ശ്രീലങ്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യ എ ഓപ്പണർ ബി. സായ് സുദർശൻ.
ഗാലെ: ശ്രീലങ്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ എ ഓപ്പണർ ബി. സായ് സുദർശന് സെഞ്ചുറി. ആദ്യ ടെസ്റ്റിലും സുദർശൻ സെഞ്ചുറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ആതിഥേയരെ 366 റൺസിന് പുറത്താക്കിയിരുന്നു.
രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 247 റൺസ് എന്ന നിലയിലാണ് ഇന്ത്യ എ. 104 റൺസെടുത്ത സായ് സുദർശനും 94 റൺസെടുത്ത ദേവദത്ത് പടിക്കലും പുറത്താകാതെ നിൽക്കുന്നു. 38 റൺസെടുത്ത ഓപ്പണർ അമൻ മൊഖാഡെയാണ് പുറത്തായത്.
നേരത്തെ, നാല് വിക്കറ്റ് വീതം നേടിയ ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാർ, ഓഫ് സ്പിന്നർ സാരാംശ് ജയിൻ എന്നിവരാണ് ശ്രീലങ്ക എ ടീമിന്‍റെ ഇന്നിങ്സ് വേഗത്തിൽ അവസാനിപ്പിച്ചത്. യഷ് ഠാക്കൂർ രണ്ട് വിക്കറ്റും നേടി. ശ്രീലങ്ക എ ടീം ക്യാപ്റ്റൻ സഹൻ അരാച്ചികെ 127 റൺസെടുത്തു.