ഗ്ലെൻ മാക്‌സ്‌വെൽ

 
Sports

2 ലോകകപ്പുകൾ, 14 വർഷം നീണ്ട കരിയർ; ക്രിക്കറ്റ് മതിയാക്കി മാക്സ്‌വെൽ

14 വർഷം നീണ്ട കരിയറാണ് താരം മതിയാക്കിയത്

Aswin AM

മെൽബൺ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ‍്യാപിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ. 14 വർഷം നീണ്ട കരിയറാണ് താരം മതിയാക്കിയത്. 149 ഏകദിന മത്സരങ്ങളിൽ നിന്നും 3990 റൺസും 130 ടി20 മത്സരങ്ങളിൽ നിന്നായി 2897 റൺസും 7 ടെസ്റ്റിൽ നിന്നും 339 റൺസും മാക്സ്‌വെൽ ഓസ്ട്രേലിയക്കു വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.

കൂടാതെ ബൗളർ എന്ന നിലയ്ക്ക് 139 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരേ 2012 ഓഗസ്റ്റ് 25ന് ആണ് മാക്സ്‌വെൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദുബായിൽ പാക്കിസ്ഥാനെതിരേ ടി20യിലും അതേ വർഷം സെപ്റ്റംബറിൽ ടെസ്റ്റിലും മാക്സ്‌വെൽ കന്നി മത്സരം കളിച്ചു. 2015, 2023 എന്നീ വർഷങ്ങളിൽ ഓസ്ട്രേലിയ ഏകദിന ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ടീമിന്‍റെ ഭാഗമായിരുന്നു താരം.

2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരേ നടന്ന മത്സരത്തിൽ 128 പന്തിൽ നേടിയ 201 റൺസ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായാണ് ആരാധകർ കണക്കാക്കുന്നത്. 21 ബൗണ്ടറിയും 10 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. 7 വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിൽ നിൽക്കുകയായിരുന്ന ഓസീസിനെ 292 റൺസ് വിജയലക്ഷ‍്യം പിന്തുടർന്ന് വിജയിപ്പിച്ചത് മാക്‌സ്‌വെല്ലായിരുന്നു.

ഇതോടെ ഏകദിനത്തിൽ ഓസ്ട്രേലിയക്കു വേണ്ടി ആദ‍്യമായി ഒരു ഇരട്ടസെഞ്ചുറി നേടുന്ന ബാറ്റർ എന്ന റെക്കോഡ് അദ്ദേഹത്തിന്‍റെ പേരിലായി. അതേസമയം, ക്രിക്കറ്റ് ഓസ്ട്രേലിയ 2026-27 ഏപ്രിലിൽ പ്രഖ‍്യാപിച്ച വാർഷിക കരാറിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. ഏകദിനത്തിൽ നിന്നും വിരമിച്ച ശേഷമായിരുന്നു നടപടി. എന്നാൽ മേയ്- ജൂൺ മാസങ്ങളിൽ‌ നടന്ന ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഓസീസ് ടി20 ടീമിലേക്കും മാക്സ്‌വെല്ലിനെ പരിഗണിച്ചിരുന്നില്ല. 2026 ഫെബ്രുവരി 20ന് ഒമാനെതിരേയാണ് മാക്സ്‌വെൽ അവസാനമായി ടി20 മത്സരം കളിച്ചത്.