ബാബ അപരാജിത്

 
Sports

തമിഴ്നാടിന്‍റെ വിശ്വസ്തൻ, കേരളത്തിന്‍റെ അതിഥി; 15 വർഷം നീണ്ട ക്രിക്കറ്റ് കരിയർ മതിയാക്കി ബാബ അപരാജിത്

സോഷ‍്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം വിരമിക്കുകയാണെന്ന കാര‍്യം അറിയിച്ചത്

Aswin AM

ചെന്നൈ: മുൻ തമിഴ്നാട് ക‍്യാപ്റ്റൻ ബാബ അപരാജിത് പ്രൊഫഷണൽ ക്രിക്കറ്റ് മതിയാക്കി. സോഷ‍്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം ക്രിക്കറ്റ് മതിയാക്കുകയാണെന്ന കാര‍്യം അറിയിച്ചത്. 15 വർഷം നീണ്ട ക്രിക്കറ്റ് കരിയറാണ് 32കാരൻ അവസാനിപ്പിച്ചത്. ഇന്ത‍്യൻ സീനിയർ ടീമിൽ ഇടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും ആഭ‍്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ താരമാണ് ബാബ അപരാജിത്.

ഇന്ത‍്യയെ പ്രതിനിധീകരിച്ച് അണ്ടർ 19 ടീമിലും താരം കളിച്ചിട്ടുണ്ട്. കരിയറിന്‍റെ ഭൂരിഭാഗവും തമിഴ്നാടിനു വേണ്ടിയാണ് ബാബ അപരാജിത് കളിച്ചതെങ്കിലും 2024-25 സീസൺ മുതലാണ് അദ്ദേഹം കേരളത്തിനു വേണ്ടി ആഭ‍്യന്തര ക്രിക്കറ്റിൽ കളിച്ചുതുടങ്ങിയത്. ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലും താരം കേരളത്തിനു വേണ്ടി പാഡണിഞ്ഞിരുന്നു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, റൈസിങ് പുനെ സൂപ്പർ ജയന്‍റ്സ് എന്നീ ടീമിന്‍റെ ഭാഗമായിരുന്നുവെങ്കിലും ഒരു മത്സരം കളിക്കാൻ പോലും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. ബാബ അപരാജിതിനെ ബെഞ്ചിലിരുത്തി അദ്ദേഹത്തിന്‍റെ ഐപിഎൽ കരിയർ നശിപ്പിച്ചു എന്ന തരത്തിലൊക്കെ അന്ന് വലിയ വിമർശനങ്ങളുണ്ടായിരുന്നു.

102 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 12 സെഞ്ചുറികളും 27 അർധസെഞ്ചുറികളും അടക്കം 5199 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 212 റൺസാണ് ഫസ്റ്റ്ക്ലാസിൽ അദ്ദേഹത്തിന്‍റെ ഉയർന്ന വ‍്യക്തിഗത സ്കോർ. ഇന്ത‍്യ കിരീടം നേടിയ 2012ലെ അണ്ടർ 19 ലോകകപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് ബാബ അപരാജിത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ബിസിസിഐ, കെസിഎ, അടക്കമുള്ള ക്രിക്കറ്റ് അസോസിയേഷന് അദ്ദേഹം നന്ദി അറിയിച്ചു.