David Miller 
T20 World Cup

നെതർലൻഡ്സിനു മുന്നിൽ മുട്ടിടിച്ച് ദക്ഷിണാഫ്രിക്ക ജയിച്ചു

ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് നേടിയത് 9 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ്. ദക്ഷിണാഫ്രിക്ക തകർച്ചയെ അതിജീവിച്ച് 4 വിക്കറ്റ് ജയം കുറിച്ചു.

VK SANJU

ന്യൂയോർക്ക്: ഇതിനകം കുപ്രസിദ്ധമായിക്കഴിഞ്ഞ ന്യൂയോർക്കിലെ പിച്ചിൽ ആദ്യമായി നൂറു കടക്കുന്ന ടീമെന്ന 'ഖ്യാതി' നെതർലൻഡ്സ് സ്വന്തമാക്കി. ഇരുപതോവറിൽ 9 വിക്കറ്റിന് 103 റൺസ് ആധുനിക ടി20 ക്രിക്കറ്റിൽ വലിയ സ്കോറൊന്നുമല്ലെങ്കിലും, ന്യൂയോർക്കിലെ പിച്ചിൽ ഒന്നു പൊരുതി നോക്കാൻ അതു ധാരാളമാണ്. 12 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഡച്ച് ‌ബൗളർമാർ അടുത്ത അട്ടിമറിയുടെ കാഹളം ഉയർത്തുകയും ചെയ്തു.

എന്നാൽ, ബാറ്റിങ് തകർച്ച അതിജീവിക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഡേവിഡ് മില്ലറുടെ പരിചയസമ്പത്തിനെ അതിജയിക്കാൻ ക്രിക്കറ്റിലെ പുതുമുറക്കാരായ ഡച്ചുകാർക്കായില്ല. 51 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 59 റൺസെടുത്ത് പുറത്താകാതെ നിന്ന മില്ലറാണ് പ്ലെയർ ഓഫ് ദ മാച്ച്.

37 പന്തിൽ 33 റൺസെടുത്ത ഡൽഹി ക്യാപ്പിറ്റൽസ് താരം ട്രിസ്റ്റൻ സ്റ്റബ്സിന്‍റെ പിന്തുണ മില്ലർക്കു മുതൽക്കൂട്ടായി. സ്കോർ 77 റൺസിലെത്തിയപ്പോഴാണ് സ്റ്റബ്സ് പുറത്താകുന്നത്. അതിനു ശേഷം മാർക്കോ യാൻസന്‍റെ (3) വിക്കറ്റ് കൂടി നഷ്ടമായെങ്കിലും, നെതർലൻഡ്സുകാർക്ക് പിന്നെയൊരു തിരിച്ചുവരവിനു സമയം ശേഷിച്ചിരുന്നില്ല.

നേരത്തെ, 11 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ ഓട്ട്നീൽ ബാർട്ട്മാൻ ആണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ തിളങ്ങിയത്. മാർക്കോ യാൻസനും ആൻറിച്ച് നോർജെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നെതർലൻഡ്സിനു വേണ്ടി വിവിയൻ കിങ്മയും ലോഗൻ വാൻ ബീക്കും രണ്ട് വിക്കറ്റ് വീതം നേടി.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു