വൈഭവ് സൂര്യവംശി

 
Sports

15ാം വയസിൽ കോടികളുടെ ആസ്തി; അഞ്ച് ബ്രാൻഡുകളുടെ മുഖമായി വൈഭവ് സൂര്യവംശി

ഐപിഎൽ പ്രതിഫലം, മത്സര ഫീസ്, ആഭ്യന്തര ക്രിക്കറ്റ് വരുമാനം, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്‍റുകൾ എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ

Sarath Nath MS

ഇന്ത്യൻ ക്രിക്കറ്റിലെ കൗമാരതാരമായ വൈഭവ് സൂര്യവംശിയുടെ ബ്രാൻഡ് മൂല്യം ഐപിഎൽ 2026 സീസണിനു പിന്നാലെ കുതിച്ചുയരുന്നു. 15ാം വയസിൽ തന്നെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ വൈഭവിന്‍റെ ആസ്തി നിലവിൽ ഏകദേശം ഏഴ് മുതൽ 10 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ടുകൾ. ഐപിഎൽ പ്രതിഫലം, മത്സര ഫീസ്, ആഭ്യന്തര ക്രിക്കറ്റ് വരുമാനം, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്‍റുകൾ എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ.

രാജസ്ഥാൻ റോയൽസിനായി ഐപിഎൽ 2026 സീസണിൽ മികച്ച പ്രകടനം നടത്തിയതോടെ വൈഭവിന്‍റെ വാണിജ്യ മൂല്യവും ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ഓരോ ബ്രാൻഡ് കരാറിനും ഒരു കോടിയിലധികം രൂപ ഈടാക്കുന്ന നിലയിലേക്ക് താരത്തിന്‍റെ എൻഡോഴ്‌സ്‌മെന്‍റ് ഫീസ് ഉയർന്നതായും റിപ്പോർട്ടുകൾ പറയുന്നു. വൈഭവിന്‍റെ ക്രിക്കറ്റ് കരിയർ ഇപ്പോഴും തുടക്കത്തിലാണെങ്കിലും, കളിക്കളത്തിലെ പ്രകടനത്തിനൊപ്പം വാണിജ്യ രംഗത്തും താരം ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

എന്നാൽ 15 വയസ് മാത്രമുള്ള താരമായതിനാൽ കൂടുതൽ ബ്രാൻഡ് കരാറുകളിൽ ഒപ്പിടുന്നതിൽ കുടുംബം ജാഗ്രത പുലർത്തുകയാണ്. ഇതിനകം അഞ്ച് ബ്രാൻഡുകളുമായി വൈഭവ് സഹകരിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് അറിയാം.

എസ്എസ് ബാറ്റ്സ് (സറീൻ സ്പോർട്സ്)

പ്രതിവർഷം ഏകദേശം 50 ലക്ഷം രൂപ മൂല്യമുള്ള ഉപകരണ കരാറാണ് എസ്എസ് ബാറ്റ്സുമായി വൈഭവിനുള്ളത്. താരത്തിന്‍റെ പേരിൽ പ്രത്യേക ‘വൈഭവ് സൂര്യവംശി എഡിഷൻ’ ബാറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

കോംപ്ലാൻ

2026ന്‍റെ തുടക്കത്തിൽ കോംപ്ലാന്‍റെ പരസ്യ ക്യാംപെയ്‌നിന്‍റെ മുഖമായി വൈഭവ് എത്തിയിരുന്നു. യുവ കായികതാരത്തിന്‍റെ പോഷകാഹാരവും കഠിനാധ്വാനവും മുൻനിർത്തിയായിരുന്നു ക്യാംപെയ്ൻ.

ഗൂഗിൾ പേ

കൗമാരക്കാരെ ലക്ഷ്യമിട്ട ഗൂഗിൾ പേയുടെ ക്യാംപെയ്‌നിലും വൈഭവ് പ്രത്യക്ഷപ്പെട്ടു. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ഉപയോഗിക്കുന്നതും സുരക്ഷിതമായ സാമ്പത്തിക ഇടപാടുകളുമാണ് പരസ്യത്തിൽ അവതരിപ്പിക്കുന്നത്.

റെഡ് ബുൾ

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസ് സഹതാരം ധ്രുവ് ജുറെലിനൊപ്പം റെഡ് ബുള്ളിന്‍റെ ഒരു ചലഞ്ചിലും വൈഭവ് പങ്കെടുത്തു. 30 പന്തിൽ 60 റൺസ് നേടുകയെന്നതായിരുന്നു ചലഞ്ച്.

ഝാർഖണ്ഡ് ആരോഗ്യവകുപ്പ്

യുവാക്കൾ സജീവമായും ആരോഗ്യകരമായും തുടരണമെന്ന സന്ദേശം നൽകുന്നതിനായി 2026 മെയ് മാസത്തിൽ ഝാർഖണ്ഡ് ആരോഗ്യവകുപ്പ് വൈഭവിനെ ബ്രാൻഡ് അംബാസഡറായി നിയമിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

മുട്ടിൽ മരം മുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ ജാമ്യമില്ലാ വാറന്‍റ്

ശബരിമല യുവതീപ്രവേശന കേസ് വിധി ഒക്റ്റോബർ ആദ്യവാരം; സൂചന നൽകി ചീഫ് ജസ്റ്റിസ്

ബാബർ അസമിനെ ഇംഗ്ലീഷ് മാധ‍്യമങ്ങളിൽ നിന്നും മാറ്റി നിർത്തണം, പകരം ഷാൻ മസൂദിനെ അയക്കണം; നിർദേശവുമായി മുൻ ക‍്യാപ്റ്റൻ

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

വോട്ടർപട്ടികയിൽ നിന്ന് തന്‍റെ പേര് നീക്കിയെന്ന് നടൻ പ്രകാശ് രാജ്