വി.ഡി. സതീശൻ
ജ്യോത്സ്യൻ|ഗ്രഹനില
വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ റെക്കോഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിട്ട് നൂറു ദിവസങ്ങൾ പിന്നിടുകയാണ്. ഭരണത്തിന്‍റെ തുടക്കത്തിലുണ്ടാകുന്ന ചെറുപിഴവുകൾ ആരും അത്ര കാര്യമാക്കാറില്ല. ജനങ്ങളും മാധ്യമങ്ങളും സ്വാഭാവികമായും അതിനോടു കണ്ണടയ്ക്കാറുമുണ്ട്. എന്നാൽ, കേവലം ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സതീശൻ സർക്കാരിനെതിരേ വിവിധ ആരോപണങ്ങളുടെ പെരുമഴയാണ് ഉയരുന്നത്. സതീശൻ ഭരണചക്രം തിരിക്കുന്ന രീതി തന്നെയാണ് ഇതിന് പ്രധാന കാരണം. ചോദ്യങ്ങളോട് ധിക്കാരത്തോടും പരിഹാസത്തോടും പ്രതികരിക്കുന്ന അദ്ദേഹം "തനിക്കെല്ലാം അറിയാം, ആരും ഉപദേശിക്കേണ്ട' എന്ന മനോഭാവമാണ് വച്ചുപുലർത്തുന്നത്.
അടുത്ത കാലത്ത് മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താൻ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് അദ്ദേഹം നടത്തിയ സ്വകാര്യ വിമാന യാത്രയാണ് ഒരു വലിയ വിവാദം. ദുരന്തമേഖലയിൽ എത്രയും വേഗം മുഖ്യമന്ത്രി എത്തേണ്ടത് അത്യാവശ്യമാണ്. റോഡുകളുടെ മോശം അവസ്ഥയും സമയലാഭവും കണക്കിലെടുത്ത് വിമാനമോ ഹെലികോപ്റ്ററോ ഉപയോഗിക്കുന്നതിനെ ജനങ്ങൾ ഇന്ന് തെറ്റായി കാണുന്നില്ല; മുൻ സർക്കാരിന്‍റെ ഹെലികോപ്റ്റർ യാത്രകളെ പ്രതിപക്ഷത്തിരുന്ന് സതീശൻ ശക്തമായി വിമർശിച്ചിട്ടുണ്ടെങ്കിൽ പോലും.
എന്നാൽ, അദ്ദേഹം യാത്ര ചെയ്ത "സ്പോൺസേർഡ് ' ചാർട്ടേഡ് ഫ്ലൈറ്റ് ആരുടേതാണെന്ന് നാടൊട്ടുക്കും അറിയാമെങ്കിലും അവരുടെ പേര് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മാത്രവുമല്ല, ഇനിയും ഇത്തരം സ്പോൺസർഷിപ്പുകൾ സ്വീകരിക്കുമെന്നും, സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത സ്ഥിതിക്ക് എന്തുകൊണ്ട് സ്വീകരിച്ചുകൂടാ എന്നുമാണ് അദ്ദേഹം തിരിച്ചു ചോദിക്കുന്നത്.
ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണ് ഇതിലൂടെ നടക്കുന്നത്. സ്നേഹത്തിനോ വിദ്വേഷത്തിനോ ഭയത്തിനോ അവിഹിത താത്പര്യങ്ങൾക്കോ വഴിപ്പെടാതെ, പക്ഷപാതരഹിതമായി ഭരിക്കുമെന്നാണ് ഓരോ മന്ത്രിയും സത്യപ്രതിജ്ഞയിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഈ വാഗ്ദാനം മുഖ്യമന്ത്രിയും മന്ത്രിമാരും സൗകര്യപൂർവം മറക്കുകയാണ്. അധികാരമില്ലാത്ത സമയത്ത് ഇത്തരം സ്പോൺസർമാർ ആരും വന്നിരുന്നില്ല എന്നതും, അധികാരത്തിന്‍റെ തണലിൽ മാത്രമാണ് ഇവർ എത്തുന്നതെന്നതും ആർക്കാണറിയാത്തത്? ഇത്തരക്കാരിൽ നിന്ന് ആനുകൂല്യം പറ്റുമ്പോൾ എങ്ങനെ പക്ഷപാതരഹിതമായി മുന്നോട്ടുപോകാൻ കഴിയും?
എറണാകുളത്തെ ജെയിൻ യൂണിവേഴ്സിറ്റിയോട് സതീശൻ കാണിക്കുന്ന അമിത മമത ധാരാളം തെറ്റിദ്ധാരണയ്ക്കിടയായിട്ടുണ്ട്. ഈ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രധാന വ്യക്തിക്കെതിരെ ധാരാളം പരാതികളുണ്ട്. എന്നാൽ ഈ വ്യക്തിയുമായി കേരളത്തിലും വിദേശത്തും യാത്രകൾ നടത്താനും ഈ യൂണിവേഴ്സിറ്റിയെ അതിരുകടന്ന് പ്രോൽസാഹിപ്പിക്കാനുള്ള സതീശന്‍റെ വ്യഗ്രത പൊതു സമൂഹത്തിന്‍റെ നെറ്റി ചുളിക്കാൻ കാരണമായിട്ടുണ്ട്.
ഭരണത്തിലിരിക്കുന്നവർ പബ്ലിസിറ്റി ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, അടുത്തിടെ "സ്വപ്നവേഗത്തിൽ സിയാൽ' എന്ന പേരിൽ അരപ്പേജ് വരുന്ന വൻ പരസ്യങ്ങൾ കോടികൾ ചെലവിട്ട് മാധ്യമങ്ങളിൽ വരികയുണ്ടായി. കൊച്ചി വിമാനത്താവള കമ്പനിയായ സിയാലിന് ജന്മം നൽകിയ കെ. കരുണാകരനെയും നീണ്ട 10 വർഷക്കാലം തുടർച്ചയായി ഈ സ്ഥാപനത്തെ നയിച്ച പിണറായി വിജയനെയും സൗകര്യപൂർവം ഒഴിവാക്കിയാണ് ഈ പരസ്യം തയാറാക്കിയത്. സർക്കാരിന്‍റെ 100 ദിവസത്തിനിടയിൽ സതീശൻ എന്തൊക്കെ പദ്ധതികളാണ് സ്വപ്നം കണ്ടതെന്നും അതിൽ ഏതൊക്കെ പദ്ധതികളാണ് മുഖ്യമന്ത്രി സതീശൻ സിയാലിനു വേണ്ടി നടപ്പാക്കിയതെന്നുമാണ് ജനങ്ങൾക്കറിയേണ്ടത്.
മാധ്യമങ്ങളുടെ സുഹൃത്താണെന്ന് സ്വയം വിശേഷിപ്പിച്ച സതീശൻ, ഇടുക്കിയിൽ വച്ച് മാധ്യമപ്രവർത്തകരോട് തട്ടിക്കയറുന്ന കാഴ്ചയും നാം കണ്ടു. അദ്ദേഹത്തിന്‍റെ വാർത്താസമ്മേളനങ്ങൾ ഇന്ന് ധാർഷ്ട്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും പ്രകടനങ്ങളായി മാറുന്നു. എറണാകുളത്തും തൃശൂരും പല സമ്മേളനങ്ങളിലും പൊലീസ് വലയത്തിലാണ് മുഖ്യമന്ത്രി പോകുന്നത്. പത്രക്കാരെ കാണാൻ പോലും തയാറാവുന്നില്ല. അടുത്ത ദിവസം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് ഇറക്കിയ തീട്ടൂരം മുഖ്യമന്ത്രിയ്ക്ക് സുരക്ഷ കൂട്ടണമെന്നും മഫ്തിയിൽ പോലും പൊലീസുകാർ വേണമെന്നും പത്രക്കാർ അടുത്തുവരാൻ അനുവദിക്കരുതെന്നുമാണ്. ഒരു ജനകീയ നേതാവ് പൊലീസിന്‍റെ തടവറയ്ക്കുള്ളിലാകുന്നതാണ് ഇപ്പോൾ കാണുന്നത്.
പഴയ തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരാകാൻ സതീശൻ ശ്രമിക്കരുത്. സി.പി സാങ്കേതിക- നിയമ വിദഗ്ധനായ നല്ലൊരു ഭരണാധികാരിയായിരുന്നു. കേരളത്തിലെ ആദ്യ സർവകലാശാല സ്ഥാപിച്ചത് അദ്ദേഹമാണ്. ഫാക്റ്റ് ഉൾപ്പെടെയുള്ള വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു. കെഎസ്ആർടിസി സ്ഥാപിച്ചു. ഇൽമനൈറ്റ്, മോണോസൈറ്റ് അടങ്ങിയ കേരളത്തിലെ കരിമണലിന്‍റെ പ്രാധാന്യം അദ്ദേഹം മനസിലാക്കി. തിരുവിതാംകൂറിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാളിന്‍റെ മനസിൽ സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം ശക്തമായി കൊണ്ടുവന്നതും സിപിയാണ്. ക്ഷേത്രപ്രവേശന വിളംബരം നടപ്പാക്കി. ദിവാൻ എന്ന നിലയിൽ അസാധാരണ ഭരണപാടവം സി.പിക്ക് ഉണ്ടായിരുന്നു. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി. ഭരണഘടനാ നിർമാണത്തിൽ പങ്കാളിയായി. എന്നാൽ അദ്ദേഹം ഏകാധിപതിയായിരുന്നു. ഞാനെന്നന ഭാവം അദ്ദേഹത്തിന്‍റെ വീഴ്ചയ്ക്ക് കാരണമായി. അധികാര ഭ്രമവും അമിതമായ ആത്മവിശ്വാസവും മറ്റുള്ളവരോടുള്ള പകയും ചേർന്ന് ധാർഷ്ട്യത്തിലേയ്ക്ക് ജനനേതാക്കൾ നീങ്ങിയാൽ വീഴ്ച സുനിശ്ചിതമാണ്.
"ഭരണം തുടങ്ങിയിട്ടേയുള്ളൂ, ഇപ്പോഴേ അടിപതറരുത്, സ്തുതിപാഠകരുടെ വാക്കിൽ വീണുപോകരുത്!' എന്നാണ് ജോത്സ്യന് വി.ഡി. സതീശനോട് തുടക്കത്തിലേ പറയാനുള്ളത്.