ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ: പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീമിന്‍റെ ക്യാംപിൽ നിന്ന് അനുവാദമില്ലാതെ വിട്ടുപോയ സംഭവത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും വിധിച്ചു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനാണ് നടപടി സ്വീകരിച്ചത്. നേരത്തെ റൊണാള്‍ഡോയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്ന ഫെഡറേഷന്‍, തിങ്കളാഴ്ച ശിക്ഷാനടപടി ഉചിതമാണെന്നു വ്യക്തമാക്കി. ദേശീയ ടീമിന്‍റെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.
റൊണാള്‍ഡോയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് കാരണമായ സംഭവങ്ങള്‍ അദ്ദേഹം അംഗീകരിച്ചതായി ഫെഡറേഷന്‍ അറിയിച്ചു. വെള്ളിയാഴ്ച സമര്‍പ്പിച്ച പ്രസ്താവനയില്‍ കുറ്റാരോപണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ റൊണാള്‍ഡോ സമ്മതിച്ചിരുന്നുവെന്നാണ് വിശദീകരണം. താരത്തിന്‍റെ കുറ്റസമ്മതവും മുൻകാല അച്ചടക്ക നടപടികളില്ലാത്ത റെക്കോർഡും ശിക്ഷ കുറയ്ക്കാൻ സഹായിച്ചു എന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ഇളവുകള്‍ പരിഗണിച്ച ശേഷവും അനുവദിക്കാവുന്ന പരമാവധി തുകയാണ് പിഴയായി ചുമത്തിയതെന്നും അധികൃതര്‍ അറിയിച്ചു. സസ്‌പെന്‍ഷനെതിരെ അപ്പീല്‍ നല്‍കാന്‍ റൊണാള്‍ഡോയ്ക്ക് അവസരമുണ്ട്.
സംഭവത്തില്‍ റൊണാള്‍ഡോ നേരത്തേ തന്നെ ക്ഷമാപണം നടത്തുകയും ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച വാര്‍ത്തയോട് അദ്ദേഹം ഉടന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. സമീപകാല നേഷന്‍സ് ലീഗ് മത്സരങ്ങളില്‍ വെയില്‍സിനെതിരായ ആദ്യ വിജയത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 27ന് നോര്‍വേയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച പോര്‍ച്ചുഗല്‍ ടീമില്‍ അദ്ദേഹം പകരക്കാരുടെ നിരയില്‍ ഇരുന്നെങ്കിലും കളത്തിലിറങ്ങിയില്ല. ഇതാണ് പരിശീലകനുമായുള്ള തര്‍ക്കത്തിലേക്ക് നയിച്ചത്.
പരിശീലകന്‍ ജോര്‍ജ് ജീസസ് താനുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചുവെന്ന് റൊണാള്‍ഡോ ആരോപിച്ചതായാണ് റിപ്പോര്‍ട്ട്. കളിക്കാന്‍ അവസരം നല്‍കുമെന്ന ധാരണ പാലിച്ചില്ലെന്ന് ആരോപിച്ച താരം തുടര്‍ന്ന് ടീമിന്‍റെ ക്യാംപ് വിട്ടു പോകുകയായിരുന്നു.റൊണാള്‍ഡോയുടെ അഭാവത്തിലും ഡെന്‍മാര്‍ക്കിനെയും നോര്‍വേയെയും വീണ്ടും പരാജയപ്പെടുത്തിയ പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ടീമിന്‍റെ വിജയ യാത്രയിൽ റൊണാള്‍ഡോയുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒക്റ്റോബർ ഒന്നിന് ഡെന്മാർക്കിന് എതിരായ മത്സര ദിവസം മുതലാണ് സസ്പെൻഷൻ പ്രാബല്യത്തില്‍ വന്നത്. അതിനാല്‍ 30 ദിവസത്തെ ശിക്ഷയില്‍ 19 ദിവസം ഇതിനകം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. നിലവിലെ കണക്കനുസരിച്ച് നവംബര്‍ 14ന് ഡെന്‍മാര്‍ക്കിനെതിരെ നടക്കുന്ന പോര്‍ച്ചുഗലിന്‍റെഅടുത്ത നേഷന്‍സ് ലീഗ് മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാകുമെന്നാണ് പ്രതീക്ഷ. അപ്പീല്‍ നടപടികളോ മറ്റ് തീരുമാനങ്ങളോ ഉണ്ടാകുമോയെന്നത് വ്യക്തമല്ലെങ്കിലും, സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ താരത്തിന് സാധിക്കുമെന്നാണ് സൂചന.