ബാബർ അസം

 
Sports

ഒരു സെഞ്ചുറി നേടാൻ കാത്തിരിക്കേണ്ടി വന്നത് 783 ദിവസങ്ങൾ; ടി20 ക്രിക്കറ്റിൽ 12,000ത്തിലേറെ റൺസുമായി ബാബർ

കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ലാഹോർ ഖലന്തേഴ്സിനു വേണ്ടി തകർപ്പൻ സെഞ്ചുറി നേടിയതോടെ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് ബാബർ അസം

Aswin AM

ഇസ്‌ലാമാബാദ്: ഫോമില്ലായ്മയുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ള പാക്കിസ്ഥാൻ താരമാണ് ബാബർ അസം. ടി20 ഫോർമാറ്റിൽ ആക്രമണോത്സുക പുറത്തെടുത്ത് ഓരോ ബാറ്റർമാരും റൺസ് കണ്ടെത്തുമ്പോൾ ബാബറിന് മാത്രം റൺസ് നേടുകയെന്നത് അൽപ്പം പ്രയാസമായിരുന്നു.

ഗുഡ് ലെങ്ത്ത് ഡെലിവറിയിൽ ബൗളർമാർ നിരന്തരം പന്തെറിയുമ്പോൾ ബാബർ സമ്മർദത്തിൽ പെടുകയും അതിനെ അതിജീവിക്കാൻ സാധിക്കാതെ വന്നതും നിരവധി തവണ കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ലാഹോർ ഖലന്തേഴ്സിനു വേണ്ടി തകർപ്പൻ സെഞ്ചുറി നേടിയതോടെ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് ബാബർ അസം.

783 ദിവസങ്ങൾ വേണ്ടി വന്നു ബാബറിന് ഒരു സെഞ്ചുറി നേടാൻ. ഇതോടെ അനവധി റെക്കോഡുകളും ബാബർ സ്വന്തം പേരിലേക്ക് ചേർത്തു. 52 പന്തിൽ നിന്നുമാണ് ബാബർ സെഞ്ചുറി തികച്ച് പുറത്താവാതെ നിന്നത്. ഒരു ബോൾ മാത്രമാണ് ബാബർ ഡോട്ട് ബോൾ ആക്കിയത്. 190 ആയിരുന്നു ബാബറിന്‍റെ സ്ട്രൈക്ക് റേറ്റ്. അതിവേഗത്തിൽ 100 ടി20 അർധസെഞ്ചുറികൾ തികയ്ക്കുന്ന താരമായി മാറി ബാബർ.

ഇതോടെ 338 ടി20 ഇന്നിങ്സുകളിൽ നിന്ന് മാത്രമായി 12,000 റൺസായി ബാബറിന്. വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിനെയും ഇന്ത‍്യൻ താരം വിരാട് കോലിയെയും ബാബർ മറികടന്നു. ക്രിസ് ഗെയ്‌ൽ 344 ഇന്നിങ്സുകളിൽ നിന്നും കോലി 360 ഇന്നിങ്സുകളിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബാബറിന്‍റെ 12ാം ടി20 സെഞ്ചുറിയാണ് കഴിഞ്ഞ ദിവസം കറാച്ചിയിൽ പിറന്നത്.

ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള താരങ്ങളിൽ രണ്ടാമനാണ് ബാബർ‌. 22 സെഞ്ചുറികൾ നേടിയ ഗെയ്‌ൽ മാത്രമാണ് മുന്നിലുള്ളത്. പിഎസ്എല്ലിൽ 7 മത്സരങ്ങളിൽ നിന്ന് മാത്രമായി 401 റൺസാണ് ബാബർ അടിച്ചുകൂട്ടിയത്. പിഎസ്‌എല്ലിൽ മാത്രമായി 4,000 റൺസും ബാബറിന് അടിച്ചെടുക്കാൻ സാധിച്ചു.

ഓസീസും ഇന്ത‍്യയും പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാനിസ്ഥാൻ താരം

വാൽപ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്, അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആർടിഒ

ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്‍റെ എല്ല് തൊണ്ടയിൽ കുടുങ്ങി, 24കാരൻ മരിച്ചു

വടകര സ്വദേശി വിഷ്ണു എവിടെ? തെരച്ചിൽ ഊർജിതമാക്കി കേരള പൊലീസ്, അന്വേഷണം ലോൺ ആപ്പുകളിലേക്ക്

കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി, യാത്ര ചെയ്യാനാവില്ല; നേരിട്ട് ഹാജരാകാനാവില്ലെന്ന് ഭർത്താവ്