ഇത് ചരിത്രം! സ്വർണത്തിളക്കത്തിൽ ഇന്ത്യൻ ഹോക്കി ടീം; ഗുസ്തിയിൽ ലോകചാമ്പ്യനെ മലർത്തിയടിച്ച് അമന് സ്വർണം

 
Sports

ഇത് ചരിത്രം! സ്വർണത്തിളക്കത്തിൽ ഇന്ത്യൻ ഹോക്കി ടീം; ഗുസ്തിയിൽ ലോകചാമ്പ്യനെ മലർത്തിയടിച്ച് അമന് സ്വർണം

വനിതാ ഹോക്കി ടീമിന് പിന്നാലെ പുരുഷ ടീമും ലോസ് ആഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിന് യോഗ്യത നേടി

MV Desk

നായോഗ: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യൻ ഹോക്കി ടീം. വനിതാ ടീമിന് പിന്നാലെ പുരുഷ ടീമും സ്വർണം നിലനിർത്തി. ഫൈനലിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം അണിഞ്ഞത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തുന്നത്. ഇതോടെ വനിതാ ഹോക്കി ടീമിന് പിന്നാലെ പുരുഷ ടീമും ലോസ് ആഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിന് യോഗ്യത നേടി.

ഗുസ്തിയിൽ ഇന്ത്യയുടെ അമൻ സെഹ്റാവത്ത് സ്വർണം നേടി. 57 കിലോഗ്രാം ഫ്രീസ്റ്റൈലിലായിരുന്നു സ്വർണനേട്ടം. ലോകചാമ്പ്യനായ ഉത്തരകൊറിയയുടെ ഹാൻ ചോങ് സോങ്ങിനെ മലർത്തിടയിച്ചാണ് അമൻ സ്വർണം സ്വന്തമാക്കിയത്. 11-7 എന്ന നിലയിലായിരുന്നു അമന്‍റെ വിജയം. രണ്ടാം തവണയാണ് അമൻ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നത്. 2022 ലെ ഏഷ്യൻ ഗെയിംസിൽ ഇതേ ഇനത്തിൽ അമൻ വെങ്കലം നേടി.

മലേഷ്യയെ 5-1 ന് പരാജയപ്പെടുത്തിയാണ് ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയത്. ഇന്ത്യക്കു വേണ്ടി ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടി. ജുഗ്‌രാജ് സിങ്, ഹാർദിക് സിങ്, ഷിലാനന്ദ് ലാക്ര എന്നിവർ ഓരോ ഗോളുകൾ വീതവും നേടി. ഇതോടെ 21 സ്വർണം ഉൾപ്പടെ 85 മെഡലാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വന്തമാക്കിയത്.