ആർച്ചറി റിക്കർവ് ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീം.

 
Sports

അമ്പെയ്ത്തിൽ വീണ്ടും സ്വർണം: ചരിത്രനേട്ടവുമായി വനിതാ റിക്കർവ് ടീം, പുരുഷ-മിക്സഡ് സഖ്യങ്ങൾക്ക് വെള്ളി

പത്ത് തവണ ഒളിംപിക് ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് വനിതാ റിക്കർവ് ടീം ചരിത്രപരമായ സ്വർണമെഡൽ സ്വന്തമാക്കി

Sports Desk

നാഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യക്ക് വീണ്ടും സുവർണത്തിളക്കം. പത്ത് തവണ ഒളിംപിക് ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് വനിതാ റിക്കർവ് ടീം ചരിത്രപരമായ സ്വർണമെഡൽ സ്വന്തമാക്കി. അങ്കിത ഭകട്, കീർത്തി ശർമ, 17 വയസുകാരിയായ കുങ്കും മോഹദ് എന്നിവരടങ്ങിയ സംഘമാണ് ശക്തരായ കൊറിയൻ പടയെ വീഴ്ത്തി ഇന്ത്യക്കായി ചരിത്രനേട്ടം കുറിച്ചത്.

കടുത്ത കാറ്റിനെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഇന്ത്യൻ വനിതകൾ 5-3 എന്ന സ്കോറിന് കിരീടം ചൂടിയത്. ഏഷ്യൻ ഗെയിംസ് ആർച്ചറി ഇനത്തിൽ ഇന്ത്യ നേടുന്ന നാലാമത്തെ സ്വർണമാണിത്. നേരത്തെ കോമ്പൗണ്ട് വിഭാഗത്തിൽ പുരുഷ-വനിതാ-മിക്സഡ് ടീമുകൾ സ്വർണം നേടിയിരുന്നു.

മിക്സഡ് റിക്കർവ് ടീം ഫൈനലിൽ ധിരജ് ബൊമ്മദേവരയും കുങ്കും മോഹദും അടങ്ങിയ സഖ്യം ചൈനയോട് പരാജയപ്പെട്ട് വെള്ളി മെഡൽ നേടി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 3-5 എന്ന സ്കോറിനാണ് ഇന്ത്യൻ ജോഡി പരാജയപ്പെട്ടത്. വനിതാ വിഭാഗത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച കൗമാര താരം കുങ്കുമിന്‍റെ ഗെയിംസിലെ രണ്ടാമത്തെ മെഡലാണിത്.

പുരുഷന്മാരുടെ റിക്കർവ് ടീം ഇനത്തിലും ഇന്ത്യ വെള്ളിമെഡൽ സ്വന്തമാക്കി. ധീരജ് ബൊമ്മദേവര, സഞ്ജയ് ഭോഗെ, നീരജ് ചൗഹാൻ എന്നിവരടങ്ങിയ സംഘം ഫൈനലിൽ കൊറിയയോടാണ് പരാജയപ്പെട്ടത് (1-5). ഈ ഗെയിംസിൽ ഇതുവരെ ഏഴ് മെഡലുകളാണ് (4 സ്വർണം, 2 വെള്ളി, 1 വെങ്കലം) ഇന്ത്യൻ ആർച്ചറി സംഘം സ്വന്തമാക്കിയത്.