സച്ചിൻ ടെൻഡുൽക്കർ
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്റെ കരിയറിലെ അമൂല്യമായ 26 ക്രിക്കറ്റ് ബാറ്റുകൾ ഉൾപ്പെടെയുള്ള സ്മരണികകൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എംസിഎ) ശരദ് പവാർ ക്രിക്കറ്റ് മ്യൂസിയത്തിന് സമ്മാനിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലെ 100 സെഞ്ചുറികളിൽ ചിലത് നേടിയ ബാറ്റുകളും ഇതിൽ ഉൾപ്പെടും.
ഹെൽമറ്റുകൾ, ജഴ്സികൾ, കരിയറിലെ പ്രധാനപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത കുറിപ്പുകൾ തുടങ്ങിയവയും ശേഖരത്തിലുണ്ടാകും. നവംബർ 16ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ഇവയുടെ പ്രദർശനം ഉദ്ഘാടനം ചെയ്യും.
സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ അദ്ദേഹം ഉപയോഗിച്ച ബാറ്റുകളിലൂടെ സഞ്ചരിക്കുന്ന 'ബാറ്റോഗ്രഫി' (Batography) എന്ന പേരിലാണ് പ്രദർശനം ഒരുക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സച്ചിൻ വിരമിച്ചതിന്റെ 13-ാം വാർഷിക ദിനത്തിലാണ് പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത്. 2013 നവംബർ 16ന് സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ 200-ാം ടെസ്റ്റ് മത്സരത്തോടെയാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്.
സച്ചിന്റെ കരിയറിലെ നിർണായക നിമിഷങ്ങളും നേട്ടങ്ങളും അവയുമായി ബന്ധപ്പെട്ട ക്രിക്കറ്റ് ഉപകരണങ്ങളിലൂടെയും വ്യക്തിഗത സ്മരണികകളിലൂടെയും നേരിട്ട് അനുഭവിച്ചറിയാൻ മ്യൂസിയത്തിലെ പ്രത്യേക വിഭാഗം സന്ദർശകർക്ക് അവസരമൊരുക്കും.
'ബാറ്റോഗ്രഫി'യിലൂടെ എംസിഎ മ്യൂസിയത്തിന് സവിശേഷമായൊരു മാനം നൽകാനാണ് ശ്രമിക്കുന്നതെന്ന് എംസിഎ പ്രസിഡന്റ് അജിങ്ക്യ നായിക് പറഞ്ഞു. നേട്ടങ്ങൾ സൃഷ്ടിച്ച അതേ ഉപകരണങ്ങളിലൂടെ അവയുടെ പിന്നിലെ കഥകൾ അറിയാൻ സന്ദർശകർക്ക് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിൻ തന്റെ അമൂല്യമായ സമ്പാദ്യങ്ങൾ എംസിഎയുമായി പങ്കുവയ്ക്കാൻ തീരുമാനിച്ചതിൽ അഭിമാനമുണ്ടെന്നും ക്രിക്കറ്റ് പ്രേമികളുടെ തലമുറകൾക്ക് അദ്ദേഹത്തിന്റെ പൈതൃകം അടുത്തറിയാൻ ഇത് സഹായിക്കുമെന്നും നായിക് കൂട്ടിച്ചേർത്തു.