ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യ–പാക്കിസ്ഥാൻ ഫൈനൽ

 
Sports

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യ–പാക്കിസ്ഥാൻ ഫൈനൽ; സ്വർണത്തിനായി പോരാട്ടം

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ സ്വർണ മെഡലിനായി ഇന്ത്യയും പാക്കിസ്ഥാനും ഒക്റ്റോബർ മൂന്നിന് ജപ്പാനിലെ നിഷിനിൽ സ്വർണ മെഡൽ പോരാട്ടം നടക്കും

Sarath Nath MS

നിഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ. സെമിഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ ഫൈനലിലെത്തിയത്. ശ്രീലങ്കയെ തകർത്ത് ഇന്ത്യയും ഫൈനൽ ഉറപ്പിച്ചു.

ഇതോടെ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ സ്വർണ മെഡലിനായി ഇന്ത്യയും പാക്കിസ്ഥാനും ഒക്റ്റോബർ മൂന്നിന് ജപ്പാനിലെ നിഷിനിൽ സ്വർണ മെഡൽ പോരാട്ടം നടക്കും. അന്നേദിവസം നേരത്തെ ബംഗ്ലാദേശും ശ്രീലങ്കയും വെങ്കല മെഡലിനായി ഏറ്റുമുട്ടും.

ശ്രീലങ്കയെ തകർത്ത് ഇന്ത്യ

രണ്ടാം സെമിഫൈനലിൽ ബൗളർമാരുടെയും ഇഷാൻ കിഷന്‍റെയും മികവിലാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്.

ടോസ് നേടി ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു. ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമയെ (7) പുറത്താക്കി ശ്രീലങ്കൻ നായകൻ സഹൻ അരച്ചിഗെ ഇന്ത്യക്ക് തിരിച്ചടി നൽകി. മൂന്നാം നമ്പറിൽ കളിച്ച സഞ്ജു സാംസണും (7) പിന്നാലെ പുറത്തായതോടെ ഇന്ത്യ 24 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി.

തുടർന്ന് വൈഭവ് സൂര്യവംശി 21 പന്തിൽ 38 റൺസെടുത്ത് ഇന്ത്യയുടെ സ്കോറിങ്ങിന് വേഗം കൂട്ടി. എന്നാൽ ഏഴാം ഓവറിൽ അരച്ചിഗെയുടെ പന്തിൽ വൈഭവും പുറത്തായി. ശ്രേയസ് അയ്യരും 13 റൺസിന് പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്സിന്‍റെ ചുമതല ഇഷാൻ കിഷനും അക്സർ പട്ടേലിനുമായി. അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ കിഷൻ മികച്ച പ്രകടനം പുറത്തെടുത്തു. 46 പന്തിൽ പുറത്താകാതെ 80 റൺസെടുത്ത കിഷന്റെ ഇന്നിങ്സിൽ നാല് ഫോറും അഞ്ച് സിക്‌സും ഉൾപ്പെട്ടു. ഇതോടെ 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടി നേരിട്ടു. ആദ്യ ഓവറിൽ ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. സിനത്ത് ജയവർധനെയും സോഹൻ ഡി ലിവേരയും റൺസൊന്നും നേടാതെ പുറത്തായി.

രണ്ടാം ഓവറിന്‍റെ തുടക്കത്തിൽ രവി ബിഷ്‌ണോയിയുടെ നേരിട്ടുള്ള ഏറിൽ ലസിത് ക്രൂസ്‌പുള്ളെയും റൺസൊന്നും നേടാതെ പുറത്തായി. നാലാം ഓവറിൽ അക്സർ പട്ടേൽ സഹൻ അരച്ചിഗെയെയും അശൻ ബണ്ടാരയെയും പുറത്താക്കിയതോടെ ശ്രീലങ്ക 12 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി.

പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് തന്നെ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. നുവാനിദു ഫെർണാണ്ടോ മാത്രമാണ് രണ്ടക്കം കടന്നത്. വാഷിങ്ടൺ സുന്ദറും അഭിഷേക് ശർമയും ചേർന്ന് വാലറ്റത്തെ തകർത്തതോടെ ശ്രീലങ്ക 9.4 ഓവറിൽ വെറും 45 റൺസിന് ഓൾഔട്ടായി.

ബംഗ്ലാദേശിനെ വീഴ്ത്തി പാക്കിസ്ഥാൻ

ആദ്യ സെമിഫൈനലിൽ സഫ്യാൻ മൊഖീമിന്റെ മികച്ച ബൗളിങ്ങും അബ്ദുൽ സമദിന്‍റെ നിർണായക ബാറ്റിങ്ങുമാണ് പാക്കിസ്ഥാനെ ഫൈനലിലെത്തിച്ചത്.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ ബൗളർമാർ ബംഗ്ലാദേശിന്‍റെ മുൻനിരയെ തുടക്കത്തിൽ തന്നെ തകർത്തു. 13 ഓവർ മത്സരത്തിൽ നാലാം ഓവറിൽ 21 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.

തൗഹിദ് ഹൃദോയ് 25 പന്തിൽ 42 റൺസെടുത്ത് ബംഗ്ലാദേശിനെ മുന്നോട്ടുനയിക്കാൻ ശ്രമിച്ചെങ്കിലും മൊഖീം മൂന്ന് വിക്കറ്റ് വീഴ്ത്തി. 13 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 111 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാനും തുടക്കത്തിൽ പ്രതിസന്ധിയിലായി. ഏഴാം ഓവറിന്‍റെ തുടക്കത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. എന്നാൽ അബ്ദുൽ സമദും ഹസൻ നവാസും ചേർന്ന് 59 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി.

15 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും ഉൾപ്പെടെ പുറത്താകാതെ 30 റൺസെടുത്ത സമദാണ് പാക്കിസ്ഥാന്‍റെ വിജയത്തിൽ നിർണായകമായത്. ഹസൻ നവാസ് 22 പന്തിൽ പുറത്താകാതെ 27 റൺസെടുത്തു.