അജിത് അഗാർക്കർ, വി.വി.എസ്. ലക്ഷ്മൺ

 
Sports

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?

അജിത് അഗാർക്കറിന് ബിസിസിഐ കരാർ നീട്ടിനൽകില്ലെന്നാണ് റിപ്പോർട്ടുകൾ

Aswin AM

ന‍്യൂഡൽഹി: മുൻ താരവും നിലവിലെ ഇന്ത‍്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്റ്ററുമായ അജിത് അഗാർക്കറുടെ കരാർ കാലാവധി ബിസിസിഐ നീട്ടി നൽകാൻ സാധ‍്യതയില്ലെന്ന് റിപ്പോർട്ട്. ഹിന്ദി പത്രമായ ദൈനിക് ജാഗ്രരണിലെ മാധ‍്യമപ്രവർത്തകൻ അഭിഷേക് ത്രിപാഠിയുടെ റിപ്പോർട്ട് പ്രകാരം അജിത് അഗാർക്കറിന് ബിസിസിഐ കരാർ നീട്ടിനൽകില്ലെന്നാണ്.

സെലക്റ്റർ എന്ന നിലയ്ക്ക് അഗാർക്കറുടെ ഭാവി സംബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനായി സെപ്റ്റംബർ 16 ബുധനാഴ്ച ചേരുന്ന യോഗം സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്ന നിലയ്ക്ക് അജിത് അഗാർക്കറിനെ സംബന്ധിച്ച് അവസാനത്തേതായിരിക്കും.

കരാർ നീട്ടുന്നതിനായി അഗാർക്കർ ബിസിസിഐയുടെ ഉന്നത ഉദ‍്യോഗസ്ഥരുമായി ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് അഭിഷേക് ത്രിപാഠി എക്സ് പോസ്റ്റിൽ കുറിച്ചു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അഗാർക്കറിന് പകരം വി.വി.എസ്. ലക്ഷ്മണനോ അല്ലെങ്കിൽ മറ്റാരെങ്കിലുമെത്തും.

ഇക്കാര‍്യത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടായേക്കും. അഗാർക്കർ സെലക്റ്ററായിരിക്കെയാണ് ശുഭ്മൻ ഗിൽ ഇന്ത‍്യൻ ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതും സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതും.

അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാനായി തുടരുന്ന കാലത്ത് ഇന്ത‍്യൻ ടീം വൈറ്റ് ബോൾ ക്രിക്കറ്റിൽ പ്രബല ശക്തിയായെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിതി അത്ര മികച്ചതായിരുന്നില്ല. ന‍്യൂസിലൻഡിനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഇന്ത‍്യക്ക് സ്വന്തം നാട്ടിൽ പരമ്പര നഷ്ടമായിരുന്നു.

നിലവിൽ ബംഗ്ലാദേശിനും താഴെ അഞ്ചാം സ്ഥാനത്താണ് ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് റാങ്കിങ്ങിൽ ഇന്ത‍്യ. മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹൽ, സർഫറാസ് ഖാൻ എന്നിവരെ വേണ്ടവിധം പരിഗണിക്കാത്തതിൽ അഗാർക്കറിനെതിരേ വലിയ രീതിയിൽ വിമർശനമുയർന്നിരുന്നു.

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

സുഡാനിൽ സ്വർണ ഖനി തകർന്നു; 67 പേർ മരിച്ചു

കെസി കൊണ്ടുവന്ന ഹിമാചൽ വൈദ്യുതി കേരളത്തിനു വേണ്ട; പകൽ കിട്ടിയിട്ട് കാര്യമില്ലെന്ന് സണ്ണി ജോസഫ്

ഞാറയ്ക്കൽ വൻ രാസ ലഹരി വേട്ട; 25.36 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ