ആൻസി സോജൻ
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് പിന്നാലെ തനിക്കെതിരായി സമൂഹമാധ്യമങ്ങളിൽ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് ശക്തമായ മറുപടിയുമായി ലോങ് ജമ്പ് താരം ആൻസി സോജൻ. മെഡൽ നേട്ടത്തിന് അഭിനന്ദനം അറിയിച്ചെത്തിയ പോസ്റ്റുകളുടെ കമന്‍റ് ബോക്സിൽ തന്‍റെ ആഭരണങ്ങളെയും ഹെയർ സ്റ്റൈലിനെയും കുറിച്ച് അനാവശ്യമായ വിമർശനങ്ങൾ ഉന്നയിച്ചവർക്കെതിരേയാണ് താരം രംഗത്തെത്തിയത്.
തന്‍റെ വസ്ത്രധാരണവും രൂപവും വ്യക്തിപരമായ സൗകര്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ഭാഗമാണെന്ന് ആൻസി വ്യക്തമാക്കി. വ്യാജ പ്രൊഫൈലുകളിൽ നിന്നാണ് സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും, സ്വന്തം അക്കൗണ്ടുകളിൽ നിന്ന് ഇത് പറയാനുള്ള ധൈര്യം ഇങ്ങനെയുള്ളവർക്കില്ലെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
ആഭരണങ്ങൾ ധരിച്ച് മത്സരിക്കുന്ന അന്താരാഷ്ട്ര അത്‌ലറ്റുകൾ എത്രയോ പേരുണ്ടെന്നും, മത്സരരംഗത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവരാണ് ഇത്തരം വിമർശനങ്ങൾ നടത്തുന്നതെന്നും ആൻസി കുറ്റപ്പെടുത്തി.
മാല ധരിച്ചുകൊണ്ടാണ് താൻ അഞ്ജു ബോബി ജോർജിന്‍റെ ദേശീയ റെക്കോർഡ് തകർത്തതെന്നും അത് തന്‍റെ ആത്മവിശ്വാസത്തിന്‍റെ ഭാഗമാണെന്നും താരം വ്യക്തമാക്കി.
"സ്കൂൾ കാലം മുതൽ കൈയിൽ വളയിട്ടാണ് ഞാൻ മത്സരിച്ചിട്ടുള്ളത്. ആ വളകളുടെ ശബ്ദം കേൾക്കുന്നത് എനിക്കിഷ്ടമായിരുന്നു. മുൻപ് മത്സരങ്ങൾക്ക് വേണ്ടി മുടി വെട്ടിയിട്ടുണ്ട്. ഇപ്പോൾ ഈ രീതിയാണ് എനിക്ക് സൗകര്യപ്രദമായി തോന്നുന്നത്. ഈ സൈബർ ആക്രമണം കൊണ്ടൊന്നും ഞാൻ തളരില്ല," ആൻസി കൂട്ടിച്ചേർത്തു.
താൻ ഏത് ഇനത്തിലാണ് മെഡൽ നേടിയതെന്നു പോലും അറിയാത്തവരാണ് വിമർശനവുമായി വരുന്നതെന്നും ആൻസി ചൂണ്ടിക്കാട്ടി. "എന്‍റെ കഠിനാധ്വാനത്തെ ബഹുമാനിക്കുന്നില്ലെങ്കിലും അതിനെ അപമാനിക്കരുത്. ഇത്തരം കാര്യങ്ങൾ മറ്റ് രാജ്യങ്ങളിൽ ഉണ്ടാകില്ല," ആൻസി വ്യക്തമാക്കി.