മാർനസ് ലബുഷെയ്നെ

 
Sports

ഹെഡും മാർനസും അടക്കം മൂന്നു പേർ മടങ്ങി; ഒന്നാം ടെസ്റ്റിൽ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റർമാർ

ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ് ഓസീസ്

Aswin AM

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിലെ ആദ‍്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ് ഓസീസ്. 25 റൺസുമായി സ്റ്റാർ ബാറ്റർ സ്റ്റീവ് സ്മിത്താണ് ക്രീസിൽ.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി വിയാൻ മുൾഡർ രണ്ടും മാർക്കോ യാൻസൻ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ടീം സ്കോർ 17 റൺസ് വരെ മാത്രമാണ് ഓപ്പണിങ് കൂട്ടുകെട്ട് നീണ്ടുനിന്നത്. 19 പന്തുകൾ നേരിട്ട് 2 ബൗണ്ടറി അടിച്ച് 9 റൺസ് നേടിയ വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ്ഡിന്‍റെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്.

തൊട്ടുപിന്നാലെ നിക് മാഡിൻസണും (0) പുറത്തായതോടെ ഓസീസ് 2 വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിലേക്കെത്തി. വർഷങ്ങൾക്കു ശേഷമാണ് നിക് മാഡിൻസൺ‌ ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയത്. കഴിഞ്ഞ വർഷം ക‍്യാൻസറിന് ചികിത്സ തേടിയ താരം 2025 മാർച്ചിനു ശേഷം ആഭ‍്യന്തര ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ടീമിൽ ഇടം നേടുക‍യായിരുന്നു.

മൂന്നാം വിക്കറ്റിൽ സ്മിത്ത്- മാർനസ് ലബുഷെയ്നെ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ട് ടീമിന് ആശ്വാസമായെങ്കിലും 25.6 ഓവറിൽ വിയാൻ മുൾഡർ മാർനസിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. ഏറെനാളുകളായി ഫോം ഔട്ടായ മാർനസ് ഇത്തവണ തരക്കേടില്ലാത്ത പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ പുറത്തെടുത്തത്. 58 പന്തുകൾ നേരിട്ട താരത്തിന്‍റെ ബാറ്റിൽ നിന്നും 6 ബൗണ്ടറികൾ ഉൾപ്പെടെ 37 റൺസ് ഒഴുകി.

മാറ്റ് റെൻഷോ, അലക്സ് കാരി, ബ‍്യൂ വെബ്സ്റ്റർ അടക്കമുള്ള താരങ്ങളാണ് ഇനി ഓസീസ് നിരയിൽ ബാറ്റ് ചെയ്യാനുള്ളത്. പന്ത് ചുരണ്ടൽ വിവാദത്തിനു ശേഷം ഓസീസ് ആദ‍്യമായി ദക്ഷിണാഫ്രിക്കയിൽ കളിക്കുന്ന പരമ്പരയാണിത്. ടെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ പേസർ കാഗിസോ റബാഡ, ലുങ്കി എൻഗിഡി എന്നിവരുടെ അഭാവത്തിൽ ആൻറിക് നോർക്കെയും മാർക്കോ യാൻസനുമാണ് ബൗളിങ് ആക്രമണം കൈകാര‍്യം ചെയ്യുന്നത്.