ഏഷ്യൻ ഗെയിംസിലെ വനിതാ വിഭാഗം 10,000 മീറ്ററിൽ വെങ്കലം നേടിയ പ്രകടനത്തിനു ശേഷം ഇന്ത്യൻ താരം സീമാകുമാരി.
എഴുപത്തിയെട്ടുകാരിയായ അമ്മ വെറുതെ ആശങ്കപ്പെടേണ്ടെന്ന് കരുതി, ജീവിതത്തിലെ ഏറ്റവും വലിയ കായിക നിയോഗത്തെക്കുറിച്ച് ഒരക്ഷരം പോലും പറയാതെയാണ് ചരിത്രം കുറിച്ച ദീർഘദൂര ഓട്ടക്കാരി സീമാകുമാരി ജപ്പാനിലേക്ക് പറന്നത്. ബെംഗളൂരുവിൽ പരിശീലനത്തിനാണ് പോകുന്നതെന്ന ധാരണയിൽ അമ്മയെ വിട്ടിട്ടാണ് അവർ നാഗോയയിലേക്ക് വിമാനം കയറിയത്.
വനിതകളുടെ 10,000 മീറ്ററിൽ 32:50.05 സെക്കൻഡിൽ ഓടിയെത്തി അപ്രതീക്ഷിത വെങ്കലം സ്വന്തമാക്കിയ സീമ ഇനി അമ്മയെ എങ്ങനെ നേരിടുമെന്ന പേടിയിലാണ്. ചേച്ചി പറഞ്ഞ് ഇപ്പോൾ കാര്യങ്ങളൊക്കെ അറിഞ്ഞുകാണുമെന്നും സീമ.
അമ്മ എപ്പോഴും അമിതമായി വേവലാതിപ്പെടുന്ന പ്രകൃതക്കാരിയാണ്. വർഷങ്ങളായി മകൾ ബെംഗളൂരുവിൽ ദീർഘകാല പരിശീലന ക്യാംപുകളിൽ കഴിയുന്നതുമായി അമ്മ പൊരുത്തപ്പെട്ടിട്ടുണ്ട്. ജപ്പാനിലേക്കു പോകുമ്പോഴും ബെംഗളൂരുവിലേക്ക് എന്ന ധാരണയിലായിരുന്നു അമ്മ. സീമ അതു തിരുത്താനും പോയില്ല.
"അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മയുണ്ട്, പക്ഷേ വളരെ പ്രായമായി, ഏകദേശം 78 വയസ്. അമ്മയ്ക്ക് 45 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിച്ചത്. ഞാൻ എവിടെയെങ്കിലും പോകുമ്പോഴൊക്കെ അമ്മ വല്ലാതെ ടെൻഷനാകും. അതുകൊണ്ട് ജപ്പാനിൽ ഏഷ്യൻ ഗെയിംസിന് പോകുന്ന കാര്യം ഞാൻ അമ്മയോട് പറഞ്ഞില്ല," മെഡൽ നേടിയതിന് ശേഷം സീമ പറഞ്ഞു.
"അമ്മ അറിഞ്ഞാൽ ഒരു ദിവസം ഉറങ്ങാൻ പോലും കഴിയില്ല. അമ്മയ്ക്ക് ഉയർന്ന രക്തസമ്മർദ പ്രശ്നമുണ്ട്, അതുകൊണ്ട് ട്രെയിനിങ് ക്യാംപിനോ ടൂർണമെന്‍റുകൾക്കോ പോകുമ്പോൾ ഞാൻ അമ്മയോട് ഒരുപാടൊന്നും വിശദീകരിക്കാറില്ല. ചേച്ചിയോട് മാത്രമേ പറയാറുള്ളൂ."
ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ റേറ്റ ഗ്രാമത്തിൽ നിന്നുള്ള ഈ 25 വയസുകാരി വനിതകളുടെ 10,000 മീറ്ററിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരി എന്ന നേട്ടം കൈവരിച്ചു കഴിഞ്ഞു. 2010-ലെ ഏഷ്യൻ ഗെയിംസിൽ പ്രീജ ശ്രീധരൻ സ്വർണവും കവിത റാവത്ത് വെള്ളിയും നേടിയ ശേഷം ആദ്യമാണ് ഈയിനത്തിൽ ഇന്ത്യൻ വനിതയുടെ മെഡൽ നേട്ടം.
"ചേച്ചിക്ക് 45 വയസുണ്ട്. ഞങ്ങൾ ആറ് പേരാണ് കുടുംബത്തിൽ. ഞാൻ ഏറ്റവും ഇളയതാണ്," സീമ കൂട്ടിച്ചേർത്തു. സീമയ്ക്ക് 12 വയസ്സുള്ളപ്പോഴാണ് പിതാവ് മരിച്ചത്. നഗ്നപാദയായി ഓടിയും കന്നുകാലികളെ മേയ്ച്ചുമാണ് അവൾ ബാല്യം ചെലവഴിച്ചത്. ഗ്രാമവാസികൾ പുരികം ചുളിച്ചപ്പോഴും അത്‌ലറ്റിക്‌സിലേക്കു തിരിയാൻ അമ്മ മകൾക്ക് പിന്തുണ നൽകി. പക്ഷേ, ദൂരയാത്രകളെ അവർ ഭയപ്പെടുകയും ചെയ്തു.
"സ്വർണത്തിനായി പോരാടിയെങ്കിലും വെങ്കലമാണ് ലഭിച്ചത്. സന്തോഷമുണ്ട്. എന്‍റെ അടുത്ത ഇനം സെപ്റ്റംബർ 28-ന് 5000 മീറ്ററാണ്. മെഡലിന്‍റെ നിറം മാറ്റാൻ പരമാവധി ശ്രമിക്കും," കഴിഞ്ഞ വർഷം വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ വെള്ളി നേടിയ സീമ പറഞ്ഞു.
സ്കോട്ട് സൈമണിന്‍റെ കീഴിലുള്ള പരിശീലനം ഗുണം ചെയ്തെന്നും സീമ പറഞ്ഞു. ഒളിംപിക് ചാംപ്യന്മാരോടൊപ്പമാണ് പരിശീലനം. അത് പ്രകടനത്തിലും മാനസികമായും സഹായിച്ചിട്ടുണ്ടെന്ന് സീമ.