2034ലെ ടി20 ലോകകപ്പ്; ആതിഥേയത്വം വഹിക്കാൻ യുഎസും വിൻഡീസും

 
Sports

2034ലെ ടി20 ലോകകപ്പ്; ആതിഥേയത്വം വഹിക്കാൻ യുഎസും വിൻഡീസും

ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായിരിക്കും 2034ലെ ഐസിസി ടി20 ലോകകപ്പ് നടക്കുക

Aswin AM

വാഷിങ്ടൺ: 2034ലെ ടി20 ലോകകപ്പിന് യുഎസും വെസ്റ്റ് ഇൻഡീസും ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ബ്രിട്ടീഷ് പത്രമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഐസിസി ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ബാലിയിൽ വച്ച് നടന്ന യോഗത്തിൽ 2035 വരെയുള്ള ആഗോള ക്രിക്കറ്റ് ടൂർണമെന്‍റുകളുടെ തീയതികൾ ഐസിസി പ്രഖ‍്യാപിച്ചു.

എന്നാൽ 2031ൽ‌ ഇന്ത‍്യയിലും ബംഗ്ലാദേശിലുമായി നടക്കുന്ന 50 ഓവർ ലോകകപ്പിന് ശേഷമുള്ള ടൂർണമെന്‍റുകളുടെ വേദി സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായിരിക്കും 2034ലെ ഐസിസി ടി20 ലോകകപ്പ് നടക്കുക.

2024ലെ ഐസിസി ലോകകപ്പ് വിൻഡീസും യുഎസും സംയുക്തമായാണ് ആതിഥേയത്വം വഹിച്ചത്. അന്ന് യുഎസിൽ 16 മത്സരങ്ങളും വിൻഡീസിൽ 39 മത്സരങ്ങളും നടത്തി. ക്രിക്കറ്റിൽ യുഎസ് വിപണി ലക്ഷ‍്യമിടുന്നതിന്‍റെ ഭാഗമായിട്ടായിരിക്കാം ഇത്തരത്തിലൊരു നീക്കം.

2031ന് ശേഷമുള്ള ടൂർണമെന്‍റ് നടത്തിപ്പ് സംബന്ധിച്ചുള്ള ക്രമം ഐസിസി തയാറാക്കി വരുക‍യാണ്. അടുത്ത വർഷത്തോടെ ഇതിന്‍റെ നടപടികൾ പൂർത്തിയാകും. മേജർ ലീഗ് ക്രിക്കറ്റ് എന്ന ടൂർണമെന്‍റിനു ശേഷം യുഎസിൽ ക്രിക്കറ്റിന് വലിയ വളർച്ചയുണ്ടെന്നാണ് വിലയിരുത്തൽ.