'കൃത‍്യതയാർന്ന ബൗളിങ്'; കെഎസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെ കുഞ്ഞൻ സ്കോറിലൊതുക്കി തൃശൂർ ടൈറ്റൻസ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് 2026 സീസണിലെ ആദ‍്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരേ തൃശൂർ ടൈറ്റൻസിന് 138 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർ 137 റൺസ് അടിച്ചെടുത്തു. 20 പന്തിൽ 2 ബൗണ്ടറിയും 2 സിക്സും അടക്കം 30 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് ഗ്ലോബ്സ്റ്റാറിന്‍റെ ടോപ് സ്കോറർ. രോഹനു പുറമെ കൃഷ്ണദേവൻ (15 പന്തിൽ 27), അരവിന്ദ് കെ.എസ് (28 പന്തിൽ 26) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന്‍റെ ഓപ്പണിങ് ബാറ്റർ വരുൺ നയനാരിനെ (0 ) ആദ‍്യ ഓവറിലെ രണ്ടാം പന്തിൽ പുറത്താക്കികൊണ്ട് ആനന്ദ് ജോസഫ് തൃശൂർ ടൈറ്റൻസിന് മികച്ച തുടക്കം നൽകി. ഇതിനു പിന്നാലെ രോഹനെയും അരവിന്ദ് കെഎസിനെയും ബിജു നാരായണൻ പുറത്താക്കിയതോടെ ടീം പ്രതിരോധത്തിലായി.
മൂന്നാമനായെത്തിയ അരവിന്ദ് ടി20 ഫോർമാറ്റിന് അനുയോജ‍്യമായ ശൈലിയിലല്ല ബാറ്റുവീശിയത്. 28 പന്തുകൾ വേണ്ടി വന്നു താരത്തിന് 26 റൺസ് അടിച്ചെടുക്കാൻ. ടീമിനെ മുന്നോട്ടുകൊണ്ടുപോകാനും താരത്തിന് കഴിഞ്ഞില്ല. ബിജു നാരായണൻ എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. ഓൾറൗണ്ടർ അഖിൽ സ്കറിയ( 9), അശ്വിൻ ആനന്ദ് (2), സൽമാൻ നിസാർ (13) എന്നീ താരങ്ങൾ നിരാശപ്പെടുത്തി.
ഒടുവിൽ വമ്പൻ അടിക്കാരൻ കൃഷ്ണദേവനാണ് 15 പന്തിൽ നിന്നും 180 സ്ട്രൈക്ക് റേറ്റിൽ ബാറ്റേന്തി 27 റൺസെടുത്ത് ടീമിന് അൽപ്പമെങ്കിലും ആത്മവിശ്വാസം നൽകിയത്. പക്ഷേ 16.6 ഓവറിൽ കൃഷ്ണദേവനെ മടക്കി അയച്ച് ആസിഫ് സലാം ഗംഭീര തിരിച്ചുവരവ് നടത്തി. അബ്ദുൾ ബാസിത് 20 പന്തിൽ നിന്നും 18 റൺസ് നേടി പുറത്തായി. തൃശൂർ ടൈറ്റൻസിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആസിഫ് സലാം, ആദിത‍്യ വിനോദ്, അഖിൽ എംഎസ്, മുഹമ്മദ് ഇനാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.