മഹ്ലി ബേർഡ്മാൻ
പെർത്ത്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം ഓസീസ് 23.3 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു.
30 പന്തിൽ 4 സിക്സും 4 ബൗണ്ടറിയും അടക്കം 50 റൺസ് നേടിയ ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ തകർപ്പൻ പ്രകടനമാണ് കംഗാരുക്കളുടെ വിജയത്തിന് കാരണമായത്. മിച്ചൽ മാർഷിനു പുറമെ കൂപ്പർ കൊണോളി (27), ജോഷ് ഇംഗ്ലിഷ് (23 നോടൗട്ട്), മാറ്റ് റെൻഷോ (26 നോട്ടൗട്ട്) എന്നിവർ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു.
ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡ് (0) ഗസ് അറ്റ്കിൻസൺ എറിഞ്ഞ ആദ്യ പന്തിൽ ബൗൾഡായി. ആദ്യ പവർപ്ലേ അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 78 റൺസെന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് രണ്ടാം വിക്കറ്റിൽ മാർഷ്- കൊണോളി സഖ്യം 50 റൺസ് സഖ്യമുണ്ടാക്കിയതോടെ റൺസ് ഉയർന്നു. ജാമി ഓവർടൺ ലെഗ് സ്റ്റംപിന് എറിഞ്ഞ പന്ത് ഫ്ലിക്ക് ഷോട്ടിന് ശ്രമിച്ച് മിച്ചൽ മാർഷ് മടങ്ങി.
ടീം സ്കോർ 89ൽ നിൽക്കെ കട്ട് ഷോട്ട് കളിക്കാൻ ശ്രമിച്ച് കൂപ്പർ കൊണോളിയും കളം വിട്ടു. പിന്നീട് എത്തിയ ഇംഗ്ലിസും റെൻഷോയും വിക്കറ്റ് കളയാതെ പിടിച്ചുനിന്ന് മത്സരം വിജയത്തിലെത്തിച്ചു. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്രാ ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജാമി ഓവർടൺ എന്നിവർ ഓരോ വിക്കറ്റും പിഴുതു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെതിരേ 6 വിക്കറ്റ് വീഴ്ത്തി അവിസ്മരണീയ പ്രകടനം പുറത്തെടുത്ത മഹ്ലി ബേർഡ്മാന്റെ പ്രകടനമാണ് ഓസീസിന് കരുത്തേകിയത്. മഹ്ലി ബേർഡ്മാന് പുറമെ സ്പെൻസർ ജോൺസൺ മൂന്നും സേവ്യർ ബാർട്ലെറ്റ് ഒരു വിക്കറ്റും പിഴുതു.
ഇംഗ്ലണ്ടിനു വേണ്ടി 32 പന്തിൽ 29 റൺസെടുത്ത ഗസ് അറ്റ്കിൻസണാണ് ടോപ് സ്കോറർ. അറ്റ്കിൻസണു പുറമെ വിൽ ജാക്സ് (25), ടോം ബാന്റൺ (25) എന്നിവർ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 24 റൺസിൽ അവസാനിച്ചു.
ബെൻ ഡക്കറ്റിനെ (9) പുറത്താക്കി സ്പെൻസർ ജോൺസണാണ് ആദ്യ വിക്കറ്റ് നേടിയത്. തൊട്ടടുത്ത് തന്നെ ടോം ബാന്റണെ സേവ്യർ ബാർട്ട്ലെറ്റ് പുറത്താക്കയതോടെ ടീം പ്രതിരോധത്തിലായി. ആദ്യ പവർപ്ലേ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 38 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നാലെയെത്തിയ ജോ റൂട്ടിനെ ഒരോവർ നിർത്തി മഹ്ലി ബേർഡ്മാൻ മെയ്ഡൻ ഓവർ എറിഞ്ഞ് മികച്ച തുടക്കമിട്ടു.
ഗുഡ് ലെങ്ത്ത്, ബാക്ക് ഓഫ് ലെങ്ത്ത്, ഓവർ പിച്ച് എന്നിങ്ങനെ വിവിധ ലെങ്ത്തുകളിൽ പന്തെറിഞ്ഞാണ് താരം ജോ റൂട്ടിനെ വട്ടംകറക്കിയത്. ഒരുവശത്ത് പന്ത് ഇരുവശങ്ങളിലേക്ക് സ്വിങ് ചെയ്ത് എറിയുന്ന സേവ്യർ ബാർട്ട്ലെറ്റും മറുവശത്ത് 140 കിലോമീറ്റർ വേഗതയിൽ മഹ്ലി ബേർഡ്മാനും മികച്ച ബൗളിങ് ആക്രമണമാണ് ഇംഗ്ലണ്ടിനെതിരേ പ്രയോഗിച്ചത്. നിലവിൽ മൂന്നു ഫോർമാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹാരി ബ്രൂക്കിനെ പുറത്താക്കികൊണ്ട് ബേർഡ്മാൻ തന്റെ കന്നി ഏകദിനത്തിൽ ആദ്യ വിക്കറ്റ് വീഴ്ത്തി.
141 കിലോമീറ്റർ വേഗതയിൽ ഫോർത്ത് സ്റ്റംപ് ലക്ഷ്യമാക്കിയെറിഞ്ഞ പന്ത് ബ്രൂക്കിന്റെ ബാറ്റിൽ നിന്നും എഡ്ജ് തട്ടിയാണ് പുറത്തായത്. പിന്നീട് ജോ റൂട്ടിനെയും പവലിയനിലേക്ക് പറഞ്ഞയച്ച് ബേർഡ്മാൻ വിക്കറ്റ് വേട്ട തുടർന്നു. 7.4 ഓവറിൽ 24 റൺസ് മാത്രംവിട്ടുകൊടുത്താണ് താരം 6 വിക്കറ്റ് വീഴ്ത്തിയത്. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അരങ്ങേറ്റ മത്സരത്തിൽ ഒരു യുവതാരത്തിന്റെ മികച്ച ബൗളിങ് സ്പെല്ലുകളിലൊന്നായിരുന്നു പെർത്തിൽ കണ്ടത്. 4 ഓവർ പൂർത്തിയായപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒടുവിൽ 29.3 ഓവറിലാണ് ടീം സ്കോർ 100 കടന്നത്. ജോർദാൻ കോക്സ് (2), സാം കറൻ (0) അടക്കമുള്ള മധ്യനിര ബാറ്റർമാർ നിരാശപ്പെടുത്തിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഒടുവിൽ 131 റൺസിന് ഓൾഔട്ടാകുകയായിരുന്നു ഇംഗ്ലണ്ട്.