മാർനസ് ലബുഷെയ്നെ, നേഥൻ ലിയോൺ
പെർത്ത്: ന‍്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമായി. 4 ടെസ്റ്റ് പരമ്പരകൾക്കുള്ള ടീമിൽ ജാക്ക് ക്ലേറ്റൺ, കോറി ജെ. റോക്കിക്ക്യോളി, എന്നീ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ മധ‍്യനിര ബാറ്റർ മാർനസ് ലബുഷെയ്നെ, സ്പിന്നർ നേഥൻ ലിയോൺ എന്നിവർക്ക് അവസരം നഷ്ടമായി.
28കാരനായ ഇടങ്കയ്യൻ ബാറ്ററാണ് ജാക്ക് ക്ലേറ്റൺ. ക്വീൻസ്‌ലാൻഡിനു വേണ്ടി ഇത്തവണത്തെ ഷെഫീൽഡ് ഷീൽഡ് സീസണിൽ തകർപ്പൻ പ്രകടനവുമായാണ് താരം ഓസ്ട്രേലിയൻ ടീമിലേക്ക് കടന്നുവന്നിരിക്കുന്നത്. 74.83 ആണ് ഇത്തവണത്തെ ഷെഫീൽഡ് ഷീൽഡ് സീസണിൽ താരത്തിന്‍റെ ബാറ്റിങ് ശരാശരി. എന്നാൽ ഏത് ബാറ്റിങ് പൊസിഷനിൽ താരത്തെ കളിപ്പിക്കുമെന്ന ചോദ‍്യം അവശേഷിക്കുന്നു.
ഇത്തവണ ഷെഫീൽഡ് ഷീൽഡിൽ നാലാം നമ്പറിലാണ് താരം ബാറ്റേന്തിയതെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജേക്കിന്‍റെ കരിയറിലെ മികച്ച വ‍്യക്തിഗത സ്കോർ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തപ്പോഴായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 43 മത്സരങ്ങളിൽ നിന്നും 7 സെഞ്ചുറിയുണ്ട് താരത്തിന്‍റെ പേരിൽ. സ്റ്റീവ് സ്മിത്ത് മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.
അതേസമയം, സ്പിന്നർ റോക്കിക്ക്യോളി ടീമിലെത്തിയതോടെ നേഥൻ ലിയോണിന്‍റെ അന്താരാഷ്ട്ര കരിയർ അനിശ്ചിതത്വത്തിലായി. 2011ൽ അരങ്ങേറ്റം കുറിച്ച ലിയോണിനെ ആദ‍്യമായാണ് ഓസ്ട്രേലിയൻ ടീമിൽ നിന്നും പുറത്താക്കുന്നത്. ഇതിഹാസ താരം ഷെയ്ൻ വോണിനു ശേഷം ഓസീസിനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള രണ്ടാമത്തെ ബൗളറാണ് 39കാരനായ ലിയോൺ. മാർനസ്, ലിയോൺ എന്നിവരെ കൂടാതെ അടുത്തിടെ ദക്ഷിണാഫ്രിക്കൻ പരമ്പര കളിച്ച കൂപ്പർ കൊണോലിയെയും ബ‍്യൂ വെബ്സ്റ്ററിനെയും ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 13 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ‍്യാപിച്ചിട്ടുള്ളതെങ്കിലും ഷെഫീൽഡ് ഷീൽഡ് സീസൺ കഴിയുന്നതോടെ ഒരാളെ കൂടി ടീമിലെടുക്കും.
മത്സരക്രമം
ആദ‍്യ ടെസ്റ്റ്: ഡിസംബർ 9-13, പെർത്ത്
രണ്ടാം ടെസ്റ്റ്: ഡിസംബർ 17-21, അഡ്‌ലെയ്ഡ്
മൂന്നാം ടെസ്റ്റ്: ഡിസംബർ 26-30, മെൽബൺ
നാലാം ടെസ്റ്റ്: ജനുവരി 4-8, സിഡ്നി
നാലു ടെസ്റ്റ് പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (ക‍്യാപ്റ്റൻ), സ്കോട്ട് ബോലൻഡ്, അലക്സ് കാരി, ജാക്ക് ക്ലേട്ടൺ, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മൈക്കൽ നെസർ, മാത്യു റെൻഷാ, കോറി ജെ. റോക്കിക്ക്യോളി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്