ലിയാൻഡ്രോ പരേഡസ്

 
Sports

കിരീടനേട്ടത്തിന് പിന്നാലെ ടിവി അഭിമുഖത്തിനിടെ കുഴഞ്ഞുവീണ് അർജന്‍റീന ഫുട്ബോൾ താരം ലിയാൻഡ്രോ പരേഡസ് | Video

കൊളംബിയയിലെ ബരൻക്വില്ലയിൽ ആണ് സംഭവം

Sarath Nath MS

ബരൻക്വില്ല: കിരീടനേട്ടത്തിന്‍റെ ആഘോഷത്തിനിടെ അർജന്‍റീന ഫുട്ബോൾ താരം ലിയാൻഡ്രോ പരേഡസ് കുഴഞ്ഞുവീണു. ബൊക്ക ജൂനിയേഴ്‌സ് ക്യാപ്റ്റനായ പരേഡസ് കോപ്പ സുഡാമേരിക്കാന കിരീടം നേടിയതിന് പിന്നാലെ ലൈവ് ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ മെഡിക്കൽ സംഘം താരത്തിന് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ട പരേഡസ് സ്വയം എഴുന്നേറ്റ് ഡ്രസിങ് റൂമിലേക്ക് നടന്നു.

നവംബർ 21ന് കൊളംബിയയിലെ ബരൻക്വില്ലയിൽ നടന്ന ഫൈനലിൽ ബ്രസീൽ ക്ലബ്ബായ അത്‌ലറ്റിക്കോ മിനെയ്‌റോയെ 2-0ന് തോൽപ്പിച്ചാണ് ബൊക്ക ജൂനിയേഴ്‌സ് കിരീടം സ്വന്തമാക്കിയത്. മത്സരത്തിനിടെ കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും പരേഡസിനെ തളർത്തിയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാം പകുതിയുടെ 13-ാം മിനിറ്റിൽ താരത്തെ പിൻവലിക്കുകയും ചെയ്തു.

മത്സരത്തിനിടെ പരേഡസിന് തലകറക്കവും കടുത്ത ക്ഷീണവും അനുഭവപ്പെട്ടിരുന്നതായി പരിശീലകൻ റോഡോൾഫോ അരുവാബറേന പറഞ്ഞു. ബെഞ്ചിലിരിക്കുമ്പോൾ സഹതാരങ്ങൾ ജഴ്സി ഉപയോഗിച്ച് വീശിക്കൊടുക്കുകയും കഴുത്തിൽ ഐസ് വച്ച് തണുപ്പിക്കുകയും ചെയ്തിരുന്നു.

കിരീടം ഏറ്റുവാങ്ങിയശേഷം ഡി സ്പോർട്സ് ചാനലിന്‍റെ മാധ്യമപ്രവർത്തകൻ മാർസെലോ ബെനഡെറ്റോയ്ക്ക് അഭിമുഖം നൽകുന്നതിനിടെയാണ് താരം കുഴഞ്ഞുവീണത്. മെഡിക്കൽ സംഘം ഉടൻ സഹായത്തിനെത്തി. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി സമീപത്തെ ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റി. പരിശോധനകൾക്കുശേഷം ആരോഗ്യനില തൃപ്തികരമായതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ആരാധകരുടെ ആശങ്കയ്ക്ക് മറുപടിയായി ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് സമൂഹ മാധ്യമത്തിലൂടെ താരം അറിയിച്ചു. തലകറക്കം മാത്രമാണ് അനുഭവപ്പെട്ടതെന്നും സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദിയെന്നും പരേഡസ് കുറിച്ചു.

2022ലെ ഖത്തർ ലോകകപ്പ് നേടിയ അർജന്‍റീന ടീമിലെ അംഗമായിരുന്നു 32കാരനായ പരേഡസ്. തന്‍റെ ബാല്യകാല ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള പ്രധാന കിരീടനേട്ടമായിരുന്നു കോപ്പ സുഡാമേരിക്കാന.