68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് തിരിതെളിഞ്ഞു
മുക്കം: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് എൻഐടി മൈതാനത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ ഒളിമ്പ്യൻ പി.ടി. ഉഷ എം.പി. ദീപശിഖ തെളിയിച്ചു. പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഈ സർക്കാർ കായിക മേഖലയ്ക്ക് വലിയ മുൻഗണന കൊടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിൽ നിന്ന് മത്സരത്തിന് പോകുന്നവർക്ക് ടിഎയും ഡിഎയും നൽകുമെന്നും എല്ലാ ജില്ലകളിലും കളിക്കളങ്ങൾ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റും കുട്ടികൾ പങ്കെടുത്ത സാംസ്കാരിക പരിപാടികളും ഉദ്ഘാടനത്തിന്റെ ഭാഗമായി. 26-ന് ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ഇൻക്ലൂസീവ് കായികമത്സരങ്ങൾക്കും ഇവിടം വേദിയാവും. രണ്ടായിരത്തോളം ഭിന്നശേഷി വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുക.
താരങ്ങൾക്കും ടീം മാനേജർമാർക്കും ഒഫീഷ്യൽസിനും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടേതാണ് ഭക്ഷണം. 31-ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് മുഖ്യാതിഥിയാവും.