലവന്മാരായി നിയമിച്ചിരുന്നതെന്ന ബിജെപി പ്രതിരോധം ഈ നീതികേടിനെ വെള്ളപൂശുന്നില്ല. എന്നാൽ, കേന്ദ്രം തെരഞ്ഞെടുത്ത ടി.എൻ. ശേഷൻ തന്നെയാണ് ഈ സ്ഥാപനത്തിന് ശക്തമായ പല്ലും നഖവും നൽകിയത്. വിരോധാഭാസമെന്നു പറയട്ടെ, അന്ന് കഷ്ടപ്പെട്ട് നേടിയെടുത്ത ആ സ്ഥാപനത്തിന്‍റെ വിശ്വാസ്യതയാണ് ഇന്ന് വലിയ തോതിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.

സിഇസി ജ്ഞാനേഷ് കുമാറിന്‍റെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ നടത്തിയ വിയോജിപ്പുകൾ ഒതുക്കിത്തീർക്കാൻ ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ യാതൊരു നീതികരണവുമില്ലാതെ അധികാരികൾ അവഗണിക്കുകയാണ്. പകരം, തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കപടമുഖം തുറന്നുകാട്ടുന്ന രാഹുൽ ഗാന്ധിയെയാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങൾ അദ്ദേഹത്തിന്‍റെ പ്രചാരണത്തിനു പിന്നിലുണ്ടാകാം, എന്നാൽ, അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാനുള്ള ബിജെപിയുടെ നിരന്തര ശ്രമങ്ങൾ അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കൂടുതൽ സാധുത നൽകുകയും കമ്മിഷന്‍റെ വിശ്വാസ്യതയെ കൂടുതൽ സംശയത്തിലാക്കുകയും ചെയ്യുന്നു.

ഫോം 6-ൽ വരുത്തിയെന്നു പറയുന്ന മാറ്റങ്ങൾ ജ്ഞാനേഷ് കുമാറിന്‍റെ കൈക്രിയയാണെങ്കിൽ, പരമാവധി വോട്ടർമാരെ പുറന്തള്ളിക്കൊണ്ട് വോട്ടവകാശം നിഷേധിക്കുന്ന ഒന്നായി എസ്ഐആർ മാറിയേക്കാം. അതിലും ഗുരുതരമായ കാര്യം, ഭേദഗതി വരുത്തിയ ഈ ഫോമിന് സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുതിർന്ന നേതാവായ എൽ.കെ. അഡ്വാനിക്കു പോലും വോട്ടവകാശം നഷ്ടപ്പെടാനിടയുള്ള ഈ സാഹചര്യത്തിലും ബിജെപിയുടെ മൗനം വളരെ പ്രകടമാണ്. ബിജെപിയിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു കടക്കാൻ ജ്ഞാനേഷ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു എന്ന മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസന്‍റെ വെളിപ്പെടുത്തൽ സംശയങ്ങൾ ഇരട്ടിപ്പിക്കുന്നു. ഇത് സിഇസിയെ മാത്രമല്ല, അദ്ദേഹത്തെ നിയമിച്ചവരെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു. കേരളത്തിൽ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന കാലത്ത് അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുള്ള ജ്ഞാനേഷിന്‍റെ ഔദ്യോഗിക പശ്ചാത്തലം ഒട്ടും ആശ്വാസം നൽകുന്നതല്ല.

ജ്ഞാനേഷ് കുമാർ മാത്രമല്ല മറുപടി പറയേണ്ടത്; സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കാൻ ഉത്തരവാദിത്വമുള്ള ഒരു പദവിയിലേക്ക് അദ്ദേഹത്തെ നിയമിച്ചവരും ഇതിനു മറുപടി നൽകാൻ ബാധ്യസ്ഥരാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഈ സ്ഥാപനം അനുകൂലമായി നിന്നോ എതിരായി നിന്നോ എന്നതിലുപരി, രാഷ്ട്രീയക്കളികൾക്ക് അതീതമാണ് ഈ വിഷയം. ഇവിടെ പണയപ്പെടുത്തിയിരിക്കുന്നത് ഓരോ പൗരന്‍റെയും ഭരണഘടനാപരമായ വോട്ടവകാശമാണ്, ഒപ്പം ആ അവകാശത്തെ സംരക്ഷിക്കുന്ന സ്ഥാപനം രാഷ്ട്രീയ സ്വാധീനങ്ങളിൽ നിന്ന് മുക്തമാണെന്ന ഉറപ്പും മങ്ങുന്നു. രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ഒറ്റക്കാരണത്താൽ പൗരന്മാരെ ആരും വിഡ്ഢികളാക്കാൻ ശ്രമിക്കരുത്.

ലളിതമായ കാര്യങ്ങൾ പോലും സങ്കീർണമാകുന്ന കേരളം

എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് അതിന്‍റേതായ ചരിത്രമുണ്ട്: ഏത് സർക്കാരിന്‍റെ കാലത്തായാലും ഈ ഏജൻസിയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നും, സൗകര്യപ്പെടുമ്പോൾ എതിരാളികൾക്കെതിരെ തിരിക്കുകയും താത്പര്യപ്പെടുമ്പോൾ അയവുവരുത്തുകയും ചെയ്യുന്നുവെന്ന ആരോപണങ്ങൾ പതിവാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾക്ക് കരാർ ലഭിച്ചതുമായി ബന്ധപ്പെട്ട് അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നെന്ന് ഇഡി സംശയിക്കുന്ന സിഎംആർഎൽ വിഷയം കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ വാർത്തയല്ല.

ഇവിടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോചിച്ച് ഇഡി സംസ്ഥാന സർക്കാരിന് ഒരു റിപ്പോർട്ട് നൽകുകയും ഇതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെ നിയമപരമായ ഒരു പ്രശ്നമുണ്ട്: പിഎംഎൽഎ പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ എന്നത് ഒരു 'പ്രധാന കുറ്റകൃത്യത്തിന്‍റെ' (scheduled offence) അടിസ്ഥാനത്തിലാണ് ഉണ്ടാകുന്നത്. അതിനാൽ പ്രധാന കുറ്റകൃത്യം സ്ഥാപിക്കാതെ, കള്ളപ്പണ കേസ് മാത്രം സ്വതന്ത്രമായ ഒരു സാമ്പത്തിക കുറ്റകൃത്യമായി നിലനിൽക്കില്ല.

എഫ്ഐആറിനായി ഇഡി ആവശ്യമുന്നയിച്ചപ്പോൾ, അഭിഭാഷകൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ ആരോപണങ്ങളെ വിശേഷിപ്പിച്ചത്, ഞെട്ടിക്കുന്നതും ഗൗരവകരവുമെന്നാണ്. പക്ഷേ, സർക്കാർ ഒന്നും ചെയ്തില്ല. ആദായനികുതി വകുപ്പും എസ്എഫ്ഐഎമ്മും ഇഡിയും ഇതിനകം പരിശോധിച്ച ഒരു കേസ് അന്വേഷിക്കാൻ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുകയാണുണ്ടായത്. തങ്ങളുടെ നിഷ്ക്രിയത്വത്തെ ന്യായീകരിക്കാൻ അദ്ദേഹം ലളിതാ കുമാരി കേസ് വിധിയെ കൂട്ടുപിടിച്ചു. കുറ്റകരമായ കേസുകളിൽ എഫ്ഐആർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ പ്രാഥമിക അന്വേഷണം നിർബന്ധമുള്ളൂ എന്നും സുപ്രീം കോടതി വ്യക്തമാക്കിയ വിധിയാണിത്. കാണാതായ മകൾക്കായി ഒരച്ഛൻ നടത്തിയ നിയമപോരാട്ടത്തിലൂടെ ഉണ്ടായ ആ വിധിയാണ്, ഇപ്പോൾ ഔദ്യോഗിക കാലതാമസത്തെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നത് എന്നത് വലിയ വിരോധാഭാസമാണ്.

ബിഎൻഎസ് സെക്ഷൻ 173(3) പ്രകാരമുള്ള പ്രാഥമിക അന്വേഷണത്തിന് പോലും 14 ദിവസത്തെ സമയപരിധിയാണുള്ളത്. ഒരു സുപ്രധാന വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കൈകടത്തലുകൾ നടത്തുന്ന യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥരാണ്. പ്രോസിക്യൂഷൻ ഡയറക്റ്റർ ജനറലിൽ നിന്ന് ലഭിച്ച നിയമോപദേശം വ്യക്തമായിരുന്നിട്ടും സർക്കാർ നടപടികൾ വൈകിപ്പിച്ചു.

സന്ദേശം വ്യക്തമാണ്: തെരഞ്ഞെടുക്കപ്പെട്ട ഏത് സർക്കാരിനും ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. എത്ര തവണ ആവർത്തിച്ചാലും ഒരു നുണയ്ക്കും തെറ്റുകളെ മൂടിവയ്ക്കാനാകില്ല. തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണം; ക്രിമിനൽ കുറ്റങ്ങളിൽ കോടതികളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ജനങ്ങളെ മാറ്റിനിർത്തിക്കൊണ്ട്, വ്യവസ്ഥാപിതമായ മാനദണ്ഡങ്ങളെ കാറ്റിൽപ്പറത്തുന്ന രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.