ക്രിസ്റ്റ്യാനോ റൊണാൾഡോ

 
Sports

ഇനി സിആർ7 പോർച്ചുഗലിനായി പന്ത് തട്ടില്ല; അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ

സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ താരം തീരുമാനം അറിയിച്ചത്

Sarath Nath MS

ലിസ്ബൺ: പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ താരം തീരുമാനം അറിയിച്ചത്.

ദേശീയ ടീമിന്‍റെ ഏഴാം നമ്പർ ജഴ്സി തിരിച്ചേൽപ്പിക്കുകയാണെന്ന് 41കാരനായ റൊണാൾഡോ പറഞ്ഞു. നവംബറിലെ രാജ്യാന്തര മത്സരങ്ങൾക്കു ശേഷമായിരിക്കും വിരമിക്കൽ പ്രാബല്യത്തിൽ വരിക. 23 വർഷം പോർച്ചുഗലിന്‍റെ ഏഴാം നമ്പർ ജഴ്സി അണിയാൻ കഴിഞ്ഞത് വലിയ ഭാഗ്യവും ഉത്തരവാദിത്തവുമായിരുന്നുവെന്ന് താരം പറഞ്ഞു. 2003 ഓഗസ്റ്റിൽ ആരംഭിച്ച ദേശീയ ടീമിലെ യാത്രയ്ക്ക് ഇതോടെ വിരാമമാകുകയാണെന്നും അടുത്ത തലമുറയ്ക്ക് അവസരം കൈമാറേണ്ട സമയമായെന്നും റൊണാൾഡോ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പോർച്ചുഗലിന്‍റെ നെടുംതൂണായിരുന്നു ക്രിസ്റ്റ്യാനോ. 146 ഗോളുകളുമായി അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായാണ് റൊണാൾഡോ പടിയിറങ്ങുന്നത്.

പോർച്ചുഗലിനായി 234 മത്സരങ്ങൾ കളിച്ച താരം ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. 2016ലെ യൂറോ കപ്പ് ഉൾപ്പെടെ മൂന്ന് പ്രധാന കിരീടനേട്ടങ്ങളിൽ പോർച്ചുഗലിനെ നയിച്ചു.

ദേശീയ ടീമിലെ അവസാന മത്സരം സെപ്റ്റംബർ 24ന് വെയിൽസിനെതിരേ നടന്ന നേഷൻസ് ലീഗ് പോരാട്ടമായിരുന്നു. മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. തുടർന്നുള്ള മത്സരത്തിൽ പരിശീലകൻ ജോർജ് ജീസസ് റൊണാൾഡോയെ പകരക്കാരുടെ നിരയിൽ ഇരുത്തിയിരുന്നു. അടുത്ത മത്സരത്തിലും ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പരിശീലകൻ അറിയിച്ചതോടെ താരം ടീമിന്‍റെ പരിശീലന ക്യാംപ് വിട്ടു. എന്നാൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ റൊണാൾഡോയ്ക്ക് സ്വാഗതമുണ്ടെന്ന് പിന്നീട് ജീസസ് വ്യക്തമാക്കിയിരുന്നു.

റൊണാൾഡോയുടെ സേവനങ്ങൾക്ക് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ നന്ദിയും ആദരവും അറിയിച്ചു. രാജ്യത്തിന്‍റെ യശസ് ഉയർത്തുകയും പുതുതലമുറയിലെ നിരവധി യുവതാരങ്ങൾക്ക് പ്രചോദനമാകുകയും ചെയ്ത കളിക്കാരനാണ് റൊണാൾഡോയെന്ന് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. താരത്തിന് ആദരമർപ്പിക്കുന്ന പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്നും അറിയിച്ചു.

ലയണൽ മെസിയെപ്പോലെ ക്ലബ് ഫുട്ബോളിൽ റൊണാൾഡോ തുടരും. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനായി കളിക്കുന്ന താരം ഈ സീസണിന്‍റെ അവസാനത്തോടെ ക്ലബ് കരിയറും അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

കരിയറിലെ 1,000 ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് റൊണാൾഡോ. നിലവിൽ 985 ഗോളുകളാണ് താരത്തിന്‍റെ പേരിലുള്ളത്. പോർച്ചുഗൽ ദേശീയ ടീമിനായി 234 മത്സരങ്ങളിൽ നിന്ന് നേടിയ 146 ഗോളുകൾ അന്താരാഷ്ട്ര ഫുട്ബോളിലെ റെക്കോർഡാണ്.