ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് സെമി ഫൈനലിൽ ശ്രീലങ്ക എ ടീമിനെതിരേ ഇന്ത്യ എ ഓൾറൗണ്ടർ ഷഹബാസ് അഹമ്മദിന്‍റെ ബാറ്റിങ്.

 
Sports

ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ്: ഇന്ത്യ എ 317/8

അഭിഷേക് ശർമ (63 പന്തിൽ 78), തിലക് (66 പന്തിൽ 53), ഷഹബാസ് അഹമ്മദ് (48 പന്തിൽ 54 നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്കോർ ഉറപ്പാക്കിയത്

Sports Desk

ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റ് ടൂർണമെന്‍റ് സെമി ഫൈനലിൽ ശ്രീലങ്ക എ ടീമിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. ടോസ് നേടിയ ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് ശർമ (63 പന്തിൽ 78), തിലക് (66 പന്തിൽ 53), ഷഹബാസ് അഹമ്മദ് (48 പന്തിൽ 54 നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്കോർ ഉറപ്പാക്കിയത്.

കഴിഞ്ഞ മത്സരത്തിൽ റെക്കോഡ് ഇരട്ട സെഞ്ചുറി നേടിയ ഓപ്പണർ വൈഭവ് സൂര്യവംശി 27 പന്തിൽ 40 റൺസെടുത്ത് പുറത്തായി. ഈ സമയം 80 റൺസായിരുന്നു ടീം സ്കോർ. തുടർന്ന് അഭിഷേകും തിലകും ചേർന്ന് സ്കോർ 159 വരെയെത്തിച്ചു. 22-ാം ഓവറിൽ അഭിഷേക് പുറത്തായതിനു പിന്നാലെ മധ്യനിര തകർന്നു. കുമാർ കുശാഗ്ര (21), റിങ്കു സിങ് (12), സൂര്യാംശ് ഷെഡ്ഗെ (10) എന്നിവർക്ക് ഏറെ നേരെ പിടിച്ചു നിൽക്കാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി. ഇതിനിടെ തിലകും വീണു.

ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഷഹബാസ് അഹമ്മദും തനുഷ് കൊടിയാനും ചേർന്നാണ് ടീമിനെ തകർച്ചയിൽ നിന്നു കരകയറ്റിയത്. ഇവരുടെ 73 റൺസ് കൂട്ടുകെട്ടിൽ ടീം സ്കോർ 308 റൺസ് വരെയെത്തി. 30 പന്തിൽ 28 റൺസാണ് തനുഷ് നേടിയത്. ഹർഷിത് റാണയുടെ (0) വിക്കറ്റ് കൂടി അവസാന ഓവറിൽ ഇന്ത്യക്കു നഷ്ടമായി.