ഇന്ത്യയെ പുനർനിർവചിക്കുന്ന മോദി യുഗം

 
Special Story

രാഷ്‌ട്രീയത്തിനപ്പുറം: ഇന്ത്യയെ പുനർനിർവചിച്ച കാലം

2014ൽ ചുമതലയേറ്റ ദിവസം മുതൽ മോദി ഇന്ത്യയുടെ കഥ പുനർനിർമിച്ചു

Reena Varghese

വൈരുധ്യങ്ങളെ കൈകാര്യം ചെയ്യുന്നത് എപ്പോഴും ഭാരതീയ സാമൂഹിക പരിപാലനത്തിന്‍റെ ഒരു സവിശേഷതയാണ്.

സ്വപൻ ദാസ് ഗുപ്ത

ധനകാര്യ മന്ത്രി, പശ്ചിമ ബംഗാൾ

രാഷ്‌ട്രീയ അധികാരത്തിലെ ദീർഘ കാലാവധി അത് സൃഷ്ടിക്കുന്ന അർഥവത്തായ സ്വാധീനമെന്ന കൂടുതൽ സങ്കീർണമായ വിഷയവുമായി ബന്ധപ്പെട്ടിരിക്കണമെന്നില്ല. മുഹമ്മദ് ഷാ "രംഗീല' 1719 മുതൽ 1748 വരെ- ഏകദേശം 29 വർഷത്തോളം- നാമമാത്രമായി മുഗൾ ചക്രവർത്തിയായിരുന്നു. അദ്ദേഹത്തിന്‍റെ പിൻഗാമികളിലൊരാളും നിർഭാഗ്യവാനും ഏറെ പരിഹസിക്കപ്പെട്ടവനുമായ ഷാ ആലം രണ്ടാമൻ 1760 മുതൽ 1806 വരെ 46 വർഷം തിമൂറിദ് സാമ്രാജ്യത്തിന്‍റെ സിംഹാസനത്തിലിരുന്നു. ഈ രണ്ടു സന്ദർഭങ്ങളിലും പണ്ട് അക്ബറും ഔറംഗസീബും പോലും അലങ്കരിച്ചിരുന്ന അധികാര കസേരയിലെ ദീർഘകാല സാന്നിധ്യം വെറും പ്രതീകാത്മകം മാത്രമാണെന്ന് തെളിഞ്ഞു. യുണൈറ്റഡ് കിങ്ഡത്തിലും, അടുത്തിടെ വരെ എന്‍റെ സ്വന്തം സംസ്ഥാനമായ പശ്ചിമ ബംഗാളിലും ഏറെ പ്രചാരത്തിലുണ്ടായിരുന്ന "ഡിക്ലൈനോളജി' എന്ന വിഷയത്തിൽ മുഴുകിയിരിക്കുന്ന പഠിതാക്കൾക്കൊഴികെ മറ്റുള്ളവർക്ക്, ഈ പിൽക്കാല മുഗളന്മാർ ഉണ്ടാക്കിയ സ്വാധീനം മഞ്ഞിലൂടെ നടന്നിട്ടും കാൽപ്പാടുകൾ ബാക്കി വയ്ക്കാത്ത ഒരു വ്യക്തിയുടേതിന് സമാനമായിരുന്നു.

ഭാവി ചരിത്രകാരന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇത്തരം നിന്ദയോടെ വീക്ഷിക്കാൻ സാധ്യതയില്ല. കടുത്ത മത്സരമുള്ള ഒരു ജനാധിപത്യത്തിൽ നിരന്തരമായ ജനസമ്മതി ഉറപ്പാക്കുക എന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്, കൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മോദി ചരിത്ര പുസ്തകങ്ങളിൽ ഇടം നേടുന്നത് ചിലരിൽ അമർഷം ഉണ്ടാക്കുമെന്നതും ഉറപ്പാണ്. ദീർഘകാല ഭരണത്തോടൊപ്പം ശ്രദ്ധേയമായ സ്വാധീനവും ചെലുത്തിയ മറ്റ് രണ്ടു പേരായ ജവഹർലാൽ നെഹ്‌റുവിന്‍റെയും ഇന്ദിര ഗാന്ധിയുടെയും ഭരണകാലവുമായി മോദിയുടെ തുടരുന്ന ഭരണകാലത്തെ താരതമ്യം ചെയ്യാനുള്ള പ്രേരണ രാഷ്‌ട്രീയ പക്ഷപാതിത്വം പുലർത്തുന്ന രാഷ്‌ട്രീയക്കാർക്കും പൊതു ബുദ്ധിജീവികൾക്കും ഒഴിവാക്കാനാവില്ല. എങ്കിലും, വസ്തുതകൾക്ക് വിപരീതമായ ആഖ്യാനങ്ങളുള്ള ഗെയിമുകൾ പോലെ താരതമ്യ ചരിത്രത്തിന് അതിന്‍റേതായ ആകർഷണമുണ്ടെങ്കിലും, മോദിയുടെ പാരമ്പര്യത്തിന്‍റെ വിവിധ വശങ്ങൾ അവയുടേതായ സവിശേഷമായ പശ്ചാത്തലത്തിൽ പരിശോധിക്കുന്നത് അർഥവത്താണ്.

2014ൽ ചുമതലയേറ്റ ദിവസം മുതൽ മോദി ഇന്ത്യയുടെ കഥ പുനർനിർമിച്ചു എന്നതിൽ തർക്കമില്ല, അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ വിമർശകർ പോലും അത് സമ്മതിക്കുന്നു. അത്ര സ്വതന്ത്രനായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കാതിരുന്ന, എന്നാൽ മാന്യനായ വ്യക്തിയായ പ്രധാനമന്ത്രി മൻമോഹൻ സിങ് നയിച്ച രണ്ടു ഘട്ടങ്ങളിലെ അസ്ഥിരമായ കൂട്ടുകക്ഷി ഭരണത്തിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച രാജ്യം തീർത്തും വ്യത്യസ്തമായ ഒന്നായിരുന്നു. മഹത്വത്തിന്‍റെ പടിവാതിൽക്കൽ എപ്പോഴും എത്തിനിൽക്കുന്നതായി തോന്നുമെങ്കിലും സ്വന്തം ശേഷി പൂർണമായി തിരിച്ചറിയാൻ സാധിക്കാതെ പോയ ഒരു രാജ്യമായിരുന്നു അത്. ഇന്ത്യക്കാരൻ ഇന്ത്യയേക്കാൾ മികച്ചു നിൽക്കുന്നു എന്ന കഥയാണ് 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തെ നിർവചിച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച 13 വർഷത്തിനിടെ ആ സംസ്ഥാനത്തെ അദ്ഭുതകരമായ ഉയരങ്ങളിലേക്ക് നയിച്ച മോദി എന്ന നേതാവിൽ എപ്പോഴും വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നിരുന്നാലും, പ്രതീക്ഷയ്‌ക്കൊപ്പം പ്രധാനമായും വിദേശത്തു നിന്ന് ഉയർന്നുവന്ന ഒരു ആശങ്കയും നിലനിന്നിരുന്നു. ബിജെപിയിലെ ഒരു വിഭാഗത്തെ നിർവചിച്ചിരുന്ന സംരക്ഷണവാദപരമായ പ്രവണതകൾ മോദിയെ നിശബ്ദമായി ദുർബലപ്പെടുത്തുമോ എന്നതായിരുന്നു ആ ഭയം. ഇന്ത്യ സാമ്പത്തികമായും സാംസ്കാരികമായും ഒരു സ്വദേശി കവചത്തിനുള്ളിലേക്കു പിൻവാങ്ങുകയും, പുതിയ ലോകക്രമത്തെ രൂപപ്പെടുത്തിക്കൊണ്ടിരുന്ന ആഗോളവത്കരണ പ്രവണതകളുടെ വേഗം കുറയ്ക്കുകയും ചെയ്യുമെന്ന ആശങ്ക ആഗോള നിക്ഷേപകർക്കിടയിൽ ഉണ്ടായിരുന്നു.

2014ൽ ശക്തമായ യുവജന മുന്നേറ്റമാണ് മോദിയെ പരമ്പരാഗത തെരഞ്ഞെടുപ്പ് സമവാക്യങ്ങളെ നിർണായകമായി മറികടക്കാൻ സഹായിച്ചത്. യുവജനങ്ങളുടെ വിശാലമായ കാഴ്ചപ്പാടിനെയും മധ്യ ഇന്ത്യയുടെ യാഥാസ്ഥിതിക മനോഭാവത്തെയും അദ്ദേഹം എങ്ങനെ സന്തുലിതമാക്കും? ഈ രണ്ട് സാമൂഹിക വിഭാഗങ്ങളെയും അവഗണിക്കാനാവില്ലായിരുന്നു- പ്രത്യേകിച്ച്, പ്രതിസന്ധികളിലും അനുകൂല സാഹചര്യങ്ങളിലും ബിജെപിക്കൊപ്പം ഉറച്ചുനിന്നിരുന്ന ഇന്ത്യയിലെ ചെറുകിട വ്യാപാര സമൂഹത്തെ.

രാഷ്‌ട്രീയത്തിന്‍റെ ശൈലിയെ തന്നെ പുനർനിർമിച്ചതിലായിരുന്നു മോദിയുടെ വിജയം. വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ ജീവിക്കുമ്പോഴും ഉറച്ച "ദേശി' ചിന്താഗതി പുലർത്തിയിരുന്ന, ഉയർന്ന ലക്ഷ്യങ്ങളുള്ള ഒരു വിഭാഗത്തിന് "സ്വദേശി' എന്നത് തികച്ചും ആകർഷകമല്ലാത്ത ഒന്നായി തോന്നിയപ്പോൾ, "മേയ്ക്ക് ഇൻ ഇന്ത്യ' ദേശീയ അഭിമാനവും സംരംഭകത്വത്തിന്‍റെ ആവേശവും ഒരുപോലെ ഉണർത്തി. മോദിയുടെ കീഴിൽ ഇന്ത്യക്കാർ സാംസ്കാരിക അഭിമാനത്തെ സാങ്കേതികവിദ്യയുടെ സ്വീകരണത്തോടും സംരംഭകത്വത്തിന്‍റെ ഗുണങ്ങളോടും സമന്വയിപ്പിച്ചു. ഇന്ത്യൻ സംരംഭകത്വം, പ്രത്യേകിച്ച് വലിയ സ്വപ്നങ്ങളുള്ള യുവമനസുകളുടെ ധീരത, അന്താരാഷ്‌ട്ര തലത്തിൽ വൻവിജയം നേടണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മോദി പരമ്പരാഗതമായ ദ്വന്ദ്വങ്ങളുടെ ലോകത്തെ ഇല്ലാതാക്കി. പരിഷ്കാരങ്ങളും ക്ഷേമപ്രവർത്തനങ്ങളും തമ്മിലുള്ള വേർതിരിവുകൾ ഇല്ലാതാക്കി. അന്ത്യോദയയും ഡിജിറ്റൽ ഇന്ത്യയും ഒരു പൊതുലക്ഷ്യത്തിനായി ഒന്നിച്ച് മുന്നേറുന്നത് സാധ്യമാക്കി. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ഉജ്വല, ആയുഷ്മാൻ ഭാരത്, ആധാർ തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള വിശദവും സാങ്കേതികവിദ്യാ അധിഷ്ഠിതവുമായ (ഉടൻ തന്നെ എഐ അധിഷ്ഠിതവുമാകുന്ന) സേവന- വിതരണ സംവിധാനങ്ങൾ ക്ഷേമ ഘടനയുടെ പ്രധാന വശങ്ങളായിരുന്നു. മുൻകാല ഭരണകൂടങ്ങളുടെ സൗജന്യ സംസ്കാരത്തിൽ നിന്ന് വ്യത്യസ്തമായി, ഇവ യഥാർഥ ഗുണഭോക്താക്കളെ ലക്ഷ്യമിട്ടുള്ളവയും കാര്യക്ഷമതയ്ക്കായുള്ള ഗവൺമെന്‍റിന്‍റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയുമായിരുന്നു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവും പൊതുസേവനങ്ങളുടെ ഉദാരവത്കരണവും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സമീപനത്തിലുള്ള മാറ്റത്തോടൊപ്പം കൈകോർത്തുപോയി എന്നതും ശ്രദ്ധേയമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ വെറും പണം "കറവ പശുക്കളായി' കണക്കാക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് മാറി, ഇന്ന് ഈ സ്ഥാപനങ്ങളുടെ ഓഹരികൾ നിക്ഷേപകരുടെ പോർട്ട്ഫോളിയോകളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായിരിക്കുന്നു.

വൈരുധ്യമെന്ന് തോന്നുന്ന കാര്യങ്ങളെ സമന്വയിപ്പിക്കുകയും ഒപ്പം ദേശീയ താത്പര്യത്തിൽ ഉറച്ച ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് മോദിയുടെ ഇന്ത്യ ലോകവുമായി ഇടപെടുന്നതിലെ ഒരു സവിശേഷതയാണ്. ഇസ്രയേലിനോടും ഇറാനോടും മാത്രമല്ല, അറബ് ലോകത്തിന്‍റെ മറ്റു രാജ്യങ്ങളോടും ഇന്ത്യ ഒരേസമയം സൗഹൃദ ബന്ധം ഇത്ര അനായാസമായി നിലനിർത്തിയത് ഏറെ അദ്ഭുതത്തിന് ഇടയാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായോ അമെരിക്കയുമായോ ഉള്ള ബന്ധങ്ങൾക്കു കോട്ടം വരുത്താതെ റഷ്യയുമായുള്ള സൗഹൃദം നിലനിർത്തിയ ഇന്ത്യയുടെ സമീപനം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവരിൽ നിന്ന് പരിഹാസത്തിനും, തിരിച്ചടിയെന്നോണം സ്വീകരിച്ച നടപടികൾക്കും ഇടയാക്കിയിട്ടുണ്ട്. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷം സൃഷ്ടിക്കുന്ന പ്രക്ഷുബ്ധതയിൽ നിന്നും അനിശ്ചിതത്വങ്ങളിൽ നിന്നും ഇന്ത്യയുടെ ഊർജ മേഖലയെ സംരക്ഷിക്കുന്നതിൽ ഈ തന്ത്രപരമായ സ്വയംഭരണത്തിന്‍റെ പ്രാധാന്യം തർക്കമറ്റതാണ്.

വൈരുധ്യങ്ങളെ കൈകാര്യം ചെയ്യുന്നത് എപ്പോഴും ഭാരതീയ സാമൂഹിക പരിപാലനത്തിന്‍റെ ഒരു സവിശേഷതയാണ്. തീർപ്പുകളുടെ വക്താക്കൾക്ക് ഹിന്ദു പാരമ്പര്യം അപ്രാപ്യമായി തോന്നുന്നതിന്‍റെ കാരണവും ഇതാണ്. പൊതുനയത്തോടും നയതന്ത്രത്തോടുമുള്ള തന്‍റെ സമീപനത്തിൽ മോദി ഈ രീതിയെ കൂടുതൽ ഉന്നതിയിലേക്ക് ഉയർത്തി. ഫലത്തിൽ, പ്രത്യയശാസ്ത്രപരമായ ധ്രുവീകരണത്തിന് മുമ്പു നൽകിയിരുന്ന ഊന്നലിനെ അദ്ദേഹം ഇല്ലാതാക്കി. മുമ്പ് പ്രത്യയശാസ്ത്രപരമായ സവിശേഷതകളാൽ അകറ്റിനിർത്തപ്പെട്ടിരുന്ന ഒരു പാർട്ടിയുടെ നേതാവിന് ഇത് തികച്ചും വിചിത്രമായി തോന്നാം. എന്നാൽ തന്‍റെ സ്വന്തം രീതിയിലൂടെ, യാതൊരു പ്രകടനപരതയിലേക്കും വീഴാതെ, മോദി പ്രത്യയശാസ്ത്രപരമായ ആ വേർതിരിവുകളെ ഇല്ലാതാക്കിയതായി തോന്നുന്നു. രാഷ്‌ട്രീയത്തിന് അതീതമായി ഉയർന്നുകൊണ്ട് അദ്ദേഹം ഇന്ത്യയുടെ രാഷ്‌ട്രീയം പുനർനിർവചിച്ചു.